Deshabhimani

സംസ്ഥാന സ്‌കൂൾ കലോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2018, 07:06 PM | 0 min read

"ആലപ്പുഴയോളം' ഇന്ന‌് തുടങ്ങും 

ആലപ്പുഴ
സ‌ംസ്ഥാന സ‌്കൂൾ കലോത്സവത്തിന്റെ ഭാഗമായി പ്രസ‌്ക്ലബ‌് സംഘടിപ്പിക്കുന്ന ഫോട്ടോപ്രദർശനം"ആലപ്പുഴയോളം' ബുധനാഴ‌്ച തുടങ്ങും. നഗര ചത്വരത്തിലെ ലളിത കലാ അക്കാദമി ആർട്ട‌് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം വൈകിട്ട‌് ആറിന‌് കലക്‌ടർ എസ‌് സുഹാസ‌് ഉദ‌്ഘാടനം ചെയ്യും. ആലപ്പുഴയുടെ വിവിധ ദൃശ്യാനുഭവങ്ങളും, വള്ളകളിയും പ്രളയ അതിജീവനവും ഉൾപ്പെടുത്തിയാണ‌് പ്രദർശനം.
7,8,9 തീയതികളിൽ പ്രോമിസ‌് എഡ്യൂക്കേഷണൽ സർവീസിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി സമ്മാന നറുക്കെടുപ്പ‌് പദ്ധതിയും, തൃശൂർ പി എം ആന്റണി സ‌്മാരക ഫൗണ്ടേഷൻ, ബിന്നി ഇമ്മട്ടി ക്രിയേഷൻസ‌് എന്നിവരുടെ സഹകരണത്തോടെ ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരങ്ങളിലെ മികച്ച നടനും നടിക്കും അവാർഡ‌് നൽകാനും തീരുമാനിച്ചിട്ടുണ്ട‌്. 

വേദികളിൽ 300 അധ്യാപകർക്ക‌് ചുമതല

ആലപ്പുഴ
സംസ്ഥാന സ‌്കൂൾ കലോത്സവ വേദികളിൽ 300 അധ്യാപകർക്ക‌് ചുമതല നൽകി. ഓരോ സ‌്റ്റേജിലും അഞ്ച‌് അധ്യാപകരെ വീതമാണ‌് നിയോഗിച്ചിട്ടുള്ളത‌്. സ‌്റ്റേജ‌് മാനേജർ, അസിസ‌്റ്റന്റ‌് സ‌്റ്റേജ‌് മാനേജർ, ടൈമർ, രണ്ട‌് ഒഫീഷ്യൽ എന്നീ ക്രമത്തിലാണ‌് അധ്യാപകർക്ക‌് ചുമതല. ഓരോ സ‌്റ്റേജിലും അഞ്ച‌് അധ്യാപകർ വീതം രണ്ട‌് ഷിഫ‌്റ്റുകളിലായി തിരിച്ചിട്ടുണ്ട‌്. 
ആദ്യ ഷിഫ‌്റ്റ‌് രാവിലെ എട്ടിന‌ും രണ്ടാമത്തെ ഷിഫ‌്റ്റ‌് വൈകിട്ട‌് നാലിനും ആരംഭിക്കും. ചൊവ്വാഴ‌്ച ടൗൺഹാളിൽ പ്രോഗ്രാംകമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിൽ അധ്യാപകർക്ക‌്‌ ചുമതലകൾ നിശ‌്ചയിച്ചു. കെ സി വേണുഗോപാൽ എംപി പങ്കെടുത്തു. 

സൈക്കിൾറാലി ഇന്ന് 

ആലപ്പുഴ
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 59 കുട്ടികളെ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും ഹീറോ സൈക്കിൾസും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിക്കും.  
ബുധനാഴ‌്ച പകൽ 3.30ന് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽനിന്നും ആരംഭിച്ച് ജനറൽ ആശുപത്രി, ഇരുമ്പുപാലം, വൈഎംസിഎ എന്നിവിടങ്ങൾ വഴി സഞ്ചരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ സമാപിക്കും. സബ് കലക്ടർ വി ആർ കൃഷ്ണതേജ ഫ‌്ളാഗ‌് ഓഫ‌് ചെയ്യും. 

വിഭവങ്ങൾ ഇന്ന‌് കലവറയിലെത്തും

ആലപ്പുഴ
സ‌്കൂൾ കലോത്സവ പാചകപ്പുരയിലേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും ബുധനാഴ‌്ച ഏറ്റുവാങ്ങും. സൗജന്യമായി ഭക്ഷണവിതരണം ഏറ്റെടുത്ത കെഎസ‌്ടിഎ മുഖേനയാണ‌് വിഭവങ്ങളെല്ലാം ഇ എം എസ‌് സ‌്റ്റേഡിയത്തിലെ പാചകപ്പുരയിൽ എത്തുന്നത‌്. കെഎസ‌്ടിഎ അംഗങ്ങളിൽനിന്ന‌് തന്നെ സാമഹരിക്കുന്നവയാണ‌് ഇവയെല്ലാം. എണ്ണയും നാളികേരവും കൊല്ലം ജില്ലാ കമ്മിറ്റിയാണ‌് നൽകുന്നത‌്. തേയില ഇടുക്കിയിൽനിന്ന‌്. വെള്ളരിക്കയും കറിനാരങ്ങയും എറണാകുളം നൽകും. പത്തനംതിട്ടയിൽനിന്ന‌്  ചേന, കായ എന്നിവയും കോട്ടയം പഞ്ചസാരയും ശർക്കരയും എത്തിക്കും. ആലപ്പുഴയിലെ 11 ഉപജില്ലാ കമ്മിറ്റികൾ മുഖേന പച്ചക്കറികളും പലവ്യജ്ഞനങ്ങളും കൊണ്ടുവരുന്നുണ്ട‌്. ഭക്ഷണകമ്മിറ്റി ചെയർമാൻ പി പി ചിത്തരഞ‌്ജൻ ഏറ്റുവാങ്ങും. 
 ദിവസേന 12,000 പേർക്ക‌് ഭക്ഷണമൊരുക്കാനുള്ള തയ്യാറെടുപ്പാണ‌് കെഎസ‌്ടിഎ നടത്തിയിട്ടുള്ളത‌്.  പ്രഭാതഭക്ഷണമായി പുട്ട‌്, ഉപ്പുമാവ‌്, ഇഡ്ഡലി എന്നിവയിലേതെങ്കിലും ഓരോ ദിവസവും നൽകും. ഉച്ചഭക്ഷണത്തിന‌് അഞ്ചുതരം കറികളും പായസവുമുണ്ട‌്. അവസാനദിനമായ ഒമ്പതിന‌് അമ്പലപ്പുഴ പാൽപ്പായസമൊരുക്കിയാണ‌് ഉച്ചഭക്ഷണം. ഇ എം എസ‌് സ‌്റ്റേഡിയത്തിൽ തയ്യാറാക്കുന്ന ഭക്ഷണം നാല‌് കേന്ദ്രങ്ങളിൽ വിതരണംചെയ്യും. ഇ എം എസ‌് സ‌്റ്റേഡിയം, എസ‌്ഡ‌ിവി മൈതാനം, തിരുവമ്പാടി യുപിഎസ‌്, പൂങ്കാവ‌് എംഐഎച്ച‌്എസ‌് എന്നീ വേദികളിലാണ‌് ഭക്ഷണവിതരണം. 
കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ‌് കെഎസ‌്ടിഎ സംസ്ഥാന സ‌്കൂൾ കലോത്സവത്തിന്റെ  ഭക്ഷണച്ചുമതല ഏറ്റെടുത്തത‌്. കെഎസ‌്ടിഎയുടെ അഭ്യർഥന മാനിച്ച‌് പഴയിടം മോഹനൻനമ്പൂതിരി സൗജന്യമായി ഭക്ഷണം പാകംചെയ്യും. മാലിന്യപ്രശ‌്നം പരിഹരിക്കാൻ സ‌്റ്റീൽപ്ലേറ്റും ഗ്ലാസും ഭക്ഷണത്തിന‌് ഉപയോഗിക്കും. 

പ്ലാസ‌്റ്റിക‌് കുപ്പി കൊണ്ടുവന്നാൽ 10 രൂപ

ആലപ്പുഴ

സംസ്ഥാന സ‌്കൂൾ കലോത്സവത്തിന‌് ഹരിതചട്ടം കർശനമായി നടപ്പാക്കാൻ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി യോഗം തീരുമാനിച്ചു‌. വേദികളിൽ പ്ലാസ‌്റ്റിക‌് കുപ്പികളുമായി വരുന്നവരിൽനിന്ന‌് 10 രൂപ ഈടാക്കി സ‌്റ്റിക്കർ പതിച്ചുനൽകും. കുപ്പി തിരികെ എത്തിക്കുമ്പോൾ തുക മടക്കി നൽകും. പ്ലാസ‌്റ്റിക‌്, ഡിസ‌്പോസിബിൾ ഉൽപ്പന്നങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്ന‌് യോഗം ആവശ്യപ്പെട്ടു. 
ഹരിതചട്ടം പാലിക്കുന്നതിന‌് എൻഎസ‌്എസ‌് വളണ്ടിയർമാർ, ഹരിതകർമസേന, ഡിടിപിസിയുടെ ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ഹോട്ടലുകളിലും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന മറ്റു കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കാനും യോഗം തീരുമാനിച്ചതായി സ്ഥിരംസമിതി അധ്യക്ഷൻ എ എ റസാഖ‌് അറിയിച്ചു‌. 

 



deshabhimani section

Related News

0 comments
Sort by

Home