അച്ഛന്റെ തണലിൽ അരങ്ങിൽ തിളങ്ങി തീർഥ

കായംകുളം
ചേർത്തല എസ്എൻ ട്രസ്റ്റ് എച്ച്എസ്എസിലെ പ്ലസ് ടൂ വിദ്യാർഥി കെ ഒ തീർഥയ്‌ക്ക് ഇക്കുറി കലോത്സവത്തിൽ ഇരട്ടറോളാണ്. ആദ്യദിനം ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി ആദ്യറോളിൽ കസറി. തിങ്കളാഴ്‌ച ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ പിന്നണിയിൽ അധ്യാപികയുടെ റോളിലാകുമിനി. തീർഥ മോഹിനിയാട്ടം അഭ്യസിപ്പിക്കുന്ന ശ്വേതയാണ് മോഹിനിയാട്ടത്തിൽ മത്സരിക്കുന്നത്. അച്ഛൻ ചേർത്തല മരുത്തോർവട്ടം കൃഷ്‌ണവിജയമന്ദിരത്തിൽ ആർഎൽവി ഓംകാറിന്റെ കീഴിലാണ് കുട്ടിക്കാലം മുതൽ പഠനം. അച്ഛന്റെ ശിവതീർഥ നാട്യഗൃഹത്തിൽ പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും അധ്യാപികയുമായി. ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റി പ്രാചീൻ കലകേന്ദ്രയിൽനിന്ന് കുച്ചുപ്പുടിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മുപ്പത് വർഷമായി നൃത്തരംഗത്ത് പ്രവർത്തിക്കുന്ന ഓംകാറിന്റെ എട്ട് ശിഷ്യർ കൂടി ജില്ലാ കലോത്സവത്തിൽ വിവിധ നൃത്തയിനങ്ങളിൽ മത്സരിക്കുന്നുണ്ട്. കെ ആർ സീമയാണ് അമ്മ.
Related News

0 comments