ഒഴുക്കിലെ സുന്ദരലോകം

Monday Oct 4, 2021
ഷാജി സി പി

നമ്മുടെ മത്സ്യപഠന ചരിത്രം കോളനിവൽക്കരണ കാലത്തോട് ചേർന്നുനിൽക്കും. വാസ്‌കോഡഗാമ 1498ൽ കേരളത്തിൽ കാലൂന്നുമ്പോൾ തുറന്നത്‌ ഇന്ത്യയിലേക്കുള്ള യൂറോപ്പിന്റെ വഴിമാത്രമല്ല,  പരിസ്ഥിതി പഠനത്തിന്റെ  ശ്രമങ്ങൾകൂടിയാണ്. അച്ചടി ആരംഭിച്ചതോടെ ജൈവപ്രകൃതി  വിഭവങ്ങളുടെ അറിവുതേടിയുള്ള യാത്രക്ക് ലഭിച്ച ഊർജം ചെറുതല്ല. വാൻറീഡിന്റെ ‘ഹോർത്തൂസ് മലബാറിക്കസ്’  പരിസ്ഥിതിപഠന ശാസ്ത്രത്തിലെ പുതിയ അധ്യായം രചിച്ചു

മത്സ്യസമ്പത്തിനാൽ സമൃദ്ധമാണ്‌‌ പശ്‌ചിമഘട്ടത്തിൽനിന്ന്‌ ഉത്‌ഭവിക്കുന്ന നദികൾ. ഒഴുക്കിനൊപ്പം നീന്തിയും നാട്ടുജലാശയങ്ങളിൽ തുടിച്ചും മനോഹര കാഴ്‌ചയായി മീനുകൾ.
പശ്ചിമഘട്ടത്തിലെ നദീസമുച്ചയത്തിലും അനുബന്ധ ജലസ്രോതസ്സുകളിലുമായി നാനൂറിലധികം മത്സ്യവംശങ്ങളാണുള്ളത്‌. ഇതിൽ 263 എണ്ണം  പശ്ചിമഘട്ടത്തിന്റെമാത്രം ദേശ്യജാതികളാണ്. കേരളത്തിലെ നദികൾമാത്രം മറ്റെങ്ങും കാണാത്ത 57 ഇനം മത്സ്യങ്ങളെ പോറ്റുന്നു.

ഇന്ത്യയുടെ മത്സ്യപഠന ചരിത്രം

ഇന്ത്യയുടെ പരിസ്ഥിതിപഠനത്തിന്റെ ചരിത്രപരമായ ആരംഭം തമിഴ്‌നാട്ടിലെ തരംഗമ്പാടിയിലും മദ്രാസിലുമാണ്.  ഇന്ത്യൻ പരിസ്ഥിതിശാസ്ത്രം കടപ്പെട്ടിരിക്കുക ഡാനിഷ് രാജാവിന്റെ അനുമതിയോടെ 1760ൽ സ്ഥാപിതമായ മൊറോവിയൻ മിഷനോടാണ്.
   നമ്മുടെ മത്സ്യപഠന ചരിത്രം കോളനിവൽക്കരണ കാലത്തോട് ചേർന്നുനിൽക്കും. വാസ്‌കോഡഗാമ 1498ൽ കേരളത്തിൽ കാലൂന്നുമ്പോൾ തുറന്നത്‌ ഇന്ത്യയിലേക്കുള്ള യൂറോപ്പിന്റെ വഴിമാത്രമല്ല,  പരിസ്ഥിതി പഠനത്തിന്റെ  ശ്രമങ്ങൾകൂടിയാണ്. അച്ചടി ആരംഭിച്ചതോടെ ജൈവപ്രകൃതി  വിഭവങ്ങളുടെ അറിവുതേടിയുള്ള യാത്രക്ക് ലഭിച്ച ഊർജം ചെറുതല്ല. വാൻറീഡിന്റെ ‘ഹോർത്തൂസ് മലബാറിക്കസ്’  പരിസ്ഥിതിപഠന ശാസ്ത്രത്തിലെ പുതിയ അധ്യായം രചിച്ചു. 

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി, ഡാനിഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി, ഇംഗ്ലീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനി,  ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി എന്നിവ  ലക്ഷ്യമിട്ടത് ആനക്കൊമ്പും കുരുമുളകും ഏലവും കറുവപ്പട്ടയുമാണ്‌. എന്നാൽ, അവരുടെ കപ്പലുകളിൽ കയറിയത് സുഗന്ധദ്രവ്യങ്ങൾ മാത്രമല്ല. കരിങ്കുരങ്ങും സിംഹവാലൻ കുരങ്ങും അസംഖ്യം പാമ്പുകളും  പക്ഷികളും മത്സ്യങ്ങളും തവളകളുമാണ്‌. യൂറോപ്പിലെ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ജീവികൾ അവരുടെ കാഴ്‌ചബംഗ്ലാവും മ്യൂസിയവും സമ്പന്നമാക്കി.
  സുവിശേഷവേലക്കായി 1771 ൽ തരംഗമ്പാടിയിൽ എത്തിയ ക്രിസ്റ്റോഫ് സാമുവൽ ജോൺ ദക്ഷിണേന്ത്യയിൽനിന്ന്‌ നിരവധി മീനുകളും അനവധി അറിവുകളും കൈമാറി.  ഇവിടുത്തെ മീൻപിടിത്തക്കാരുടെ സാധാരണ അറിവുകൾപോലും  യൂറോപ്പിലെ സയൻസിന്റെ ഭാഗമായി. മൂന്ന് മീനുകൾക്ക് സാമുവൽ ജോണിന്റെ പേരാണ്‌ നൽകിയത്‌. അവരുടെ പഠനങ്ങൾ അക്കാലത്ത് യൂറോപ്പിലിറങ്ങിയ ശാസ്ത്രമാസികകളെ വിജ്ഞാനംകൊണ്ട് നിറച്ചു. പുതിയതെന്ന്‌ ലോകം വാഴ്ത്തിയ ജീവിവർഗങ്ങളിൽ കൂടുതലും  ഇന്ത്യയിൽനിന്നോ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിൽനിന്നോ ആയിരുന്നു. 1865ൽ കണ്ടുപിടിച്ച ‘മിസ് കേരള’ എന്ന അപരനാമത്തിലറിയപ്പെടുന്ന ചെങ്കണിയാനും 1874ൽ കണ്ടുപിടിച്ച ചെംവാലൻ കൂരലുംവരെ ഇവിടെനിന്ന്‌ അവസാനം കപ്പൽ കയറിയവയിൽപ്പെടും.
ഇംഗ്ലീഷുകാരിൽ ഹാമിൽട്ടൻ ബുച്ചനാൻ 1807ൽ ദക്ഷിണേന്ത്യയിലൂടെ നടത്തിയ യാത്ര  ഗവർണർ വെല്ലസ്‌ലി പ്രഭുവിന്റെ ആവശ്യപ്രകാരം കൃഷിയും ഖനികളും ജീവിതരീതികളെയും ആലേഖനംചെയ്യാനായിരുന്നു. ഹാമിൽട്ടൻ മത്സ്യങ്ങളെയും രേഖപ്പെടുത്തി. അങ്ങനെ രേഖപ്പെടുത്തിയതിൽ ഒന്നാണ് പുള്ളിപ്പാവുകൻ. ഹാമിൽട്ടൻ ഫ്രാൻസിസ് ഹാമിൽട്ടൻ എന്ന പേരോടെ ഗംഗയിലെയും പോഷകനദികളിലെയും  മത്സ്യങ്ങളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പുസ്തകം ഇന്ത്യയിലെ ആദ്യ മത്സ്യഗ്രന്ഥമാണെന്ന്‌ പറയാം.

  ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭിഷഗ്വരൻ  തോമസ് കാവൻഹിൽ ജേർഡൻ   1849ൽ മലബാറിലെ മത്സ്യങ്ങളുടെ  വിവരണം നൽകുന്നതോടെ കേരളത്തിലെ മത്സ്യപഠനത്തിന്റെ  രണ്ടാംഘട്ടം ആരംഭിച്ചു. മത്സ്യശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതും പീറ്റർ ആർത്തേദിയാണ്. ഇന്ത്യൻ മത്സ്യശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത് ഡോ. ഫ്രാൻസിസ് ഡേയാണ്‌. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ‘ദ ഫിഷെസ് ഓഫ് മലബാർ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. അതിനുശേഷം നിരവധി മത്സ്യങ്ങളെ അദ്ദേഹം കേരളത്തിൽനിന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ  ഇന്ത്യയിലെ  മത്സ്യങ്ങൾ എന്ന ഗ്രന്ഥം ഇന്ത്യൻ മത്സ്യശാസ്ത്രത്തിന്റെ ബൈബിളായി പരിഗണിക്കുന്നു.

  ഹിമാലയൻ നദികളും  ഉപദ്വീപീയ നദികളും തടാകങ്ങളും ചേർന്ന് പരിപോഷിപ്പിക്കുന്നതാണ്‌ ഇന്ത്യയിലെ ശുദ്ധജല മത്സ്യസമ്പത്ത്.  നിലവിലെ കണക്കുപ്രകാരം 940 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്‌–- കേരളത്തിൽ 210. ഇവയിൽ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളെന്ന്‌ പറയാവുന്നത് 180 ഇനങ്ങളാണ്. ശേഷിക്കുന്നവ ഓരുജലത്തിൽ മാത്രമോ അല്ലെങ്കിൽ രണ്ടിലുമായോ ജീവിതചക്രം പൂർത്തിയാക്കുന്നവയാണ്.

 

വൈവിധ്യങ്ങളുടെ ലോകം

ആകാരം, വാസസ്ഥലം, അനുരൂപനം എന്നിങ്ങനെ എല്ലാനിലയിലും വൈവിധ്യമുള്ളവയാണ്‌ കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ.  ആഴമുള്ള ചെങ്കൽ കിണറുകളിലേക്ക് വെള്ളം അരിച്ചുവീഴ്ത്തുന്ന ഉറവുചാലുകൾ  അത്ഭുതകരമാംവിധം അനുരൂപംസിദ്ധിച്ച മത്സ്യങ്ങളുടെ സൂക്ഷ്മ ആവാസവ്യവസ്ഥയാണ്.  കോട്ടയം ജില്ലയിലെ നാലാങ്കൽ കൃഷ്‍ണപിള്ളയുടെ വീട്ടിലെ കിണറിൽനിന്ന്‌ 1950ൽ കണ്ണില്ലാത്ത കുഞ്ഞുമുഴിയെ കിട്ടുന്നതോടെ സംസ്ഥാനത്തെ ഭൂഗർഭജല മത്സ്യങ്ങളുടെ ചരിത്രം തുടങ്ങുന്നു. ‘ഹോറേഗ്ളാനിസ് കൃഷ്ണേയി’ എന്ന ശാസ്ത്രനാമം നൽകിയ അതിന്‌  കുരുടൻ മുഷി എന്ന പേര് കൈവരുന്നത്  മറ്റിടങ്ങളിൽനിന്ന്‌ ലഭിച്ചുതുടങ്ങിയപ്പോഴാണ്. തൊണ്ടി, അഥവാ കട്ടപ്പുളവൻ വിഭാഗത്തിലെ ഒരിനത്തെ കോഴിക്കോട് ജില്ലയിലെ കുതിരവട്ടത്ത്  2002ൽ കണ്ടെത്തി. 2011ൽ തൃശൂർ ജില്ലയിൽനിന്ന്‌ മിഡു ഭൂഗർഭമത്സ്യത്തെ കണ്ടെത്തി. 2019ൽ വരാലിന്റെ വിഭാഗത്തിലെ രണ്ടിനങ്ങളെ  മലപ്പുറത്തുനിന്നും തിരുവല്ലയിൽനിന്നും കണ്ടെത്തി. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാലയിലെ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്‌.
   ആകാരത്തിന്റെ കാര്യത്തിൽ ശുദ്ധജലമത്സ്യങ്ങളിൽ ആദ്യം പരാമർശിക്കുക ആംഗലേയത്തിൽ ‘മഹസീർ’ എന്ന് വിളിക്കുന്ന മത്സ്യമായിരിക്കും. വലിയ ശൽക്കങ്ങളുള്ള അല്ലെങ്കിൽ വലിയ തലയുള്ള മത്സ്യങ്ങൾ എന്ന്‌ അർഥംവരുന്ന ഏതോ സംസ്കൃത പദത്തിൽനിന്ന്‌ രൂപമെടുത്ത ആംഗലേയ പദമാണ് ‘മഹസീർ’.  ഇവയുടെ വലുപ്പം  പരിഗണിച്ചാൽ ആ പേരിൽ തെറ്റില്ല. അത് ശരിവയ്‌ക്കുന്നത് ചില കണക്കുകളാണ്. 1919 ഡിസംബർ 28ന് കാവേരി നദിയിൽനിന്ന്‌ കേണൽ ജെ എസ്‌ ആർ റിവേറ്റ് ക്രൂസ് പിടിച്ച ‘കുയിലി’ന് തൂക്കം


 53.97 കിലോയായിരുന്നു. 1946 മാർച്ച് 22ന് കബനിയിൽനിന്ന്‌  വാൻ ഇന്ജെൻ (J. Wet. Van Ingen) പിടിച്ച കുയിലിന്റെ തൂക്കം 54.43 കിലോ.  തെക്കൻ കേരളത്തിൽ  കുയിൽ എന്നും മധ്യകേരളത്തിൽ  ചൂര എന്നും വടക്കൻ കേരളത്തിൽ കറ്റി എന്നുമാണ് ഈ മത്സ്യം അറിയപ്പെടുന്നത്. കേരളത്തിലെ പുഴയ്ക്കൽ, കേച്ചേരി എന്നിങ്ങനെയുള്ള നദികളൊഴിവാക്കിയാൽ എല്ലാ നദികളിലും ഇവയുണ്ട്‌. സമീപകാലത്തായി ഇത്രയും വലുപ്പമുള്ള മത്സ്യങ്ങൾ  കേരളത്തിൽ ലഭിച്ചതായി വിവരമില്ല.
    കേരളത്തിലെ ഏറ്റവും ചെറിയ മത്സ്യമെന്ന്‌ പറയുന്നത്‌ ആറ്റുകണഞ്ഞൊനാണ്. വേമ്പനാട്ടുകായലിലും  മാറഞ്ചേരി, പൊന്നാനി കോൾനിലങ്ങളിലും സുലഭം.
ദേശാന്തരഗമനം നടത്തുന്ന മത്സ്യങ്ങളുമുണ്ട്‌. മലിഞ്ഞീൻ അല്ലെങ്കിൽ ‘വ്ളാഞ്ഞിൽ’ എന്നറിയപ്പെടുന്ന ഈൽ ഇനങ്ങളാണ് ഇതിൽ പ്രധാനം. രണ്ടിനം മലിഞ്ഞീനുകളാണ് കേരളത്തിലെ ശുദ്ധജലത്തിൽ കണ്ടുവരുന്നത്.  കടലിലേ മലിഞ്ഞീനുകൾ ഒരുമിക്കൂ. അവ ഇണചേരുന്നതും മുട്ടയിടുന്നതും വിരിയുന്നതും  ഇന്ത്യൻ മഹാസമുദ്രത്തിലാണെന്ന്‌ കരുതുന്നു. ശുദ്ധജലത്തിൽനിന്ന് ഇത്രദൂരം യാത്രചെയ്ത് കടലിലെത്തിയാൽ അവർ അവിടെ കാണുന്ന കൂട്ടത്തിലുള്ളവരൊക്കെയുമായി ഇണചേരും. ആർക്കും ആരുമായി ഇണചേരാനനുവദിക്കുന്ന മനോഹരമായ ഈ ആചാരത്തിന് ജന്തുശാസ്ത്രജ്ഞർ വിളിക്കുന്ന പേര് ‘പാൻമിക്സിയ’ എന്നാണ്‌. കടലിലിട്ട മുട്ട വിരിഞ്ഞുവരുന്ന വെളുത്ത റിബൺ പോലുള്ള ലാർവകളെ ലെപ്റ്റോസെഫാലസ് എന്ന് വിളിക്കും. അവർ കുറച്ച് വലുതായാൽ ഗ്ലാസ്‌ ഈൽ എന്നും. എട്ടുമാസം വളർച്ചയെത്തിയ ഗ്ലാസ്‌ ഈലുകൾ പുഴയിലേക്ക് യാത്രതിരിക്കും. സഞ്ചാരത്തിനിടെ എൽവർ (ELVER), യെല്ലോ  ഈൽ (YELLOW EEL) എന്ന ദശകളിലേക്ക്‌ കടക്കും. പാടത്തും പുഴയിലും തടാകത്തിലും കാണുന്ന മലിഞ്ഞീനുകളെല്ലാം ‘യെല്ലോ ഈൽ’ ജീവിതം നയിക്കുന്നവരാണ്. പ്രായപൂർത്തിയാകാനുള്ള മലിഞ്ഞീനുകളാണ് നമ്മൾ കാണുന്നതത്രയും. മലിഞ്ഞീനിന്റെ കുഞ്ഞുങ്ങളെ ആരും കാണാത്തതിന്റെ കാരണവുമിതാണ്‌.
പ്രജനനത്തിന്‌ കടലും ഭക്ഷണത്തിനായി കടലും അഴിമുഖവും ഇടയ്ക്ക്‌ ശുദ്ധജലവും ഉപയോഗിക്കുന്ന പാലങ്കാണ്ണി, പാലാൻ, വാലന്തൻ എന്നീ പേരുകളിലറിയപ്പെടുന്ന  മത്സ്യത്തിന്റെ ദേശാന്തരഗമനവും പഠനവിഷയമാണ്‌. നമ്മളിലാരും പാലാന്റെ കുഞ്ഞിനെ കണ്ടിരിക്കാൻ വഴിയില്ല. അവ മുട്ടയിടുന്നതും  വിരിയുന്നതും പുറംകടലിലാണ്. മലിഞ്ഞീനിന്റെ കുഞ്ഞുങ്ങളെ പറയുന്ന ലെപ്റ്റോസെഫാലസ് (Leptocehalus) എന്നാണ് പാലാന്റെ ലാർവക്കും പറയുക.  പാലാന്റെ കുഞ്ഞിന്റെ വാല് അതിന്റെ അമ്മയുടേതുപോലെ കത്രികരൂപത്തിലാണ്‌. മലിഞ്ഞീൻ കുഞ്ഞിനങ്ങനെയല്ല. ലാർവ ദശ പിന്നിടുന്ന ഇവ പതിയെ അഴിമുഖത്തേക്കും കണ്ടൽക്കാടുകളിലേക്കും ഓരുവെള്ളം കയറുന്നിടത്തേക്കുമെത്തി വളർച്ച പൂർത്തിയാക്കുന്നു. ഏകദേശം 60 സെന്റി മീറ്റർവരെ വലുപ്പംവയ്‌ക്കുന്നവയാണ്  പാലാൻ.

ചാരുതയേറെ

കേരളത്തിലെ മത്സ്യങ്ങളിലേറിയവയും സുന്ദരികളാണ്. അതിനാൽതന്നെ അലങ്കാര മത്സ്യകൃഷിക്ക് വൻ മുന്നേറ്റമാണ്‌.
 ‘മിസ്‌ കേരള’ എന്ന പേരിൽ വിഖ്യാതമായ ചെങ്കണിയാൻ അല്ലെങ്കിൽ ഡെൻസിൻസ് ബാർബാണ്‌ സുന്ദരികളിൽ പ്രധാനി. മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ, ഭാരതപ്പുഴ, ചാലിയാർ, വളപട്ടണം പുഴ, പയസ്വിനി  എന്നിവിടങ്ങളിൽ കാണാം. വാലേക്കോടിയൻ, ഉരുളൻപരൽ, പാറപ്പരൽ, സ്വർണവാലൻ പരൽ, കൈപ്പപ്പരൽ, വയമ്പ്, പള്ളത്തി അഥവാ പുട്ട, ചൂട്ടാച്ചി, മഞ്ഞക്കൂരി അഥവാ മഞ്ഞളേട്ട, കണഞ്ഞൊൻ, അണ്ടികള്ളി, കൂരൽ, കൊയ്ത്തകൾ എന്നിവ അലങ്കാര മത്സ്യവിപണിയിൽ ഇടംനേടിയവയാണ്‌.

 

കരിമീനും വാളയും

അഴകും വിരുതുമുള്ള കരിമീൻ വേമ്പനാട്ടുകായലിന്റെ സ്വകാര്യ അഹങ്കാരമാണ്. മലയാളിയുടെ രുചിയുടെ അവസാന വാക്ക്‌. ആലപ്പുഴയിലെ കുട്ടനാട് ഇവയുടെ തറവാടാണ്. ആറ്റുവാള എന്നും തൂളിവാള എന്നൊക്കെ അറിയപ്പെടുന്ന മത്സ്യം എട്ടുമുതൽ 12 കിലോവരെ വലുപ്പംവയ്‌ക്കുന്നവയാണ്. നമ്മുടെ പുഴകളിൽ വേനൽക്കാലത്തും കാലവർഷത്തിൽ നെൽപ്പാടങ്ങളിലും കാണുന്ന ഇവ രുചിയുള്ള മത്സ്യങ്ങളിലൊന്നായി കരുതപ്പെടുന്നു.


 വിപണിയിൽ വലിയ വിലയുള്ള ഒന്നാണ് വാള. വരാൽ കുടുംബത്തിൽപ്പെട്ട വരാൽ, വാക, ചേറൻ അഥവാ ഉരുൾ എന്നിവ തീൻമേശയിലെ വിലയുള്ള വിഭവങ്ങളിലൊന്നാണ്.  നെൽപ്പാടങ്ങളിൽ സുലഭമാണ് വരാൽ. മലപ്പുറം ജില്ലയിലെ മാറഞ്ചേരി, പൊന്നാനി കോൾ നിലങ്ങളിലുള്ളവർ ഇതിനെ കണ്ണൻ എന്നാണ് വിളിക്കുന്നത്. പാടങ്ങളിലെ കാരി, മുഴി, പള്ളത്തി അഥവാ ചൂട്ടാച്ചി, വയമ്പ്, പാലാൻ, കല്ലട അഥവാ കറൂപ്പ്, കുറുവ അഥവാ മുണ്ടൊത്തിപ്പരൽ, പാറപ്പരൽ, കോലാൻ, കണഞ്ഞൊൻ എന്നിവയെല്ലാം ഉൾനാടൻ മത്സ്യവിപണിയെയും സാമ്പത്തികസുരക്ഷയും നിലനിർത്തുന്നു. തീൻമേശയിലെത്തുന്ന പുഴകളിലെ മത്സ്യങ്ങളാണ്‌ കുയിലും കൂരലും വാളയും വാകവരാലും ചേറനും ചെംവാലൻ കൂരലും, മത്തിപ്പരലുകൾ, കല്ലൊട്ടി, കടന്ന, പച്ചിലവെട്ടി എന്നിവ.

 

രുചിയുണർത്താത്ത മധുരാനും തൊണ്ടിയും

ഭക്ഷണത്തിനുപയോഗിക്കാത്ത മത്സ്യങ്ങളുണ്ട്. നെൽപ്പാടങ്ങളെന്ന ആവാസവ്യവസ്ഥയിൽ അവ നിർവഹിക്കുന്ന പാരിസ്ഥിതിക ധർമങ്ങൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്‌. തൊണ്ടി, മധുരാൻ, കട്ടപ്പുളവൻ എന്നിങ്ങനെ തീരപ്രദേശങ്ങളിലെ കാർഷികജനത വിളിക്കുന്ന മത്സ്യത്തെ ആരും തിന്നാറില്ല. വരാൽ കുടുംബത്തിലെ കടിയൻ ബ്രാൽ, വട്ടോൻ എന്നീ രണ്ടിനങ്ങളെയും  ഭക്ഷിക്കുന്നതായി അറിവില്ല. വലുപ്പം കുറഞ്ഞതുകൊണ്ടും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടും നെറ്റിയെപൊന്നൻ അല്ലെങ്കിൽ മാനത്തുകണ്ണി, കരിക്കണ്ണി (കരിങ്കണ) എന്നീ മീനുകൾക്കും അടുക്കളയിൽ സ്ഥാനമില്ല.  വിഷമുള്ളതുകൊണ്ടും ആറ്റുണ്ട അഥവാ ഭൂതം എന്ന്‌ വിളിക്കുന്ന പഫർ ഫിഷിനെയും രുചിക്കാറില്ല.
കാരി (കടു)  മത്സ്യം  അന്തരീക്ഷവായു ശ്വസിക്കാൻ തക്കവണ്ണം അനുരൂപനാവയവങ്ങൾ ഉള്ളവയാണ്. ശത്രുക്കളെ കൊമ്പുപയോഗിച്ച് കുത്തുന്ന കാരിയുടെ മുറിവുണ്ടാക്കുന്ന വേദന ചെറുതല്ല. കടുത്ത വേനലിൽ വറ്റുന്ന നെൽപ്പാടങ്ങളിലെയും കുളങ്ങളിലെയും ശേഷിക്കുന്ന ചെളിയിൽ അന്തരീക്ഷവായു ശ്വസിച്ച് അതിജീവനം നടത്തുന്നവയാണ് കാരികൾ. കല്ലട (കറൂപ്പ്‌) മത്സ്യത്തിന്റെ -ആംഗലേയനാമം  ക്ലൈമ്പിങ് പെർച്ച്‌ എന്നാണ്‌–- മരംകയറുന്ന മത്സ്യം. ദീർഘകാലം വെള്ളത്തിലല്ലാതെ  ജീവിക്കാൻ വേണ്ട ശ്വസനാവയവങ്ങൾ ഇവയ്‌ക്കുണ്ട്‌. മുഴിയും അങ്ങനെ അതിജീവനത്തിന് ഭാഗ്യംസിദ്ധിച്ചവരാണ്.
പുഴകളിലെ ആവാസവ്യവസ്ഥയിൽ കഴിയാനുള്ള എല്ലാ കരുത്തും മത്സ്യങ്ങൾക്ക്‌ പ്രകൃതി നൽകിയിട്ടുണ്ട്. ‘കൽനക്കി’ ഒഴുക്കുള്ള അരുവികളിൽ പാറകളിൽ പറ്റിപ്പിടിച്ചാണ് കാണുക. അവയുടെ ചിറകുകൾ പാർശ്വങ്ങളിൽ പാറയിൽ പതിപ്പിക്കാൻവിധം ക്രമീകരിച്ചിരിക്കുന്നു. കല്ലൊട്ടി, കല്ലുന്തി എന്നൊക്കെ വിളിക്കുന്നയിനങ്ങളിൽ വായയുടെ അടിവശത്തായി കിണ്ണത്തിന്റെ  ആകൃതിയിൽ ഡിസ്‌ക്കുണ്ട്‌. അത് പാറയിൽ ഒട്ടിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നു. ‘കൽക്കാരി’ ഇനത്തിന്‌ കഴുത്തിൽ നിറയെ നീണ്ട വിള്ളലുകളാണ്. അവ ഉപയോഗിച്ച് പാറയിലോ  പ്രതലത്തിലോ അള്ളിപ്പിടിച്ചിരിക്കാനാകും.

കേരളത്തിന്റെമാത്രം കുടുംബം

ക്രിപ്റ്റോഗ്ളാനിസ് ഷാജിഐ (Kryptoglanis shajii) എന്ന ഭൂഗർഭജല മത്സ്യത്തെ ഉൾക്കൊള്ളുന്ന ക്രയ്‌പ്റ്റഗ്ലാനിടെ കേരളത്തിന്റെമാത്രം കുടുംബമാണ്.  ഹൊറാഗ്ളാനിസ് കൃഷ്ണേയി, ഹൊറാഗ്ളാനിസ്   അബ്ദുൾ കലാമി (Horaglanis abdulkalami), ഹൊറാഗ്ളാനിസ് അലിക്കുഞ്ഞി (Horaglanis alikunhi) എന്നിവയും കേരളത്തിലെമാത്രം ജനുസ്സാണ്.   ബാലിറ്റോറിഡെ (Balitoridae) കുടുംബത്തിൽപ്പെട്ടവർ എല്ലാവരുംതന്നെ ഒഴുക്കുള്ള നദികളിലെ ഉരുണ്ടതും പരന്നതുമായ പാറകളിൽ പറ്റിപ്പിടിച്ച്‌ കഴിയാൻതക്കവണ്ണം അനുരൂപനം നേടിയവയാണ്. പടിഞ്ഞാറോട്ട്‌ ഒഴുകുന്ന നദികളിലുള്ള നെടുംകൽനക്കി (Travancoria elongata), കുള്ളൻ കൽനക്കി (Travancoria jonesi) എന്നിവയും  എല്ലാ നദികളിലും കാണുന്ന കൽനക്കിയും (Bhavania australis) കിഴക്കോട്ടൊഴുകുന്ന നദികളിൽമാത്രം കാണുന്ന മുത്തുചുട്ടനും (Balitora mysorensis)  കേരളത്തിന്റെ എൻഡെമിക് വംശങ്ങളുമാണ്. കുന്തിപ്പുഴയിൽമാത്രം കാണുന്ന ജലപ്പല്ലി കൽനക്കി (Balitora jalpalil), ഭവാനിപ്പുഴയിലെ വെളുമ്പൻ കൽപ്പൂളോൺ (Ghatsa menoni), കുന്തിയിലും  ഭവാനിയിലും കാണുന്ന കറുമ്പൻ കൽനക്കി (Ghatsa pillaii), പെരിയാറിന്റെ ഉത്ഭവസ്ഥാനംകൂടിയായ ചൊക്കാംപെട്ടി മലയിലെ അരുവികളിൽ കണ്ടുപിടിച്ച സിലാസ് കൽനക്കി (Ghatsa silasi) എന്നിവയും അതുപോലെത്തന്നെ.  സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ കുന്തിപ്പുഴയിൽമാത്രം കാണുന്ന കുന്തിക്കൊയ്മ (Mesonoemacheilus remadeviae), പെരിയാർ കടുവാസങ്കേതത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് വെള്ളംചുരത്തുന്ന പെരിയാറിലും  മുല്ലയാറിലും ഇവയുടെ പോഷക അരുവികളിലുംമാത്രം കാണുന്ന Mesonoemacheilus menoni, Mesonoemacheilus periyarensis എന്നീ കൊയ്ത്തകളുടെയും മേൽവിലാസം കേരള പശ്ചിമഘട്ടമാണ്‌.
അണ്ടികള്ളിയുടെ (Pristolepidae) ഇനത്തിൽപ്പെട്ട  പൂയംകുട്ടി, പമ്പ, പെരിയാർ നദികളിൽമാത്രം കാണുന്ന ഓറഞ്ച് വാലൻ ചെമ്പല്ലി (Pristolepls rubripinnis) 2012ൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനമാണ്.

കൂട്ടമരണങ്ങളും വംശനാശവും

വൈവിധ്യംകൊണ്ട് സമ്പന്നമായ മത്സ്യങ്ങളെ സംരക്ഷിക്കാനുതകുന്ന സാംസ്‌കാരിക പിൻബലവും നിയമങ്ങളും എല്ലാമുണ്ടെങ്കിലും അതിവേഗം വംശനാശത്തിലേക്ക് നീങ്ങുന്നവയാണ്.  ഏറ്റവും കൂടുതൽ മത്സ്യമരണങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമായിരിക്കും. വൻതോതിലുള്ള മലിനീകരണമാണ്‌ പ്രധാന കാരണം.
മത്സ്യമരണങ്ങൾ  ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്‌തത്‌ പെരിയാറിൽനിന്നാണ്‌– -2012 മെയ് മൂന്നുമുതൽ തുടർച്ചയായി 18 മത്സ്യമരണങ്ങൾ.  കാസർകോട്‌ ‌ ജില്ലയിലെ ചന്ദ്രഗിരിപ്പുഴയിൽ 2019 മെയ് 18നും  24നും ഇടയിൽ  ലക്ഷക്കണക്കിന് വിലവരുന്ന മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. വംശനാശഭീഷണി നേരിടുന്നവയും കൂട്ടത്തിലുണ്ടായിരുന്നു. അവസാനത്തെ കൂട്ടമരണം  പയസ്വിനി പുഴയിലേതാണ്.


കേരളത്തിലെ മത്സ്യങ്ങളുടെ പ്രജനനം കാലവർഷാരംഭത്തിന്റെ താളക്രമങ്ങൾക്കൊപ്പമാണ്. പുഴയിൽനിന്നോ വേനൽക്കാല വസതിയിൽനിന്നോ യാത്രതുടങ്ങി നെൽപ്പാടങ്ങളിൽ പുഴയുടെതന്നെ മുങ്ങിയ പാർശ്വങ്ങളിലോ അണ്ഡവിക്ഷേപം നടത്തുന്നു.  ഊത്തയിളക്കം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കടലിലെ സമാന്തര പ്രതിഭാസമായ ചാകരക്ക് തുല്യമാണ്‌. മത്സ്യങ്ങളുടെ ഈ പ്രജനനയാത്രക്കിടയിൽ ഇവയെ അടിച്ചിൽ, വീശുവല, വട്ടവല, കൂട് തുടങ്ങിയവ ഉപയോഗിച്ച്‌ പിടിച്ചെടുക്കുന്നു. പ്രത്യുൽപ്പാദന ദശയിലുള്ള മത്സ്യങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന്‌ വൻതോതിൽ നീക്കംചെയ്യപ്പെടുന്നത്‌  വംശത്തിന്റെ നിലനിൽപ്പുതന്നെ ആശങ്കയിലാക്കുന്നു.
 ■