14 August Friday

കന്നിമണ്ണിൽ വീഴും വ്യാധിവിത്തുകൾ...ലോക ഇമ്മ്യൂണൈസേഷൻ അവബോധ ദിനത്തില്‍ ഡോ. നവ്യ തൈക്കാട്ടില്‍ എഴുതുന്നു

ഡോ. നവ്യ തൈക്കാട്ടില്‍ Updated: Sunday Nov 10, 2019

മധുമല ചട്ടോപാധ്യ ആന്‍ഡമാനില്‍

നവ്യ തൈക്കാട്ടില്‍

നവ്യ തൈക്കാട്ടില്‍

മാരകരോഗങ്ങൾക്കെതിരെ തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത രക്ഷാകവചത്തിൽ നിന്നും, സ്വയം തെന്നി മാറാൻ നോക്കുന പരിഷ്‌കൃതമനുഷ്യരാണ്, ആന്‍ഡമാനിലെ സെന്റീനിലീസ് നിവാസികളെക്കാൾ അത്ഭുതപ്പെടുത്തുന്നത്...ലോക ഇമ്മ്യൂണൈസേഷൻ അവബോധ ദിന (നവംബര്‍ 10)ത്തില്‍ ഡോ. നവ്യ തൈക്കാട്ടില്‍ എഴുതുന്നു

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇന്നും ആദിമമായി ജീവിക്കുന്ന മനുഷ്യരുടെ; അവർ വസിക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളുടെ കഥകൾ എന്നും കൗതുകത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. ആന്‍ഡമാനിലെ സെന്റീനിലീസ് ദ്വീപുകളെ കുറിച്ച് വരുന്ന എന്തു വാർത്തയും അത് കൊണ്ടാണ് എല്ലാക്കാലവും അദ്ഭുതപ്പെടുത്തുന്നതും.

ബാഹ്യലോകത്തിന് ഇന്നും അസ്പർശ്യമായി അവശേഷിക്കുന്ന അവസാനത്തെ ജനതയായാണ് ഇവർ കണക്കാക്കപ്പെടുന്നത്. കപ്പലോ, ബോട്ടോ തകർന്ന് ഈ ദ്വീപിൽ എത്തിപ്പെടുന്നവരെ പോലും, ദ്വീപിൽ കാലു കുത്തും മുൻപേ അമ്പെയ്ത് കൊലപ്പെടുത്തും ഇവിടുത്തെ നിവാസികൾ. എന്തെങ്കിലും രീതിയിലുളള ഒരു ബന്ധം ഇവരുമായി സ്ഥാപിക്കാൻ എത്ര ശ്രമിച്ചിട്ടും, ആൻഡമാൻ സർക്കാറിനോ മറ്റ്‌ സാമൂഹ്യപ്രവർത്തകർക്കോ സാധിച്ചില്ല. എന്നാൽ മധുമല ചട്ടോപാധ്യ എന്ന നരവംശശാസ്ത്രഞയ്ക്കാണ്, ആദ്യമായി 1991 ൽ ഇവരുടെ ആക്രമണമേൽക്കാതെ, എന്തെങ്കിലും രീതിയിലുള്ള ഒരു ബന്ധം ഇവരുമായി സ്ഥാപിക്കാൻ സാധിച്ചത്. വളരെ രസകരമാണ് ആ ആദ്യ കണ്ടുമുട്ടലിന്റെ വിവരണം വായിക്കുവാൻ തന്നെ. വെള്ളത്തിലൂടെ ഒന്നൊന്നായി തേങ്ങകൾ ഒഴുക്കിവിട്ടാണ് ഇവർ സൗഹൃദസൂചന ആദ്യം നൽകാൻ ശ്രമിച്ചത്. ദ്വീപ് നിവാസികൾ, ആക്രമണത്തിനു മുതിരാതെ നീന്തി വന്ന് ഇവ ശേഖരിച്ചു. ഇതായിരുന്നു ആധുനിക മനുഷ്യരുമായി ഇവർ നടത്തിയ ഏക സൗഹൃദപ്രകടനം. ആൻഡമാൻ സർക്കാർ വൈകാതെ ഈ ദ്വീപുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചു. ദ്വീപിനു അഞ്ചു കിലോമീറ്റർ അടുത്ത് പോലും ആരും പ്രവേശിക്കരുത് എന്ന നിരോധനം നിലവിൽ വന്നു. എന്നിട്ടും രഹസ്യമായി ഇവിടെ എത്താൻ നോക്കിയ ഒരു ക്രിസ്ത്യൻ മിഷനറി, 2018ൽ, നിവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഈ ദ്വീപുകളേ കുറിച്ച് അവസാനമായി വന്ന വാർത്ത.

എന്ത് കൊണ്ടാണ് ഇങ്ങോട്ടുള്ള പ്രവേശനം നിരോധിക്കേണ്ടി വന്നത്? പ്രാക്തനമായി തുടരുന്ന ഒരു വംശത്തെ, മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. ഇവരുടെ ആക്രമണസ്വഭാവം മാത്രം കണക്കിലെടുത്തുമല്ല. ഒരു നൂറ്റാണ്ട് മുൻപ്, ബ്രിട്ടീഷ് നാവികർ സാഹസികമായി ഇവിടെ നിന്ന് 6 പേരെ പിടിച്ചു കൊണ്ടു പോയി പോർട്ട് ബ്ലെയറിൽ എത്തിച്ചിരുന്നു. ഇവരുമായി ചങ്ങാത്തം സ്ഥാപിച്ച് ദ്വീപ് നിവാസികളുമായി അടുക്കുവാൻ ആയിരുന്നു ഈ ശ്രമം. വയസ്സു ചെന്ന ഒരു പുരുഷനും, ഒരു സ്ത്രീയും, നാലു കുഞ്ഞുങ്ങളെയുമാണ് ഇവർ പുറത്തെത്തിച്ചത്‌. പക്ഷെ മുതിർന്നവർ രണ്ടും പെട്ടെന്ന് തന്നെ മരണപ്പെട്ടു, കുഞ്ഞുങ്ങളെയും രോഗങ്ങൾ ബാധിച്ചതോടെ, പെട്ടെന്നു തന്നെ അവരെ ദ്വീപിൽ തിരികെയെത്തിച്ചു. ധാരാളം സമ്മാനങ്ങളുമായാണ് അവരെ തിരിച്ചു കൊണ്ടാക്കിയതെങ്കിലും, തുടർന്നും, പുറം ലോകത്തിന്റെ ഏത് തരം ഇടപെടലുകളും നിവാസികൾ പ്രാകൃതമായി തന്നെ എതിർത്തു. മറ്റു ചില ഗോത്രങ്ങൾക്ക് സംഭവിച്ചത് പോലെ, ബാഹ്യലോകത്തു നിന്നുള്ള രോഗങ്ങൾ ഈ വംശത്തെ തന്നെ ഉന്മൂലനം ചെയ്യുമോ എന്ന ഭയത്താലാണ് ഇത് നിരോധിത മേഖലയായ് പ്രഖ്യാപിക്കപ്പെട്ടത്.

വിർജിൻ പോപ്പുലേഷൻ (virgin population) എന്നത് സാംക്രമികരോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ പ്രസക്തമായ ഒരു ആശയമാണ്. മുൻപ് ഒരു രോഗാണുവുമായി സമ്പർക്കം വരാത്ത ജനത. സ്വാഭാവിക പ്രതിരോധശേഷി ആർജ്ജിച്ചിട്ടിയില്ലാത്ത മനുഷ്യരുടെ പറ്റം. നൂറ്റാണ്ടുകൾക്ക് മുൻപ് ആദ്യമായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, അമേരിക്കയിലേക്ക് കുടിയേറിയവർ തങ്ങളോടൊപ്പം കൊണ്ടു വന്ന രോഗാണുക്കളാണ്, അവിടുത്തെ തനത് വംശജരെ തുടച്ചു നീക്കിയതെന്നാണ് അനുമാനം. ഒന്നിന് പിറകെ ഒന്നായി, വസൂരി മുതൽ അഞ്ചാം പനി വരെ, നല്ലൊരു ശതമാനം റെഡ് ഇന്ത്യൻ വംശജരെ കൂട്ടത്തോടെ ഇല്ലാതാക്കി. കന്നിമണ്ണിൽ പടരുന്ന പകർച്ചവ്യാധികൾ (virgin soil epidemics) എന്നാണ് ഇവയെ വിളിക്കുന്നത്.

ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവരൊക്കെ, ചുറ്റുമുള്ള രോഗാണുക്കളുമായി നിരന്തര സംസർഗ്ഗത്തിലുള്ളവരായിരുന്നു. അത് കൊണ്ട്തന്നെ, ഏറിയതും കുറഞ്ഞതും, ഒളിഞ്ഞതും തെളിഞ്ഞതുമായ സ്വാഭാവിക അണുബാധയിലൂടെ, തങ്ങളുടെ ജീവിതകാലയളവിൽ എപ്പോഴെങ്കിലും അവർ പ്രതിരോധം ആർജിച്ചിരിക്കും.
ഒറ്റപ്പെട്ട സമൂഹങ്ങളിൽ ഈ സ്വാഭാവികമായി ആർജ്ജിച്ചെടുത്ത പ്രതിരോധം ഉണ്ടാവുകയില്ല.

ഇന്ന് പലപ്പോഴും ലാഘവത്തോടെ മാത്രം നാം കാണുന്ന അഞ്ചാംപനി, പത്തൊന്പതാം നൂറ്റാണ്ടിൽ, ഫിജി ദ്വീപുകളിൽ മൂന്നിലൊന്നു മനുഷ്യരെ മൂന്നു മാസം കൊണ്ടാണ് ഉന്മൂലനം ചെയ്തത്. ഇതേ കാലഘട്ടത്തിൽ ഇതെ രോഗം മൂലം, ഹവായിയൻ ദ്വീപിലും, അവിടുത്തെ രാജവംശമടക്കം, ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേർ മണ്മറഞ്ഞു പോയിരുന്നു. ഇതെല്ലാം വിർജിൻ സോയിൽ എപിഡെമിക്കുകൾ പോലെ തന്നെയായിരുന്നു.

കാലം മാറി. മിക്ക രാജ്യങ്ങളിലെയും ശുചിത്വവും, ജീവിതനിലവാരവും നന്നേ പുരോഗമിച്ചു. പകർച്ചവ്യാധികൾ ഗണ്യമായി കുറഞ്ഞത് മൂലം മരണനിരക്ക് താഴ്ന്നു. രോഗാവസ്ഥയിലൂടെ കടന്ന് പോവാതെ തന്നെ, ആർജ്ജിത പ്രതിരോധം നേടാൻ പ്രതിരോധകുത്തിവെപ്പുകൾ സഹായിച്ചു. പ്രതിരോധകുത്തിവെപ്പുകളുടെയും ആന്റിബയോടിക്കുകളുടെയും സഹായത്തോടെ, മനുഷ്യരെ കൊന്നൊടുക്കിയിരുന്ന പല സൂക്ഷ്മാണുക്കളെയും ഒരു പരിധി വരെ അകറ്റിനിർത്തുവാൻ നമ്മുക്ക് സാധിക്കുന്നു.

എന്നാൽ ഈ ആധുനിക കാലഘട്ടത്തിലും, നമ്മുടെ ഇടയിൽ തന്നെ 'വിർജിൻ പോപ്പുലേഷനു'കൾ രൂപം കൊള്ളുന്നുണ്ടെന്നത് വളരെ നിര്ഭാഗ്യകരമാണ്. പ്രതിരോധ കുത്തിവെപ്പുകളോട് വിമുഖത കാണിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോൾ , 'വിർജിൻ' ജനതകൾ ഉടലെടുക്കുന്നു.

ലളിതമായ ഒരുദാഹരണമെടുക്കാം. വസൂരി നമ്മൾ നിർമ്മാർജ്ജനം ചെയ്തുവല്ലോ. ആ രോഗാണുവിന്റെ സാന്നിധ്യം ഇന്ന് നമ്മുടെ സമൂഹത്തിൽ ഇല്ലാത്തത് കൊണ്ട്തന്നെ, നാൽപതോളം വര്ഷങ്ങളായി നമ്മൾ വസൂരിയുടെ വാക്സിനുകൾ ലോകത്തെവിടെയും നൽകുന്നില്ല. ആവശ്യമില്ല എന്നത്‌ കൊണ്ടാണത്. ലോകത്തെവിടെയെങ്കിലും വസൂരിയുടെ വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നു സാങ്കല്പികമായി ചിന്തിക്കുക. പണ്ടെടുത്ത, വസൂരിക്കുത്തിവെപ്പിന്റെ, ഇരുണ്ട് കുഴിഞ്ഞ വട്ടക്കല ഇടത് കയ്യിൽ ഇല്ലാത്തവരൊക്കെ വസൂരിയെ സംബന്ധിച്ച് വിർജിൻ പോപ്പുലേഷനായി മാറും! നാൽപത് വയസ്സിൽ താഴെയുള്ള, ഈ ഭൂഖണ്ഡത്തിലെ അൻപതു ശതമാനത്തിലധികം വരുന്ന മനുഷ്യരെക്കുറിച്ചാണ് ഈ പറഞ്ഞത്. കൃത്യമായി നേരിട്ടില്ലെങ്കിൽ, വസൂരിയ്ക്കെതിരെ തീർത്തും നിരായുധരായ യുവജനത,പൂർണ്ണമായും തുടച്ചുനീക്കപ്പെടാൻ അത് തന്നെ മതിയായേക്കാം.

പറഞ്ഞു വന്നത് മറ്റൊന്നുമല്ല. ഇന്നും പൂർണ്ണമായി നമ്മൾ നിര്‍മാര്‍ജ്ജനം ചെയ്യാത്ത, വസൂരിയല്ലാത്ത മാരകമായ രോഗാണുകൾ ലോകത്തിന്റെ പല കോണുകളിലുമുണ്ട്. ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് എത്തിപ്പെടാൻ അവയ്ക്ക് ഇക്കാലത്ത് ഏതാനും മണിക്കൂറികൾ മാത്രം മതി. അഞ്ചാംപനിയ്ക്കും ഡിഫ്‌തീരിയയക്കും,പോളിയോയ്ക്കുമെതിരിയൊക്കെ നമ്മൾ പ്രതിരോധകുത്തിവെപ്പുകൾ കൊണ്ട് കെട്ടിയ വൻമതിലുകൾ തകർത്തെറിയാൻ, വാക്സിനേഷനെതിരെ മുഖം തിരിക്കുന്നവരാൽ നമ്മുടെ ഇടയിൽ തന്നെ രൂപപ്പെടുന്ന 'വിർജിൻ പോപ്പ്ലേഷനുകൾ' കാരണമാവും.

താൻ കണ്ടിട്ടുള്ള മനുഷ്യരിൽ ഏറ്റവും കരുത്തുറ്റവർ സെന്റീനിലീസ് ദ്വീപുകളിലുള്ളവരാണെന്നാണ് മധുമിത പറഞ്ഞത്. കേവലം കൈകളുടെ വശം കൊണ്ട് ഒരു കരിക്ക് രണ്ടായി പിളർക്കാൻ മാത്രം കരുത്തുള്ളവർ. പക്ഷെ, വിഷം പുരട്ടിയ അമ്പുകളും, ലോഹത്തിൽ മുക്കിയ കുന്തങ്ങളും കൈവശം ഉള്ളപ്പോഴും അവർ നിരായുധരാണ്, നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഉഗ്രശത്രുക്കളുടെ മുൻപിൽ അവർ നിസ്സഹായരാണ്..

ആധുനിക മനുഷ്യർ, ഈ ദ്വീപ് നിവാസികളെ പൊതിഞ്ഞു കെട്ടി സംരക്ഷിക്കുമ്പോഴും, തങ്ങളുടെ ഇടയിലും,കുത്തിവെപ്പുകളൊന്നുമെടുക്കാത്ത, നിരായുധരുടെ കൊച്ചു കൊച്ചു മനുഷ്യദ്വീപുകൾ ഉണ്ടാകുന്നുണ്ടെന്നു കൂടി ഓർക്കണം. ആ ദുർബല ദ്വീപുകൾ വലുതാവും തോറും, കൂട്ടായ പ്രതിരോധം (herd immunity) നമ്മുടെ രക്ഷയ്ക്കെത്തുകയില്ല എന്നും മനസ്സിലുണ്ടാവണം. മാരകരോഗങ്ങൾക്കെതിരെ തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത രക്ഷാകവചത്തിൽ നിന്നും, സ്വയം തെന്നി മാറാൻ നോക്കുന പരിഷ്‌കൃതമനുഷ്യരാണ്, ഈ ദ്വീപിലെ പ്രാകൃതനിവാസികളെക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത്...

(ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജനാണ് ലേഖിക)

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top