02 March Tuesday
ഫെബ്രുവരി 8: ലോക അപസ്മാര ദിനം

അപസ്മാരം ഭേദമാക്കാവുന്ന അസുഖമാണ്!!

ഡോ.ശ്യാം സുന്ദര്‍ എസ്Updated: Saturday Feb 6, 2021

ഡോ.ശ്യാം സുന്ദ൪  എസ്

ഡോ.ശ്യാം സുന്ദ൪ എസ്

പസ്മാരത്തോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗവും ഒരു പക്ഷെ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് തന്നെ തെറ്റായ ചികിത്സയും അപസ്മാരത്തെ സംബന്ധിച്ച് വ്യാപകമാണ്. തലച്ചോറിലെ നാഡീ വ്യൂഹത്തിനകത്ത് സംഭവിക്കുന്ന തകരാറുകളാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. ഈ തകരാറുകള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ പെരുമാറ്റം, ചില സംവേദനങ്ങള്‍, ബോധം നഷ്ടപ്പെടല്‍, വിറയല്‍ മുതലായവയിലേക്ക് നയിക്കപ്പെടുന്നതാണ് പ്രത്യക്ഷ ലക്ഷണമായി കണക്കാക്കുന്നത്. സ്ത്രീ-പുരുഷ ഭേദമേതുമില്ലാതെ, ഏത് പ്രായപരിധിയിലുള്ളവരേയും ഏത് വംശീയപരമായ പശ്ചാത്തലത്തിലുള്ളവരെയും (ഭൂഖണ്ഡം, നിറം, മതം മുതലായവയെല്ലാം ഉള്‍പ്പെടെ) അപസ്മാരം ബാധിക്കാം. ലോകമെമ്പാടും അന്‍പത് ദശലക്ഷം പേര്‍ അപസ്മാര ബാധിതരാണെന്നാണ് കണക്കുകള്‍. ആയിരം പേരിൽ നാലു മുതൽ പത്തു വരെ ആളുകൾക്ക് അപസ്മാരമുണ്ടെന്നു   പഠനങ്ങള്‍ തെളിയിക്കുന്നു.

ലക്ഷണങ്ങള്‍

വിവിധങ്ങളായ ലക്ഷണങ്ങളാണ് അപസ്മാരത്തിന്റേതായി കാണപ്പെടുന്നത്. താല്‍ക്കാലികമായ ആശയക്കുഴപ്പം, പെട്ടെന്നുള്ള തുറിച്ച് നോട്ടം, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ബോധം നഷ്ടപ്പെടല്‍, ഭയം, ഉത്കണ്ഠ പോലുള്ള മാനസിക രോഗലക്ഷണങ്ങള്‍ മുതലായവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാക്കപ്പെടുന്നു. എപ്പഴെങ്കിലും ഒരിക്കല്‍ ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാര ബാധിതനാകണമെന്നില്ല. കാരണമില്ലാതെ രണ്ട് തവണയെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കിലാണ് പ്രധാനമായും അപസ്മാര നിര്‍ണ്ണയത്തിലേക്ക് കടക്കാറുള്ളത്. തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കല്‍ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവര്‍ത്തനത്തെയും അപസ്മാരം സ്വാധീനിക്കും. പ്രഭവ കേന്ദ്രം ഒന്നായതിനാല്‍ രോഗലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഒരേ പോലെയുള്ളവയായിരിക്കുന്നതും സ്വാഭാവികമാണ്.

ഡോക്ടറെ കാണേണ്ടതെപ്പോള്‍

അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് കൈകാലുകളുടെ അനിയന്ത്രിത ചലനവും മറ്റും അഞ്ച് മിനിറ്റില്‍ കൂടുതലായി നീണ്ടുനിന്നാലോ, ലക്ഷണങ്ങള്‍ അവസാനിച്ചിട്ടും ശ്വാസമോ ബോധമോ തിരിച്ച് വരാതെ നിന്നാലും, ഒരു തവണ വന്ന ശേഷം ഉടനടി തന്നെ വീണ്ടും ഇത് ആവര്‍ത്തിച്ചാലും, അപസ്മാരത്തിന്റെ ഭാഗമായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും എത്രയും പെട്ടെന്ന് അപസ്മാര ചികിത്സയില്‍ വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ന്യൂറോളജിസ്റ്റിനെ സന്ദര്‍ശിക്കണം.
 
അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും, അജ്ഞതയും, കെട്ടുകഥകളുമൊക്കെയാണ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആധുനിക വൈദ്യശാസ്ത്രത്തില്‍ അപസ്മാരം എന്ന രോഗാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന നിരവധി ചികിത്സാ രീതികള്‍ ലഭ്യമാണ്. എന്നാല്‍ ഈ അറിവുകള്‍ പലര്‍ക്കും അറിയില്ല. വിദ്യാസമ്പന്നരായവര്‍ പോലും അശാസ്ത്രീയമായ ചികിത്സാ രീതികള്‍ക്ക് പിന്നാലെയും അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെയും പോകുന്ന കാഴ്ച വേദനാജനകമാണ്.

ചികിത്സ

ഭൂരിഭാഗം അപസ്മാര രോഗികളെയും മരുന്നിലൂടെതന്നെ ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. രോഗിയെ വിശദമായി പരിശോധിക്കുകയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ കൃത്യമായി വിലയിരുത്തുകയും ചെയ്ത ശേഷം, അസുഖത്തിന്റെ വകഭേദം, രോഗിയുടെ ഭാരം, രോഗിക്കുള്ള മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നുകള്‍ തീരുമാനിക്കുന്നത്. ചില അപസ്മാര രോഗികള്‍ക്ക് ജീവിത കാലം മുഴുവന്‍ മരുന്ന് ഉപയോഗിക്കേണ്ടതായി വരും, മറ്റ് ചിലരിലാകട്ടെ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം മരുന്നുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാവുന്നതുമാണ്. കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ചില രോഗാവസ്ഥകള്‍ കാലാന്തരത്തില്‍ ക്രമേണ മറികടക്കാന്‍ സാധിക്കുന്നവയാണ്. മറ്റ് ചിലരിലാകട്ടെ ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വര്‍ദ്ധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് വരും. ഇത്തരക്കാരില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഇതര മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാണ്.

ശസ്ത്രക്രിയ

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാകാത്തവര്‍ക്കാണ് ഇതര ചികിത്സാ രീതികള്‍ പ്രധാനമായും ആവശ്യമായി വരുന്നത്. ആ അവസ്ഥയിലുള്ളവരും അവരുടെ ബന്ധുക്കളുമൊക്കെ രോഗിയുടെ ഭാവി ജീവിതത്തെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെക്കുറിച്ചും സ്വാഭാവികമായും ഉത്കണ്ടാകുലരായിരിക്കും. സാമൂഹിക ജീവിതത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്‍ക്കുവാനുള്ള പ്രവണത ഇവരില്‍ പൊതുവെ കാണപ്പെടുന്നതാണ് അതുകൊണ്ട് തന്നെ മികച്ച നിലവാരമുള്ള ജീവിത രീതിയും ഇവര്‍ക്ക് അന്യായി തീരുന്നു.
 
ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികളിലൂടെ ഇത്തരത്തിലുള്ള അപസ്മാര രോഗബാധിതരെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാന്‍ സാധിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി അസ്വാഭാവികമായ വൈദ്യുത വികിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാന്‍ സാധിക്കും. ഈ പ്രഭവ കേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്താല്‍ അനായാസേന അപസ്മാര രോഗത്തിന്റെ ഭീഷണിയെ ഫലപ്രദമായി അതിജീവിക്കാന്‍ സാധിക്കും. വീഡിയോ ഇ ഇ ജി റെക്കോര്‍ഡിംഗുകള്‍, എപ്പിലെപ്‌സി പ്രോട്ടോക്കോള്‍ എം ആര്‍ ഐ, പെറ്റ് സ്‌കാന്‍, സ്റ്റീരിയോ ഇ ഇ ജി മുതലായവ ഉപയോഗിച്ചാണ് പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുന്നത്.
 
ചില സന്ദര്‍ഭങ്ങളില്‍ പ്രഭവ കേന്ദ്രം തലച്ചോറിനകത്തെ ചില മുഴകളോ മറ്റോ ആയിരിക്കും. ഇവയെ കൃത്യമായി തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നത് വഴി ഇരട്ട നേട്ടങ്ങളാണ് ലഭ്യമാകുന്നത്. ട്യൂമര്‍ ഫലപ്രദമായി നീക്കം ചെയ്യാമെന്നതും, ഏത് വിഭാഗത്തില്‍ പെട്ട മുഴകളാണെന്ന് തിരിച്ചറിഞ്ഞ് തുടർ ചികിത്സ ആവശ്യമാണെങ്കില്‍ നേരത്തെ തന്നെ ആരംഭിക്കാമെന്നതുമാണ് ഇവ.
 
ചില സന്ദര്‍ഭങ്ങളില്‍ അപസ്മാരത്തിന്റെ പ്രഭവ ഭാഗം തിരിച്ചറിയാന്‍ സാധിക്കും എന്നാല്‍ കൃത്യമായ ഒരു കേന്ദ്രത്തെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത്തരംസന്ദര്‍ഭങ്ങളില്‍ തലച്ചോറിന്റെ ഇതരഭാഗങ്ങളുമായി ഈ മേഖലയ്ക്കുള്ള ബന്ധം വിച്ഛേദിക്കുന്നതിലൂടെ അസുഖത്തെ അതിജീവിക്കുവാന്‍ സാധിക്കുന്നു.
 
ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളില്‍ വലിയ ഒരു വിഭാഗത്തിനും ഇതിലൂടെ പൂര്‍ണ്ണമായുള്ള ശമനം ലഭ്യമാകുന്നു. ഇതിലൂടെ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും സാധിക്കുന്നു. കുറച്ച് പേരില്‍ അസുഖത്തിന്റെ തീവ്രതയും തുടര്‍ച്ചയായ ആവര്‍ത്തനങ്ങളും ഇല്ലാതാക്കാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും ശസ്ത്രക്രിയ സഹായകരമാകുന്നു. ഇതിലൂടെ മേല്‍ പറഞ്ഞ രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും ജീവിത നിലവാരം കൂടുതല്‍ ഉയര്‍ത്തുവാന്‍ സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്ത ചിലരില്‍ വേഗല്‍ നര്‍വ് സ്റ്റിമുലേഷന്‍ പോലുള്ള ഉപാധികളും വിജയകരമായി മാറാറുണ്ട്.
 
അപസ്മാരം ചികിത്സയില്ലാത്ത രോഗമാണെന്നും, പൂര്‍വ്വ ജന്മത്തിലെ പാപമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളെ അകറ്റി ഫലപ്രദമായ ചികിത്സയുള്ള ഏതൊരസുഖവും പോലുള്ള ഒന്ന് മാത്രമാണ്  ഇതെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതാണ് ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ രോഗനിര്‍ണ്ണയം കൃത്യമായ സമയത്ത് നടത്തി, ഉചിതമായ ചികിത്സാ രീതി സ്വീകരിച്ചാല്‍ അപസ്മാരത്തെ ഏവര്‍ക്കും മറികടക്കാവുന്നതേ ഉളളൂ.

(കോഴിക്കോട് മേയ്‌ത്ര ഹോസ്പിറ്റലിലെ സെന്റ൪ ഫോ൪ ന്യൂറോ സയ൯സസില്‍ ന്യൂറോ സ൪ജറി ഹെഡ് ആന്റ് സീനിയ൪ കണ്സല്‍ട്ടന്റ് ആണ് ലേഖകന്‍) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top