16 January Saturday

ഓർമകൾ മായുമ്പോൾ

ഡോ. സുഷാന്ത് എംUpdated: Thursday Sep 17, 2020


ഓർമകൾ ക്രമേണ നശിച്ചുപോകുന്ന രോഗാവസ്ഥയെയാണ് dementia അഥവാ സ്മൃതിനാശം (മറവി രോഗം) എന്നുപറയുന്നത്. ലോകത്തിലാകമാനം 44 ദശലക്ഷം പേർക്ക് ഡിമൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത്‌ നാല്‌ ദശലക്ഷത്തിനടുത്തു വരും.

തലച്ചോറിൽ നമ്മുടെ ഓർമകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെമ്പറൽ ലോബ്‌ (temporal lobe )എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചുപോകുമ്പോഴാണ് ഡിമൻഷ്യ ഉണ്ടാകുന്നത്‌.  പ്രായാധിക്യംമൂലം കോശങ്ങൾ നശിച്ചുപോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലച്ചോറിന്‌ ഏൽക്കുന്ന ക്ഷതം, സ്‌ട്രോക്ക് ബി 12, തയാമിൻ  തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകളൊക്കെ ഡിമൻഷ്യയുടെ കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായാധിക്യംമൂലം ഓർമകോശങ്ങൾ നശിച്ചുപോകുന്ന അൽഷിമേഴ്‌സ്‌ രോഗമാണ്.


 

പ്രായം കൂടുന്നതനുസരിച്ച്‌ അൽഷിമേഴ്‌സ്‌ വരാനുള്ള സാധ്യത കൂടുന്നു. 65 നുമേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 നുമേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും  അൽഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവിരോഗം ഉണ്ടെങ്കിലോ, അതിരക്താതി സമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം തുടങ്ങിയവയൊക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

65 നുമേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചുനേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാനാവും. എന്നാൽ,  രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല. ആദ്യം സാധനങ്ങൾ എവിടെ വച്ചു എന്നത്, അകന്ന പരിചയത്തിലുള്ളവരുടെ പേരുകളൊക്കെ ആയിരിക്കും മറന്നുപോകുന്നത്. അതുപോലെ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷംവരെ നീണ്ടുനിൽക്കും.

രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബങ്ങളുടെ പേരുവരെ മറന്നുപോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ഇവർക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തിലേക്ക്‌ ഒതുങ്ങും. ദൈനംദിന കാര്യങ്ങളിൽവരെ പരസഹായം വേണ്ടിവരുന്നു. കൂടെയുള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാകുകയും ചെയ്യും. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പംതന്നെ ദിശാബോധം നഷ്ടമാകുകയും ചെയ്യുന്നു. അവർക്ക്‌ പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടു നേരിടുകയും പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞുനടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയും. ഈയൊരു രണ്ടാംഘട്ടം എട്ടുമുതൽ പത്തുവർഷംവരെ നീണ്ടുനിൽക്കുന്നു.

മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്‌തിത്വംവരെ മറന്നുപോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽതന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താൽപ്പര്യം കുറയുകയും പോഷണക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിന്‌ കാരണമാകുകയും ചെയ്യും.


 

രോഗനിർണയം
പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒന്നല്ല അൽഷിമേഴ്സ്‌ രോഗം. എന്നാൽ, വളരെ നേരത്തേ തന്നെ രോഗനിർണയം നടത്തിയാൽ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള രക്തപരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കിൽ എംആർഐ സ്‌കാനും  ചെയ്യേണ്ടതായി വരും.  

രോഗമാണെന്ന് ഉറപ്പുവരുത്തിയാൽ ഓർമശക്തി കൂട്ടുന്നതിനുവേണ്ടിയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം.  കൃത്യമായ ശരീരവ്യായാമവും പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്.  മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള വിനോദങ്ങളും ചെസ്‌ തുടങ്ങിയ ബൗദ്ധിക വ്യായാമത്തിനുള്ള കളികളും ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. 

ദിനചര്യക്കായി ഡയറി, അല്ലെങ്കിൽ ചെറു കുറിപ്പുകൾ, മൊബൈൽ റിമൈന്റേഴ്‌സ്‌ എന്നിവയൊക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ കൈയെത്തുന്ന സ്ഥലത്തുതന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവർക്ക്‌ രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെക്കുറിച്ചും  വ്യക്തമായ ധാരണ  ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവർ അടിക്കടി മാറുന്നതും താമസിക്കുന്ന സ്ഥലം അടിക്കടി മാറ്റുന്നതും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും ചികിത്സ നൽകേണ്ടതുമാണ്.

സാധാരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ യുവാക്കളിലും  മറവിരോഗം കാണുന്നുണ്ട്‌. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക, കൃത്യമായ വ്യായാമം, സമൂഹവുമായി ഇടകലർന്നു ജീവിക്കുക, അർഥവത്തായ സംവാദങ്ങളിൽ ഏർപ്പെടുക എന്നിവ ഓർമശക്തി വർധിപ്പിക്കാൻ സഹായകമാകുന്നു.

(തിരുവനന്തപുരം എസ്‌യുടി ഹോസ്‌പിറ്റലിലെ ന്യൂറോളജി കൺസൾട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top