30 November Wednesday

തൈറോയ്ഡ് ഗ്രന്ഥിയും പ്രശ്നങ്ങളും

ഡോ. നീബ ഷിബുUpdated: Sunday Aug 21, 2022


 neebavellur@gmail.com

തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്ന് സർവസാധാരണമാണ്. രക്തത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കഴുത്തിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ്. തലച്ചോർ, ഹൃദയം, പേശികൾ, മറ്റ് അവയവങ്ങൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജനിയന്ത്രണത്തിനും അത്യന്താപേക്ഷിതമാണ് തൈറോയ്ഡ് ഹോർമോണുകൾ. ഇന്ന് 10 ആളുകളെ എടുത്താൽ അതിൽ ഒരാൾ തൈറോയ്ഡ് രോഗമുള്ളവർ ആയിരിക്കും.

തൈറോയ്ഡ് രോഗത്തിന്റെ കാരണം
ഒന്നാമത്തേത് നമ്മുടെ ശരീരത്തിലുള്ള ഓട്ടോ ഇമ്യൂൺ റിയാക്‌ഷനാണ്. റിയാക്‌ഷൻ എന്ന് പറയുമ്പോൾ, നമ്മുടെ ശരീരത്തിൽത്തന്നെ രോഗത്തിനെതിരെ പൊരുതാൻ ആന്റിബോഡികൾ ഉണ്ട്. എന്നാൽ, ചില സന്ദർഭങ്ങളിൽ ഈ ആന്റിബോഡികൾ നമ്മുടെ ശരീരത്തിലെ അവയവങ്ങൾക്കെതിരെ തിരിയും. അതുപോലെ തൈറോയ്ഡ് ഗ്രന്ഥികൾക്കെതിരെ ആന്റിബോഡീസ് ഉണ്ടാകുകയും അത് തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യും. ഇതിനെയാണ് AUTO IMMUNE THYROIDITIS എന്ന് പറയുന്നത്. ഇതാണ് ഇന്ന് കൂടുതലായും കണ്ടുവരുന്നത്. ഇങ്ങനെയുണ്ടാകുമ്പോൾ ക്രമേണ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തും. ഈ സമയത്ത് രക്തപരിശോധന നടത്തുമ്പോൾ തൈറോയ്ഡ് സ്റ്റിമുലേറ്റിങ്‌ ഹോർമോൺ( TSH) മിക്ക രോഗികളിലും നൂറിന്‌ മുകളിലുള്ള ഒരു ലെവൽവരെ കാണാൻ സാധിക്കും.

രണ്ടാമത്തെ കാരണം സ്ട്രെസാണ്. ഇത്‌ രണ്ടുതരത്തിലുണ്ട്. ഒന്ന് മാനസികസമ്മർദം. മറ്റൊന്ന്‌ ശാരീരികസമ്മർദം. ശാരീരികസമ്മർദം, കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന കീടനാശിനികൊണ്ടും അന്തരീക്ഷ മലിനീകരണങ്ങൾകൊണ്ടും പിന്നെ ഗർഭാവസ്ഥയിലുമൊക്കെ വരാം. മാനസികസമ്മർദത്തിന്‌ നിരവധി കാരണങ്ങൾ ഉണ്ട്‌. ഇത്തരം അവസ്ഥയിൽ നമ്മുടെ ശരീരത്തിൽനിന്ന്‌ അഡ്രിനാലിൽ ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കും. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. മൂന്നാമത്തേത്‌ നമ്മുടെ ആഹാരത്തിൽ അയഡിന്റെ കുറവ് ഉണ്ടാകുന്നു എന്നതുകൊണ്ടാണ്.

പ്രധാനപ്പെട്ട പ്രശ്നങ്ങൾ
ഹൈപ്പർ തൈറോയ്ഡ്, --ഹൈപ്പോ തൈറോയ്ഡ് എന്നിങ്ങനെ രണ്ടുവിധം തൈറോയ്ഡ് പ്രശ്നമുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്സിൻ ഉൽപ്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പർ തൈറോയ്ഡ്. പേശികളുടെ ബലഹീനത, ക്ഷോഭം, മുടികൊഴിച്ചിൽ, കിതപ്പ്, അമിതവിയർപ്പ്, ദാഹം, ഉറക്കമില്ലായ്മ, ചൂട് സഹിക്കാൻ പറ്റാതിരിക്കുക, തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂടുക, ക്ഷീണം, മാനസികാവസ്ഥ മാറിമാറി വരിക ഇതൊക്കെയാണ് ഹൈപ്പർ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ.

മുടികൊഴിച്ചിൽ, ക്ഷീണം, മലബന്ധം, വരണ്ട ചർമം, തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂടുക, അമിതവണ്ണം, മാസമുറ കൃത്യമായി വരാതിരിക്കുക, കൊളസ്ട്രോളിന്റെ അളവ് കൂടുക, പ്രായപൂർത്തിയാകുന്നത് വൈകുക, തണുപ്പ് അനുഭവപ്പെടുക, പേശികളിൽ വേദന അല്ലെങ്കിൽ പിടിത്തം, ലൈംഗിക അപര്യാപ്തത ഇതൊക്കെയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ. ഹോർമോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാകും. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ കാൽസ്യം മെറ്റബോളിസം പ്രതികൂലമായി ബാധിക്കും. തൈറോയ്ഡ് ഉള്ളവരിൽ എല്ലുകളിലെ കാൽസ്യം തിരിച്ച് രക്തത്തിൽ ഇറങ്ങാൻ തുടങ്ങും. ഇത് എല്ലുകളുടെ ബലം നശിപ്പിച്ച്‌ ഓസ്റ്റ്യോ പോറോസിസ് അഥവാ എല്ലുതേയ്മാനം ഉണ്ടാക്കും.

കുഞ്ഞുങ്ങളെയും തൈറോയ്ഡ് ബാധിക്കാം. ഉടൻ ചികിത്സ നൽകിയില്ലെങ്കിൽ അതിഗൗരവമായ രീതിയിലുള്ള ന്യൂറോളജിക്കൽ തകരാറുകൾ ഉണ്ടാകും. ഗർഭാവസ്ഥയിലും തൈറോയ്ഡ് രോഗം ബാധിക്കാറുണ്ട്. ലോകത്തെ മുഴുവൻ കണക്കെടുത്താൽ രണ്ട് മുതൽ മൂന്ന് ശതമാനംവരെ ഗർഭിണികളിൽ തൈറോയ്ഡ് രോഗം ബാധിക്കുന്നു. ചികിത്സ അപര്യാപ്തമെങ്കിൽ ഗർഭം അലസൽ, ഹൈപ്പർടെൻഷൻ, മറുപ്പിള്ള തടസ്സപ്പെടുത്തൽ, ഭ്രൂണത്തിന്റെ വളർച്ച മുരടിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. ഗർഭാവസ്ഥയിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞിന്റെ തലച്ചോർ വികാസത്തെ ഹൈപ്പോ തൈറോയിഡിസം കാര്യമായി ബാധിക്കും.

ഗർഭം ധരിക്കുന്നതിനു മുമ്പുള്ള ഹൈപ്പോ തൈറോയിഡിസം ശ്രദ്ധിക്കണം. തൈറോയ്ഡ് രോഗമുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ആകില്ലെന്ന് തികച്ചും തെറ്റായ ധാരണയാണ്. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണെങ്കിൽ സുരക്ഷിതമായ രീതിയിൽ ഗർഭധാരണം ഉറപ്പാക്കാം. ആരോഗ്യകരമായ ഭക്ഷണത്തിനു പുറമേ തൈറോയ്ഡ് ഹോർമോൺ അളവ് സാധാരണ നിലയിലാക്കാൻ മരുന്നുകൾ ആവശ്യമാണ്. ആയുർവേദ ചികിത്സയിലൂടെ തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയും. വാത, പിത്ത, കഫ ദോഷങ്ങളുടെ അവസ്ഥ നോക്കിയാണ് തൈറോയ്ഡ് പ്രശ്നങ്ങളെ സുഖപ്പെടുത്തുന്നത്. പഞ്ചകർമ ചികിത്സയും ചെയ്യാറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top