05 June Monday

ക്വാണ്ടിഫൈഡ് സെൽഫ്: ആരോഗ്യത്തിന്റെ അളവുകൾ

ഡോ.മിഥുൻ സിദ്ധാർത്ഥൻ, അദ്വൈത്പ്രഭാകർUpdated: Wednesday Feb 22, 2023

ബയോഹാക്കിങ്ങിലെ ചില രീതികൾ ഇന്ന് വളരെ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധതരം സെൻസറുകൾ ഉപയോഗിച്ച് ശാരീരിക പ്രവർത്തനങ്ങളുടെയും ദൈനംദിന പെരുമാറ്റങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അതിൽനിന്നും ലഭിക്കുന്ന ഉൾക്കാഴ്ചകൾ ആരോഗ്യസംരക്ഷണത്തിനും വ്യക്തിപരമായ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഇന്ന്‌ വളരെ സാധാരണമാണ്.

ബയോഹാക്കേഴ്സ് (Biohackers) നെറ്റ്‌ഫ്ലിക്സിൽ വന്ന ഒരു ജർമൻ സയൻസ് ഫിക്ഷൻ സീരീസാണ്. സിന്തറ്റിക് ബയോളജിയിലെ നൈതികപ്രശ്നങ്ങളെ മിയ ഏക്കർലണ്ട് എന്ന മെഡിക്കൽ വിദ്യാർഥിനിയുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്ന ഒരു ടെക്നോത്രില്ലർ ആണ് ബയോഹാക്കേഴ്സ്.  ഹാക്കിങ് സബ്കൾച്ചറിനകത്താണ് ബയോഹാക്കിങ് എന്ന പേര് രൂപംകൊള്ളുന്നത്. 

ശരീരത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റത്തിന്റെ രീതികളും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണ വിധേയമാക്കുകയും അതിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യുക എന്നതാണ് ബയോഹാക്കിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. 

മുഖ്യധാരാ ഗവേഷണസ്ഥാപനങ്ങൾക്കുപുറത്ത് അമേച്വറുകളും സിറ്റിസൺ സയന്റിസ്റ്റുകളും പ്രൊഫഷണലുകളുമടക്കമുള്ള ആളുകൾ ജീവശാസ്ത്ര ‐ ജനിതക പരീക്ഷണങ്ങൾ നടത്തുകയും, ആ വിവരങ്ങൾ കൈമാറുകയും ചർച്ചചെയ്യുകയും ചെയ്യുന്നDIY ബയോളജി (do it yourself biology) കമ്യൂണിറ്റികൾ 2008 നുശേഷം പലയിടങ്ങളിലും നിലവിൽവന്നു.

സാങ്കേതിക വിദ്യ വികസിക്കുകയും അതിന്റെ ചെലവ് ഗണ്യമായി കുറയുകയും അത്‌ താരതമ്യേന ലളിതമായി കൈകാര്യം ചെയ്യാവുന്ന രൂപത്തിലേക്ക് മാറുകയും ചെയ്തതാണ് ഉകഥബയോളജിയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയത്.

ബയോഹാക്കിങ്ങിനെ DIY ബയോളജിയുടെ ഒരു ഭാഗമായി മനസ്സിലാക്കാവുന്നതാണ്.  ബോഡിഹാക്കിങ് പരീക്ഷണങ്ങൾ നടത്തുന്ന ഒലി എന്ന ഒരു കഥാപാത്രം ഈ സീരീസിലുണ്ട്.  ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദാർഥങ്ങൾ ചേർത്ത ബുള്ളറ്റ് പ്രൂഫ്കോഫി കുടിക്കുകയും ശരീരത്തിൽ ഘടിപ്പിച്ച NPC  മൈക്രോ ചിപ്പ് ഉപയോഗിച്ച് കടകളിൽ പണമടക്കുകയും ചെയ്യുന്ന ആളാണ് ഒലി. 

ബയോഹാക്കിങ് സബ്കൾച്ചറിനകത്ത്‌ സാധാരണയായി സംഭവിക്കുന്ന ഇത്തരത്തിലുള്ള പല സമീപനങ്ങളെയും ഈ സീരീസ് പരിചയപ്പെടുത്തുന്നുണ്ട്.

ബയോഹാക്കിങ്ങിലെ ചില രീതികൾ ഇന്ന് വളരെ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധതരം സെൻസറുകൾ ഉപയോഗിച്ച് ശാരീരിക പ്രവർത്തനങ്ങളുടെയും ദൈനംദിന പെരുമാറ്റങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അതിൽനിന്നും ലഭിക്കുന്ന ഉൾക്കാഴ്ചകൾ ആരോഗ്യസംരക്ഷണത്തിനും വ്യക്തിപരമായ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഇന്ന്‌ വളരെ സാധാരണമാണ്.

അതായത് സ്വന്തം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ടെക്നോളജിയുടെ സഹായത്തോടെ വിശകലനം ചെയ്ത് അതിൽ നാം ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ടുപോവുക.

ഇതിനെ സെൽഫ് ട്രാക്കിങ് (self tracking) എന്നാണ് വിളിക്കുന്നത്.  ആപ്പിൾ വാച്ചും ഫിറ്റ്ബിറ്റും മറ്റനേകം ഫിറ്റ്നസ്ബാൻഡുകളും അവയുമായി ബന്ധപ്പെട്ട നിരവധി മൊബൈൽ ആപ്ലിക്കേഷനുകളും ഒക്കെ ചേർന്ന ഒരു സാങ്കേതികവിദ്യാ ഇക്കോസിസ്റ്റമാണ് സെൽഫ് ട്രാക്കിങ് സാധ്യമാക്കുന്നത്. 

ആരോഗ്യസംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു സമകാലിക പ്രവണത എന്ന നിലയ്ക്ക് സെൽഫ് ട്രാക്കിങ്ങിനെ പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.  ഈ മേഖലയിൽ ഇന്ന്‌ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങൾ പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ലേഖനത്തിലെ വിവരങ്ങൾ രോഗചികിത്സയുമായി ബന്ധപ്പെട്ട പ്രായോഗികാവശ്യങ്ങൾക്ക് ഒരു സാഹചര്യത്തിലും ഉപയോഗിക്കാൻ പാടില്ല.

സെൽഫ് ട്രാക്കിങ്

സെൽഫ് ട്രാക്കിങ്ങിന് പല രീതികളുണ്ട്. ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ വഴിയുള്ള ട്രാക്കിങ്ങാണ് അതിലൊന്ന്. ഫിറ്റ്ബിറ്റ്, ആപ്പിൾ വാച്ച്, മറ്റു ഫിറ്റ്നസ്ബാൻഡുകൾ, ഔറ റിങ് തുടങ്ങിയവ ഇത്തരത്തിൽപ്പെട്ടതാണ്.  ഇവയിൽ ബയോമെട്രിക് സെൻസറുകൾ ഉണ്ടാകും. 

ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഹൃദയമിടിപ്പ്, സ്റ്റെപ്പുകളുടെ എണ്ണം, കലോറി എന്നിവയും ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും ചെലവഴിച്ച സമയം എന്നിവയുമെല്ലാം രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങളാണിവ. 

ആപ്പിൾ വാച്ചിലെ ഇസിജി ആപ്ലിക്കേഷന് ഹൃദയം താളംതെറ്റിമിടിക്കുന്ന ആട്രിയൽ ഫിബ്രില്ലേഷൻ എന്ന അവസ്ഥ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് 2018ൽ എഫ്ഡിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്.  ആട്രിയൽ ഫിബ്രില്ലേഷൻ തിരിച്ചറിയുന്നതിൽ ആപ്പിൾ വാച്ചും (ആപ്പിൾ ഹാർട്ട് സ്റ്റഡി) ഫിറ്റ്ബിറ്റും (ഫിറ്റ്ബിറ്റ് ഹാർട്ട്സ്റ്റഡി) ഉപകാരപ്പെടുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്.

 മറ്റൊരു തരത്തിൽപ്പെട്ട ട്രാക്കറിന് ഉദാഹരണമാണ് അൾട്രാഹ്യൂമൻ സൈബോർഗ്.  കൈമുട്ടിനുമുകളിലായി തൊലിക്കടിയിലേക്ക് പ്രവേശിപ്പിക്കാവുന്ന ചെറിയ സൂചിയുടെ രൂപത്തിലുള്ള മെറ്റബോളി ക് സെൻസർ സംവിധാനവും അതിന്റെ വിവരവിശകലന ആപ്ലിക്കേഷനും ചേർന്ന സെൽഫ്ട്രാക്കിങ് സിസ്റ്റമാണ് അൾട്രാഹ്യൂമൻ സൈബോർഗ്. 

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാഹ്യൂമൻ എന്ന ഇന്ത്യൻ സ്റ്റാർട്ട്അപ്പാണ് ഇത് നിർമിക്കുന്നത്.  ഈ സെൻസർ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് തത്സമയം നിരീക്ഷിച്ചുകൊണ്ടിരിക്കും.  ഓരോതരം ഭക്ഷണം കഴിക്കുമ്പോഴും പലതരം വ്യായാമങ്ങൾ ചെയ്യുമ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയും.  അതനുസരിച്ച് വേണമെങ്കിൽ ഭക്ഷണരീതിയിലും വ്യായാമത്തിലും ജീവിതശൈലിയിലുമൊക്കെ മാറ്റം വരുത്താൻ കഴിയും.

 മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ട്രാക്കിങ് ആണ് വേറൊരു രീതി.  ക്ലൂ, നാച്വറൽ സൈക്കിൾസ് തുടങ്ങിയവ ആർത്തവചക്രം ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷനുകളാണ്.  ഓവുലേഷൻ നടക്കാൻ സാധ്യതയുള്ള ദിവസം, ഗർഭധാരണത്തിന് സാധ്യത കൂടിയതും കുറഞ്ഞതുമായ ദിവസങ്ങൾ എന്നിവയൊക്കെ കണക്കുകൂട്ടി കണ്ടെത്താൻ ഈ ആപ്പുകൾ ഉപയോഗിക്കാം.  മേൽപ്പറഞ്ഞവയിൽ കൂടുതൽ കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ പറ്റുന്ന ഉപകരണങ്ങളും ഉണ്ട്.

അത്ലറ്റുകൾക്കും സ്പോർട്സ് താരങ്ങൾക്കും ഇടയിൽ വലിയ സ്വീകാര്യതയുള്ള ഒരു ട്രാക്കിങ് ഉപകരണമാണ് വൂപ് (Whoop).  കാർഡിയോവാസ്കുലാർ സ്ട്രെയിൻ, റിക്കവറി എന്നിങ്ങനെ കായികപ്രാധാന്യമുള്ള കാര്യങ്ങൾകൂടി വൂപ് ട്രാക്ക് ചെയ്യും.  ശരീരത്തിലെ ജലത്തിന്റെ അളവ്, ആൽക്കഹോൾ, ലാക്ടേറ്റ് (വ്യായാമം മൂലം പേശികളിലുണ്ടാവുന്ന മാറ്റങ്ങൾ അറിയാൻ) തുടങ്ങി കൂടുതൽ ബയോമാർക്കറുകൾ അളക്കാൻ കഴിയുന്ന സെൻസറുകൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്.

2021 ലെ കണക്ക് അനുസരിച്ച് നാലിൽ ഒരു അമേരിക്കക്കാരൻ സ്മാർട്‌ വാച്ചോ ഫിറ്റ്നസ് ട്രാക്കറോ ഉപയോഗിക്കുന്നുണ്ട്.  2020ൽ ഇത്തരം ഇരുപതുകോടിയോളം ഉപകരണങ്ങൾ വിറ്റതായാണ് കണക്ക്.  2026ൽ അത് 40 കോടിയാകുമെന്ന് കരുതപ്പെടുന്നു.  8000 തരത്തിൽപ്പെട്ട വ്യത്യസ്ത ശാരീരിക പെരുമാറ്റ സവിശേഷതകൾ അളക്കാൻ കഴിയുന്ന 1200 ഓളം വ്യത്യസ്ത സെൻസറുകൾ നിലവിൽ ലഭ്യമാണ്.

ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യതയിൽ വ്യാപകമായ വ്യത്യാസങ്ങൾ കാണാം. മിക്ക ഉപകരണങ്ങൾക്കും വേണ്ടത്ര കൃത്യത ഇല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പഠനങ്ങൾ അനുസരിച്ച് സ്റ്റെപ്പ്കൗണ്ട് ഏറ്റവും കൃത്യമായി കണക്കുകൂട്ടിയത് ഫിറ്റ്ബിറ്റ് ആണ്. ഹൃദയമിടിപ്പ് ഏറ്റവും കൃത്യമായി കണക്കാക്കിയത് ആപ്പിൾ വാച്ചാണ്.  കലോറി കണക്കുകൾക്ക് മിക്കവാറും എല്ലാ ഉപകരണങ്ങളിലും കൃത്യത വളരെ കുറഞ്ഞിരിക്കുന്നതായാണ് കണ്ടത്.

ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിലായി മൊത്തത്തിൽ നാല് ലക്ഷത്തിലധികം വെൽനെസ് ആപ്ലിക്കേഷനുകൾ ഉണ്ട്. ഓരോ ദിവസവും 250 എണ്ണം പുതുതായി ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട്. ഒരു ദിവസം ഈ ആപ്ലിക്കേഷനുകൾക്ക് 50 ലക്ഷം ഡൗൺലോഡുകൾ നടക്കുന്നുണ്ട്. 

(മേൽസൂചിപ്പിച്ച കണക്കുകളെല്ലാം ദ ഇക്ണോമിസ്റ്റ് വാരികയുടെ 2022 മെയ് 7‐13 ലക്കത്തിലെ ടെക്നോളജി ക്വാർട്ടേർലിയിൽനിന്നും എടുത്തിട്ടുള്ളതാണ്).

സെൽഫ്ട്രാക്കിങ് വ്യവസായം വരുമാനം ഉണ്ടാക്കാൻ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട്.  ഉപകരണങ്ങളുടെ വിൽപ്പനമാത്രം വരുമാനസ്രോതസ്സായി ഉപയോഗിക്കുന്നവർ ഉണ്ട്.  ഫിറ്റ്ബിറ്റ് പോലെ ഫ്രീമിയം മാതൃക (freemium model) സ്വീകരിക്കുന്ന കമ്പനികൾ ഉണ്ട്. ട്രാക്ക് ചെയ്യുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ആഴത്തിലുള്ള വിശകലനത്തിനും നിർദേശങ്ങൾക്കും പണം അടയ്ക്കേണ്ടിവരുന്ന രീതിയാണ് ഇത്. 

സബ്സ്ക്രിപ്ഷൻ  മാതൃകയാണ് വൂപ് സ്വീകരിച്ചിരിക്കുന്നത്. ഉപകരണം പണം കൊടുത്ത്‌ വാങ്ങുന്നതിനുപകരം ഓരോ മാസവും സേവനത്തിന്‌ പണം നൽകുന്ന രീതിയാണിത്. പണം നൽകിയില്ലെങ്കിൽ ഉപകരണത്തിന്റെ ട്രാക്കിങ് നിലയ്ക്കും. ഒരു വ്യക്തിയുടെ വിവരങ്ങൾക്കുമേൽ അയാൾക്ക് പൂർണമായ അധികാരം ഇല്ലാത്ത അവസ്ഥയാണ് സബ്സ്ക്രിപ്ഷൻ മാതൃക വഴി സംഭവിക്കുന്നത്.

ക്വാണ്ടിഫൈഡ് സെൽഫ്

ക്വാണ്ടിഫൈഡ് സെൽഫ് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് വയേർഡ് മാഗസിൻ എഡിറ്റർമാരായ കെവിൻ കെല്ലിയും ഗാരിവോൾഫും

ഗാരി- വോൾഫ്‌

ഗാരി- വോൾഫ്‌

ചേർന്നാണ്. സെൽഫ് ട്രാക്കിങ് വഴി 'സ്വയം അറിയുക' (self knowledge)എന്നതാണ് ഇതിന്റെ ഒരു പ്രധാന കാഴ്ചപ്പാട്. സെൽഫ് ട്രാക്കിങ്, വിവരങ്ങൾ (data) ഉൽപ്പാദിപ്പിക്കും.

ശാരീരികാവസ്ഥകളെയും പെരുമാറ്റങ്ങളെയുംകുറിച്ചുള്ള ഈ വിവരങ്ങൾ സംഖ്യകളായാണ് സാധാരണ രേഖപ്പെടുത്തുക. അതായത് ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ച് പരിമാണാധിഷ്ഠിതമായ  (quantitative)  ഒരു ചിത്രം ലഭിക്കും.  സംഖ്യകളിലൂടെ സ്വയമറിയുക (self knowledge through numbers) എന്നത് ക്വാണ്ടിഫൈഡ് സെൽഫിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് എന്നുപറയാം.

സെൽഫ് ട്രാക്കിങ്‌ ഉപകരണങ്ങൾ വിവരങ്ങൾ ശേഖരിക്കും. അവയിൽ ഘടിപ്പിച്ച ബയോമെട്രിക് സെൻസറുകൾ വഴിയാണ് ഇത്‌ സാധിക്കുന്നത്.  ചില സെൽഫ് ട്രാക്കിങ് ആപ്ലിക്കേഷനുകളിൽ ആവശ്യമായ വിവരങ്ങൾ നമ്മൾ സ്വയം രേഖപ്പെടുത്തേണ്ടി വരും. ഈ വിവരങ്ങൾ വിശകലനം ചെയ്ത് ഉപകാരപ്രദമായ അറിവുകളും നിർദേശങ്ങളുമാക്കി മാറ്റുന്നത് മേൽപ്പറഞ്ഞ ആപ്ലിക്കേഷനുകൾ വഴി നടക്കുന്ന വിവരവിശകലന പ്രക്രിയയാണ്. 

ബയോമെട്രിക് ട്രാക്കറുകളുടെ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായതും മൊബൈൽ ടെക്നോളജി കൂടുതൽ വ്യാപകമായതും വിവരവിശകലനത്തിന് മെഷീൻലേണിങ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞതും ക്വാണ്ടിഫൈഡ് സെൽഫ് എന്ന ആശയം പ്രയോഗത്തിൽ വരുത്താൻ സഹായകമായി.

  ഗവേഷണപ്രബന്ധങ്ങളുടെ ഡാറ്റാബേസായ സെമാന്റിക് സ്കോളർ പരിശോധിച്ചാൽ സെൽഫ്ട്രാക്കിങ്ങുമായി ബന്ധപ്പെട്ട 5420 പ്രബന്ധങ്ങളും ക്വാണ്ടിഫൈഡ് സെൽഫുമായി ബന്ധപ്പെട്ട 3830 പ്രബന്ധങ്ങളും കാണാം.  (14‐1‐23  ലെ കണക്ക് അനുസരിച്ച്) ഇതിൽ മുഖ്യപങ്കും കഴിഞ്ഞ പത്തുവർഷം പ്രസിദ്ധീകരിച്ച പഠനങ്ങളാണ്.

ആരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങൾ മാത്രമല്ല ഇവ. ഗൗരവമായ അന്വേഷണങ്ങൾ നടക്കുന്ന ഒരു മേഖലയായി ഇതിനെ കണക്കാക്കുന്നതിൽ തെറ്റില്ല. മറ്റൊരുകാര്യം ഈ ആശയവുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ മിക്കതും അക്കാദമിക മേഖലയുടെ പുറത്താണ് നടക്കുന്നത് എന്നാണ്.

അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങളുടെയും അതിൽ നിന്നുലഭിക്കുന്ന അറിവുകളുടെയും ജ്ഞാനശാസ്ത്രപരമായ ആധികാരികത എന്താണ് എന്നതും നിലവിലുള്ള ശാസ്ത്രീയ ജ്ഞാനത്തിന്റെ രീതി ശാസ്ത്രത്തിലേക്ക് ഈ അറിവുകളെ എങ്ങനെ മാറ്റിയെടുക്കും എന്നതും ഒരു പ്രശ്നമാണ്.

ക്വാണ്ടിഫൈഡ് സെൽഫുമായി ബന്ധപ്പെട്ട മറ്റൊരാശയമാണ് വ്യക്തിഗതശാസ്ത്രം അഥവാ പേഴ്സണൽ സയൻസ്. വ്യക്തിപരമായ പ്രശ്നങ്ങൾക്ക് എംപിരിക്കൽ രീതിയിൽ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന രീതിയാണിത്.

കെവിൻ കെല്ലി

കെവിൻ കെല്ലി

സാധാരണ ഗതിയിൽ ഒരു കൂട്ടം ആളുകളിൽ പഠനങ്ങൾ നടത്തുകയും അതുവഴി ലഭിക്കുന്ന വിവരങ്ങൾ അനുയോജ്യമായ സ്റ്റാറ്റിസ്റ്റിക്കൽ രീതികളിലൂടെ വിശകലനം ചെയ്ത് ലഭിക്കുന്ന അറിവിനെ ഒരു പ്രത്യേകരോഗിയുടെ സവിശേഷ സന്ദർഭത്തിലേക്ക് ഉപയോഗിച്ചുകൊണ്ടാണ് ചികിത്സാസംബന്ധമായ മിക്ക തീരുമാനങ്ങളും എടുക്കുന്നത്. തെളിവധിഷ്ഠിത വൈദ്യശാസ്ത്രത്തിന്റെ  (evidence based medicine) പ്രധാനരീതിയും ഇതാണ്.

ഈ രീതിയിലാണ് ചികിത്സാ പ്രോട്ടോകോളുകളും മാർഗനിർദേശങ്ങളും തയ്യാറാക്കുന്നത്. എന്നാൽ ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രത്യേകതകൾ ഇത്തരമൊരു സമീപനത്തിൽ കണക്കിലെടുക്കാൻ കഴിയില്ല. മിക്ക സന്ദർഭങ്ങളിലും അതുകൊണ്ട് വലിയ പ്രശ്നങ്ങളും ഉണ്ടാകാറില്ല.എന്നാൽ ചില പ്രത്യേക ജനിതകവ്യതിയാനങ്ങൾ ഉള്ള ക്യാൻസറുകൾ ചില മരുന്നുകളോട് നന്നായി പ്രതികരിക്കുന്നതായി കാണാറുണ്ട്.  അത്തരം ജനിതക വ്യതിയാനങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ പ്രസ്തുത മരുന്നുകൾ ഉപയോഗശൂന്യവുമായിരിക്കും.

  ഇത്തരം സന്ദർഭങ്ങളിൽ വേണ്ട പരിശോധനകൾ നടത്തി, ഉചിതമായ മരുന്നുകൾ ഉപയോഗിക്കുന്ന രീതി ഇപ്പോൾ തന്നെ നിലവിലുണ്ട്.  പേഴ്സണലൈസ്ഡ് മെഡിസിൻ, പ്രിസിഷൻ മെഡിസിൻ എന്നീ പേരുകൾ ഈ രീതിയെ സൂചിപ്പിക്കാനുപയോഗിക്കുന്നുണ്ട്.

ഒരു കൂട്ടം ആളുകളിൽ പഠനം നടത്തി ചികിത്സാ തീരുമാനങ്ങളിലെത്തുന്നതിനുപകരം ചികിത്സ ആവശ്യമുള്ള വ്യക്തിയിൽനിന്നും വിവരം ശേഖരിച്ച് പഠനം നടത്തുന്ന രീതിയാണ് പേഴ്സണൽ സയൻസ് മുന്നോട്ടുവയ്ക്കുന്നത്. ഒറ്റയാളിൽ നടത്തുന്ന പഠനം എന്ന നിലയ്ക്ക്  എൻ ഓഫ് വൺ (N of 1)  പഠനങ്ങൾ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

  ഒരു രോഗിക്ക് ഏറ്റവും ഉചിതമായ മരുന്ന് ഏറ്റവും ഉചിതമായ അളവിൽ നൽകാൻ ഇതുകൊണ്ടുസാധിക്കും എന്നാണ് പ്രതീക്ഷ. ഇത്തരം പഠനങ്ങൾ നടത്താനുള്ള ഗവേഷണചട്ടക്കൂട് പതുക്കെ ഉരുത്തിരിഞ്ഞു വരുന്നുണ്ട്.

പൊതുജനാരോഗ്യതലം

സെൽഫ് ട്രാക്കിങ്ങിലൂടെ ലഭിക്കുന്ന ഡാറ്റ നിലവിൽ ലഭ്യമായ ക്ലിനിക്കൽ ഡാറ്റാബേസുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്.  എന്നാൽ ഒരേ രോഗമുള്ള ആളുകൾ സെൽഫ് ട്രാക്കിങ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഒരു പക്ഷേ ഇത്തരത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കും.  മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്ലിനിക്കൽ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നവണ്ണം നിലവാരവും കൃത്യതയുമുള്ള ഉപകരണങ്ങൾ ഉണ്ടായിരിക്കണം എന്നതാണ്.

ദീർഘകാലരോഗങ്ങളുടെ കാര്യത്തിൽ രോഗത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ച് ഏറ്റവും നേരത്തെ ഉചിതമായ മാറ്റങ്ങൾകൊണ്ടുവരാൻ സെൽഫ് ട്രാക്കിങ് രീതികൾക്ക് തത്വത്തിൽ കഴിയും. ഇത് വ്യാപകമായി പ്രായോഗികമാവണമെങ്കിൽ ട്രാക്കിങ് ഉപകരണത്തിന്റെ തലത്തിലും ഡാറ്റാവിശകലനത്തിന്റെ തലത്തിലും ഇനിയും മുന്നേറേണ്ടതുണ്ട്. 

ഈയാവശ്യത്തിന് മെഷീൻലേണിങ് അൽഗോരിതത്തെ ട്രെയിൻ ചെയ്യാൻ വേണ്ട ഡാറ്റാസെറ്റ് ഉണ്ടാക്കി എടുക്കുക എന്നത് ഇതിലെ ഏറ്റവും അടിസ്ഥാനപരമായ നടപടിയാണ്.

എന്നിരുന്നാലും നിലവിലെ സെൽഫ്ട്രാക്കിങ് രീതികൾ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമാവുന്ന ചില ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്.ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട സെൽഫ് ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾ അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ശരീരമിളകിയുള്ള പ്രവൃത്തികൾ കൂടുതലായി ചെയ്യുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ഇത്തരം ആളുകൾ ഒരു ദിവസം ശരാശരി 800 മീറ്റർ ദൂരം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി നടക്കുന്നു എന്നും ആഴ്ചയിൽ ശരാശരി 49 മിനിറ്റിൽ അധികം വ്യായാമത്തിലേർപ്പെടുന്നു എന്നുമാണ് പഠനത്തിൽ മനസ്സിലായത്. 

2022ൽ നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഫിറ്റ്ബിറ്റ് ഉപയോഗിച്ച 6042 ആളുകളുടെ ട്രാക്കിങ് വിവരങ്ങളും രോഗാവസ്ഥകളും തമ്മിൽ താരതമ്യം ചെയ്തു.  ദിവസം 8200 സ്റ്റെപ്പുകളിൽ കൂടുതൽ നടക്കുന്നവർക്ക് അമിതവണ്ണം, സ്ലീപ് അപ്നിയ, ഗാസ്ട്രോ ഈസോഫാജിയൽ റിഫ്ളക്സ് രോഗം, വിഷാദരോഗം, പ്രമേഹം, രക്താതിമർദം എന്നിവ കുറവാണ് എന്നുകണ്ടെത്തി. 

ഒരു ദിവസം ആയിരം സ്റ്റെപ്പുകൾ അധികം നടക്കുന്നത് മരണനിരക്ക് 6% മുതൽ 36% വരെ കുറയാൻ ഇടയാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  യാതൊരു ശാരീരികവ്യായാമവുമില്ലാത്ത ആളുകളിൽ ഈയൊരു ചെറിയ പെരുമാറ്റ വ്യത്യാസം വലിയ ഗുണങ്ങൾ ഉണ്ടാക്കുമെന്നും കണ്ടു.

പ്രമേഹബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനത്തിൽ നിന്നുള്ള വിവരങ്ങൾ ഉടനടി ലഭ്യാക്കിക്കൊണ്ടിരിക്കാൻ തയ്യാറാക്കിയ ക്ലൗഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പൺസോഴ്സ് പ്രോജക്ടാണ് നൈറ്റ്സ്കൗട്ട്. 

പ്രമേഹബാധിതരായ മറ്റു രോഗികൾക്കുകൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഇത് പിന്നീട് കൂടുതൽ വികസിപ്പിക്കപ്പെട്ടു.  ടൈപ്പ് 1 പ്രമേഹം ബാധിച്ച ഡാനാലെവിസ് എന്ന രോഗി അവരുടെ കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിലെ വിവരങ്ങൾ മൊബൈൽ ഫോണിലേക്ക് അയക്കാവുന്ന രൂപത്തിലേക്ക് മാറ്റി. ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഫോൺ വഴി ഇൻസുലിൻ പമ്പിനെ നിയന്ത്രിക്കാവുന്ന രീതിയിൽ ഈ സംവിധാനങ്ങളുടെ കോഡ് മാറ്റി എഴുതി.

ഗ്ലൂക്കോസിന്റെ അളവ് കൂട്ടിയാൽ ഇൻസുലിൻ താനെ പമ്പ് ചെയ്യപ്പെടും.  അതായത് ഒരു കൃത്രിമ പാൻക്രിയാസ് സിസ്റ്റമായി ഇത്‌ പ്രവർത്തിക്കും.  ഇതിനെ ഓപ്പൺ ആർടിഫിഷ്യൽ പാൻക്രിയാസ് സിസ്റ്റം പ്രോജക്ട്‌ (open APS project)എന്ന രൂപത്തിൽ സമാന സാഹചര്യത്തിലുള്ള മറ്റു രോഗികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ പൊതുവായി പങ്കുവച്ചു.

നിലവിലുള്ള സാങ്കേതിക വിദ്യയിൽ സ്വയം മാറ്റങ്ങൾ വരുത്തി ചികിത്സയ്ക്ക്‌ ഉപയോഗിക്കുകയും ആ വിവരങ്ങൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ വേണ്ടി പങ്കുവയ്ക്കുകയുമാണ്  ഈ രണ്ടു സാഹചര്യത്തിലും നടന്നത്. 

സാധാരണഗതിയിൽ ഒരു ചികിത്സാരീതിയ്ക്ക്‌ ആവശ്യം വേണ്ടുന്ന ഗുണദോഷ നിലവാരപരിശോധനകളുടെ അടിസ്ഥാനത്തിലുള്ള ഔപചാരികമായ അംഗീകാരം (എഫ്ഡിഎ അംഗീകാരം പോലുള്ളവ) മേൽപ്പറഞ്ഞ ചികിത്സാസംവിധാനങ്ങൾക്ക് ലഭിച്ചിട്ടില്ല.  അതുകൊണ്ടുതന്നെ ഇതിന്റെ പ്രായോഗികവശങ്ങൾ ഗൗരവതരമായി പരിഗണിക്കേണ്ടതുണ്ട്.

  മുഖ്യധാര ഗവേഷണ സംവിധാനങ്ങൾക്ക്‌ പുറത്തുള്ള ഇത്തരം പ്രവർത്തനങ്ങളുടെ സുരക്ഷാപരിശോധനയും ഗുണനിലവാര പരിശോധനയും നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും ഭാവിയിൽ ആവശ്യമായി വരും.

പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ

സെൽഫ്ട്രാക്കിങ്ങിന്റെ ഭാഗമായി ധാരാളം ഡാറ്റ സൃഷ്ടിക്കപ്പെടും.വ്യക്തിയുടെ ആരോഗ്യവും ജീവിതശൈലിയും പെരുമാറ്റവുമടക്കമുള്ള കാര്യങ്ങളുടെ സൂക്ഷ്മമായ വിവരങ്ങൾ ശേഖരിക്കപ്പെടുകയും പങ്കുവെക്കപ്പെടുകയും ചെയ്യും. പ്രിസിഷൻ മെഡിസിൻ പ്രായോഗികമാക്കാനാവശ്യമായ ഡീപ്പ് ഫീനോടൈപ്പിങ് സാധ്യമാക്കാൻ ഈ വിവരങ്ങൾ തീർച്ചയായും ഉപകാരപ്പെടും.

എന്നാൽ ഈ വിവരങ്ങളുടെ സ്വകാര്യത (privacy) സംരക്ഷിക്കാനാവശ്യമായ സാങ്കേതികവിദ്യാപരവും നിയമപരവുമായ ചട്ടക്കൂട് ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  അതു സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അനോണിമസായി സൂക്ഷിക്കുന്ന ജനിതകവിവരങ്ങളിൽ നിന്നുപോലും അതിന്റെ ഉടമസ്ഥനായ വ്യക്തിയെ തിരിച്ചറിയാൻ സാധിക്കുമെന്ന് ലെതന്യാ സ്വീനിയുടെ പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ( RE-‐ Identification of Data in Trails- REIDIT Project)

അൽഗോരിത്മിക് ബയസിന്റെ സാധ്യതയാണ് മറ്റൊരു പ്രശ്നം. ട്രാക്കിങ് സാങ്കേതിക വിദ്യയുടെ നിലവിലുള്ള അവസ്ഥയാണ് പലപ്പോഴും എന്തൊക്കെത്തരത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നത് എന്ന്‌ തീരുമാനിക്കുന്നത്.  മറ്റൊന്ന് ഇപ്പോൾ ഇത്തരം ട്രാക്കിങ് ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകളുടെ സാമൂഹ്യവും സാമ്പത്തികവും വംശീയവും ഭൂമിശാസ്ത്രപരവും ലിംഗപരവുമായ സവിശേഷതകൾ ഈ വിവരശേഖരത്തെ സ്വാധീനിക്കും എന്ന കാര്യമാണ്.

ഇത്തരത്തിലുള്ള പരിമിതികൾ ഉള്ള ഡാറ്റാസെറ്റാണ് മെഷീൻലേണിങ്‌ അൽഗോരിതത്തെ ട്രെയിൻ ചെയ്യാൻ വേണ്ടി ലഭിക്കുക.  അതിന്റെ ഭാഗമായി സംഭവിക്കാവുന്ന അൽഗോരിത്മിക് ബയസുകൾ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ ഒരു തലവും ഉണ്ട്. 

യഥാർഥ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയും അതിന്റെ പ്രശ്നപരിഹാരങ്ങൾക്കുള്ള മാർഗങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതിനുപകരം ഈ സാങ്കേതിക വിദ്യയുടെ പരിധിക്കകത്തുപെടുന്നതും അതിനുള്ളിൽവച്ച് പരിഹരിക്കാൻ സാധിക്കുന്നതുമായ പ്രശ്നങ്ങൾക്കുവേണ്ടി കൂടുതൽ മൂലധനവും വിഭവങ്ങളും മാറ്റിവയ്ക്കപ്പെടാനുമുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

സെൽഫ്ട്രാക്കിങ്ങിന്റെ ഭാവി

സെൽഫ്ട്രാക്കിങ് അടിസ്ഥാനമാക്കിയുള്ള ക്വാണ്ടിഫൈഡ് സെൽഫ് എന്ന വിചാരമാതൃക വൈദ്യശാസ്ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും മേഖലയിൽ വരുംകാലങ്ങളിൽ  കൂടുതലായി സ്വാധീനം ചെലുത്താനാണ് സാധ്യത. സെൽഫ്ട്രാക്കിങ് വഴി ലഭിക്കുന്ന ഡാറ്റ മെഷീൻലേണിങ് ഉപയോഗിച്ച് അർഥവത്തും ഉപകാരപ്രദവുമായ വൈദ്യശാസ്ത്രജ്ഞാനമാക്കി മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

(ദേശാഭിമാനി വാരികയിൽ നിന്ന്)


    
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top