13 June Sunday

അമ്മയാകാനൊരുങ്ങുമ്പോള്‍

ഡോ. ഉഷ കെ പുതുമനUpdated: Thursday May 12, 2016

ഇന്ന് കേരളത്തില്‍ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വന്ധ്യത. സ്ത്രീ–പുരുഷ വന്ധ്യതയും വന്ധ്യത ചികിത്സാകേന്ദ്രങ്ങളും ഏറിക്കൊണ്ടിരിക്കുന്നു. കൃത്രിമ ഗര്‍ഭധാരണ സംവിധാനങ്ങള്‍ കൂടുന്നു. ഇന്നത്തെ വ്യായാമരഹിത ജീവിതശൈലിയും ഭക്ഷണരീതികളും കൌമാരക്കാരായ പെണ്‍കുട്ടികളില്‍ ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കുന്നു. ആണ്‍കുട്ടികളിലെ ചെറുപ്പത്തിലേയുള്ള മദ്യപാനം, പുകവലി, പാന്‍പരാഗ്, മയക്കുമരുന്നുകള്‍ തുടങ്ങിയവയുടെ ഉപയോഗം വന്ധ്യതയിലേക്കു നയിക്കുന്നു. ഇന്ത്യയില്‍ 18ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമായ  ഗര്‍ഭാശയരോഗങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

വിവാഹത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും ആയുര്‍വേദത്തില്‍ വിവരിക്കുന്ന അധ്യായത്തിന്റെ പേരുതന്നെ പുത്രകാമീയം (സത്സന്താനത്തെ ആഗ്രഹിക്കുക) എന്നാണ്. 21 വയസ്സായ പുരുഷന്‍ തന്റെ ഗോത്രത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ഗോത്രത്തില്‍നിന്ന് വധുവിനെ തെരഞ്ഞെടുക്കണമെന്ന് ഈ അധ്യായത്തില്‍ പറയുന്നു. രക്തബന്ധമുള്ളവരാകരുതെന്നു സാരം. നല്ല ആരോഗ്യവും നല്ല ശരീരപ്രകൃതിയുള്ളവളുമാകണം വധു.  സ്ത്രീ പുരുഷന്മാരുടെ പ്രായം കുറവാണെങ്കില്‍ ആയുസ്സും ബലവും ആരോഗ്യവും സാമര്‍ഥ്യവും കുറഞ്ഞതോ വൈകല്യങ്ങളോടുകൂടിയതോ ആയ സന്തതിയാകും ഉണ്ടാകുകയെന്നും പറയുന്നു.

ആഗോളതലത്തില്‍തന്നെ 40 ശതമാനം ഗര്‍ഭധാരണവും ആഗ്രഹിക്കാതെ, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടക്കുന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നല്ല പുത്രനെയോ പുത്രിയെയോ ആഗ്രഹിക്കുന്ന ദമ്പതികള്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തുകതന്നെ വേണം.

ഗര്‍ഭധാരണത്തിന് ഒരുമാസം മുമ്പെങ്കിലും ദമ്പതികള്‍ പഥ്യമായ ആഹാരവിഹാരങ്ങള്‍ ശീലിക്കേണ്ടതാണ്. പഞ്ചകര്‍മങ്ങളാല്‍ ആന്തരികശുദ്ധി വരുത്തിയശേഷം സൌമ്യവും മധുരരസപ്രധാനവുമായ ആഹാരം പുരുഷന്‍ കഴിക്കണം. പാല്, പാല്‍ക്കഞ്ഞി, നെയ്യ്, ബദാംപരിപ്പ്, കശുവണ്ടി, വെണ്ടയ്ക്ക, വെള്ളരിക്ക, നല്ല പഴുത്ത പഴങ്ങള്‍ ഇവ കഴിക്കണം. സ്ത്രീയാകട്ടെ കഫത്തെ വര്‍ധിപ്പിക്കുന്നതും ശരീരത്തെ തടിപ്പിക്കുന്നതുമായ എല്ലാ ആഹാരങ്ങളും ഉപേക്ഷിക്കണം. വ്യായാമം ഉണ്ടാകണം. ഉഴുന്ന്, മുതിര, എള്ള് തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം. അമുക്കുരചൂര്‍ണം ചേര്‍ത്ത പശുവിന്‍പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാം. കല്യാണകഘൃതം, മഹാകല്യാണകഘൃതം തുടങ്ങിയവ വളരെ ഫലം തരുന്നതാണ്. ആര്‍ത്തവത്തിന്റെ നാലാം ദിവസംമുതല്‍ 16–ാം ദിവസംവരെ ഉപയോഗിക്കാം. തിപ്പലി കഷായംവച്ച് 12 ദിവസംവരെ കുടിച്ചശേഷം നെയ്യ് ഉപയോഗിക്കാം.  ഒരുമാസം ലൈംഗികബന്ധത്തിലേര്‍പ്പെടാതെ  ഇത്തരം ആഹാരവിഹാരങ്ങള്‍ ശീലിച്ചശേഷംവേണം ഗര്‍ഭധാരണത്തിനുള്ള ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ എന്ന് ആയുര്‍വേദം പറയുന്നു.  'പ്രസന്നമായ മനസ്സാണ്' സത്സന്താനമുണ്ടാകാന്‍ പ്രധാനമായും വേണ്ടത്. 'സൌമനസ്യം ഗര്‍ഭധാരണാനാം' എന്ന് ചരകാചാര്യന്‍ പറയുന്നു.

ശരിയായ ഋതുകാലത്തില്‍ ശുദ്ധമായ ഗര്‍ഭാശയത്തില്‍ ആരോഗ്യമുള്ള ബീജവും അണ്ഡവും സംയോജിച്ചാല്‍ തീര്‍ച്ചയായും ഗര്‍ഭധാരണം ഉണ്ടാവും. ഗര്‍ഭധാരണത്തിന് യോജിച്ച കാലത്തെ ഋതുകാലം എന്നാണ് ആചാര്യന്മാര്‍ വിവക്ഷിക്കുന്നത്. ആര്‍ത്തവാരംഭംമുതലുള്ള 12 മുതല്‍ 16 ദിവസമാണ് ഋതുകാലം. ആര്‍ത്തവചക്രത്തിലെ പ്രോളിഫിറ്റേറ്റീവ് ഫേസും അണ്ഡോല്‍പ്പാദനവും കൂടിയുള്ള സമയമാണിതെന്നു കണക്കാക്കാം. അതിനുശേഷം യോനിക്ക് സങ്കോചമുണ്ടാവുന്നു. അണ്ഡോല്‍പ്പാദനത്തിനുശേഷമുള്ള സെക്രീറ്ററി ഫേസില്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്താല്‍ ഗര്‍ഭാശയമുഖം ചുരുങ്ങുന്നു. സ്രാവങ്ങള്‍ കുറയുന്നു.

യോനിയിലുണ്ടാകുന്ന രോഗങ്ങള്‍, മനഃസംഘര്‍ഷങ്ങള്‍, ആഹാരവിഹാരങ്ങളാല്‍ ദുഷിച്ച ആര്‍ത്തവവും ശുക്ളവും ഋതുകാലത്തല്ലാതുള്ള ലൈംഗികബന്ധം, ദമ്പതികളുടെ ശാരീരിക ശക്തിക്കുറവ് ഇവ ഗര്‍ഭാധാനം താമസിക്കാനുള്ള കാരണങ്ങളാണ്.

ഗര്‍ഭിണിയെ വളരെയേറെ ശ്രദ്ധയോടെ പരിചരിക്കണം. ഭര്‍ത്താവിന്റെയും  കുടുംബാംഗങ്ങളുടെയും സ്നേഹപരിലാളനകളുണ്ടാവണം. പ്രസവംവരെ അനുഷ്ഠിക്കേണ്ടതായ ആഹാര വിഹാരങ്ങളെല്ലാം ശീലിച്ചാല്‍ ഗര്‍ഭസ്രാവമോ പ്രസവവൈഷമ്യമോ ഉണ്ടാകുകയില്ല. ശരീരായാസകരമായ പ്രവൃത്തികള്‍, ലൈംഗികബന്ധം,ഉപവാസം, വളരെ കൂടുതല്‍ സമയം യാത്രചെയ്യുക, രാത്രിയില്‍ ഉറങ്ങാതിരിക്കുക, പകലുറങ്ങുക, മലമൂത്രാദികള്‍ യഥാസമയം വിസര്‍ജിക്കാതിരിക്കുക, കോപിക്കുക, സങ്കടപ്പെടുക മനസ്സിന് ക്ഷോഭമുണ്ടാകുന്ന കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക, കുന്തിച്ചിരിക്കുക, മാര്‍ദവമില്ലാത്ത ഇരിപ്പിടത്തിലിരിക്കുക, കൂടുതല്‍ സമയം മലര്‍ന്നുകിടക്കുക തുടങ്ങിയവ ഗര്‍ഭിണി അനുഷ്ഠിക്കാന്‍പാടില്ല.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ മാതൃശരീരത്തില്‍നിന്നാണ് ലഭിക്കുന്നത്. ഗര്‍ഭസ്ഥശിശു വളര്‍ച്ചപ്രാപിക്കുന്തോറും മാതൃശരീരത്തിലെ മൃദുവായ അംശങ്ങള്‍ കുറയുകയും ബലക്ഷയം ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് ബലവും സ്നിഗ്ദതയും തരുന്ന പാലും നെയ്യും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

ആദ്യ രണ്ടുമാസങ്ങളില്‍ ഗര്‍ഭത്തിന് അധികം വളര്‍ച്ചയുണ്ടാകുന്നില്ല. മൂന്നാം മാസത്തില്‍ എല്ലാ അവയവങ്ങളും രൂപംകൊള്ളുന്നു. പഞ്ചേന്ദ്രിയങ്ങളാല്‍ എല്ലാം അറിയാന്‍കഴിയുന്നു. സുഖവും ദുഃഖവും അമ്മയുടെ ശ്വാസോച്ഛ്വാസവും ഉറക്കവും ചലനങ്ങളും ഗര്‍ഭസ്ഥശിശു അറിയുന്നു എന്ന് സുശ്രുതാചാര്യന്‍ പറഞ്ഞിരിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയം ഒന്നായിരിക്കുന്നതിനാല്‍ അമ്മയുടെ മനോഭാവങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെ സ്വാധീനിക്കുകതന്നെ ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തിലും ആദ്യത്തെ 10 ആഴ്ചവരെയുള്ള കാലഘട്ടത്തിന് എംബ്രിയോജെനെസിസ്  എന്നു പറയുന്നു. ഈ കാലം അവസാനിക്കാറാകുമ്പോഴേക്ക് വിരലുകള്‍, കണ്ണുകള്‍, വായ, ചെവികള്‍ ഇവ കാണപ്പെടാന്‍ തുടങ്ങും.

മൂന്നാം മാസത്തില്‍ വൈദ്യനിര്‍ദേശപ്രകാരം പാല്‍മുതക്കിന്‍കിഴങ്ങ്, ക്ഷീരകാകോളി, ചെണ്ടഴുന്നീര്‍ കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ പാല്‍കഷായമാക്കി ഒരുനേരം. രാവിലെ ആഹാരത്തിനുമുമ്പ് കല്യാണകഘൃതം കഴിക്കാം. ഇങ്ങിനെ ഓരോ മാസവും പാല്‍കഷായമാക്കാന്‍ വ്യത്യസ്ത ഔഷധങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കല്യാണകഘൃതം തുടര്‍ന്നും സേവിക്കാം. ഏഴാം മാസത്തില്‍ കുട്ടിയുടെ എല്ലാ അംഗങ്ങളും എല്ലാഭാവങ്ങളും പൂര്‍ണമായി പ്രത്യക്ഷപ്പെടുന്നു. ഏഴാം മാസംമുതല്‍ രണ്ടുനേരവും ഗര്‍ഭരക്ഷാഗുളിക ജീരകവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. വൈദ്യനിര്‍ദേശം അനുസരിച്ചുള്ള തൈലം പുരട്ടി മൃദുവായി തടവി കുളിക്കാം.

എട്ടാം മാസത്തില്‍ കുറുന്തോട്ടിവേര് പാല്‍കഷായമാക്കി പഞ്ചസാര ചേര്‍ത്ത് നല്‍കാം. പാല്‍കഞ്ഞിയാക്കി പശുവിന്‍ നെയ്യ് ചേര്‍ത്തുകൊടുക്കാം. വെള്ളം നന്നായി കുടിക്കണം. ഔഷധങ്ങളിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ ഉപയോഗിച്ച് കുളിക്കണം. ഇതെല്ലാം പ്രസവംവരെ തുടരാം. വൈദ്യനിര്‍ദേശപ്രകാരം ഓരോരുത്തര്‍ക്കും അനുയോജ്യമായ തൈലം തേച്ച് ആഴ്ചയില്‍ നാലുദിവസമെങ്കിലും ചെറുചൂടുവെള്ളത്തില്‍ കുളിക്കണം.

മലബന്ധം, അര്‍ശസ്, അതിയായ കിതപ്പ്, ശ്വാസംമുട്ടല്‍, പ്രമേഹം ഇവയൊക്കെ ഗര്‍ഭകാല രോഗങ്ങളാണ്. ഇവയ്ക്കെല്ലാം വ്യക്തമായ ചികിത്സയും ആഹാരക്രമങ്ങളും ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗര്‍ഭകാല ഛര്‍ദിക്ക് അനേകം ഔഷധങ്ങളുണ്ട്. വയറിന് വിസ്താരമുണ്ടാകുന്നതിനാലുണ്ടാകുന്ന ചൊറിച്ചിലിന് വിവിധ ലേപനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭാരംഭംമുതല്‍ പ്രസവംവരെയും ലഘുവ്യായാമങ്ങള്‍ ചെയ്യണം. ആധുനിക വൈദ്യശാസ്ത്രത്തിലും എയ്റോബിക് വ്യായാമങ്ങള്‍ ചെയ്യണമെന്ന് പറയുന്നു. ഭ്രൂണത്തിന്റെ വലുപ്പത്താല്‍ വലുപ്പംകൂടിയ ഗര്‍ഭപാത്രം രക്തധമനികളുടെ പ്രവര്‍ത്തനത്തെ കുറച്ചേക്കാം എന്നതുകൊണ്ടാണ് കൂടുതല്‍ സമയം മലര്‍ന്നുകിടക്കരുതെന്നും ഇടതുവശം ചരിഞ്ഞുകിടക്കണമെന്നും പറയുന്നത്.
ദമ്പതികളുടെ ആഹാരാചാരങ്ങള്‍, പ്രവൃത്തികള്‍, മൈഥുന സമയത്തെ വിചാരവികാരങ്ങളെല്ലാം ഗര്‍ഭസ്ഥശിശുവിനെ തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്. പരസ്പര സ്നേഹവും ചുറ്റുപാടുകളും ശിശുവിനെ സ്വാധീനിക്കുമെന്ന് ഇന്ന് മനഃശാസ്ത്രജ്ഞര്‍ എല്ലാവരും സമ്മതിക്കുന്നു.

തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പ്രസവം എങ്ങിനെയാകാം. കുട്ടിയെ വളര്‍ത്തേണ്ടതെങ്ങിനെയാവും? ഇങ്ങിനെയുള്ള പല കാര്യങ്ങള്‍ ചിന്തിച്ച് ആശങ്കയും ഭീതിയുമുള്ള ഗര്‍ഭിണികള്‍ ധാരാളമാണ്.  ജീവിതാനുഭവങ്ങളേറെയുള്ള പ്രായമായ സ്ത്രീകളുടെ സാന്ത്വനമാണ് പ്രധാന പരിഹാരം.

സ്ത്രീരോഗവിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഫോളിക്കാസിഡും അയണും കാത്സ്യവുമെല്ലാം കഴിക്കുന്നതോടൊപ്പം ആയുര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഗര്‍ഭിണി ചര്യകളും അനുഷ്ഠിച്ചാല്‍ സുഖപ്രസവം നടക്കുമെന്നതിന് ഒരു സംശയവുമില്ല. ഗര്‍ഭകാലത്ത് പ്രമേഹം, രക്താതിമര്‍ദ്ദം പോലെ വിവിധ രോഗങ്ങളുള്ളവരാണ് അധികംപേരും. അവര്‍  ഡോക്ടര്‍മാരോട് ഇക്കാര്യം പറയുകയും അവരുടെ നിര്‍ദേശപ്രകാരംമാത്രമേ  മരുന്നുകളും ഭക്ഷണവും ഉപയോഗിക്കാവൂ.

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പലവിധ രോഗങ്ങളുള്ള തലമുറ ഉണ്ടാകാതിരിക്കാനുള്ള പ്രധാന പരിഹാരം ഗര്‍ഭാധാനത്തിനുമുമ്പ് ദമ്പതികളുടെ ആരോഗ്യവും ഗര്‍ഭധാനത്തിനുശേഷം സ്ത്രീയുടെ ആരോഗ്യവും വേണ്ടവിധം സംരക്ഷിക്കപ്പെടുക എന്നുള്ളതാണ്. എങ്കില്‍ മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുള്ള സന്താനങ്ങള്‍ ഉണ്ടാകുകതന്നെ ചെയ്യും.

(അയിരൂരില്‍ പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ലേഖിക)

drushakputhumana@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top