ആഹാരത്തെയും പാനീയത്തെയും കുറിച്ച് അത് ഉപയോഗിക്കുന്ന വ്യക്തിക്ക് സാത്മ്യവിജ്ഞാനം ഉണ്ടാകുക എന്നതാണു പ്രധാനമെന്ന് ചരകസംഹിതയില്‍ പറഞ്ഞിട്ടുണ്ട്. ജഠരാഗ്നിയിലേക്ക് (ആഹാര ദഹനപ്രക്രിയ) ഹോമിക്കപ്പെടുന്ന വസ്തുവാണ് ആഹാരം. പഥ്യമായ ആഹാരത്തെ വേണം ആന്തരാഗ്നിയിലേക്കു ഹോമിക്കാന്‍ (ഹോമാഗ്നിയിലേക്ക് അഹിത പദാര്‍ഥങ്ങള്‍ അര്പ്പിക്കരുതല്ലോ). അതു ശ്രേഷ്ഠമാകണം. അഗ്നി ആളിക്കത്തണം. അതു കെടുത്തരുത്. ജഠരാഗ്നിക്കുള്ള ഇന്ധനമാണ് ആഹാര- പാനീയങ്ങള്‍. ജഠരാഗ്നിയില്‍ അര്‍പ്പിക്കുന്ന ഈ ആഹാര പാനീയങ്ങളുടെ ഗുണത്തിലാണ് ശരീരബലം (വ്യാധിക്ഷമത്വം), ആരോഗ്യം, ആയുസ്സ്, ജീവന് എന്നിവ നിലനില്‍ക്കുന്നത്. അഥവാ ആഹാര-പാനീയങ്ങള്‍ ദഹിച്ച് ശരീരത്തിന് ഈ വക ഗുണങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നത് ജഠരാഗ്നിയായതിനാല്, ഇപ്പറഞ്ഞ ശരീരബലാദികളൊക്കെയും ജഠരാഗ്നിയില്‍ പ്രതിഷ്ഠിതമാണ്. ആ ജഠരാഗ്നിയെ മലിനീകരിക്കുന്നതും മന്ദീഭവിക്കുന്നതുമായ തരത്തിലുള്ള ആഹാര-പാനീയങ്ങള്‍ ആയതിനാല്‍ വ്യക്തി ഉപയോഗിച്ചുകൂടാ.
ഭക്ഷ്യം (കടിച്ചു തിന്നുന്നത്), ഭോജ്യം (കൈകൊണ്ടു വാരിത്തിന്നുന്നത്), ലേഹ്യം (നക്കിത്തിന്നുന്നത്), പേയം (കുടിക്കുന്നത്), ചൂഷ്യം (ഉറുഞ്ചിക്കുടിക്കുന്നത്), ചര്‍വ്യം (ചവച്ചുതിന്നുന്നത്) എന്നിങ്ങനെ നാം ആഹരിക്കുന്ന രീതിയനുസരിച്ച് ആറുതരത്തില്‍ ഭക്ഷണത്തെ 'ഭാവപ്രകാശം' എന്ന ഗ്രന്ഥത്തില്‍ വര്‍ഗീകരിച്ചിട്ടുണ്ട്.
'ജഗത്യേവമനൌഷധം' പ്രപഞ്ചത്തില്‍ ഔഷധമല്ലാത്തതായി ഒന്നുമില്ല എന്ന്, സകല ദ്രവ്യങ്ങളെയും ആയുര്‍വേദം ഗുണനിരൂപണം ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് ആഹാരവും, ശരീര പുനര്‍നിര്‍മിതിക്കുള്ള ഔഷധംതന്നെയാണെന്നു പറയേണ്ടി വരുന്നു. എന്നിരുന്നാലും 'വീര്യപ്രധാനം' ഔഷധം 'രസപ്രധാനം ആഹാരം' എന്ന് ഔഷധത്തെയും ആഹാരത്തെയും യഥാവിധി വേര്‍തിരിച്ചിട്ടുമുണ്ട്. ഒരു ദ്രവ്യത്തിന്റെ രൂപീകൃത അംശങ്ങളെ മനസ്സിലാക്കാനും ശരീരത്തിലെ പ്രവര്‍ത്തനം എങ്ങനെയെന്നു നിര്‍ണയിക്കാനും രസം, പ്രഭാവം, വീര്യം, വിപാകം, ഗുണം എന്നീ അഞ്ചു ദ്രവ്യാന്തര്ഗതമായ വൈശിഷ്ട്യങ്ങളെ വിലയിരുത്തിയാണ് സാധിക്കുക. നാം കഴിക്കുന്ന ഔഷധത്തിലും ആഹാരത്തിലുമെല്ലാം ഈ അഞ്ചു വിശേഷങ്ങളുണ്ടെങ്കിലും, ഔഷധമായി ഉപയോഗിക്കുന്നവയില്‍ ഉള്ളടങ്ങിയിരിക്കുന്ന 'വീര്യം' എന്ന കര്മകരണശേഷി മനസ്സിലാക്കിയാണ് രോഗാവസ്ഥയില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്നത്. അഥവാ ഔഷധം എന്നത് 'വീര്യം' പ്രധാനമായുള്ള ദ്രവ്യംതന്നെയാണ്. ഇതാണ് ചികിത്സയോടു ബന്ധപ്പെട്ടുള്ള ദ്രവ്യനിരൂപണം.
ആഹാരദ്രവ്യങ്ങളിലാകട്ടെ 'രസം' (രുചി) പ്രധാനമായുള്ളവ എന്നതരത്തിലുള്ള തെരെഞ്ഞെടുക്കലാണ് നാം നടത്തുന്നത്. അരുചികരമായ ദ്രവ്യങ്ങളെ ആരും ഭക്ഷണമായി ഉപയോഗിക്കുകയില്ലല്ലോ. ഈ രുചിക്ക് ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഉദാഹരണത്തിന് 'മധുരം' എന്ന രുചി ഒന്നു പരിശോധിക്കുക. മുന്തിരിങ്ങയുടെ മധുരമല്ല ചക്കപ്പഴത്തിന്റേത്. പാലിന്റെ മധുരമല്ല തേനിന്റേത്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത 'മധുരരസം' നമുക്ക് പല ദ്രവ്യങ്ങളിലായി അനുഭവപ്പെടുന്ന നിലയ്ക്ക് 'മധുരരസത്തെ' എങ്ങനെ, എത്രയായി വര്‍ഗീകരിക്കാന്‍ കഴിയും? കേവലം മധുരമല്ലാതെ മറ്റു ചില രസങ്ങള്‍കൂടി ചേരുന്നതിനാലാണ് മധുരത്തിന് ഇങ്ങനെ വൈവിധ്യങ്ങള്‍ സംഭവിക്കുന്നതെന്നു നമുക്കറിയാം. (63 തരത്തിലുള്ള രസ മിശ്രണങ്ങളെ ചരകാചാര്യന്‍ വിവരിച്ചിട്ടുണ്ട്). പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ദ്രവ്യത്തിനുള്ളിലെ അനുപാത വ്യത്യാസത്തിലാണ് ഇതു സംഭവിക്കുന്നത്. ഭൂമിക്കും ജലത്തിനും ആധിക്യമുള്ളത് മധുരരസം, അഗ്നി-ഭൂമി ഇവയ്ക്ക് ആധിക്യമുള്ളത് അമ്ളരസം, ജലം-അഗ്നി ഇവയ്ക്ക് ആധിക്യമുള്ളത് ലവണരസം, ആകാശം-വായു ആധിക്യമുള്ളത് തിക്തരസം. അഗ്നി-വായു ആധിക്യമുള്ളത് ഊഷ്ണ (എരിവ്) രസം, ഭൂമി-വായു ആധിക്യമുള്ളത് കഷായരസം. എന്നിരുന്നാലും മധുരദ്രവ്യങ്ങളില്‍ മധുരരസം പ്രധാനമായതിനാല്‍ 'മധുരം' എന്ന വിഭാഗത്തില്‍ ഇവയെ ഉള്‍പ്പെടുത്തുകയേ നിര്‍വാഹമുള്ളൂ. എരുവ്, പുളി എന്നിങ്ങനെയുള്ള മറ്റു രസങ്ങള്ക്കും ഇതേ സ്ഥിതിയാണുള്ളത്. ആയതിനാല്‍ ഏറ്റവും വ്യക്തമായിട്ടുള്ള രസത്തെ മുന്‍നിര്‍ത്തി മധുരം, അമ്ളം, ലവണം, കയ്പ്, എരിവ്, ചവര്‍പ്പ് (സ്വാദ്, അമ്ളം, ലവണം, തിക്തം, ഊഷ്ണം, കഷായം) എന്നീ ആറു വിഭാഗങ്ങളാക്കിയാണ് ആയുര്‍വേദം രുചികളെ നിശ്ചയിച്ചിരിക്കുന്നത്.
കയ്പുള്ള പാവയ്ക്കാ കറിയും, എരിവുള്ള ചിക്കന്‍കറിയും പുളിപ്പുള്ള പച്ചമോരും എന്നിങ്ങനെ വ്യക്തികള്‍ ഇഷ്ടപ്പെടുന്ന ആഹാരവിഭവങ്ങള്‍ പരിശോധിച്ചാല്‍, ആ ഇഷ്ടം അതിലടങ്ങിയിരിക്കുന്ന രസത്തെ ആസ്പദമാക്കിയാണെന്നു മനസ്സിലാക്കാന്‍ വിഷമമില്ല. എന്നു കരുതി ഏതു രുചിയും തോന്നിയപോലെ, ഉപയോഗിക്കാന്‍ ആയുര്‍വേദം അനുവദിക്കുന്നില്ല. ആറു രുചികള്‍ ചേര്‍ന്നതും എന്നാല്‍ മധുരം താരതമ്യേന അധികരിച്ചിട്ടുള്ളതുമാകണം ഭക്ഷണം എന്നത്രെ ആയുര്‍വേദത്തിന്റെ നിര്‍ദേശം. (പഞ്ചഭൂതങ്ങളുടെ ശരീരത്തിലെ അനുപാതം ക്രമീകരിക്കാന്‍ ഇത് അനിവാര്യമാണ്). അമ്മയുടെ മുലപ്പാലില്നിന്നുമുള്ള മധുരാസ്വാദനത്തോടെയാണല്ലോ ആഹരിക്കല്‍ ആരംഭിക്കുന്നതു തന്നെ. ആയതിനാല്‍ മധുരംജനനംമുതലേ ശരീരവുമായി പൊരുത്തപ്പെട്ടത് ആയതിനാലാണ് ഈ ശുപാര്‍ശ. (എന്നുകരുതി 'മധുരം' അധികമാകരുത്). മിതമായ രീതിയിലാണ് മധുരം ഉപയോഗിക്കുന്നതെങ്കില്‍ അതു ധാതുക്കള്‍ക്ക് ബലമുണ്ടാക്കും. മറ്റു രസങ്ങള്ക്കും ഇതേപോലുള്ള ഗുണവിശേഷങ്ങളുണ്ട്. ആയതിനാല്‍ മധുരം, അമ്ളം, ലവണം, എരിവ്, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുടെ ശരിയാംവണ്ണമുള്ള ഉപയോഗം ആരോഗ്യകരവും അല്ലാത്തത് ദോഷകോപനവുമാകുന്നു.
(തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..