25 October Sunday

കര്‍ക്കടകത്തിനു സ്വന്തം പത്തരമാറ്റുള്ള പത്തിലപ്പെരുമ

ഡോ. ഒ വി സുഷUpdated: Thursday Aug 4, 2016

ആരോഗ്യപരമായി ഏറെ പ്രാധാന്യം കല്‍പ്പിച്ചുകൊടുത്ത മാസമാണ് കര്‍ക്കടകം. കര്‍ക്കടകമാസം പിറന്നാല്‍ ആരോഗ്യ കാര്യങ്ങള്‍ ചിന്തിക്കാത്തവരില്ല. ശരീരബലം ഏറ്റവും കുറഞ്ഞ  ഋതുവാണ് കേരളത്തിലെ മഴക്കാലമെന്നു പറയാവുന്ന ജൂണ്‍, ജൂലൈ, ആഗസ്ത് പകുതിവരെയുള്ള കാലഘട്ടം. മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ മാസം. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി, ഉന്മേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കുന്നതിനുള്ള കാര്യങ്ങള്‍ കര്‍ക്കടകമാസത്തില്‍ ചെയ്യുന്നത് ഗുണകരമാണ്.

പണ്ടുകാലത്ത് തിരിമുറിയാതെ മഴപെയ്യുന്ന കറുത്തിരുണ്ട കര്‍ക്കടകത്തെ പഞ്ഞമാസമായും കരുതിയിരുന്നു. വര്‍ഷാവസാനമാകുമ്പോള്‍ ശേഖരിച്ചുവച്ച ഭക്ഷ്യധാന്യങ്ങളും മറ്റും തീര്‍ന്നിട്ടുണ്ടാകും. ഈ അവസരത്തില്‍ അന്നന്നത്തെ അന്നത്തിന് തൊടിയിലെ വിവിധങ്ങളായ ചപ്പുകളെ ആശ്രയിക്കും. അങ്ങനെ കര്‍ക്കടമാസം ഇലകറികള്‍ക്ക് മുന്‍തൂക്കം കൊടുത്തുപോരുന്നു. അന്യംനിന്ന ഒട്ടനവധി ചെറുതും വലുതുമായ സസ്യസമ്പത്ത് നമ്മുടെ ആരോഗ്യസംരക്ഷണത്തിന് വലിയ പങ്കുവഹിച്ചിരുന്നു അക്കാലത്ത്. നമ്മുടെ തൊടിയില്‍ ഇന്നും ശേഷിക്കുന്ന ഭക്ഷ്യയോഗ്യവും എന്നാല്‍ ഔഷധവീര്യവുമുള്ള സസ്യങ്ങളെ പാഴ്ച്ചെടികളായി കരുതാതെ അവയെ പരിഗണിച്ച് സംരക്ഷിച്ച് ഉപയോഗിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഒരുപക്ഷേ, ഈ സമ്പ്രദായം അനുവര്‍ത്തിക്കുന്നതുവഴി നമുക്കുചുറ്റുമുള്ള കോടാനുകോടി രോഗാണുക്കളില്‍നിന്നുള്ള രക്ഷാകവചം അഥവാ 'ഇമ്യൂണിറ്റി' തിരിച്ചുപിടിക്കാന്‍ കഴിയും. ആന്റി ഓക്സിഡന്റുകള്‍, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, മുഖ്യമായും നാരുകള്‍ ഇവയുടെ കലവറയായ ഇലക്കറികള്‍ ചില്ലറക്കാരല്ല. കുടലിന്റെ ചലനശേഷി വര്‍ധിപ്പിച്ച് മലമൂത്രവിസര്‍ജന പ്രക്രിയ കുറ്റമറ്റതാക്കുന്നു ഇവകള്‍. അതുകൊണ്ടുതന്നെ, ശരീരധാതുക്കളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ നിര്‍ഹരണം ചെയ്യപ്പെടുകയും ചെയ്യും. ആയുര്‍വേദവിധിപ്രകാരം ശോധനൌഷധങ്ങള്‍ പ്രയോഗിക്കേണ്ട മാസമാണ് കര്‍ക്കടകം.

കര്‍ക്കടകത്തിലെ 'പത്തില' അറിയപ്പെടുന്ന ഒന്നാണ് പഴമക്കാര്‍ക്ക്. പുത്തന്‍തലമുറയും ഇതിന്റെ മാഹാത്മ്യം ഉള്‍ക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പത്തിലയില്‍ ഉള്‍പ്പെടുത്തേണ്ട പത്തരമാറ്റുള്ള സസ്യങ്ങളെ പരിചയപ്പെടാം.

പത്തിലകള്‍
താള്, തകര, തഴുതാമ, ചേമ്പ്, പയറ്, ചേന, കുമ്പളം, മത്തന്‍, കൊടിത്തൂവ, മുള്ളന്‍ചീര. (നെയ്യുണ്ണി, കൂവളത്തില ഇവയുമാകാം).

ഇവയിലേതെങ്കിലും ലഭ്യമായവ ഒന്നിച്ചുചേര്‍ത്താണ് പത്തിലക്കറി തയ്യാറാക്കേണ്ടത്. വൃത്തിയായി കഴുകിവാരി, കുനുകുനെ അരിഞ്ഞ്, ഉപ്പും കാന്താരിമുളകുടച്ചതും അല്‍പ്പം വെള്ളവും ചേര്‍ത്ത് കുറച്ചുനേരം അടച്ചുവേവിക്കുക. മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. പിന്നീട് അടപ്പുമാറ്റി തുറന്നിട്ട് വറ്റിച്ചുവാങ്ങിയശേഷം തേങ്ങ ചിരകിയതും അല്‍പ്പം വെളിച്ചെണ്ണയും തൂകിയാല്‍ സ്വാദിഷ്ടമായ പത്തിലത്തോരന്‍ റെഡി. കൂടാതെ പത്തിലയില്‍ ഉള്‍പ്പെടുന്ന എല്ലാ സസ്യങ്ങളും സ്വാദൂറുന്ന പലവിധ വിഭവങ്ങളും ഒരുക്കുവാന്‍ ഒന്നിനൊന്നു മെച്ചംതന്നെ.

ഇന്നത്തെ കാലത്ത് കുട്ടികള്‍ ഇലക്കറികളോട് വലിയ താല്‍പ്പര്യം കാട്ടാറില്ല. പക്ഷേ, പോഷകഗുണസമ്പന്നമായ, ഔഷധവീര്യമുള്ള ഇവകളെ അവരുടെ നാവിനിണങ്ങുന്നവിധത്തില്‍ നൂതന ഭക്ഷ്യവിഭവങ്ങളുടെ മോഡലില്‍തന്നെ ഒരുക്കിയിറക്കാന്‍ നമ്മുടെ അമ്മമാര്‍ താല്‍പ്പര്യമെടുക്കേണ്ടതാണ്.

പൂപലിക
ആയുര്‍വേദ ചികിത്സാഗ്രന്ഥമായ ചരകസംഹിതയില്‍ വിവരിക്കപ്പെട്ട 'പൂപലിക' ഇത്തരുണത്തില്‍ ഓര്‍ക്കാം. ചെന്നല്ലരിയുടെ വറുത്തപൊടിമാവില്‍ എലിച്ചെവിയന്റെ നീര്, വിഴാലരിപൊടിച്ചത് ഇവ ചേര്‍ത്തു കുഴച്ച് അടയുണ്ടാക്കി കൃമിചികിത്സയില്‍ നല്‍കുന്നു. ഇതുപോലെ കരിനൊച്ചി, കരിങ്കുറിഞ്ഞി ഇവയുടെ നീരും അട നിര്‍മിച്ചുകഴിക്കാന്‍ നിര്‍ദേശിക്കുന്നു. 'വായ്ക്കു രുചി'യുള്ള ഭക്ഷ്യവസ്തുക്കളായി ഇലക്കറികളെ നമുക്ക് ഉപയോഗപ്പെടുത്താവുന്നതേയുള്ളു.

ഇലച്ചാറുകള്‍
കുഞ്ഞുകുട്ടികളുടെ 'കുറുക്ക്' നിര്‍മാണത്തില്‍ ഇലച്ചാറുകള്‍ ചേര്‍ക്കാമല്ലോ. കറിവേപ്പില, മുത്തിള്‍, ചീര മുതലായ സസ്യങ്ങളുടെ ഇലകളുടെ സത്തെടുത്ത് മുത്താറി, ഗോതമ്പ് ഇവയ്ക്കൊപ്പം ചേര്‍ത്ത് കുറുക്കിയെടുത്താല്‍ മതി. ശര്‍ക്കര, കരുപ്പെട്ടി ഇവയേതെങ്കിലും ചേര്‍ക്കാം. ഈ കുറുക്ക് നെയ്മയം പുരട്ടിയ പാത്രത്തില്‍ പരത്തി തണുത്താല്‍ ഹല്‍വപോലെ മുറിച്ചെടുത്ത് കുട്ടികള്‍ക്കു നല്‍കാം. അണ്ടിപ്പരിപ്പും മറ്റും വിതറി ആകര്‍ഷകമാക്കുകയും ചെയ്യാം.

വ്യത്യസ്ത വിഭവങ്ങള്‍
ചീരയില പക്കാവട, ചീരയില ദോശ, തുമ്പയിലത്തോരന്‍, തുളസിച്ചമ്മന്തി, തുളസികുരുമുളക് രസം, ചെറുനാരങ്ങയിലച്ചമ്മന്തി, കാന്താരിയിലത്തോരന്‍, ആടലോടകത്തില മുട്ട ചിക്കിയത്, വേലിച്ചീര പച്ചടി, മള്‍ബറിയിലത്തോരന്‍, മള്‍ബറിയില പക്കാവട, വഴുതിനയില തോരന്‍, വാളന്‍പുളിയില ചമ്മന്തി, കറുകപ്പുല്ല് ചട്നി, ചേനയില പൊരിച്ചത്, പുളിയാറിലക്കഞ്ഞി, പ്ളാവില ഇളയത് തോരന്‍, ഉള്ളിയില കട്ലറ്റ്, പാവലില പച്ചടി, തൊട്ടാവാടിയില ചമ്മന്തി ഇവ രുചിക്കൂട്ടുകളില്‍ ചിലതുമാത്രം.

ഇലപ്പുഴുക്ക്
പത്തിലകളില്‍ നമുക്ക് ലഭിക്കുന്നവ അരിഞ്ഞത്,  തേങ്ങ ചിരകിയത്, പച്ചമുളക്, കടല/പയര്‍ മുളപ്പിച്ചത്, ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങി തയ്യാറാക്കാം.

ചേമ്പില അട
സ്വാദിഷ്ടമായ ഒരു കൊങ്ങിണിവിഭവം. പോഷകസമ്പുഷ്ടവും പച്ചരി കുതിര്‍ത്തരച്ചത്, തേങ്ങ ചിരകിയത്, മുളകുപൊടി, കായം, ഉപ്പ്, ഇളയ ചേമ്പിലകള്‍,  കറിവേപ്പില, വിലുമ്പിപ്പുളി, വാളന്‍പുളി ഇവയിലേതെങ്കിലും പിഴിഞ്ഞ നീര് ഇവ ചേര്‍ത്തരച്ചത്. ഈ മിശ്രിതം ചേമ്പിലയില്‍ പരത്തി പൂശുക. നാലു നിലകളാക്കി, ചുരുട്ടി  ആവികയറ്റി വട്ടത്തിലരിഞ്ഞ് ചൂടോടെ ഉപയോഗിക്കാം.
ഓര്‍ത്താല്‍ വായില്‍ കപ്പലോടുന്ന ചില ഇലവിഭവങ്ങളാണ് ഇവിടെ വിവരിച്ചത്. വീട്ടമ്മമാരുടെ മനോധര്‍മംപോലെ ഇവ സ്വാദിഷ്ടമായി പാകംചെയ്യാവുന്നതേയുള്ളു.

ദശപുഷ്പം
കേരളീയര്‍ക്ക് ഏറെ പരിചിതമായ 'ദശപുഷ്പം'കൂടി പരാമര്‍ശിക്കാതിരിക്കുന്നത് ഭംഗിയാവില്ല. ദശപുഷ്പം എന്നു വിളിപ്പേരുള്ള ഇവകള്‍ മലയാളിമങ്കമാര്‍ തലയില്‍ ചൂടാന്‍ ഉപയോഗിച്ചു വന്നിരുന്ന പച്ചമരുന്നിലകളാണെന്ന വസ്തുത പലര്‍ക്കും അറിയില്ല. 'മുക്കുറ്റിച്ചാന്ത്' തൊടുക എന്ന പതിവുമുണ്ട് പൂവാങ്കുരുന്നില, മുയല്‍ച്ചെവിയന്‍, കറുക, കയ്യോന്നി, നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി. ഈ അമൂല്യസസ്യങ്ങള്‍  'പാതിരാപ്പൂ'വായി  തിരുവാതിരനാളില്‍ സ്ത്രീകള്‍ തലയില്‍ചൂടുന്ന പതിവും ഉണ്ടായിരുന്നു.

ഈ ഔഷധഗുണമുള്ള സസ്യങ്ങള്‍ കര്‍ക്കടകമാസത്തിലാണ് നട്ടുപിടിപ്പിക്കുന്നതിനു പറ്റിയ സമയം. കേരളത്തിന്റെ മാത്രം അമൂല്യസമ്പത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ദശപുഷ്പങ്ങള്‍ ഓരോ വീട്ടുപറമ്പിലും നട്ടുസംരക്ഷിക്കേണ്ടവയാണ.

രോഗപ്രതിരോധത്തിന്
മരുന്നുകള്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. സംശയമില്ലതന്നെ. പക്ഷേ, ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആരോഗ്യകരമായ ഭക്ഷണരീതികള്‍തന്നെ ശീലിക്കണം.
'ആഹാരസംഭവം ദേഹഃ. രോഗാശ്ച ആഹാരസംഭവഃ'. ദേഹമുണ്ടായി വരുന്നതും രോഗങ്ങളുണ്ടായിവരുന്നതും ആഹാരത്തിലൂടെയാണ്.

   നമ്മുടെ തൊടിയില്‍ കിട്ടുന്ന ഭക്ഷ്യയോഗ്യമായതും അറിയപ്പെടാത്തതുമായ ഇലവര്‍ഗങ്ങളുണ്ട്. തൊടിയിലെ പാഴ്ച്ചെടികള്‍കൊണ്ട് ആരോഗ്യകരവും ഔഷധമൂല്യവുമുള്ളതുമായ ഭക്ഷണം കഴിക്കാമെന്നത് അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 'കാടും പടലും' എന്നു കരുതി നിഷ്കരുണം വെട്ടിക്കളയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന സസ്യങ്ങള്‍ പലതും 'കുപ്പയിലെ മാണിക്യം' ആകാം. അവയെ വീട്ടുപറമ്പില്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്‍കൈയെടുക്കാം.

(വയനാട് കല്‍പ്പറ്റയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ് ലേഖിക)
ൌവെമ്ീറൃ@്യമവീീ.രീാ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top