13 November Wednesday

ഹൃദയത്തെ രക്ഷിക്കാന്‍ രക്തസമ്മര്‍ദം കുറയ്ക്കാം

ഡോ. ജി വിജയരാഘവന്‍Updated: Wednesday Dec 30, 2015

കേരളത്തിലെ ജനങ്ങളില്‍ 12% പേര്‍ക്ക് രക്തസമ്മര്‍ദത്തിലെ വ്യതിയാനങ്ങള്‍മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.

രക്തസമ്മര്‍ദം നിയന്ത്രിക്കാം അറിവിലൂടെ
ഹൃദയത്തില്‍നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിട്ടില്‍ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ ഏല്‍പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോള്‍) ധമനികളിലെ സമ്മര്‍ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറിവരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും. ഇതാണ് ഡോക്ടര്‍മാര്‍ 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദമായി അവരുടെ കുറിപ്പുകളില്‍ എഴുതുന്നത്. ഈ സമ്മര്‍ദത്തോടുകൂടി രക്തം പ്രവഹിക്കുന്നതുകൊണ്ടാണ് തലച്ചോറിനും പേശികള്‍ക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്.

രക്തസമ്മര്‍ദത്തിന്റെ വില
120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദമാണ്. വേഗം നടക്കുക, ഓടുക, പടികയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളില്‍ ധാരാളം രക്തം

എത്തിക്കണമെന്നുണ്ടെങ്കില്‍ ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്തസമ്മര്‍ദം 120/80ല്‍ നിന്നും 160/90വരെ കൂടുകയും ചെയ്യും. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതല്‍ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍പോലും നമ്മുടെ രക്തസമ്മര്‍ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തില്‍തന്നെ അവശ്യ സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്ന രക്തസമ്മര്‍ദത്തിന്റെ വ്യതിയാനങ്ങളാണ്.

രക്തസമ്മര്‍ദം ഒരു രോഗമാകുമ്പോള്‍
കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു. ഇത് രക്തസമ്മര്‍ദം എന്ന രോഗമാണ്. വിശ്രമവേളകളില്‍ രക്തസമ്മര്‍ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലധികമായി ഉയരുന്നുവെങ്കില്‍ അതിനെ രോഗമായി കണക്കാക്കണം. രണ്ടുമൂന്നുദിവസങ്ങള്‍ ഇടവിട്ട് പരിശോധിക്കുമ്പോള്‍ മൂന്നുതവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാല്‍ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലിമീറ്റര്‍ മെര്‍ക്കുറി എന്ന അളവില്‍ കൂടുതലായി കാണുമ്പോഴാണ് വിദഗ്ധചികില്‍സ വേണ്ടിവരുന്നത്.

പ്രധാന ചികില്‍സാവിധികള്‍
ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകള്‍ ശരീരത്തിന് പ്രയോജനപ്പെടണമെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പാലിച്ചേ മതിയാകൂ. രക്തസമ്മര്‍ദം 120/80നും 140/90നും മധ്യേ നിലനിര്‍ത്തുക എന്നതാണ് ചികില്‍സയുടെ ഉദ്ദേശം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്ന് നിര്‍ണയം സാധ്യമാകൂ. മരുന്നിന്റെ അളവ് നിശ്ചയിച്ചുകഴിഞ്ഞാല്‍ അത് മുടങ്ങാന്‍ പാടില്ല. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീരഭാരം കൂടാതെ നോക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടില്‍ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച മികച്ച നേട്ടങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദത്തെ ഒഴിവാക്കാനായി പാര്‍ശ്വഫലങ്ങള്‍ അധികമില്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുവാന്‍ സാധിച്ചത്. സര്‍വസാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികില്‍സിച്ച് ഭേദമാക്കാനും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനും സാധിക്കും.

കിംസ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമാണ് ലേഖകന്‍

പ്രധാന വാർത്തകൾ
 Top