28 May Sunday

ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍

ഡോ. ധന്യ വി ഉണ്ണികൃഷ്ണന്‍Updated: Thursday Jul 28, 2016

മഴക്കാലത്ത് ഡെങ്കിപ്പനിബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടുതലാണ്. തലസ്ഥാനത്തും സമീപജില്ലകളിലും ഡെങ്കിപ്പനിബാധിച്ച് വൈദ്യസഹായം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഡെങ്കി 1, 2, 3, 4 എന്നിങ്ങനെ നാലുതരം ഡെങ്കി വൈറസുകളുണ്ട്. ഈഡിസ് ഈജിപ്തി എന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുക് കടിച്ചുകഴിഞ്ഞ് രണ്ടുമുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ തുടങ്ങുന്നു.

ലക്ഷണങ്ങള്‍
പെട്ടെന്നു തുടങ്ങുന്ന കഠിനമായ പനി, തലവേദന, കണ്ണുകള്‍ക്കു പുറകിലുള്ള വേദന, ശരീരവേദന, നടുവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. എല്ലുകള്‍ നുറുങ്ങുന്നതുപോലുള്ള കഠിനമായ വേദനയാണ് ഡെങ്കിപ്പനിയുടേത്. കൈകാലുകളിലും ശരീരത്തിലും ചുവന്ന പാടുകള്‍, ഛര്‍ദി, വിശപ്പില്ലായ്മ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാറുണ്ട്.

പനിയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ പ്ളേറ്റ്ലറ്റുകള്‍ കുറഞ്ഞുവരുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുക എന്നതാണ് പ്ളേറ്റ്ലറ്റുകളുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ പ്ളേറ്റ്ലറ്റു കുറയുമ്പോള്‍ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത രോഗിയില്‍ ഉണ്ടാകും. ആന്തരികാവയവങ്ങളിലോ തലച്ചോറിലോ കുടലിലോ എന്നിങ്ങനെ എവിടെവേണമെങ്കിലും ജീവനുതന്നെ ഭീഷണിയായേക്കാവുന്നവിധത്തിലുള്ള രക്തസ്രാവം ഉണ്ടാകാം. പനി മാറിയശേഷമുള്ള 2–3 ദിവസത്തേക്ക് പ്ളേറ്റ്ലറ്റ് കുറയുന്നതായി കാണാറുണ്ട്. ഇങ്ങനെ വന്നാല്‍ രോഗിക്ക് പ്ളേറ്റ്ലറ്റുകള്‍ കൊടുക്കേണ്ടതായിവരും.

സ്വയം ചികിത്സ അരുത്
മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ പനി സ്വയം ചികിത്സിക്കാതെയിരിക്കുക. വെള്ളം ധാരാളം കുടിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക. പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ ഉപയോഗിക്കാം.
വേദനസംഹാരികള്‍ ഒഴിവാക്കുക. രക്തസ്രാവം, നില്‍ക്കാതുള്ള ഛര്‍ദി, പ്ളേറ്റ്ലറ്റ് വളരെ താഴ്ന്നുപോകുക, ശ്വാസതടസ്സം, മൂത്രത്തിന്റെ അളവു കുറയുക എന്നിങ്ങനെയുണ്ടെങ്കില്‍ രോഗത്തിന്റെ തീവ്രത കൂടുതലാണ്. ആശുത്രിയില്‍ക്കിടന്നു ചികിത്സിക്കുക.

ഡെങ്കിപ്പനിക്കെതിരെ ആന്റിബയോട്ടിക്, ആന്റിവൈറല്‍ എന്നിവ ഫലപ്രദമല്ല. ഡെങ്കിപ്പനിക്കെതിരായുള്ള വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഡെങ്കിപ്പനിബാധിതര്‍ ഉണ്ടെങ്കില്‍ ഡെങ്കിവാഹകരായ കൊതുകുകള്‍ ആ പ്രദേശത്ത് ഉണ്ടെന്നുചുരുക്കം.

വീണ്ടും വരാതെ നോക്കാം
ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ച ആള്‍ക്ക് കുറേ നാളുകള്‍ക്കുശേഷം, വീണ്ടും അടുത്ത വൈറസുകള്‍ കാരണം ഡെങ്കിപ്പനി ഉണ്ടായാല്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലാകാറുണ്ട്. ഇതിന് ഡെങ്കി ഹെമറേജിക് പനി എന്നും ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നും പറയും. ഇത്തരക്കാരില്‍ അമിതമായ രക്തസ്രാവം ഉണ്ടാകുകയും രക്തസമ്മര്‍ദം വളരെയധികം താഴ്ന്നുപോയി ഗുരുതരമാകാം.

മുന്‍കരുതല്‍
കൊതുകിലൂടെ മാത്രം പകരുന്ന രോഗമായതുകൊണ്ട് കൊതുകിനെ നശിപ്പിക്കുക, കൊതുകുകടി കൊള്ളാതെ നോക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍. കൂടാതെ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍, പാത്രങ്ങള്‍ എന്നിങ്ങനെ വെള്ളം  വീടിനുപരിസരത്ത് കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ മഴക്കാലത്ത് അവ കമഴ്ത്തി വെള്ളം കെട്ടാതെ സൂക്ഷിക്കുക. കാരണം ഇവയിലാണ് ഡെങ്കി കൊതുകുകള്‍ മുട്ടയിടുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ മഴക്കാലത്തും കൊതുകുകള്‍ വര്‍ധിക്കുകയും ഡെങ്കിപ്പനിബാധിതര്‍ കൂടുകയും ചെയ്യുന്നത്. അതുകൊണ്ട് കൊതുകിനെ നശിപ്പിക്കുക, ഡെങ്കിപ്പനി പ്രതിരോധിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

(തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top