19 January Tuesday

ക്ഷയരോഗം നിയന്ത്രിക്കാം

ഡോ. പി സജീവ്കുമാര്‍Updated: Thursday Feb 25, 2016

വര്‍ഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയില്‍ കുറവു കാണുന്നുണ്ടെങ്കിലും, എംഡിആര്‍ ടിബി അഥവാ ഡ്രഗ് റസിസ്റ്റന്റ്

ടിബി ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മനുഷ്യരാശിയെ ബാധിച്ച രോഗങ്ങളില്‍ അതിപുരാതനമായ ഒന്നാണ് ക്ഷയരോഗമെങ്കിലും, ആഗോളതലത്തില്‍ ഇന്നും അത് ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനില്‍ക്കുന്നു.

വര്‍ഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയില്‍ കുറവു കാണുന്നുണ്ടെങ്കിലും, എച്ച്ഐവി രോഗവും, എംഡിആര്‍ ടിബി അഥവാ ഡ്രഗ് റസിസ്റ്റന്റ് ടിബി എന്നിവ ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. വികസ്വരരാജ്യങ്ങളിലാണ് ക്ഷയരോഗംമൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത്. 2012ലെ കണക്കുപ്രകാരം ലോകവ്യാപകമായി ഏകദേശം 8.6 മില്യണ്‍ ജനങ്ങള്‍ ക്ഷയരോഗത്തിന് അടിമപ്പെടുകയും, ഏകദേശം 1.3 മില്യണ്‍ ഈ രോഗംമൂലം മരിക്കുകയും ചെയ്തു. മരിച്ച 3.2 ലക്ഷം പേരില്‍ ക്ഷയരോഗത്തോടൊപ്പം എച്ച്ഐവി അണുബാധയും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും കൃത്യമായ ഇടപെടല്‍മൂലം ക്ഷയരോഗംമൂലമുള്ള മരണം വലിയ അളവില്‍ നിയന്ത്രിക്കാവുന്നതാണെന്ന് കണ്ടെത്തുകയുണ്ടായി. ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മരണം സംഭവിക്കുന്നത്.

2013ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്പ്രകാരം  ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലും, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലുമാണ് കൂടുതല്‍ ക്ഷയരോഗികളുള്ളത്.  യൂറോപ്പിലും, അമേരിക്കയിലും രോഗികള്‍ കുറവാണ്. വികസ്വരരാജ്യങ്ങളില്‍ ക്ഷയരോഗബാധിതരില്‍ ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 
 
എന്താണ് ക്ഷയരോഗം?

മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ്  ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്.  1882ല്‍ റോബര്‍ട്ട് കോക് എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്.  ഈ രോഗം പകരുന്നത് വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ്.  ശരീരത്തിലേക്കു പ്രവേശിക്കുന്ന അണുവിന്റെ ശക്തിയും വ്യക്തിയുടെ രോഗപ്രതിരോധശേഷിയുമാണ് രോഗത്തിന്റെ പ്രയാണത്തെ നിയന്ത്രിക്കുന്നത്.  രോഗപ്രതിരോധ സംവിധാനം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ രോഗാണുവിനെ ഉടന്‍ ചെറുക്കാന്‍കഴിയുന്നു.  മറ്റുചിലരില്‍ ബാക്ടീരിയ ഉടനെ പെറ്റുപെരുകി ക്ഷയരോഗത്തിന് ഹേതുവാകുന്നു.  ചിലരില്‍ രോഗാണുക്കള്‍ രോഗമുണ്ടാക്കാതെ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കുന്നു. ഇങ്ങിനെയുള്ളവരില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വരുന്നതും കാണുന്നു. ഒരാളില്‍ ആദ്യമായി രോഗാണു പ്രവേശിച്ച് രോഗബാധ ഉണ്ടാകുന്നതിനെയാണ് പ്രൈമറി ടിബി എന്നു പറയുന്നത്.  ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ 95 ശതമാനം പേരിലും പലപ്പോഴും ചികിത്സിക്കാതെതന്നെ രോഗം മാറിപ്പോകാറുണ്ട്. അഞ്ചുശതമാനം പേരില്‍ മാത്രമെ കാര്യമായ രോഗം ഉണ്ടാകാറുള്ളു. രോഗപ്രതിരോധശേഷി ആര്‍ജിച്ചവരില്‍ പിന്നീട് രോഗം വരുന്നതിനെ പോസ്റ്റ് പ്രൈമറി ടിബി എന്നുപറയുന്നു. വീണ്ടും പുതിയ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നതു മുഖേനയോ, അല്ലെങ്കില്‍ ശരീരത്തില്‍ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അണു ശക്തിപ്രാപിച്ചോ പോസ്റ്റ് പ്രൈമറി ടിബി വരാം.

എണ്‍പത്തിയഞ്ച് ശതമാനം പേരില്‍ ശ്വാസകോശത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.  15 ശതമാനത്തോളം പേരില്‍ ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നു.  ലിംഫ് ഗ്രന്ഥികള്‍ അഥവാ കഴലകള്‍, തലച്ചോറിനു പുറമെയുള്ള മെനിജ്ഞസ് ആവരണം, ശ്വാസകോശത്തിനു പുറമെയുള്ള പ്ളൂറ, ഹൃദയത്തിനുപുറമെയുള്ള പെരികാര്‍ഡിയം, കുടല്‍, വൃക്ക, ജനനേന്ദ്രിയങ്ങള്‍, ത്വക്ക്, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരീരത്തിലെ മുടിയും നഖവും ഒഴികെയുള്ള എല്ലായിടത്തും ടിബി വരാം.  സാധാരണ കാണാറുള്ള രോഗലക്ഷണങ്ങള്‍, വിട്ടുമാറാത്ത പനി, നീണ്ടുനില്‍ക്കുന്ന കഫത്തോടുകൂടിയ ചുമ, ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ്. ഇതിനുപുറമെ ചിലരില്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കഫത്തില്‍ ചോരയുടെ അംശം എന്നിവയും കാണാറുണ്ട്. 

നേരത്തെയും, കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ടിബി നിയന്ത്രണത്തില്‍ പ്രധാനമാണ്.  കഫപരിശോധനയാണ് രോഗനിര്‍ണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്.  എക്സ്റേ പരിശോധനയും സഹായകമാവാറുണ്ട്.  നിലവിലുള്ള പ്രധാന ടെസ്റ്റുകള്‍ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്കോപ്പി, ന്യൂക്ളിക് ആസിഡ് ആംപ്ളിഫിക്കേഷന്‍ ടെസ്റ്റുകള്‍ (ജീന്‍ എക്സ്പര്‍ട്ട്, ലൈന്‍ പ്രോബ് അസൈ), കള്‍ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ്. ശ്വാസകോശേതര ക്ഷയരോഗ നിര്‍ണയത്തിന് അതത് ‘ഭാഗങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ജീന്‍ എക്സ്പര്‍ട്ട് മുഖേനയും, ഹിസ്റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്.  രക്തത്തിലെ ആന്റിബോഡി എസ്റ്റിമേഷന്‍ ടെസ്റ്റുകള്‍ ടിബി രോഗനിര്‍ണയത്തിന് ഉപയോഗിക്കാന്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നില്ല. 

ഓരോ രാജ്യത്തും ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍ നിലവിലുണ്ട്.  എച്ച്ഐവി രോഗത്തിന്റെ വരവോടെ ടിബി നിയന്ത്രണം ഗവണ്‍മെന്റ് ഗൌരവമായി എടുക്കുകയും, 1962 മുതല്‍ രാജ്യത്ത് നടപ്പാക്കിവന്ന നാഷണല്‍ ടിബി കണ്‍ട്രോള്‍ പ്രോഗ്രാം വിലയിരുത്തുകയും ഉണ്ടായി.  അതിന്റെ അടിസ്ഥാനത്തില്‍ 1993 മുതല്‍ പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആര്‍എന്‍ടിസിപി) ഘട്ടംഘട്ടമായി നടപ്പാക്കിവന്നു.  ഈ പദ്ധതിയുടെ കാഴ്ചപ്പാട്, ടിബി ഇല്ലാത്ത ഇന്ത്യ എന്നതാണ്.  നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ചികിത്സാപദ്ധതി, ഡോട്ട്സ് ആണ് ആര്‍എന്‍ടിസിപിയിലുള്ളത്.

കുറ്റമറ്റ രോഗനിര്‍ണയം, മേല്‍ത്തരം മരുന്നുകള്‍, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേല്‍നോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവ ആര്‍എന്‍ടിസിപിയിലുണ്ട്. പദ്ധതിയുടെ ലക്ഷ്യം, സമൂഹത്തില്‍ അസുഖമുള്ളവരില്‍ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തില്‍ എത്താനാണ് ശ്രമിക്കുന്നത്.  ഈ പദ്ധതിയില്‍ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണ് പരിഗണിക്കുന്നത്. രോഗനിര്‍ണയവും ചികിത്സയും തികച്ചും സൌജന്യമാണ്. ആറുമുതല്‍ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള ദിവസങ്ങളിലുള്ള ഹ്രസ്വ കാല ചികിത്സയാണ് ഈ പദ്ധതിപ്രകാരം രോഗികള്‍ക്ക് നല്‍കുന്നത്.  ഇതുമുഖേന കഴിഞ്ഞ ഒന്നരദശകങ്ങളിലായി നല്ലൊരു പങ്ക് രോഗികളെ ചികിത്സിച്ച് രോഗവിമുക്തരാക്കാന്‍ സാധിച്ചിട്ടുണ്ട്. 

ക്ഷയരോഗത്തിനു നല്‍കുന്ന ഒന്നാംനിര മരുന്നുകളെ ചെറുക്കാന്‍ കെല്‍പ്പുള്ള രോഗാണുക്കളാണ്, മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എംഡിആര്‍ ടിബി ഉണ്ടാക്കുന്നത്.  എംഡിആര്‍ ടിബി രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍തലത്തില്‍ നല്‍കുന്നുണ്ട്.  രണ്ടുവര്‍ഷം നീളുന്ന രണ്ടാംനിര മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആര്‍ ടിബിക്ക് നല്‍കുന്നത്.  ഈ മരുന്നുകള്‍ ശക്തിയേറിയതും പാര്‍ശ്വഫലങ്ങള്‍ ഉള്ളതും വിലകൂടിയതുമാണ്. മുന്നൂറോളം രോഗികള്‍ കേരളത്തില്‍ ഇപ്പോള്‍ എംഡിആര്‍ ടിബിക്ക് മരുന്നു കഴിക്കുന്നുണ്ട്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളാണ് എക്സറ്റന്‍സീവ്ലി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എക്സ്ഡിആര്‍ ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികിത്സയും സൌജന്യമായി ഗവണ്‍മെന്റ്തലത്തില്‍ ചെയ്തുവരുന്നുണ്ട്. ആദ്യമായി ടിബി രോഗം വരുമ്പോള്‍ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കില്‍ ഡ്രഗ് റസിസ്റ്റന്റ് ടിബി വരാന്‍ സാധ്യത കൂടുതലാണ്.
എംഡിആര്‍ ടിബി, എക്സ്ഡിആര്‍ ടിബി തുടങ്ങിയ രോഗാവസ്ഥകള്‍ ടിബി നിയന്ത്രണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 

ഇതിനുപുറമെ എച്ച്ഐവി രോഗബാധിതരിലെ ടിബി രോഗവും ടിബി നിയന്ത്രണത്തിന് വിഘാതമാവുന്നുണ്ട്.  കേരളത്തില്‍ ഒരുവര്‍ഷത്തില്‍ ഇരുപതിനായിരത്തോളം ടിബി രോഗികളെ ഇപ്പോഴും കണ്ടെത്തുന്നുണ്ട്.  രോഗബാധിതരെ കൃത്യമായി ചികിത്സിച്ച് രോഗപ്പകര്‍ച്ച തടയുന്നതുവഴി മാത്രമെ ടിബി നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു.  ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കൃത്യമായ ചികിത്സവഴി രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടുവരുന്നു.  ഈ ജില്ലകളില്‍ സമീപഭാവിയില്‍ ടിബി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൃത്യസമയത്തുള്ള രോഗനിര്‍ണയവും, കൃത്യമായ മരുന്നുകളും, കൃത്യമായ നിരീക്ഷണവും വഴി രോഗ സാന്ദ്രത കുറച്ചുകൊണ്ടുവരാനും, പടിപടിയായി മറ്റു ജില്ലകളിലും ക്ഷയരോഗികളുടെ എണ്ണം കുറച്ച് രോഗനിര്‍മാര്‍ജനത്തിലേക്ക് എത്തിക്കാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

(പാലക്കാട് ജില്ലാ ക്ഷയരോഗചികിത്സാ കേന്ദ്രത്തില്‍ കണ്‍സള്‍ട്ടന്റ് ഇന്‍ പള്‍മണറി മെഡിസിനാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top