07 February Tuesday

ഇനി അപ്പോള്‍ കൊളസ്റ്ററോള്‍ കൂടാമോ?

ഡോ. അരുണ്‍ എന്‍ എംUpdated: Monday Dec 21, 2015

കൊളസ്റ്ററോള്‍ കൂടിയാല്‍ കുഴപ്പമില്ലെന്ന പ്രചാരണം വ്യാപിക്കുകയാണ്. വാട്ട്സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലും ശക്തമാകുന്ന ഈ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് ഈ ചോദ്യോത്തരം.

ഡോക്‌ടര്‍ , കൊളസ്റ്ററോള്‍ കൊണ്ട്‌ ഒരു കുഴപ്പവുമില്ല എന്നാണു ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തം എന്ന് കേട്ടല്ലോ? ഞാന്‍ ഇനിയും അതിന്റെ മരുന്ന് കഴിക്കണോ? എനിക്ക്‌ ഇനി ധാരാളം മെഴുക്ക്‌വരട്ടിയും, വടയും ചിക്കന്‍/മീന്‍ പൊരിച്ചതുമൊക്കെ കഴിച്ചൂടെ?

പ്രമേഹവും വളരെ ഉയര്‍ന്ന തോതില്‍ രക്തത്തില്‍ കൊളസ്റ്ററോളുമുള്ള ഒരു 50 വയസ്സായ അത്യാവശ്യം വണ്ണവുമുള്ള ഒരു രോഗിയുടെതാണു ഈ ചോദ്യം.

വരട്ടെ വരട്ടെ , വാട്സാപ്പ്‌ സന്ദേശങ്ങള്‍ വായിച്ച്‌ കുഴപ്പത്തില്‍ ചാടേണ്ട.

അപ്പോള്‍ ആ കേട്ടത്‌ തെറ്റാണോ?

വൈദ്യ ശാസ്ത്രരംഗത്തെ മറ്റു പല അബദ്ധപ്രചരണങ്ങളെ പോലെ തന്നെ ഇതും ചില ഭാഗീക സത്യങ്ങളെ മുന്‍ നിര്‍ത്തിയാണ്.

എന്ന് വെച്ചാല്‍?

ഭക്ഷണത്തില്‍ അടങ്ങിയ കൊളസ്റ്ററോളും രക്തത്തില്‍ കാണുന്ന കൊളസ്റ്ററോളും തമ്മില്‍ നേരിട്ട്‌ ബന്ധമില്ല എന്ന് കുറച്ച്‌ കാലമായി പല പഠനങ്ങളില്‍ നിന്നും സൂചനകള്‍ ഉണ്ടായിരുന്നു. അത്‌ അംഗീകരിച്ച്‌ കൊണ്ട്‌ അമേരിക്കന്‍ ഐക്യനാടുകളിലെ ഭക്ഷണ രീതി മാര്‍ഗ്ഗ രേഖയില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു എന്ന പത്രവാര്‍ത്തയാണു ഈ കേട്ടതിന്റെ അടിസ്ഥാനം.

എന്ന് പറഞ്ഞാല്‍ രക്തത്തിലെ കോളസ്റ്ററോള്‍ ഇപ്പോഴും വില്ലന്‍ തന്നെയാണൊ?

രക്തത്തിലെ കൊളസ്റ്ററോള്‍ , പ്രത്യേകിച്ച്‌ സ്മാള്‍ ഡെന്‍സ്‌ എല്‍ഡിഎല്‍ , ഒരു പരിധിയലധികം കൂടുന്നത്‌ ഹാര്‍ട്ട്‌ അറ്റാക്കിനും സ്റ്റ്രോക്കിനും സാധ്യത വര്‍ദ്ധിപ്പിക്കും. രക്തത്തിലെ കൊളൊസ്റ്ററോള്‍ കുറക്കാന്‍ ഭക്ഷണത്തിലെ കൊള്‍സ്റ്ററോള്‍ കുറച്ചിട്ട്‌ കാര്യമില്ല.

കുറക്കേണ്ടത്‌ പൂരിത കൊഴുപ്പ്‌ (saturated fat), സംസ്കരിച്ച അന്നജവും പഞ്ചസാരയുമാണു (refined carbohydrate and sugars)

കൊളസ്റ്ററോളും പൂരിത കൊഴുപ്പും ഏതൊക്കെ ഭക്ഷണത്തിലാണു ഉള്ളത്‌ ?

ബീഫ്‌ , മട്ടണ്‍ ,പോര്‍ക്ക്‌ എന്നിവയില്‍ ഇവ രണ്ടും ധാരാളം ഉണ്ട്‌. അതു കൊണ്ട്‌ അവ നിങ്ങള്‍ക്ക്‌ പറ്റില്ല. കോഴിയിലും മത്സ്യങ്ങളിലും ഇവ രണ്ടും കുറവാണു. അതു കൊണ്ട്‌ എണ്ണ ചേര്‍ക്കാതെ നിങ്ങള്‍ക്ക്‌ കഴിക്കാം.

പാല്‍ ഉല്‍പ്പന്നങ്ങളില്‍ (പാട മാറ്റാത്ത പാല്‍ , നെയ്യ്‌ , വെണ്ണ , തൈര്‍ ) പൂരിത കൊഴുപ്പും (കൊളസ്റ്ററോളും ) കൂടുതലാണു. ഒഴിവാക്കുക. മുട്ടയുടെ മഞ്ഞയില്‍ കൊളസ്റ്ററോള്‍ ധാരാളം ഉണ്ടെങ്കിലും പൂരിത കൊഴുപ്പ്‌ കുറവാണു. അതു കൊണ്ട്‌ കലോറി കണക്ക്‌ ശ്രദ്ധിച്ച്‌ കൊണ്ട്‌ കുറേശ്ശെ ആകാം.

എണ്ണകളിലൊക്കെ കൊളസ്റ്ററോളിലെങ്കിലും പൂരിത കൊഴുപ്പ്‌ ധാരാളം. അതു കൊണ്ട്‌ കുറക്കുക. തമ്മില്‍ ഭേദം തവിടെണ്ണയും ഒലിവ്‌ എണ്ണയും സൂര്യകാന്തി എണ്ണയും.

അപ്പോള്‍ എന്താണു മാറ്റം വന്നത്‌?

മുട്ട കഴിക്കുന്നതിലുള്ള നിയന്ത്രണം പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും ഇല്ലാത്തവര്‍ക്കു എടുത്തു കളഞ്ഞതാണു ഇപ്പോള്‍ ഉണ്ടായ മാറ്റം. കൊളസ്റ്ററോള്‍ കൂടുതലുണ്ടെങ്കിലും പൂരിത കൊഴുപ്പ്‌ വളരെ കുറവായതു കൊണ്ടാണു അത്തരം ഒരു മാറ്റം നിര്‍ദ്ദേശങ്ങളില്‍ വന്നത്‌.

സംസ്കരിച്ച അന്നജം എന്ന് പറഞ്ഞാല്‍ എന്താണ് ?

അരിയും ഗോതംബും മറ്റു ധാന്യങ്ങളും സംസ്കരിച്ച്‌ ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളെയാണു സംസ്കരിച്ച അന്നജം (refined carbohydrate) എന്ന് പറയുന്നത്‌.

എന്റെ ഭാര്യക്ക്‌ പ്രമേഹവും പ്രഷറും ഹൃദ്രോഗവും ഒന്നുമില്ല. മെലിഞ്ഞിട്ടാണു. അവള്‍ എന്താണു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്‌?

അസുഖമൊന്നുമില്ലെങ്കിലും ബീഫും, മട്ടണും, പഞ്ചസാരയും, എണ്ണകളും , സംസ്കരിച്ച അന്നജവും കഴിയുന്നത്ര കുറക്കുവാന്‍ അവരോട്‌ പറയുക.

അപ്പോള്‍ ഞാന്‍ ഇനിയും കൊളസ്‌റ്ററോള്‍ കുറക്കാന്‍ മരുന്ന് കഴിക്കണം എന്നാണോ ഡോക്ടര്‍ പറയുന്നത്‌?

വേണം. വാട്‌സപ്പിലെ തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ വീഴാതെ ശാസ്ത്രീയ ചികില്‍സ രീതി പിന്തുടരുകയാണു എല്ലാവരും ചെയ്യേണ്ടത്‌.

(ഇന്റേണല്‍ മെഡിസിനില്‍ കസല്‍റ്റന്റാണു ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top