21 November Thursday

മാതൃമരണങ്ങൾ വേറിട്ടുനിൽക്കുന്ന കേരളം

ഡോ. വി രാജശേഖരൻ നായർUpdated: Thursday Sep 19, 2019


പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ േകരളത്തിൽ കുറവാണ്‌. അഖിലേന്ത്യാതലത്തിൽ ഒരു ലക്ഷം ഗർഭിണികളിൽ നൂറ്റിമുപ്പതോളം പേർ മരണപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ ഇത്‌ 46ന്‌ താഴെയാണ്‌. 2030 ഓടു കൂടി ഗർഭിണികളിലെ മരണനിരക്ക്‌ 70 ആയി കുറയ്‌ക്കാൻ ലോകാരോഗ്യസംഘടന വിഭാവനം ചെയ്‌തിട്ടുണ്ട്‌. എന്നാൽ േകരളത്തിൽ ഇപ്പോൾതന്നെ ഇതിനു താഴെയാണ്‌ മരണനിരക്ക്‌. വേറൊരു തരത്തിൽ നോക്കിയാൽ, ഒരു ദിവസം കേരളത്തിലെ നിരത്തുകളിൽ ഏതാണ്ട്‌ 12 ആളുകൾ അപകടങ്ങളിൽ മരിക്കുമ്പോൾ, രണ്ടോ മൂന്നോ ദിവസം  കൂടുമ്പോഴാണ്‌  കേരളത്തിൽ ഒരു മാതൃമരണം ഉണ്ടാകുന്നത്‌. എന്നാൽ ഇതുപോലും സംഭവിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രാവമാണ്‌ ഏറ്റവും കൂടുതൽ അമ്മമാരുടെ ജീവൻ അപഹരിക്കുന്നത്‌. ഏതാണ്ട്‌ 20 ശതമാനത്തോളം ഗർഭിണികളിൽ രക്താതിസമ്മർദം മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പ്രത്യാഘാതങ്ങളും മരണകാരണമാണ്‌. വിവിധ തരത്തിലുള്ള അണുബാധകൾ കൊണ്ടുണ്ടാകുന്ന മരണങ്ങൾ എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നു. കാലാകാലങ്ങളിലുണ്ടാകുന്ന എച്ച്‌1 എൻ1 പോലുള്ള വൈറൽ രോഗങ്ങളും പലപ്പോഴും മരണകാരണമാകാറുണ്ട്‌. ഹൃദയത്തെയും  തലച്ചോറിനെയും ബാധിക്കുന്ന അസുഖങ്ങളും ഏറിയും കുറഞ്ഞും കാണുന്നുണ്ട്‌.

കേരളത്തിലെ മാതൃമരണങ്ങളെ അപഗ്രഥിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ നമുക്ക്‌ ലഭിക്കുക. അബോർഷൻ മൂലമുള്ള മരണങ്ങളും ചികിത്സ കിട്ടാതെ പ്രസവവേദന വന്ന്‌ അവശയാകുന്ന ഗർഭിണികളിലെ  അവസ്ഥയും കേരളത്തിൽ തീരെ കാണുന്നില്ല. അതേസമയം മറ്റു വികസിത രാജ്യങ്ങളിൽ കാണുന്ന തരത്തിലുള്ള  obesity, pulmonary embolism, deep vein thrombosis  തുടങ്ങിയ പ്രശ്‌നങ്ങൾ കേരളത്തിലെ ഗർഭിണികളിൽ മരണകാരണമായി കാണുന്നുണ്ട്‌. കൂടാതെ ആത്മഹത്യ, വാഹനാപകടമരണം മുതലായവ ഓരോ വർഷവും വർധിച്ചു വരുന്നതായാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌.

ജീവിതശൈലിരോഗങ്ങൾ കേരളീയരെ അടിമപ്പെടുത്തുകയാണല്ലോ. കഴിഞ്ഞ ഒന്നോ രണ്ടോ ദശാബ്ദക്കാലം കൊണ്ട്‌ ഗർഭിണികളിലെ പ്രമേഹം എട്ടോ പത്തോ ഇരട്ടിയായി വർധിച്ചിട്ടുണ്ട്‌. അമിതവണ്ണം, വ്യായാമക്കുറവ്‌, ഭക്ഷണരീതിയിലെ മാറ്റങ്ങൾ ഇവയെല്ലാം ഗർഭിണികളിലെ പലതരത്തിലുള്ള അസുഖങ്ങൾക്കും വഴിവയ്‌ക്കുന്നുണ്ട്‌. ഇത്തരക്കാരിൽ സാധാരണ പ്രസവത്തിന്‌ ബുദ്ധിമുട്ടുകൾ വർധിക്കാനും സിസേറിയനുള്ള സാധ്യതയും പതിന്മടങ്ങ്‌ വർധിക്കുന്നു. കേരളത്തിലെ മാതൃതമരണങ്ങൾ കുറയ്‌ക്കാനായി സർക്കാർതലത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌.

ഡോ. വി രാജശേഖരൻ നായർ, സീനിയർ കൺസൽട്ടന്റ്‌, എസ്‌യുടി ആശുപത്രി, പട്ടം
 


പ്രധാന വാർത്തകൾ
 Top