26 October Monday

ഗര്‍ഭാശയ മുഴകള്‍

ഡോ. എസ് ശ്രീകലUpdated: Thursday Jan 14, 2016

പ്രത്യുല്‍പ്പാദനക്ഷമമായ കാലങ്ങളില്‍ സ്ത്രീകളില്‍ വളരെ സാധാരണയായി കാണുന്ന പ്രശ്നമാണ് ഫൈബ്രോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഗര്‍ഭാശയമുഴകള്‍. പലപ്പോഴും അത്യധികം ആശങ്കയ്ക്കും ഭയപ്പാടിനും ഇവ കാരണമാകാറുണ്ട്. ഈ ആശങ്കകള്‍ക്ക് എത്രമാത്രം അടിസ്ഥാനമുണ്ടെന്നു നോക്കാം.

ഗര്‍ഭാശയത്തിന്റെ മാംസപേശികളില്‍നിന്നുണ്ടാകുന്ന ഒരു ട്യൂമറാണ് ഫൈബ്രോയ്ഡ്. ട്യൂമര്‍ എന്നതിന് ക്യാന്‍സര്‍ എന്ന് അര്‍ഥമില്ല. ഫൈബ്രോയ്ഡ് ഒരു  ക്യാന്‍സര്‍ അല്ലാത്തതരം ദശവളര്‍ച്ച (benign tumour)  യാണ്. ഏകദേശം 30% മുതല്‍ 50% വരെ സ്ത്രീകളിലും ഇവയുണ്ടാകാം. എന്നാല്‍ എല്ലായ്പ്പോഴും ഇവ രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 30 വയസ്സിനു ശേഷമാണ് സാധാരണ കാണുന്നതെങ്കിലും കൌമാരപ്രായക്കരില്‍വരെ ചിലപ്പോഴൊക്കെ കാണാറുണ്ട്. ആര്‍ത്തവവിരാമത്തിനുശേഷം പുതുതായി ഫൈബ്രോയ്ഡുകള്‍ ഉണ്ടാകാറില്ല.

വളരെ പതുക്കെ വളരുന്നയവാണ് ഈ ഗര്‍ഭാശയ മുഴകള്‍. സ്ത്രീഹോര്‍മോണുകളെ ആശ്രയിച്ചാണ് ഇവയുടെ വളര്‍ച്ച. അതിനാല്‍ ഗര്‍ഭധാരണം, ഗര്‍ഭനിരോധ ഗുളികകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ഇവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഗര്‍ഭസമയത്ത് അവ വലുതാവുകയും മൃദുവാകുകയും ചെയ്യാം. പ്രസവശേഷം ഇവ ചുരുങ്ങിപ്പോവുന്നു. അതുപോലെ ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തിയശേഷവും, ആര്‍ത്തവവിരാമത്തിനു ശേഷവും ഇവ ചെറുതാകും. എന്നാല്‍ എത്ര ചുരുങ്ങുന്നു എന്നത് ആദ്യം ഉണ്ടായിരുന്ന വലുപ്പമനുസരിച്ചാകും.

പ്രത്യുല്‍പ്പാദനക്ഷമത കുറഞ്ഞവരില്‍ ഫൈബ്രോയ്ഡ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ധാരാളം കുട്ടികളെ പ്രസവിച്ച പഴയ തലമുറയിലെ സ്ത്രീകളില്‍ ഇവ വിരളമായിരുന്നു. ഇന്നത്തെ കാലത്ത് വന്ധ്യത, ജനനനിയന്ത്രണം എന്നിവമൂലം ഫൈബ്രോയ്ഡ് കൂടുതല്‍ കാണുന്നുണ്ട്. ഇവ ഉണ്ടാകുന്നതില്‍ പാരമ്പര്യവും ഘടകമാണ്. അതുപോലെ ചില രാജ്യക്കാരില്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍ വംശജരില്‍ ഫൈബ്രോയ്ഡ് കൂടുതലായി കാണുന്നു.

ഫൈബ്രോയ്ഡ് പല രീതിയിലുണ്ടാകാം. ഗര്‍ഭപാത്രത്തിനുള്ളിലേക്കു തള്ളിനില്‍ക്കുന്നവ (Sub mucous),ഗര്‍ഭാശയ പേശികള്‍ക്കുള്ളില്‍ വളരുന്നവ (Intramural),  ഗര്‍ഭാശയത്തിനു പുറത്തേക്കു തള്ളിനില്‍ക്കുന്നവ (Sub serous)  എന്നിങ്ങനെയാണ് സാധാരണയായി അവയെ തരംതിരിക്കുന്നത്. സ്ഥാനം അനുസരിച്ച് അവയുണ്ടാക്കുന്ന രോഗലക്ഷണങ്ങളിലും ഏറ്റക്കുറിച്ചല്‍ വരാം.

പുറത്തേക്കു തള്ളിനില്‍ക്കുന്ന മുഴകള്‍ വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കണമെന്നില്ല. അവ പലപ്പോഴും ഗര്‍ഭാശയത്തിന്റെ വലുപ്പം കൂട്ടുകയും വയറില്‍ കട്ടിയായി

പ്രത്യക്ഷപ്പെടുകയും ചെയ്യും. അവയുണ്ടാക്കുന്ന ലക്ഷണങ്ങള്‍ കൂടുതലും ചുറ്റുമുള്ള മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നതുമൂലമാണ്.
ഉള്ളിലേക്കു തള്ളിനില്‍ക്കുന്നതും ഗര്‍ഭാശയപേശികള്‍ക്കുള്ളില്‍ വളരുന്നവയുമായ മുഴകള്‍ ആര്‍ത്തവസമയത്ത് അമിതരക്തസ്രാവവും കഠിനമായ വേദനയും ഉണ്ടാക്കും. ഇത്തരം മുഴകള്‍ അധികം വലുപ്പമുള്ളതല്ലെങ്കില്‍പ്പോലും രോഗലക്ഷണങ്ങളുണ്ടാക്കാം.

സാധാരണയായി ഗര്‍ഭപാത്രത്തില്‍ ഒന്നിലധികം മുഴകള്‍ ഉണ്ടാകാം. വലുതായി ഒരെണ്ണം മാത്രമേ കാണപ്പെടുന്നുള്ളു എങ്കിലും വളരെ ചെറിയ അനേകം മുഴകള്‍ ഉണ്ടായെന്നുവരാം. കടുകുമണിയുടെ വലുപ്പംമുതല്‍ വയറുമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വലുപ്പംവരെ അവയ്ക്കുണ്ടാകാം. പലപ്പോഴും അനേകം മുഴകളുള്ള ഗര്‍ഭാശയത്തിന്റെ ആകൃതിതന്നെ വളരെ വ്യത്യാസപ്പെട്ടിരിക്കും. സാധാരണ പേശീതന്തുക്കളെക്കാള്‍ കട്ടിയുള്ളവയാണ് ഈ മുഴകള്‍. പലപ്പോഴും കാത്സ്യം അടിഞ്ഞുകൂടുന്നതുമൂലം വളരെ കഠിനമായോ, ഡീജനറേഷന്‍ വന്ന് മൃദുവായോ ഇവ കാണപ്പെടാം. അമിത രക്തസ്രാവമാണ് ഇവയുണ്ടാക്കുന്ന ഏറ്റവും പ്രധാന രോഗലക്ഷണം. ആര്‍ത്തവചക്രം കൃത്യമാകുകയും എന്നാല്‍ രക്തസ്രാവത്തിന്റെ അളവ്, ആര്‍ത്തവദിനങ്ങളുടെ എണ്ണം എന്നിവ അധികമാകും. അമിതരക്തസ്രാവംമൂലം സ്ത്രീകളില്‍ വിളര്‍ച്ച ഉണ്ടാകുന്നത് സാധാരണയാണ്. രക്തത്തിന്റെ അളവ് വളരെ കുറഞ്ഞാല്‍ ക്ഷീണവും നെഞ്ചിടിപ്പും അണുബാധയും ഉണ്ടാകാം. പലപ്പോഴും രക്തം കുത്തിവയ്ക്കേണ്ടിവന്നേക്കാം.
ആര്‍ത്തവസമയത്തെ വയറുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്നപോലെയോ കഴയ്ക്കുന്നതുപോലെയോ വേദനയുണ്ടാകാം. വയറിനുള്ളില്‍ ഭാരം അനുഭവപ്പെടല്‍, വയറ് തള്ളിനില്‍ക്കുക തുടങ്ങിയവയും വലിയ മുഴകളുള്ളപ്പോള്‍ അനുഭവപ്പെടാം. മുഴകളുടെ വലുപ്പവും സ്ഥാനവും അനുസരിച്ച് ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദമുണ്ടാകാം. അങ്ങിനെ മൂത്രസഞ്ചിയില്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ മൂത്രതടസ്സം, വന്‍കുടലില്‍ സമ്മര്‍ദമുണ്ടായാല്‍ മലബന്ധം എന്നിവയുമുണ്ടാകാം. വൃക്കകളില്‍നിന്നു താഴേക്കുവരുന്ന മൂത്രനാളികളില്‍  സമ്മര്‍ദമുണ്ടായാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. കാലുകളിലേക്കുള്ള രക്തക്കുഴലുകളില്‍ പ്രഷര്‍ വരുന്നതുവഴി കാലുകളില്‍ നീരും നാഡികളിലുണ്ടാകുന്ന സമ്മര്‍ദംമൂലം നടുവേദനയും ഉണ്ടാകാം.

ഗര്‍ഭാശയമുഴകള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാം. അടിയ്ക്കടി ഗര്‍ഭം അലസാനും അവ കാരണമാകാം. ഗര്‍ഭസമയത്ത് അവയിലെ രക്തചംക്രമണത്തില്‍ വ്യത്യാസം ഉണ്ടാകുന്നതുമൂലം കഠിനമായ വയറുവേദന അനുഭവപ്പെടാം. പ്രസവസമയത്ത് അമിതരക്തസ്രാവം ഉണ്ടാകാനും ഇവ കാരണമാകാം.

സാധാരണഗതിയില്‍ ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ പലപ്പോഴും രോഗനിര്‍ണയം സാധ്യമാകും. എന്നിരുന്നാലും ഓവറിയിലെ ട്യൂമര്‍, അഡീനൊമിയോസിസ് (adenomyosis) എന്നീ അവസ്ഥകളില്‍നിന്ന് വേര്‍തിരിച്ചറിയാനും, മുഴകളുടെ എണ്ണം, വലുപ്പം,സ്ഥാനം എന്നിവ നിര്‍ണയിക്കാനും അള്‍ട്രാസൌണ്ട് സ്കാനിങ് സഹായിക്കും.
ഗര്‍ഭാശയമുഴകളുടെ ചികിത്സ സാധാരണഗതിയില്‍ ഓപ്പറേഷന്‍ ആണ്. മുഴ മാത്രമായോ ഗര്‍ഭപാത്രം മുഴുവനായോ നീക്കംചെയ്യുന്നു. എന്നാല്‍ എല്ലാ ഫൈബ്രോയ്ഡിനും ചികിത്സ ആവശ്യമില്ല. ചെറുതും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാത്തതുമായ ഫൈബ്രോയ്ഡ് നീക്കംചെയ്യേണ്ടതില്ല. എന്നാല്‍ അവയുടെ വളര്‍ച്ച നിരീക്ഷിക്കേണ്ടതാണ്. പെട്ടെന്ന് വളരുകയോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ അവ നീക്കംചെയ്യണം.

വലുതും, അമിതരക്തസ്രാവം, ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദം തുടങ്ങിയവ ഉണ്ടാക്കുന്ന ഫൈബ്രോയ്ഡ് നീക്കംചെയ്യുകതന്നെ വേണം. സാധാരണയായി കുട്ടികളൊക്കെയായ സ്ത്രീകളില്‍ ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ഓപ്പറേഷനാ (Hysterectomy) ണ് ചെയ്യുക. മുഴകള്‍ മാത്രം നീക്കംചെയ്യുന്ന ഓപ്പറേഷന്‍ (Myomectomy) ഗര്‍ഭപാത്രം സംരക്ഷിക്കേണ്ടവര്‍ക്കാണ് ചെയ്യുന്നത്. പലപ്പോഴും മുഴകള്‍ നീക്കംചെയ്തശേഷം മറ്റു മുഴകള്‍ വളര്‍ന്ന് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഗര്‍ഭാശയ മുഴകള്‍ക്കുള്ള ഓപ്പറേഷന്‍ വയറുതുറന്നോ, കീഹോള്‍വഴിയോ ചെയ്യാന്‍സാധിക്കും.

ഫൈബ്രോയ്ഡിന്റെ രക്തക്കുഴലുകളെ ബ്ളോക്ക്ചെയ്യുന്ന (Embolisation)   എന്ന ചികിത്സാരീതിയുണ്ട്. ചില മരുന്നുകള്‍കൊണ്ട് ഓപ്പറേഷനു മുമ്പായി മുഴകളെ താല്‍ക്കാലികമായി ചുരുക്കാന്‍സാധിക്കും. എന്നാല്‍ മരുന്നു നിര്‍ത്തിയാല്‍ അവ തിരിച്ച് പഴയ വലുപ്പത്തിലെത്തും.

ഗര്‍ഭാശയമുഴകള്‍ അര്‍ബുദമായി മാറനുള്ള സാധ്യത  0.5% മാത്രമാണ്.ഇങ്ങിനെ സംഭവിക്കാനുള്ള സാധ്യത വളരെ പെട്ടെന്ന് വളരുന്ന മുഴകളിലും, ആര്‍ത്തവവിരാമശേഷം വലുതാകുന്ന മുഴകളിലും മുന്നില്‍ക്കാണേണ്ടതാണ്. ഗര്‍ഭാശയമുഴകള്‍ക്കെല്ലാം ഓപ്പറേഷന്‍ ആവശ്യമില്ലെങ്കിലും, കൃത്യമായ ഇടവേളകളിലെ പരിശോധന ഒഴിച്ചുകൂടാനാവാത്തതാണ്.

(തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഡോക്ടറാണ് ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top