09 August Sunday

കുട്ടികളിലെ സംസാര വൈകല്യം ചികിത്സവൈകരുത്

മായ ലീലUpdated: Thursday Feb 13, 2020തലച്ചോറിലെ പ്രശ്‌നങ്ങൾ കാരണം കുട്ടികളുടെ വളർച്ചയിൽ ഉണ്ടാകുന്ന തകരാറുകളും അതുണ്ടാക്കുന്ന പ്രതിസന്ധികളും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌.

നമ്മുടെ നാട്ടിൽ,  ഇത്തരം പ്രതിസന്ധികൾ നേരിടുന്ന കുട്ടികൾ എണ്ണത്തിൽ ഒട്ടും കുറവല്ല. സംസാരിക്കാൻ തുടങ്ങുന്നത് വൈകുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞൊഴിയുന്ന ഒരു ന്യായമാണ് തന്റെ   കുടുംബത്തിൽ ആർക്കോ ഉണ്ടായിരുന്ന ഇത്തരം വൈകിയ വളർച്ച. ഇതൊരു യുക്തിസഹമായ ന്യായമല്ല, കുട്ടികൾക്ക് ഭാഷയും, സംസാരവും, ജ്ഞാനപ്രക്രിയകളും സമയബന്ധിതമായി വളരുക എന്നത് പ്രധാനമാണ്. വൈകി സംസാരിക്കാൻ തുടങ്ങുന്ന കുട്ടികൾക്ക് പിന്നീട് വായനയിലോ എഴുത്തിലോ സംസാരത്തിൽ തന്നെയോ പ്രകടമായതോ സൂക്ഷ്‌മമായതോ ആയ നിരവധി പ്രതിസന്ധികൾ ഉണ്ടാകുന്നു എ്ന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

തലച്ചോറിന്റെ സുപ്രധാന കഴിവുകളിൽ ഒന്നാണ് ഭാഷ. അതിലുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും തലച്ചോറിന്റെ പ്രവർത്തനക്ഷമതയുടെ അളവുകോലാണ്. ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വയം സ്വായത്തമാക്കുന്ന ഒന്നാണ് ഭാഷ. ചുറ്റിനും കേൾക്കുന്ന ഭാഷ ഏതാണോ അതിന്റെ സവിശേഷതകളിലേയ്ക്ക് തലച്ചോർ പാകപ്പെടുന്നു. ഏത് ഭാഷ എന്നത് വളരുന്ന തലച്ചോറിന് വിഷയമല്ല. ഏത് ഭാഷയും എത്ര ഭാഷകളും സ്വായത്തമാക്കാൻ സജ്ജമാണത്‌.

ഇതാണ് സ്വാഭാവികത അല്ലെങ്കിൽ സാധാരണത്വം എന്നിരിക്കേ, ഇങ്ങനെ ഭാഷ സ്വയം ആർജ്ജിക്കാനും സംസാരമായി അതുപയോഗിക്കാനും കഴിയാത്ത ഒരു തലച്ചോറിന് പുറത്ത് നിന്നുള്ള സഹായം വേണ്ടിവരും. ചിലപ്പോൾ ഒരു ചെറിയ ഉത്തേജനം, ചിലപ്പോൾ വളരെ പ്രയത്നമുള്ള ചികിത്സാരീതി. രണ്ടായാലും ചികിത്സ തേടുക എന്നതുതന്നെയാണ് പ്രധാനം.


 

സംസാരത്തിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും, ഭാഷ സ്വായത്തമാക്കുന്നതിൽ നേരിടുന്ന പ്രയാസങ്ങളും രണ്ടും രണ്ടാണ്. സംസാരത്തിൽ കാണുന്ന  പ്രശ്നങ്ങൾ ഉച്ചാരണത്തിലോ, സംസാരത്തിന്റെ ഒഴുക്കിലോ (ഉദാ: വിക്ക്) ആണ്. കാലേകൂട്ടി രോഗനിർണയം നടത്തിയാൽ ഇത് വളരെ എളുപ്പത്തിൽ കൃത്യമായ തെറാപ്പി കൊണ്ട് പരിഹരിക്കാ്‌ം. ഉച്ചാരണത്തിലെ പ്രതിസന്ധിയുടെ ഒരുദാഹരണം നോക്കാം. Fronting എന്ന് പേരായ ഒരു പ്രക്രിയയിൽ വായുടെ പിന്നിൽ നിന്നുച്ചരിക്കുന്ന ക,ഖ,ഗ,ഘ മുതലായ അക്ഷരങ്ങൾക്ക് പകരം വായുടെ മുന്നിൽ നിന്നുച്ചരിക്കുന്ന ത,പ,ട മുതലായ അക്ഷരങ്ങൾ ഉച്ചരിക്കും (കപ്പിന് പകരം പപ്പ്, കാലിന് പകരം താൽ എന്നൊക്കെ പറയുന്നത്). കുമാർ എന്നോ കബീർ എന്നോ പേരായ ഒരു മൂന്ന് വയസ്സുകാരനാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിടുന്നത് എന്ന് കരുതുക. അവന്റെ പേരെന്താണ് എന്ന ചോദ്യം അവൻ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാഹചര്യമാവുകയും, ഉത്തരം പറയുമ്പോൾ അതിലെ പിഴവെന്താണ് എന്ന് മനസ്സിലാവാതിരിക്കുകയും, ഓരോ തവണയും പരിഹാസ ചിരികൾ ഉയരുന്നത് എന്തിനെന്നു അവൻ ഭയപ്പെടുകയും ചെയ്യും.

ഭാഷ സ്വായത്തമാക്കുന്നതിൽ വരുന്ന പ്രതിസന്ധി, കാര്യങ്ങൾ ഗ്രഹിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും പ്രയാസം ഉണ്ടാക്കും. ബുദ്ധിവളർച്ചയുടെ വൈഷമ്യങ്ങളോ, ഓട്ടിസമോ തുടങ്ങി ഇത്തരത്തിലുള്ള നിരവധി അവസ്ഥകളുണ്ട്. ഇതിനു തെറാപ്പിയുടെ വഴികൾ വേറിട്ടതാണ്. ഇവിടെയാണ് മാതാപിതാക്കളുടെ നിഷേധാത്മക സമീപനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. എന്ത് ചികിത്സ നൽകണം എന്ന് തീരുമാനിക്കണമെങ്കിൽ എന്താണ് പ്രതിസന്ധി എന്ന് കൃത്യമായി പരിശോധിച്ച്‌  രോഗനിര്‍ണ്ണയം നടത്തണം, ഇങ്ങനെ ഒരു രോഗനിർണ്ണയം കുഞ്ഞുങ്ങൾക്ക് വിധിക്കുന്ന ജീവപര്യന്തതടവല്ല. മറിച്ച് ലഭ്യമായ ചികിത്സാ രീതികളിൽ നിന്നും ഓരോ കുട്ടിയ്ക്കും വേണ്ടുന്ന തെറാപ്പി ആസൂത്രണം ചെയ്യാനാണ്. ഇത്തരത്തിൽ ടെസ്റ്റുകൾ നടത്താൻ വൈകുന്നതും രോഗനിർണ്ണയം അംഗീകരിക്കാൻ മടിക്കുന്നതും കുഞ്ഞുങ്ങൾക്ക് ഭേദപ്പെടാൻ ഉള്ള സമയം വൈകിക്കലാണ്.

(സ്പീച്ച് തെറാപ്പിസ്റ്റാണ് ലേഖിക)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top