19 August Friday
ലോക ഗ്ളോക്കോമ വാരം മാര്‍ച്ച് 8–15

ഗ്ളോക്കോമ അന്ധതയുണ്ടാക്കാം

ഡോ. സുരേഷ് പുത്തലത്ത്Updated: Thursday Mar 10, 2016

ഗ്ളോക്കോമയും അതുകൊണ്ടുണ്ടാകുന്ന അന്ധതയും ഇന്ത്യയില്‍ ഇപ്പോള്‍ കൂടിവരികയാണ്. ആയിരംപേരില്‍ ഏകദേശം 14–15 പേര്‍ക്ക് ഈ രോഗം ഉണ്ട്. ഈ രോഗം കണ്ടുപിടിക്കാനുള്ള കാലതാമസംകൊണ്ട് ഒരു വലിയ ശതമാനം രോഗികള്‍ക്കും കാഴ്ച നഷ്ടപ്പെടുന്നു.  മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ലോകമാകെ ഗ്ളോക്കോമ വാരമായി ആചരിക്കുകയാണ്. 

കണ്ണിന്റെ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന കൂട്ടം രോഗങ്ങള്‍ക്കാണ് ഗ്ളോക്കോമ എന്നു പറയുന്നത്. ഏറ്റവും സാധാരണയായി കാണാറുള്ള ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ ബാധിച്ചിട്ടുള്ള 75 ശതമാനം രോഗികള്‍ക്കും ഈ രോഗമുണ്ടെന്ന് അറിയില്ല. പ്രാരംഭദശയില്‍  ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ രോഗം വര്‍ഷങ്ങള്‍കൊണ്ട് നമ്മെ അന്ധരാക്കിയേക്കാം. പല രോഗികളിലും കണ്ണിന്റെ പ്രഷര്‍ കൂടുന്നതുമൂലമാണ് ഗ്ളോക്കോമ ഉണ്ടാകുന്നത്. കണ്ണിന്റെ മുന്‍ഭാഗത്തുള്ള ആന്റീരിയല്‍ ചേംബറിലൂടെ ഒഴുകുന്ന ദ്രാവകം കണ്ണിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ഈ ദ്രാവകം കണ്ണിന്റെ ആംഗിളില്‍ എത്തുമ്പോള്‍ ഒരു സ്പോഞ്ചിലൂടെ ഒഴുകി കണ്ണിന് പുറത്തേക്ക് പോകുന്നു. ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമയില്‍ ഈ സ്പോഞ്ചിലൂടെ പുറത്തേക്ക് പോകുവാന്‍ തടസ്സമനുഭവപ്പെടുന്നു. പുറത്തേക്ക് പോകാന്‍ പറ്റാതെ കെട്ടിക്കിടക്കുന്ന ദ്രാവകം കണ്ണിന്റെ പ്രഷര്‍ വര്‍ധിപ്പിക്കുന്നു. ഇങ്ങനെ കണ്ണിന്റെ പ്രഷര്‍ വര്‍ധിക്കുമ്പോള്‍ കണ്ണിന്റെ ഞരമ്പിനു കേടുപറ്റി കാഴ്ചശക്തി നഷ്ടപ്പെടുന്നു.രോഗത്തെ നിയന്ത്രിക്കാം
ശരിയായ ആരോഗ്യമുള്ള കണ്ണിന്റെ മര്‍ദം 10–20 ാാ ീള വഴ ആയിരിക്കും. ഒരു ദിവസത്തില്‍ പല സമയത്തായി ഇതിന്റെ അളവില്‍ മാറ്റമുണ്ടാകും. അതായത് രാവിലെ കൂടുതലും രാത്രിസമയമാകുമ്പോള്‍ ഇതിന്റെ അളവ് കുറഞ്ഞുംവരും. ആയതുകൊണ്ട് ഒരു പ്രാവശ്യത്തെ പരിശോധനയില്‍ കിട്ടുന്ന അളവ് ഒരിക്കലും പര്യാപ്തമല്ല.

ജന്മനാലുള്ള ഗ്ളോക്കോമകള്‍ ഉണ്ട്. കുട്ടികളില്‍ കാണുന്നത് ജന്മനായുള്ള ഗ്ളോക്കോമ (ബുഫ്താല്‍മോസ്/കാളക്കണ്ണ്), മുതിര്‍ന്നവരില്‍ കാണുന്നത് ഓപ്പണ്‍ ആംഗിള്‍/ക്ളോസ്ഡ് ആംഗിള്‍ ഗ്ളോക്കോമ.

ജന്മനാലുള്ള ഗ്ളോക്കോമ താരതമ്യേന അപൂര്‍വമായി കുട്ടികളില്‍ കണ്ടുവരുന്ന ഒരവസ്ഥയാണ്. ഏകദേശം 1000 ത്തില്‍ ഒന്ന് എന്ന കണക്കില്‍ നവജാതശിശുക്കളില്‍ ഇത് കണ്ടുവരുന്നു. സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കാണുന്നത്. എന്നാല്‍, അപൂര്‍വമായി പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലും ഇത് കാണാറുണ്ട്. ഇത് ജുവനയില്‍ ഗ്ളോക്കോമ എന്നറിയപ്പെടുന്നു. 65 ശതമാനം ആണ്‍കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. 75 ശതമാനത്തോളം രണ്ട് കണ്ണിലും ഇത് കാണാറുണ്ട്. എന്നാല്‍ അത് ചിലപ്പോഴായി ഒരു കണ്ണിന് മാത്രവും കാണും.  കുട്ടികളില്‍ ഈ അവസ്ഥയുണ്ടാകുന്നതിന് കാരണം ആംഗിള്‍ വികസനം അസാധാരണമാകുമ്പോള്‍ കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ ഒഴുക്കിലുണ്ടാകുന്ന തടസ്സമാണ്. കുട്ടികളുടെ കണ്ണ് മുതിര്‍ന്നവരുടെ കണ്ണിനെ അപേക്ഷിച്ച് കൂടുതല്‍ അയഞ്ഞതായതിനാല്‍ മര്‍ദം കൂടുമ്പോള്‍ ക്രമേണ കണ്ണ് വലുതാകും. അതുകൊണ്ട് കാളയുടെ കണ്ണ്പോലെ വലുതായി തോന്നും. അതുകൊണ്ട് ബുഫ്താല്‍മോസ് (ഓക്സ് ഐ) എന്ന് വിളിക്കുന്നു.

കുട്ടികളെ എപ്പോള്‍ ഡോക്ടറെ കാണിക്കണം: വലിയ കണ്ണ്, വലിയ നേത്രപടലം, നേത്രപടലത്തിലെ വെളുത്ത പാട, കണ്ണില്‍നിന്ന് വെള്ളം വരിക, വെളിച്ചത്തില്‍ നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണില്‍ ചുവപ്പുനിറം, കണ്ണില്‍ വെളുത്ത ഭാഗത്ത് നീലനിറം കാണപ്പെടുക, കാഴ്ചക്കുറവ് (പ്രത്യേകമായും ഹ്രസ്വദൃഷ്ടി), മുഖത്ത് വലിയ മറുകുകള്‍ എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍ വിദഗ്ധ പരിശോധന നടത്തുക. ഈ രോഗം മരുന്നുകൊണ്ട് മാറ്റാന്‍ പറ്റുന്നതല്ല. ശസ്ത്രക്രിയകൊണ്ട് മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളു. കണ്ണിലെ ഡ്രെയ്നേജ് ചാനലുകളെ തുറന്നുകൊടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

നാരോ ആംഗിള്‍ ഗ്ളോക്കോമ
രോഗലക്ഷണങ്ങള്‍: കണ്ണുകള്‍ക്ക് കടുത്ത വേദന, തലവേദന, കാഴ്ച മങ്ങല്‍ എന്നിവയാണ് അനുഭവപ്പെടുക. പ്രകാശത്തിന്റെ ഉറവിടങ്ങള്‍ക്ക് ചുറ്റും മഴവില്ലുപോലെ ഒരു ദീപ്തിവലയം അനുഭവപ്പെടും. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അമ്പതിനും അറുപതിനും ഇടയ്ക്കുള്ള പ്രായത്തിലും ദീര്‍ഘദൃഷ്ടിയുള്ളവരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കണ്ണിന്റെ ഐറിസ് എന്ന ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി അക്വസ് ഹ്യൂമറിന്റെ ഒഴുക്കിന് വഴി തുറന്നുകൊടുക്കുന്നു. മുമ്പ് ഇത് ആശുപത്രികളില്‍ കിടത്തി ശസ്ത്രക്രിയ വഴി ചികിത്സിക്കുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ ലേസര്‍ ചികിത്സ വഴി ഇത് എളുപ്പത്തില്‍ ചെയ്യാം. ഇതിനായി രോഗികളെ കിടത്തിചികിത്സ നടത്തേണ്ട ആവശ്യമില്ല.

ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ
ഓപ്പണ്‍ ആംഗിള്‍ ഗ്ളോക്കോമ എന്നാല്‍ സാവധാനമായി കണ്ണിന്റെ കാഴ്ചയെ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ്. നഷ്ടപ്പെട്ട കാഴ്ച ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ല. രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍ ഒരു സാധാരണ പരിശോധനക്ക് വിധേയമാകുമ്പോഴാണ് ഈ രോഗം നിര്‍ണയിക്കപ്പെടുന്നത്. ഈ അവസ്ഥ കാണപ്പെടുന്നത് 60 വയസ്സിന് മുകളിലുള്ള ആളുകളിലാണ്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഈ രോഗാവസ്ഥയുണ്ടെങ്കില്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘദൃഷ്്ടിയുള്ളവര്‍, പ്രമേഹരോഗികള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തുടര്‍ച്ചയായി ചില മരുന്നുകള്‍ (സ്റ്റിറോയ്ഡ്) ഉപയോഗിക്കുന്നതും ഒരു പരിധിവരെ ഗ്ളോക്കോമക്ക് കാരണമാകും.

ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും സാധാരണയായി കാണിക്കാറില്ല. എങ്കിലും വെള്ളെഴുത്തിന് ഉപയോഗിക്കുന്ന കണ്ണടകള്‍ ഇടയ്ക്കിടക്ക് മാറ്റേണ്ടിവരിക, ദൃശ്യമണ്ഡലത്തിന്റെ പരിധിയിലുള്ള കാഴ്ചയുടെ വ്യത്യാസം, ഏറ്റവും ഒടുവിലായി കാഴ്ച (ഠഡചചഋഘ ഢകടകഛച) പൂര്‍ണമായും ഒരു കുഴിലിലൂടെ നോക്കുന്ന രീതിയിലായിത്തീരുക എന്നിവ ലക്ഷണങ്ങളാണ്.

എന്തൊക്കെ ചെയ്യണം
നേത്രത്തിന്റെ മര്‍ദം (കചഠഞഛഇഡഘഅഞ ജഞഋടടഡഞഋ) തിട്ടപ്പെടുത്തുക, ദൃശ്യമണ്ഡലത്തിന്റെ (എശലഹറ) നില പരിശോധിക്കുക അതായത് ഞരമ്പിന്റെ ശക്തിക്ഷയം മനസ്സിലാക്കുന്നതിനായി ഒരു കംപ്യൂട്ടറൈസ്ഡ് യന്ത്രം ഉപയോഗിച്ച് നടത്തുന്ന  പരിശോധനയാണിത്. നേത്രനാഡിയുടെ ഞരമ്പിന്റെ വിദഗ്ധ പരിശോധനയാണിത്. (ഛജഒഠഒഅഘങഛടഇഛജഥ). തുള്ളിമരുന്നുകൊണ്ട് ഗ്ളോക്കോമയെ നിയന്ത്രിക്കാനും ഒരുവേള ശസ്ത്രക്രിയ ഒഴിവാക്കുകയോ, നീട്ടിവെയ്ക്കുകയോ ചെയ്യാനും സാധിക്കും. എന്നാല്‍ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനാവില്ല. അതിനാല്‍ തുടക്കത്തില്‍തന്നെ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. മരുന്നുകൊണ്ടുള്ള മിക്ക ചികിത്സകളും കണ്ണിലെ ദ്രാവകത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ഡ്രെയ്നേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്. തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കാത്തവര്‍ക്കും രൂക്ഷമായ രോഗമുള്ളവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായിരിക്കും.

ഗ്ളോക്കോമ രോഗികളില്‍ ചിലര്‍ക്ക് ലേസര്‍ ചികിത്സകൊണ്ട് വളരെയേറെ പ്രയോജനം ലഭിക്കും. ഓപ്പറേഷന്‍ വഴി കണ്ണിലുള്ള ദ്രാവകത്തിന് പുറത്തേക്കൊഴുകുന്നതിനുള്ള പുതിയ വഴി തുറന്നുകൊടുക്കുകയും അതുവഴി കണ്ണിന്റെ പ്രഷര്‍ കുറയ്ക്കാനും സാധിക്കും.

(കോഴിക്കോട് പുത്തലത്ത് ഐ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഡയറക്ടറാണ് ലേഖകന്‍)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top