ആപ്പുകളുടെ കാലമാണിപ്പോള്‍. എന്തിനും ഏതിനും വിവരങ്ങള്‍ നല്‍കുന്നതിന് മൊബൈല്‍ ആപ്പുകള്‍ റെഡിയാണ്. സ്ത്രീകള്‍ക്ക് സന്തോഷവും ഒപ്പംതന്നെ ഒട്ടേറെ സംശയങ്ങളും ആശങ്കകളും നിറഞ്ഞ ഗര്‍ഭകാലത്തേക്കുവേണ്ട സേവനങ്ങളൊരുക്കുന്ന ഐ ലൌവ് 9 മന്ത്സ് എന്ന മൊബൈല്‍ ആപ് അവതരിപ്പിച്ച് രണ്ടുമാസത്തിനുള്ളില്‍തന്നെ ശ്രദ്ധേയമാകുകയാണ് മൂന്ന് മലയാളി വനിതകള്‍. കഴിഞ്ഞ ഒക്ടോബറില്‍ ബംഗളൂരുവില്‍ നടന്ന ലോക സ്റ്റാര്‍ട്ട് അപ് എക്സ്പോയില്‍ ഈ മൊബൈല്‍ ആപ്പിന്റെ ആശയം അവതരിപ്പിച്ചത് മലയാളികളായ സുമ അജിത്, ഗംഗ രാജ്, അഞ്ജലി രാജ് എന്നിവരാണ്.
മെഡിക്കല്‍ വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ തയ്യാറാക്കിയ ആപ് ജനുവരി ഒമ്പതിന് അവതരിപ്പിച്ചശേഷം ഇതിനകം നിരവധി ഹിറ്റുകളാണ് ലഭിച്ചതെന്ന് ഓപ്പറേഷന്‍സ് ചുമതലവഹിക്കുന്ന സുമ പറഞ്ഞു. അമ്മയാകാന്‍ തയ്യാറെടുക്കുന്ന അണുകുടുംബങ്ങളിലെ ചെറുപ്പക്കാരികള്‍ക്ക് ഗര്‍ഭാവസ്ഥയെക്കുറിച്ച് നിരവധി ആശങ്കകളും സംശയങ്ങളും ഉണ്ടാകും.അതെല്ലാം ദൂരീകരിക്കുന്നതിന് അവരുടെ അമ്മയോ മറ്റ് മുതിര്‍ന്നവരോ കൂടെ ഉണ്ടാവുകയുമില്ല. ഇത്തരം ഘട്ടങ്ങളില്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളാണ് ഇവരുടെ സഹായത്തിനെത്തുക. ഗ്രാമങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് ലഭ്യമായതോടെ എവിടെയാണെങ്കിലും തങ്ങളുടെ ഗര്‍ഭകാല സംബന്ധിയായ സംശയങ്ങള്‍ ഇവര്‍ക്ക് ഈ ആപ്പിലൂടെ പരിഹരിക്കാനാകും.
ഗര്‍ഭകാലം വിശ്രമകാലമാണെന്ന വിശ്വാസം ഇപ്പോള്‍ മാറിയിട്ടുണ്ട്. ഗര്‍ഭകാലത്ത് 108 ദിവസം ചെയ്യാവുന്ന ലളിതവും വ്യത്യസ്തവുമായ വ്യായാമങ്ങള്‍ ശാരീരിക-മാനസിക ഉല്ലാസത്തിന് വളരെ സഹായകമാണ്. നിരവധി പേര്‍ ഇപ്പോള്‍ ഈ ആപ്പിലെ ഒമ്പതുമുതല്‍ 15 മിനിറ്റ്വരെയുള്ള ലളിതമായ വീഡിയോയിലൂടെ ഈ ഫിറ്റ്നെസ് പരിശീലിക്കുന്നുണ്ടന്ന് ഗംഗ പറഞ്ഞു. ഇതില്‍ എല്ലാ ഞാറാഴ്ചയുമുള്ള 'ഞങ്ങളോടൊപ്പം നടക്കാം' എന്ന പരിപാടി ഗര്‍ഭകാലത്ത് നടത്തത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വേളയില്‍ ഗര്‍ഭകാലവുമായി ബന്ധപ്പെട്ട ഭക്ഷണ കാര്യങ്ങള്‍, ചര്‍മസംരക്ഷണം, വസ്ത്രധാരണം തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചുമുള്ള ടിപ്പുകള്‍ ലഭ്യമാക്കുന്നു. ചോദ്യോത്തര വേളയില്‍ തങ്ങളുടെ സംശയങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി പങ്കുവയ്ക്കാനുമാകും. ഗര്‍ഭിണികളുടെ ശാരീരികവും വൈകാരികവും മാനസികവുമായ ശാക്തീകരണം ലക്ഷ്യമിടുന്ന ത്രിഗുണാത്മിക എന്ന ഈ പദ്ധതി വേഗംകുറവുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള സ്ഥലങ്ങളില്‍പ്പോലും ലഭിക്കുന്ന വിധത്തിലാണെന്ന് സുമ അറിയിച്ചു.
അടുത്തഘട്ടത്തില്‍ ഗര്‍ഭകാല, പ്രസവ പരിചരണത്തിനായി പരിശീലനം സിദ്ധിച്ച വനിതകളുടെ സേവനം ലഭ്യമാക്കുന്ന സഹോദരി എന്ന പദ്ധതി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ഗര്‍ഭകാലവേളയില്‍ വൈകാരിക പിന്തുണ നല്‍കുന്നതുമുതല്‍ അവരെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാനും കുഞ്ഞിനെ പരിചരിക്കാനുമുള്ള സേവനങ്ങള്‍വരെ സഹോദരിയിലൂടെ നടപ്പാക്കുമെന്ന് അഞ്ജലി രാജ് പറഞ്ഞു. മേയില്‍ തിരുവനന്തപുരത്ത് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് അഞ്ജലി അറിയിച്ചു. അടുത്തഘട്ടത്തില്‍ സ്കൈപ്പിലൂടെയും പദ്ധതി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പലാണ്. പ്രദേശിക ഭാഷകളിലും ഇത് അവതരിപ്പിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..