09 November Saturday

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ എന്ന നിശബ്ദ കൊലയാളി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

കൊച്ചി > കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ള മുതിർന്നവരിൽ 40 ശതമാനം പേരും അവരുടെ മരുന്നുകളുടെ ക്രമങ്ങൾ കൃത്യമായി പാലിക്കുന്നില്ല എന്നതാണ്. ഇത് തീർത്തും ആശങ്കാജനകമാണ്. കാരണം, ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ (എൽ.ഡി.എൽ.സി) കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ, ഹൃദ്രോഗങ്ങളിലേക്കും സ്‌ട്രോക്കിലേക്കും വരെ നയിച്ചേക്കാവുന്ന എദറോസ്‌ക്ലെറോസിസ് (atherosclerosis) എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഇത് കാരണമായേക്കാം.

രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമ്പോൾ പല രോഗികളും ചികിത്സ നിർത്താറുണ്ട്. ഇതിന്, പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയം, രോ​ഗം പൂർണമായി മാറി എന്ന തെറ്റിധാരണ തുടങ്ങിയ നിരവധി കാരണങ്ങൾ ഉണ്ടാകാം. എന്നാൽ, ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ദീർഘകാല ചികിത്സ അനിവാര്യമാണ്. ചിലപ്പോൾ, രോഗലക്ഷണങ്ങൾ ഇല്ലാതായാലും ചികിത്സ നിർത്തുന്നത് കൊളസ്‌ട്രോൾ ലെവൽ വീണ്ടും ഉയരാൻ ഇടയാക്കും. ഇത് ഹൃദ്രോഗ സംബന്ധമായ സങ്കീർണതകൾക്കും കാരണമാകാം. ഡയഗ്നോസ്റ്റിക് കമ്പനിയായ ഹെൽത്തിയൻസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 31 ശതമാനം ആളുകൾക്ക് ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെന്നും എദറോസ്‌ക്ലെറോട്ടിക് കാർഡിയോവാസ്കുലാർ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായും പറയുന്നു. കൊച്ചിയിൽ മാത്രം ഈ അനുപാതം 61 ശതമാനമാണ്.

"ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. രക്തത്തിലെ ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ സാധാരണയായി ഒരു നിശബ്ദ രോഗമാണ്.  പ്രായമാകുന്നതോടൊപ്പം രോ​ഗവും വർദ്ധിക്കുന്നു. കാലക്രമേണ ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. പൊതുവേ രോഗികൾക്ക് ഹൃദ്രോഗങ്ങളിൽ കൊളസ്‌ട്രോളിന്റെ പങ്കിനെക്കുറിച്ച് അറിയാമെങ്കിലും, ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് ആജീവനാന്ത പ്രക്രിയയാണെന്ന അവബോധം പലർക്കും ഇല്ല. പലരും തങ്ങൾക്ക് സൗഖ്യം തോന്നിത്തുടങ്ങിയാൽ എൽഡിഎൽ കൊളസ്‌ട്രോളിനുള്ള മരുന്ന് നിർത്താറുണ്ട്. എൽഡിഎൽ കൊളസ്‌ട്രോൾ ലെവൽ നിയന്ത്രണത്തിലായതിനാൽ പ്രശ്നം പരിഹരിച്ചു എന്നാണ് അവർ കരുതുന്നത്. എന്നാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് എൽഡിഎൽ കൊളസ്‌ട്രോൾ ലെവൽ പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അളവ് ഉയർന്നതാണെങ്കിൽ, മരുന്ന് ഉൾപ്പെടെയുള്ള ചികിത്സാരീതികളെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്" വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആൻഡ് എച്ച്ഒഡി ഡോ. ആനന്ദ് കുമാർ പറഞ്ഞു. 

ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന് പലപ്പോഴും ലക്ഷണങ്ങളുണ്ടാകാറില്ല. അതിനാൽതന്നെ എൽഡിഎൽ കൊളസ്ട്രോളിനെ 'നിശബ്ദ കൊലയാളി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയിൽ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവ അടയുകയും ചെയ്യുന്നു. എന്നാൽ രോഗിക്ക് ഇത് അനുഭവപ്പെടണമെന്നില്ല. ഇതിലൂടെ രോ​ഗികൾ സുരക്ഷിതരാണ് എന്ന തരത്തിലുള്ള തെറ്റായ ബോധം അവർക്ക് നൽകുകയും, അതുകൊണ്ട് പലരും കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്ന് ഉപയോഗം നിർത്തുകയും ചെയ്യുന്നു. എന്നാൽ മരുന്ന് നിർത്തുന്നത് വീണ്ടും എൽഡിഎൽ കൂടുന്നതിനും അതുവഴി ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. അതിനാൽ, ഡോക്ടർമാർ രോഗികളെ എപ്പോഴും എൽഡിഎൽ കൊളസ്ട്രോൾ നിരീക്ഷിക്കാനും മരുന്നുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ഉപദേശിക്കാറുണ്ട്.

കൊളസ്‌ട്രോൾ കുറയ്ക്കുന്ന മരുന്നുകളെക്കുറിച്ചുള്ള തെറ്റുധാരണകളാണ് മറ്റൊരു വെല്ലുവിളി. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമേ മരുന്നുകൾ ആവശ്യമുള്ളൂ എന്നാണ് ബഹുപൂരിപക്ഷം ആളുകളും തെറ്റുധരിച്ചിരിക്കുന്നത്. ചിലർ ഈ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. എൽഡിഎൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളോടൊപ്പം നിർദ്ദേശിച്ച മരുന്നുകളും കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ)യുടെ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളും അത്യാവശ്യമാണെങ്കിലും, ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ ഉള്ളവർക്ക് ഇതിനോടൊപ്പം മരുന്നുകളും ആവശ്യമായി വന്നേക്കാം.

എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് ഓരോരുത്തരുടെയും ഹൃദയാരോഗ്യത്തിനായുള്ള ദീർഘകാല പ്രതിബദ്ധതയാണ്. എൽഡിഎൽ കൊളസ്ട്രോൾ അളവുകൾ സ്ഥിരമായി നിരീക്ഷിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിവയിലൂടെ വ്യക്തികൾക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top