13 September Friday

'നമുക്ക് വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കാം' - ഇന്നു മുതല്‍, ഇനി മുതല്‍.

ഡോ. ഷിംന അസീസ്‌Updated: Friday Apr 7, 2017

ജലദോഷത്തിന് പോലും ഇഎന്‍ടിയെയും തലവേദനക്ക് നേരിട്ട് ന്യൂറോസര്‍ജനെയും കാണാന്‍ താല്‍പര്യം കാണിക്കുന്ന നമ്മള്‍ ആത്മഹത്യാപ്രവണത ഉള്ള വിഷാദത്തിനുപോലും മനോരോഗവിദഗ്ധനെ കാണാന്‍ മടിക്കുന്നു. വിഷാദരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
മറ്റേതൊരു രോഗംപോലെയും വിഷാദരോഗവും സഹനം ആവശ്യപ്പെടുന്നു. കൃത്യമായ ആശ്വാസം ലഭിക്കുമെന്നിരിക്കെ, ഒരു വ്യക്തി അനാവശ്യമായി സഹിക്കുന്നത് അനീതിയാണ്-
ഷിംന അസീസ്‌ എഴുതുന്നു

ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം. Let's talk Depression എന്നാണ്. നമുക്ക് വിഷാദത്തെക്കുറിച്ച് സംസാരിക്കാം എന്ന വിഷയത്തിലെ ഏറ്റവും വലിയ വിരോധാഭാസം ആരും തന്നെ വിഷാദത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ്.

ദുഃഖം തുറന്ന് പറയുന്നത് നാണക്കേടും കരയുന്നത് പക്വതക്കുറവുമായി കണക്കുകൂട്ടുന്ന നമ്മുടെ സമൂഹത്തില്‍, യഥാര്‍ഥ വിഷാദരോഗികളില്‍ പകുതിയോളം മാത്രമേ ശാസ്ത്രീയ ചികിത്സ തേടുന്നുള്ളു.

പകുതിയില്‍ താഴെ എന്ന് പറയുമ്പോള്‍ അതത്ര ചെറിയ സംഖ്യയല്ല. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏകദേശം മൂപ്പത് കോടി പേര്‍ക്ക് വിഷാദരോഗമുണ്ട്. 2020 വര്‍ഷത്തോടെ ഹൃദ്രോഗം കഴിഞ്ഞാല്‍ ലോകത്തിന് ബാധ്യതയാകുന്ന രണ്ടാമത്തെ  രോഗം വിഷാദരോഗമായിരിക്കുമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.

എന്താണ് വിഷാദരോഗം?

സദാ നിലനില്‍ക്കുന്ന വിഷാദഭാവവും സാധാരണയായി ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യം തോന്നാത്ത അവസ്ഥയും, ഈ മൂകത ദൈനംദിനകൃത്യങ്ങളെപോലും ബാധിച്ചുകൊണ്ട് ജീവിതം ദുഷ്കരമാകുകയും ചെയ്യുന്ന അവസ്ഥയാണ് വിഷാദരോഗം.

വിഷാദം എല്ലാവര്‍ക്കുമുള്ളതാണ്. ജീവിതത്തില്‍ ദുഃഖമില്ലാത്തവര്‍ ആരുമില്ല എന്നാല്‍ വിഷാദരോഗം അങ്ങനെയല്ല. ദുഃഖം മൂടിയ അവസ്ഥ ചുരുങ്ങിയത് രണ്ടാഴ്ചയെയെങ്കിലും അതിന്റെ സകല ലക്ഷണങ്ങളോടെ നിലനില്‍ക്കുമ്പോള്‍ മാത്രമേ വിഷാദരോഗം എന്ന് വിശേഷിപ്പിക്കാനാവൂ.

ഏറ്റവും ദുഃഖകരമായ കാര്യം, ചെറിയൊരു ജലദോഷത്തിന് പോലും സ്പെഷലിേസ്റ്റ് ഡോക്ടറെ കാണാന്‍ പോകുന്ന നമ്മള്‍, ജീവിതത്തിന്റെ സകലമേഖലയെയും ബാധിക്കുന്ന രീതിയില്‍ വിഷാദരോഗം മൂര്‍ഛിക്കുമ്പോള്‍ പോലും ഒരു മനോരോഗ വിദഗ്ധനെ കാണാന്‍ മടിക്കുന്നു എന്നതാണ്.

ചിലര്‍ക്കെങ്കിലും വിട്ടുമാറാത്ത ദുഃഖത്തിന് ഡോക്ടറെന്ത് ചെയ്യാനാണ് എന്ന നിസംഗതയാണ്. ജീവിതമല്ലേ, സുഖവും ദുഃഖവും മാറിമാറി വരും എന്ന താത്വികമായ അവലോകനത്തില്‍ കൊരുത്തിടുന്നു വേറെ ചിലര്‍. എന്നാല്‍ ഒരുവിധം പൂര്‍ണമായി തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു സംഗതിയാണ് വിഷദരോഗം എന്നതാണ് വസ്തുത.

വിഷാദരോഗത്തിന് മനസ്സെന്ന ഉദ്ഭവം കല്‍പിച്ചിരിക്കുന്നു, നമ്മള്‍. മനസ്സ് നെഞ്ചിലാണ്  എന്ന ചിന്തയും നമ്മെ ഭരിക്കുന്നു, തെറ്റാണ്.

വിഷാദത്തെ എന്നല്ല, ഏതൊരു വികാരവിചാരത്തേയും നിയന്ത്രിക്കുന്നത് മനസ്തിഷ്കമാണ്. വിഷാദരോഗത്തിനും തലച്ചോറിലെ സെറട്ടോണിന്‍ പോലുള്ള രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളുമായി നേരിട്ട് ബന്ധമുണ്ട്. ഇവയില്‍ സംഭവിക്കുന്ന താളപ്പിഴകളെ മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് കൃത്യമായി മനോരോഗവിഭാഗത്തില്‍ ചികിത്സ തേടണം എന്ന് പറയേണ്ടിവരുന്നത്.

എന്നിട്ടുപോലും മനോരോഗവിഭാഗത്തില്‍ പോകുന്നവരെല്ലാം ഭ്രാന്തന്‍മാരാണ് എന്നും, അവിടെ കിട്ടുന്ന ഗുളികകളെല്ലാം ഉറക്കഗുളികകള്‍ ആണെന്നും, അവ കഴിച്ച് തുടങ്ങിയാല്‍ മോചനമില്ല എന്നും അവ കിഡ്നിയെ താറുമാറാക്കും എന്നും നമ്മള്‍ ഉരുവിട്ട് പഠിച്ചിരിക്കുന്നു.

സൈക്യാട്രി വിഭാഗത്തോട് നമുക്ക് ഉള്ളില്‍ ഭയമോ അറപ്പോ ആണ്. ഉള്ളിലെ സങ്കടം നമ്മളെ കാര്‍ന്നു തിന്നാലും സമ്മതിക്കാന്‍ നമുക്ക് മടിയാണ്. ആശുപത്രിയിലെ മനോരോഗവിഭാഗത്തില്‍പോകുന്നത് നാട്ടുകാരോ പരിചയക്കാരോ കണ്ടേക്കുമോ എന്നാണ് നമ്മുടെ ആശങ്ക. വിഷാദരോഗത്തിന്റെ പാരമ്യതയില്‍  ആത്മഹത്യ ചെയ്തവര്‍പോലും വിദഗ്ധരില്‍ സഹായംതേടാന്‍ മടിച്ചത് മനോരോഗവിഭാഗത്തോടുള്ള ഈ അകല്‍ച്ച കൊണ്ടോ, ദുഃഖമുണ്ടെന്ന് അംഗീകരിക്കാന്‍ ഉള്ള വൈമനസ്യം കൊണ്ടോ ആവാം.

മനസ്സിലാക്കേണ്ടത് ഇതാണ്- വിഷാദരോഗത്തിന് ചികിത്സയുണ്ട്. ചികിത്സ ഇല്ലാത്തത് അന്യന്റെ വേദനയിലും മനോരോഗത്തിലും ആനന്ദവും ആശ്വാസവും കണ്ടെത്തുന്ന സാമൂഹിക ചിന്താഗതിക്കാണ്.

വിഷാദത്തിന്റെ കാരണങ്ങള്‍ പലപ്പോഴും സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാവാം. മരണവും വേര്‍പാടും പരീക്ഷതോല്‍വിയും ജോലിയില്‍ ഉയര്‍ച്ചയില്ലാത്തതും പ്രണയനൈരാശ്യവും എന്ന് വേണ്ട എന്തും വിഷാദരോഗത്തിന് കാരണമാകാം. അപ്പോഴും ചോദ്യമുയരുന്നത് ജീവിതപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കെല്ലാം വിഷാദരോഗം ഉണ്ടാകുന്നില്ലല്ലോ എന്നാണ്. തലച്ചോറില്‍ ഉള്ള ചില രാസമാറ്റങ്ങളും കൂടെ ചില ജീവിതസാഹചര്യങ്ങളുമാണ് മിക്കപ്പോഴും വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചിലരില്‍ ഈ സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ പോലും ഡിപ്രഷന്‍ ഉണ്ടാകും.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍

* സദാ ദുഃഖഭാവം
* മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങളോട് തോന്നുന്ന താല്‍പര്യക്കുറവ്.
* ദൈനംദിന കര്‍ത്തവ്യങ്ങള്‍ക്ക് ഭംഗം സംഭവിക്കുന്നവിധം വിഷാദംമൂടിയ അവസ്ഥ
* ഒറ്റക്കിരിക്കാനുള്ള താല്‍പര്യക്കൂടുതല്‍
* അസ്വസ്ഥത
* അമിതമായ കരച്ചില്‍
* ഭക്ഷണം വേണ്ടായ്ക/അമിതമായ ആഹാരം
* ഉറക്കക്കുറവ്/ഉറക്കക്കൂടുതല്‍
* ആത്മഹത്യാ പ്രവണത

ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോ അതിലേറെയോ നിലനിന്നാല്‍ മാത്രമേ വിഷാദരോഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളു.

ഈ രോഗം ഉണ്ടാക്കുന്ന സാമൂഹിക - തൊഴില്‍മേഖലാ സംബന്ധമായ പ്രാപ്തിക്കുറവ് (Socio- Occupational dysfunction) വലുതാണ്. സാമൂഹികവും തൊഴിലുമായി ബന്ധപ്പെട്ടും നന്നായി പെരുമാറാനും വിജയിക്കാനും സാധിക്കാത്തത് വിഷാദരോഗം കൊണ്ടാണെന്ന് രോഗി മനസ്സിലാക്കിയെന്നുവരില്ല. മനസിലാക്കിയാലും സമ്മതിച്ച് തരില്ല. ജീവിതത്തിന്റെ സകലമേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന വിഷാദരോഗം ഈ രോഗിയെ ജോലിസ്ഥലത്തും സമൂഹത്തിലും ഒറ്റപ്പെടുത്തും. ഇത് അയാളിലെ രോഗത്തിന്റെ തീവ്രത ഏറ്റുകയും ചെയ്യും.

വിഷാദരോഗത്തിനുള്ള ചികിത്സ വൈകാനുള്ള കാരണം പലതാണ്.
  * തനിക്ക് വിഷാദരോഗമാണെന്ന് രോഗി മനസ്സിലാക്കുന്നില്ല
  * മനസ്സിലാക്കിയാല്‍പോലും ചികിത്സിക്കുന്നില്ല.
  * ചികിത്സിച്ചാല്‍ തന്നെ അത് ശാസ്ത്രീയമാവണം എന്നില്ല
  * ശാസ്ത്രീയമായാല്‍ പോലും ചികിത്സവേണ്ട കാലഘട്ടം മുഴുവന്‍ കൃത്യമായി ചികിത്സ തുടരുന്നില്ല.
  * വിഷാദരോഗത്തോടും രോഗിയോടുമുള്ള സമൂഹത്തിന്റെ മനോഭാവം.
  * മനോരോഗവിഭാഗത്തോടുള്ള അകല്‍ച്ച
  *സമൂഹത്തോടുള്ള ഭയം
  * ചികിത്സപോലും വേണ്ടെന്ന് വെക്കുന്നവിധം സാരമായ നിരാശ, വിഷാദം.

എന്തുകൊണ്ട് വിഷാദം ചികിത്സിക്കപ്പെടണം?

ജലദോഷത്തിന് പോലും ഇഎന്‍ടിയെയും തലവേദനക്ക് നേരിട്ട് ന്യൂറോസര്‍ജനെയും കാണാന്‍ താല്‍പര്യം കാണിക്കുന്ന നമ്മള്‍ ആത്മഹത്യാപ്രവണത ഉള്ള വിഷാദത്തിനുപോലും മനോരോഗവിദഗ്ധനെ കാണാന്‍ മടിക്കുന്നു. വിഷാദരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
മറ്റേതൊരു രോഗംപോലെയും വിഷാദരോഗവും സഹനം ആവശ്യപ്പെടുന്നു. കൃത്യമായ ആശ്വാസം ലഭിക്കുമെന്നിരിക്കെ, ഒരു വ്യക്തി അനാവശ്യമായി സഹിക്കുന്നത് അനീതിയാണ്.

വ്യക്തിപരമായും വൈകാരികമായും സാമൂഹികമായും തൊഴിലിടത്തും ഒറ്റപ്പെടുന്ന അവസ്ഥ ഏറ്റവും കടുപ്പമുള്ള, മാരകമായ ശാരീരിക രോഗങ്ങള്‍ക്ക് പോലുമില്ല. എന്നാല്‍ വിഷാദരോഗിക്ക് രോഗം മാത്രം സഹിച്ചാല്‍ മതിയാകില്ല. ഇവയെല്ലാംതന്നെ സഹിക്കേണ്ടിവരുന്നു.
കടുത്ത വിഷാദം ആത്ഹമത്യാപ്രവണത ഉണ്ടാക്കുന്നതാണ്. 50% ആത്മഹത്യകളുടെ കാരണവും വിഷാദരോഗമാണ്.

എന്താണ് ചികിത്സ

ഔഷധവും ഔഷധേതര ചികിത്സയും ചേര്‍ന്നതാണ് വിഷാരോഗത്തിന്റെ ചികിത്സ. 6 മുതല്‍ 9 മാസം വരെയെങ്കിലും കൃത്യമായി ചികിത്സിക്കേണ്ടതുണ്ട്. മരുന്നുകള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന നേരിയ ക്ഷീണത്തെപോലും പാര്‍ശ്വഫലമെന്ന് കരുതി ചികിത്സ ഒഴിവാക്കുന്നത് വിപരീതഫലം ചെയ്യും.

മരുന്ന് കഴിച്ചുതുടങ്ങി അല്‍പം ആശ്വാസം കിട്ടുമ്പോഴേക്ക് മരുന്ന് നിര്‍ത്തുന്ന പ്രവണത കാണാറുണ്ട്. ഇത് തെറ്റാണ്.

മരുന്ന് കഴിച്ചുതുടങ്ങുമ്പോള്‍ അടുപ്പിച്ച് ഡോക്ടറെ കാണാന്‍ ആവശ്യപ്പെടുന്നത് രോഗിക്ക് ചികിത്സയോടുള്ള പ്രതികരണം അളകാനും, ആവശ്യമെങ്കില്‍ മാറി വരുത്താനും വേണ്ടിയാണ്. ഇത് തീര്‍ച്ചയായും ശ്രദ്ധിക്കണം.

വിഷാദത്തിനുള്ള ഒരു മരുന്നുപോലും മരുന്നിനോട് ആശ്രയത്വം/depression ഉണ്ടാക്കുന്നില്ല. മരുന്ന് ഡോസ് കുറച്ച് കൊണ്ടുവന്നാണ് നിര്‍ത്തുന്നത്. ഇവയെല്ലാം തന്നെ വളരെ ശാസ്ത്രീയമായി തുടര്‍ന്നു പോരുന്ന കാര്യങ്ങളാണ്.

വളരെക്കാലം കഴിക്കുന്നതുകൊണ്ട് ആന്തരികാവയവങ്ങള്‍ തകരാറിലാകുമോ എന്ന ഭീതി മിക്കവര്‍ക്കും ഉള്ളതാണ്. ഇതും തെറ്റാണ്. വളരെ സുരക്ഷിതമായ മരുന്നുകളാണ് ഇവ.

 മരുന്നിനൊപ്പം കൌണ്‍സിലിംഗ് കൂടെ വേണ്ടിവരും. മനോരോഗവിദഗ്ധനെ കാണാനുള്ള മടികൊണ്ട് ഔദ്യോഗികമായി പരിശീലനം ലഭിച്ചിട്ടില്ലാത്തവരുടെ അടുത്തുപോയി സംസാരിച്ചാല്‍ മാത്രം വിഷാദരോഗം മാറില്ലെന്നറിയുക.

ഡിപ്രഷന് വ്യക്തമായ ശാരീരിക കാരണമുണ്ട്. തലച്ചോറിലെ സെറട്ടോണിന്‍, ഡോപമിന്‍, നോര്‍ അഡ്രിനാലിന്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ മരുന്നിലൂടെ ശരിയാക്കുകയെന്നത് തന്നെയാണ് വിഷാദരോഗത്തിന്റെ യഥാര്‍ഥ ചികിത്സ.

ചികിത്സ എടുത്തില്ലെങ്കില്‍ ജീവിത വിലവാരം തകരുന്നത് മാത്രമല്ല, ജീവാപായംപോലും ഉണ്ടാകാം എന്നതാണ് സത്യം. കൃത്യസമയത്ത് ചികിത്സ നേടിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് വിഷാദരോഗം.

എവിടെയെല്ലാം ചികിത്സിക്കാം?

  *സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രികള്‍
  *ജില്ലാ ആശുപത്രികള്‍
  *ചില താലൂക്ക് ആശുപത്രികള്‍
  *സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍
  *മനോരോഗവിഭാഗം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍.

വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കാന്‍ അര്‍ഹതയുള്ള മനോരോഗവിദഗ്ധര്‍ക്ക് എണ്ണത്തില്‍ കുറവുള്ള നാടല്ല കേരളം, മറിച്ച് വിഷാദരോഗി ചികിത്സകന്റെ അടുത്ത് എത്തിച്ചേരാത്തത് മാത്രമാണ് പ്രശ്നം.

ദുഃഖം പങ്ക് വെക്കേണ്ടതല്ല എന്നും, വിഷാദരോഗം സഹിച്ച് ക്ഷമിച്ച് നടക്കേണ്ടതാണ്  എന്നും ഉള്ള ചിന്താഗതി മാറിയാല്‍ രക്ഷപ്പെടുന്നത് രോഗിമാത്രമല്ല, അദ്ദേഹത്തെ ആശ്രയിക്കുന്ന ചുറ്റുപാടുകള്‍ കൂടിയാകാം.

'നമുക്ക് വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കാം' - ഇന്നു മുതല്‍, ഇനി മുതല്‍.

 

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top