05 October Thursday

എലിപ്പനി ; ജാഗ്രത തുടരണം

ഡോ എം ഗംഗാധരൻനായർUpdated: Thursday Sep 10, 2020


മഴക്കാലം തുടരുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതുണ്ട്‌. ലെപ്ടോസ്പൈറ (Leptospira) ജീനസിൽപ്പെട്ട ഒരിനം "സ്പൈറോക്കിറ്റ' (Sprirocheta) ബാക്ടീരിയയാണ് എലിപ്പനി(Leptospirosis)ക്ക്‌ കാരണം. എലികൾ, പെരുച്ചാഴികൾ, വന്യജീവികൾ എന്നിവയാണ് മുഖ്യവാഹകർ. ജീവികളുടെ മലമൂത്ര വിസർജ്യത്തിലൂടെയാണ്‌ രോഗം പടരുന്നത്‌.

വൃക്കകളിൽ അണുക്കളെ വഹിക്കുന്ന എലിവർഗത്തിൽപ്പെട്ട ജീവികൾ രോഗാണുക്കളുടെ നിശബ്ദ വാഹകരാണ്‌. ഇവയ്‌ക്ക്‌  രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാതെ മാസങ്ങളോളം രോഗാണുക്കളെ മൂത്രത്തിലൂടെ വിസർജിക്കാൻ കഴിയും. പ്രത്യക്ഷമോ പരോക്ഷമോ ആയ ഇവയുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും  രോഗം പകരും. മൂത്രത്തിലൂടെ വിസർജിക്കുന്ന ബാക്ടീരിയയുടെ നിലനിൽപ്പ് അന്തരീക്ഷത്തിലെ താപനിലയെ ആശ്രയിച്ചിരിക്കും. ഈർപ്പമുള്ള മണ്ണിലും ആഴം കുറഞ്ഞ വെള്ളക്കെട്ടിലും 180 - ദിവസംവരെ നിലനിൽക്കാൻ അവയ്ക്ക് കഴിയും.

പകരുന്ന വിധം
മൃഗ മൂത്രവുമായോ, മൃഗമൂത്രം കലർന്ന വെള്ളവുമായോ ഉളള സമ്പർക്കം മൂലം ബാക്ടീരിയ മനുഷ്യ ശരീരത്തിൽ കടക്കും. കെകാലുകളിലെ മുറിവുകളിലൂടെയാണ്‌ ഇതിനുള്ള സാധ്യത ഏറെയുള്ളത്‌.  ജലാശയങ്ങൾ, പാടങ്ങൾ എന്നിവയിലെ  അനുകൂല സാഹചര്യങ്ങളിൽ   ഇവ അനേകനാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിക്കും. എലി ശല്ല്യം കൂടുതലുള്ള മേഖലകളിലെ  ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത വേണം.
വളർത്തു മൃഗങ്ങളിൽ
വളർത്തുമൃഗങ്ങളിൽ രോഗാണുക്കൾ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാക്കും. ശക്തിയായ പനി, തീറ്റ എടുക്കാതിരിക്കുക, അകിടുവീക്കം, വീർത്ത അകിടുകളിൽനിന്ന് ചുവപ്പ് നിറത്തിലുളള പാൽ വരുന്നതും ലക്ഷണമായിക്കാണാം. പശു, എരുമ എന്നീ മൃഗങ്ങളിലാണ് ഇത്തരം നിറത്തിലുള്ള ലക്ഷണങ്ങൾ സാധാരണ കണ്ടുവരുന്നത്.

ആടുകളിൽ മഞ്ഞപ്പിത്തം, പനി, അവസാനഘട്ടത്തിൽ ഗർഭമലസൽ, തീറ്റ എടുക്കാതിരിക്കൽ, മറുപിള്ള വീഴാതിരിക്കൽ എന്നിവയും നായകളിൽ കരളിനെയും കുടലിനെയും വൃക്കകളെയും ബാധിക്കുന്ന അണുക്കൾ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടു കൂടിയും അല്ലാതെയും രോഗലക്ഷണം കാണിക്കാം. പനി, വായ്‌പുണ്ണ് ഭക്ഷണമെടുക്കാതിരിക്കൽ ഛർദി, രക്തം കലർന്ന മൂത്രം എന്നീ ലക്ഷണങ്ങളും കാണിക്കുന്നു. വയറിലെയും പാദങ്ങളിലെയും ചെവിയുടെ അകവശത്തെ തൊലിക്കും മഞ്ഞനിറം വരുന്നത് പ്രധാന ലക്ഷണമാണ്.

പ്രാരംഭഘട്ടത്തിൽ ഫലപ്രദമായ പെൻസിലിൻ മരുന്നുകളും പിന്നീട് രോഗവാഹകാവസ്ഥ തടയാൻ ഡോക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ എന്നീ ആന്റിബയോട്ടിക്കുകൾ നൽകാം


 

രോഗനിയന്ത്രണവും പ്രതിരോധ മാർഗങ്ങളും

എലി നശീകരണ മാർഗങ്ങൾ അവലംബിക്കണം. നായകൾക്ക് പ്രതിരോധ കുത്തിവയ്‌പ് ലഭ്യമാക്കണം.

നായക്കുട്ടികൾക്ക് ആറ് ആഴ്ച പ്രായമാകുമ്പോൾ ആദ്യ കുത്തിവയ്‌പും 3--4 ആഴ്ച കഴിയുമ്പോൾ ബൂസ്റ്റ് ഡോസും തുടർന്ന് എല്ലാ വർഷവും കുത്തിവയ്‌പിനും വിധേയമാക്കണം.

തീറ്റയും കുടിവെള്ളവും രോഗവാഹകരായ എലികളുടെ മൂത്രം കലരാതെ ശ്രദ്ധിക്കണം.

എലിയെ ആകർഷിക്കുന്ന പദാർഥങ്ങൾ ഭക്ഷണ സാധനങ്ങളുടെ അരികിൽ വയ്ക്കാതിരിക്കണം. സ്റ്റോർ മുറികളിൽ എലികൾ കടക്കാതെ ശ്രദ്ധിക്കണം.

തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

അണുക്കൾ കലർന്ന കെട്ടിക്കിടക്കുന്ന വെള്ളം, പുൽസ്ഥലങ്ങൾ എന്നീ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാൻ വിടുമ്പോൾ ജാഗ്രത പുലർത്തണം.

വന്യമൃഗങ്ങളിൽനിന്ന് കാലികളെ അകറ്റി നിർത്തണം.

കാലുകളിലോ, ശരീരത്തിലോ മുറിവുകൾ ഉള്ള കന്നുകാലികളെ രോഗാണുക്കൾ കലർന്ന വെള്ളത്തിൽ ഇറക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്.

രോഗവിമുക്തി നേടിയ പശുക്കളുടെ മൂത്രത്തിലൂടെ 120 ദിവസത്തേക്കും നായ്ക്കളുടെ മൂത്രത്തിലൂടെ ഏഴ് (7) മാസം വരെയും രോഗങ്ങൾ വിസർജിക്കപ്പെടുന്നതിനാൽ അവയെ ചികിത്സിക്കുന്നവരും ശുശ്രൂഷിക്കുന്നവരും ജാഗ്രത പാലിക്കണം.

കൈയുറകൾ ഉപയോഗിക്കുന്നത് അഭികാമ്യം.

ക്ഷീരകർഷകർ പാടത്തും പറമ്പിലും ജോലി ചെയ്യുമ്പോൾ കാലുറകൾ, കൈയുറകൾ എന്നിവ ധരിക്കുന്നത് നല്ലത്. കണ്ണുകൾ ഇടയ്ക്കിടെ ഇളം ചൂട് വെള്ളത്തിൽ കഴുകുന്നതാണ്‌ നല്ലത്. കൈകാലുകളിൽ മുറിവുകൾ ഉണ്ടെങ്കിൽ യഥാസമയം ചികിത്സിപ്പിക്കണം.

രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ സഹായം നേടണം

(മൃഗസംരക്ഷണവകുപ്പ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top