മനഃശാസ്ത്രത്തിന്റെ ശാസ്ത്രീയതയെയും ഈ പഠനശാഖയില്‍ സമീപകാലത്തുണ്ടായ വികാസങ്ങളെയും പറ്റി മൂന്ന് ഭാഗങ്ങളായി പ്രസാദ് അമോര്‍ എഴുതുന്നു.ആദ്യഭാഗം ഇവിടെ:
അമേരിക്കയിലെ സ്റ്റാൻഡ് ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ ഡേവിഡ് റോസൻഹാൻ മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മനോരോഗ ചികിത്സാലയങ്ങളിലേയ്ക്ക് അയച്ചു. അസാധാരണ കാഴ്ചയും കേൾവിയും പ്രേരണകളും അലട്ടുണ്ടെന്ന് ഇവരെല്ലാം മനോരോഗചികിത്സകരോട് പറഞ്ഞു. അവർക്കെല്ലാം വിവിധ മനോരോഗങ്ങളെന്ന് മുദ്രകുത്തി മനോരോഗചികിത്സകർ അവരെ ഔഷധചികിത്സക്കായി ആശുപത്രിയിൽ കിടത്തി. രോഗികളെന്ന് വിധിയെഴുതി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ യഥാർത്ഥത്തിൽ മനോരോഗം ഒന്നും തന്നെ ഇല്ലാത്തവരായിരുന്നു. കളി കാര്യമായതോടെ തങ്ങൾക്ക് മനോവ്യഥ ഒന്നുതന്നെ ഇല്ല എന്ന് അവരെല്ലാം ആണയിട്ടു പറഞ്ഞുവെങ്കിലും .മനോരോഗചികിത്സകർ സമ്മതിച്ചില്ല. ചികിത്സ തുടർന്നു. അവസാനം റോസൻഹാൻ പത്രസമ്മേളനം നടത്തി പേരുവിവരങ്ങൾ പുറത്തുവിട്ടാണ് അവരെ മനോരോഗ കേന്ദ്രത്തിൽനിന്ന് രക്ഷപെടുത്തിയത്.
കനത്ത പ്രഹരം കിട്ടിയ മനോരോഗചികിത്സകർ റോസൻഹാനെ വെല്ലുവിളിച്ചു.
"നിങ്ങൾ ഒരിക്കൽ കൂടി ആളുകളെ അയക്കു.ഞങ്ങളെ കബളിപ്പിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല"
വെല്ലുവിളി ഏറ്റെടുത്ത റോസൻഹാൻ 250 പേരെ വീണ്ടും മനോരോഗ ആശുപത്രികളിലേയ്ക്ക് അയച്ചു.അതിൽ 41 പേർ രോഗമൊന്നും ഇല്ലാത്തവരാണെന്ന് മനോരോഗചികിത്സകർ വിധയെഴുതി. യഥാർത്ഥത്തിൽ റോസൻഹാൻ അയച്ചത് മനോരോഗമുള്ളവരെ ആയിരുന്നു.ഇഷമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തരാക്കുന്നതിൽ നിന്ന് വിഭിന്നമായി ശാസ്ത്രീയതയും വസ്തുനിഷ്ഠതയും അന്യമായ ഒന്നാണ് മനോരോഗശാസ്ത്രം, മനഃശാസ്ത്രം എന്ന പ്രചരണം ഇതോടെ ശക്തമായി.
ആദ്യകാലങ്ങളിൽ മനോരോഗചികിത്സകർ ഉറക്കഗുളികകൾ നൽകി രോഗികളെ മയക്കി കെടുത്തുമായിരുന്നു. മനോരോഗലയങ്ങൾ തടവറകളും പീഡനകേന്ദ്രങ്ങളുമായിരുന്നു. ഒരിക്കൽ അവിടെ അകപ്പെട്ടാൽ പിന്നീട് പുറത്തുവന്ന് സാധാരണ ജീവിത നയിക്കുക എന്നത് അസാധ്യമായിരുന്നു. മനോരോഗിയെന്ന് മുദ്രകുത്തിയാൽ പിന്നീടൊരിക്കലും സ്വാഭാവികമായും ഒരാൾക്ക് ലഭിക്കുന്ന പൗരാവകാശങ്ങൾ ലഭിക്കുമായിരുന്നില്ല. ഒരു മനഃശാസ്ത്രജ്ഞന് ഒരാളെ ഭ്രാന്തനെന്ന് ലേബൽ ചെയ്യാൻ വളരെ എളുപ്പമായിരുന്നു.
എന്താണ് കപട മനഃശാസ്ത്രം
മനുഷ്യന്റെ വ്യക്തിത്വം, സ്വഭാവം, പെരുമാറ്റം, വികാരങ്ങൾ മുതലായവയെ പറ്റി പഠിക്കാൻ നിരവധി മനഃശാസ്ത്ര സിദ്ധാന്തങ്ങളുണ്ട്. കാലാകാലങ്ങളായി മനുഷ്യവർഗ്ഗം വളർത്തിക്കൊണ്ടുവന്ന വിശ്വാസപ്രമാണങ്ങളും, സാമൂഹ്യ ലിംഗ പദവികളും സാംസ്കാരികാവസ്ഥയും മൂല്യങ്ങളും അടിസ്ഥപ്പെടുത്തിയുള്ള ആശയലോകമാണത്. ഓരോ ശാസ്ത്രജ്ഞനും തന്റെ മുൻഗാമികൾ നിർത്തിയിടത്തുനിന്ന് ആരംഭിക്കുന്നു എന്നത് ഒരു വസ്തുത ആയിരിക്കുമ്പോൾ തന്നെ മനുഷ്യന്റെ മാനസിക വ്യാപാരത്തെപ്പറ്റി പരസ്പരവിരുദ്ധമായ അഭിപ്രായവ്യത്യാസങ്ങളാണ് മനശാത്രജ്ഞർക്കുള്ളത്.മാനസിക അപഗ്രഥനം , പെരുമാറ്റ ശാസ്ത്രം, അവബോധ മനഃശാസ്ത്രം, പരിണാമ മനഃശാസ്ത്രം തുടങ്ങിയ നിരവധി അവാന്തര വിഭാഗങ്ങളായി മനഃശാസ്ത്രമേഖല വ്യാപിച്ചു നിൽകുമ്പോൾ തന്നെ ഇതര ശാസ്ത്ര ശാഖകളുടേതുപോലെയുള്ള ഒരു ചട്ടക്കൂട് മനഃശാസ്ത്രത്തിന് ഇന്നും അന്യമാണ്. ഓരോരുത്തരും അവരുടെ സൗകര്യവും വിശ്വാസവും അനുസരിച്ചു മനുഷ്യപ്രകൃതിയെപ്പറ്റി സമഗ്രതയ്ക്കു വേണ്ട നിഗമനങ്ങളിൽ എത്തിച്ചേരുകയാണ്.
മനുഷ്യനെ ആദര്ശവല്ക്കരിക്കുന്ന ചിന്തകൾ മനുഷ്യ മനസ്സിനെക്കുറിച്ചുള്ള ഘടനാപരമായ അവസ്ഥകളെന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ആശയങ്ങൾ അടിസ്ഥാനപരമായി സുതാര്യമായ ശാസ്ത്രീയ വിലയിരുത്തലുകളുടേതല്ല . മനുഷ്യ സംസ്കാരത്തെക്കുറിച്ചുള്ള റൊമാന്റിക്കായ കുറെ സങ്കല്പങ്ങൾ ഉപരിവിപ്ളവവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ അത്തരം സിദ്ധാന്തങ്ങൾ ശാസ്ത്രീയമായ നിരപേക്ഷത ഉൾകൊള്ളുന്നതല്ല.സാമൂഹ്യ കീഴ്‌വഴക്കങ്ങളിൽ നിന്നുകൊണ്ട് മനുഷ്യപെരുമാറ്റത്തെ വരച്ചിടുന്ന അത്തരം മനഃശാസ്ത്ര സ്കൂളുകൾ എല്ലാം തന്നെ മനുഷ്യപ്രകൃതിയെക്കുറിച്ചു സുദൃഢവും സുതാര്യവുമായ ഒരു ചട്ടക്കൂട് ഇല്ലാതെ നിൽക്കുകയാണ്. ഒരാൾ ഒളിച്ചുവെയ്ക്കുന്ന സംഗതികളിൽ നിന്ന് വ്യാഖ്യാനങ്ങളുണ്ടാക്കി മനഃശാസ്ത്രജ്ഞൻ ലേബലുകൾ ചാർത്തുന്ന നടപടിയിൽ സ്വന്തം വിശ്വാസങ്ങളും ആത്മനിഷ്ഠ നിലപാടുകളുമാണുള്ളത്.സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതിയുടെ പരിമിതമായ ചട്ടക്കൂടിൽ നിന്നാണ് അവർ മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികത വിവരിക്കുന്നത്. മനഃശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾ ഉപയോഗിയിച്ചു ന്യായാധിപനായി വിധികല്പിക്കുന്ന മനഃശാസ്ത്ര സമീപനങ്ങൾ സമൂഹത്തിലെ മൂല്യവ്യവസ്ഥയുടെ ഉപരിവിപ്ലവമായ വാർപ്പ് മാതൃകകളാണ്.
നവീന മഷ്തിഷ്ക പഠനങ്ങൾ സഹസ്രാബ്ദകളായി മനുഷ്യ സമൂഹം കൊണ്ടുവന്ന അത്തരത്തിലുള്ള പല ധാരണകളെയും, മനഃശാസ്ത്രം എന്ന പേരിൽ അവതരിപ്പിക്കുന്ന വിശ്വാസങ്ങളെയും തള്ളിക്കളയുകയാണ്.
മനഃശാസ്ത്രം എങ്ങനെ ഒരു ശാസ്ത്രമാകും
മനുഷ്യന്റെ ജീനുകളിലൂടെയും ജൈവ രാസഘടനയിലൂടെയും അടുത്തതലമുറകളിലേയ്ക്ക് കൈമാറുന്ന ജെനോടൈപ്പുകളും ആ ജൈവഘടനയെ ആധാരമാക്കിയ സ്വഭാവ സവിശേഷതകളും എല്ലാം ജീവനത്തിന്റെ ഭാഗമായി പരിണമിച്ചുവന്നതാണ്. മനുഷ്യരുടെ ചിന്താരീതികളും ഭാവനയും വിവിധ വിശ്വാസങ്ങളും നിർണ്ണയിക്കുന്ന ജീനുകളുണ്ട്. മനുഷ്യരുടെ സാമൂഹ്യ ജീവി എന്ന നിലയിലുള്ള സ്വഭാവസവിശേഷതകളായ പരസ്‌പര സഹായം, അനുതാപം, സഹകരണം, ഗോത്ര വിശ്വാസങ്ങൾ തുടങ്ങിയവയും വിവിധ വൈകാരികതകളും ശാരീരികവും സാമൂഹികവുമായ എല്ലാ സവിശേഷതകളും, ആന്തരികബോധവും എല്ലാം മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട പ്രക്രിയയുടെ സൃഷ്ടിയാണ്. വിജയകരമായ ജീവിതത്തിനായി ലക്ഷകണക്കിന് വർഷത്തെ പരിണാമത്തിന്റെ ഫലമായി ആയിരക്കണക്കിന് ഇത്തരത്തിലുള്ള മാനസിക മാതൃകകൾ, പെരുമാറ്റ രീതികൾ മനുഷ്യനിൽ വികസിച്ചു വന്നിട്ടുണ്ട്. ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും ജീവിക്കാനും വേണ്ടി പരിണാമഫലമായി സൃഷ്ടിക്കപ്പെട്ട ഒരു കൂട്ടം സഹജ സ്വഭാവങ്ങൾ അതിൽ മാറ്റം വരുത്താൻ ബാഹ്യ പാരിസ്ഥിക ഘടകങ്ങൾക്ക് കഴിയുകയില്ല.സ്വാഭാവികമായി സംഭവിക്കുകയോ അല്ലെങ്കിൽ കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്ന ജനിത ഉല്പരിവർത്തനത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു.
എന്നാൽ മനുഷ്യൻ ഒരു ജീവശാസ്ത്രപരമായ ഉത്പന്നം മാത്രമല്ല. സാമൂഹ്യ സൃഷ്ടി കൂടിയാണ്. അവർക്ക് അറിവുകളുണ്ട്. സ്വന്തം പരിസ്ഥിതിയുമായി ഇടപെടുന്നതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് അവരുടെ അറിവിന്റെ അടിസ്ഥാനം. പഞ്ചേന്ത്രിയങ്ങളിലൂടെയാണ് ബാഹ്യലോകത്തിൽ നിന്നുള്ള സന്ദേശങ്ങൾ മഷ്തിഷ്കത്തിൽ എത്തുന്നത്. ഈ സംവേദനേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ മനുഷ്യന്റെ ജൈവപരമായ അവസ്ഥ പെരുമാറ്റം, മാനസിക നില തുടങ്ങിയവയെ സ്വാധീനിക്കുന്നുണ്ട്.സാമൂഹികമായ കാരണങ്ങൾ വ്യക്തിയുടെ ജൈവശരീരത്തെത്തന്നെയാണ് സ്വാധീനിക്കുന്നത്.ഉദാഹരണത്തിന് ജനിച്ചു വിഴുന്ന കുട്ടി സ്വന്തം പരിതഃസ്ഥിതിയെ തിരിച്ചറിയാൻ തുടങ്ങുന്നു.സ്വന്തം ശാരീരിക പ്രക്രിയയെ ഉൾക്കൊള്ളുന്നു.പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളെ സ്വാംശീകരിക്കുന്നു. ജീവിതസാഹചര്യങ്ങൾ അറിയുന്നു.പേശികളുടെയും ന്യൂറോണുകളുടെയും വികാസമുണ്ടാകുന്നു. സമൂഹത്തിൽ വിജയകരമായി ജീവിക്കാനാകുന്ന ശേഷികൾ സമൂഹത്തിൽനിന്ന് ആർജ്ജിച്ചെടുക്കുന്നു.മനുഷ്യന്റെ ജീവശാസ്ത്രപരമായ വ്യവസ്ഥകൾ വളരുന്നതനുസരിച്ചൂ പരിതഃസ്ഥിതിയുമായുള്ള പരസ്പരപ്രവർത്തനം സങ്കീർണമാക്കുന്നു. ശാരീരിക അവയവങ്ങളുടെ ഇന്ദ്രിയങ്ങളുടെ കോശങ്ങളുടെ വളർച്ച അവയുടെ പര്സപര സംവേദനത്തിന് സഹായിക്കുന്ന രാസികങ്ങളുടെ വൈവിധ്യമായ സംഘാടനം രൂപപ്പെടുന്നു. സാമൂഹ്യ സാംസ്‌കാരിക പരിണാമങ്ങൾ മനുഷ്യപ്രകൃതത്തിൽ ചെലുത്തുന്ന ഇടപെടലുകളും ഇതോടൊപ്പം സംഭവിക്കുന്നുണ്ട്.
മനുഷ്യന്റെ പലതരത്തിലുള്ള വികാരങ്ങൾ പെരുമാറ്റങ്ങൾ, വിവിധ ബൗദ്ധിക ശേഷികൾ എല്ലാം പരിണാമത്തിലൂടെ ഘട്ടം ഘട്ടമായി രൂപപ്പെട്ടതാണ്.അതിനാൽ മനുഷ്യന്റെയും മറ്റു ജീവികളുടെയും മാനസിക നിലകൾ, ചിന്തകൾ, വികാരങ്ങൾ, ബൗദ്ധിക ശേഷികൾ, ജീവന തന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ച് വസ്തുതകൾ മനസ്സിലാക്കാൻ പോപ്പുലർ സൈക്കോളജിയുടെ പരിമിതമായ ഇടത്തിൽ നിന്ന് കൊണ്ട് സാധ്യമല്ല. ജനിതകം, തന്മാത്ര ജീവശാസ്ത്രം, നാഡീ ജീവശാസ്ത്രം, ചരിത്രം സാമൂഹ്യ ശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വൈജ്ഞാനിക ശാഖകളുടെ അടിസ്ഥാനത്തിൽ മനുഷ്യപ്രകൃതത്തെ , മനുഷ്യന്റെ മാനസിക നിലകളെ പരിണാമപരമായ അടിസ്ഥാനത്തിൽ മനസ്സിലാക്കുന്ന രീതിയാണ് മനഃശാസ്ത്രത്തിന് വേണ്ട ചട്ടക്കൂട്.അതാണ് മനഃശാസ്ത്രത്തിനെ ഒരു ശാസ്ത്രമാക്കുക.(തുടരും)
( Licensed Rehabilitation Psychologist ആണ് ലേഖകന്‍.)
Reference:
50 Great Myths of Popular Psychology: Shattering Widespread Misconceptions about Human Behavior (Great Myths of Psychology)
by Scott O. Lilienfeld , Steven Jay Lynn,
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..