11 December Wednesday

മഞ്ഞപ്പിത്തത്തെ കരുതിയിരിക്കുക

ഡോ. ധന്യ വി ഉണ്ണികൃഷ്‌ണൻUpdated: Sunday Nov 17, 2024


സംസ്ഥാനത്ത്‌ ചിലയിടങ്ങളിൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. അതുകൊണ്ടു തന്നെ കൂടുതൽ ജാഗ്രത സമൂഹത്തിൽ ഉണ്ടാകണം. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രോഗങ്ങൾ  ഗുരുതരമായ  പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നവയാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ അണുബാധ ചെറിയ കുട്ടികളിൽ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികളിൽ കരൾ പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്.

മലിനമായ ആഹാരവും ജലവും ശരീരത്തിനുള്ളിൽ ചെല്ലുന്നതും രോഗമുള്ള ആളുമായി വളരെ അടുത്ത് ഇടപഴകുന്നതുമാണ് ഹെപ്പറ്റൈറ്റിസ് എ പകരാനുള്ള മുഖ്യ കാരണം. ഇതേ കാരണങ്ങളാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുന്നതെങ്കിലും വൃത്തിയായി പാകം ചെയ്യാത്ത ഇറച്ചിയിലൂടെയും  പകരാറുണ്ട്‌. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗബാധയുള്ള സ്ഥലങ്ങളിൽനിന്ന്‌  ആഹാരം കഴിക്കുകയും മറ്റും ചെയ്യുമ്പോൾ പലപ്പോഴും ഹെപ്പറ്റൈറ്റിസ് എ പകരുന്നതായി കാണാറുണ്ട്. ആഹാരം പാകം ചെയ്യുന്ന ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് എ അണുബാധ ഉണ്ടായാൽ അവർ പാകം ചെയ്യുന്ന ആഹാരത്തിലൂടെ മറ്റുള്ള ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്‌.

രോഗലക്ഷണം
ഹെപ്പറ്റൈറ്റിസ് എ,  ഇ എന്നിവയ്‌ക്ക് രോഗലക്ഷണങ്ങൾ ഏതാണ്ട് ഒരേപോലെയാണ്. രോഗിയിൽ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഛർദി, വയറുവേദന, കണ്ണിലെ മഞ്ഞ,  മൂത്രത്തിൽ മഞ്ഞനിറം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.എ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഏകദേശം 2–-4 ആഴ്ച വരെ എടുക്കാറുണ്ട്. എന്നാൽ, ഹെപ്പറ്റൈറ്റിസ് ഇ രോഗാണു അകത്ത് പ്രവേശിച്ചാൽ ഏകദേശം രണ്ടാഴ്ച മുതൽ 10 ആഴ്ച വരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സമയമെടുക്കും.ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികളിലും പ്രായമുള്ള ആളുകളിലും പ്രമേഹം, അർബുദംപോലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ചിലപ്പോൾ ജീവനുതന്നെ അപകടം വരുത്തിയേക്കാം.

ഹെപ്പറ്റൈറ്റിസ് എ,  ഇ  കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥ ഉണ്ടാക്കി മരണംവരെ സംഭവിക്കാൻ ഇടയാക്കാറുണ്ട്. വ്യക്തി ശുചിത്വവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും  പ്രധാന പ്രതിരോധ മാർഗമാണ്‌.

ശ്രദ്ധിക്കേണ്ടത്‌

· തിളപ്പിച്ച് ആറിയ വെള്ളംമാത്രം കുടിക്കുക
· കൃത്യമായ ഇടവേളകളിൽ കിണർ വെള്ളം അണുനശീകരണം ചെയ്യുക. ക്ലോറിനേഷൻ മുതലായവ കൃത്യമായി നടത്തുക
· പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക
· വ്യക്തിശുചിത്വം പാലിക്കുക
· ആഹാരസാധനങ്ങൾ, പാനീയങ്ങൾ മുതലായവ ഉണ്ടാക്കുമ്പോൾ കൃത്യമായി വ്യക്തിശുചിത്വം പാലിക്കുക
· വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്നുള്ള ശീതളപാനീയങ്ങൾ, ഭക്ഷണം എന്നിവ ഒഴിവാക്കുക
· രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ ഡോക്ടറുടെ സഹായം തേടുക
· രോഗം വന്നവർ വ്യക്തിശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഒരു പരിധിവരെ രോഗപ്രതിരോധം സാധ്യമാകുന്നു.

(തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഫിസിഷ്യയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top