18 September Wednesday

ഭീഷണിയായി എംപോക്‌സ്‌ ലോകം ജാഗ്രതയിൽ

ഡോ. എം മുഹമ്മദ് ആസിഫ്Updated: Sunday Aug 18, 2024

ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്‌സ്‌ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ആഫ്രിക്കയിൽമാത്രം പതിനേഴായിര-ത്തിലധികം രോഗികളും അഞ്ഞൂറിലധികം മരണവുമാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌.

കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് ഏകദേശം 160 ശതമാനത്തിലധികമാണ്  രോഗവ്യാപനം. ഏറ്റവും ഒടുവിൽ സ്വീഡനിലും പാകിസ്ഥാനിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു.  2022–- -23 കാലത്തും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും എംപോക്‌സ്‌ വ്യാപകമായപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും വൻകരയ്‌ക്കു പുറത്തേക്കും എംപോക്‌സ്‌ വൈറസ് പടരാനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഏറ്റവും വലിയ ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്‌. എച്ച്1എൻ1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ്‌ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.

വസൂരിയുടെ വകഭേദം

മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണ് എംപോക്‌സ്‌. ഡബിൾ സ്‌ട്രാൻഡഡ് ഡിഎൻഎ വൈറസായ മങ്കിപോക്‌സ് വൈറസാണ് എംപോക്‌സ്‌ രോഗത്തിന് കാരണമാകുന്നത്. വസൂരി രോഗകാരിയായ വേരിയോള, കൗപോക്സ്, വാക്‌സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്‌സ്‌ വൈറിഡേ കുടുംബത്തിലെ ഓർത്തോപോക്‌സ് ആണിത്‌. -വൈറസ് ജനുസ്സിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്‌സ്‌ വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

തീവ്രത കുറവാണെങ്കിലും ഒരേ വിഭാഗത്തിൽപ്പെട്ട വൈറസ് ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ്‌ രോഗലക്ഷണങ്ങൾക്ക്‌ സാമ്യമുണ്ട്. കോവിഡ് മഹാമാരിപോലെ ഈയടുത്ത കാലത്ത് പൊട്ടിപ്പുറപ്പെട്ട രോഗമല്ല എംപോക്‌സ്‌. ഡെന്മാർക്കിൽ ഗവേഷണത്തിനായി പിടികൂടി പാർപ്പിച്ചിരുന്ന കുരങ്ങുകളിൽ 1958ൽ തന്നെ എംപോക്‌സ്‌ വൈറസിനെ കണ്ടെത്തിയിരുന്നു. 1970-ൽ കോംഗോയിൽ ഒമ്പതുകാരനായ ആൺകുട്ടിയിലാണ് മനുഷ്യനിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്.

1980-ൽ വസൂരി നിർമാർജനം ചെയ്യുകയും ലോകമെമ്പാടുമുള്ള വസൂരി വാക്സിനേഷൻ അവസാനിക്കുകയും ചെയ്തതിനെത്തുടർന്നാണ്, ആഫ്രിക്കൻ വൻകരയിലെ മധ്യ, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ എംപോക്‌സ്‌ കേസുകൾ ഉയരാൻ തുടങ്ങിയതെന്ന് ഗവേഷകർ പറയുന്നു. ഘാനയിൽനിന്ന്‌ ഇറക്കുമതി ചെയ്ത അണ്ണാൻ, എലി വർഗത്തിൽപ്പെട്ട ജീവികൾ എന്നിവയിൽ നിന്നായിരുന്നു 2003ൽ അമേരിക്കയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. 2005- മുതൽ കോംഗോയിൽ വർഷാവർഷം വലിയതോതിൽ എംപോക്‌സ്‌ രോഗബാധ റിപ്പോർട്ട് ചെയ്യുന്നു. 2022 മേയിലാണ്‌ യൂറോപ്പിൽ എംപോക്‌സ്‌ വൈറസിന്റെ  വ്യാപനമുണ്ടാകുന്നത്. ഏകദേശം 87,000 കേസുകൾ റിപ്പോർട്ട് ചെയ്‌തു. നൂറിലധികം മരണങ്ങളുമുണ്ടായി. രോഗബാധിതരായവരുമായുള്ള ലൈംഗികബന്ധത്തിലൂടെയായിരുന്നു വ്യാപകമായി പടർന്നത്.

മങ്കിപോക്സ് എന്ന് വിളിക്കേണ്ട

കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് മങ്കിപോക്സ് ( Mpox) എന്ന പേര് വൈറസിന് ലഭിക്കുന്നത്. എന്നാൽ, പ്രകൃതിയിൽ വൈറസിന്റെ  സ്വാഭാവിക സംഭരണികൾ കുരങ്ങുകൾതന്നെയാണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അണ്ണാൻ, എലികൾ തുടങ്ങി വിവിധ ചെറിയ സസ്തനികളിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മങ്കിപോക്സ് എന്ന പേരിനു പിന്നിലെ തെറ്റിദ്ധാരണയും അശാസ്ത്രീയതയും വംശീയതയും ഒഴിവാക്കാൻ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നതിനു പകരം ‘എംപോക്‌സ്‌’ എന്നു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ എംപോക്‌സ്‌ രോഗത്തെ കുരങ്ങുവസൂരിയെന്നും മങ്കിപോക്സ്‌ എന്നുമെല്ലാം വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും തെറ്റാണെന്നു പറയാം.

രോഗവ്യാപനം പ്രതിരോധം

വൈറസ് വാഹകരായ മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും രോഗബാധിതരായ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും സമ്പർക്കംവഴി രോഗം പകരും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന 2–- 4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന സ്രവംനിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ്   പ്രധാന ലക്ഷണം. ഒപ്പം ശക്തമായ പനിയും തലവേദനയും പേശിവേദനയും നടുവേദനയും കഴലകളുടെ വീക്കവും ക്ഷീണവുമുണ്ടാകും. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം തിണർപ്പുകൾ വളരെവേഗം ശരീരത്താകെ വ്യാപിക്കും. മരണനിരക്ക് പൊതുവെ കുറവാണെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും വൈറസ് തീവ്രമായേക്കാം. എംപോക്‌സ്‌ വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ചികിത്സ. വസൂരിരോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളും ടിക്കോവിരിമാറ്റു (ടീപോക്‌സ്‌) പോലെയുള്ള അനുബന്ധ ആന്റി -വൈറൽ മരുന്നുകളും ഇപ്പോൾ  എംപോക്‌സിനെതിരെയും ഉപയോഗിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലും അമേരിക്കയിലും  പ്രതിരോധവാക്സിനുകളും വികസിപ്പിച്ചിട്ടുണ്ട്.

എംപോക്‌സും കുരങ്ങുപനിയും

എംപോക്‌സും കുരങ്ങുപനിയും ഒന്നല്ല. കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ക്യാസനൂർ വനമേഖലയിൽ കുരങ്ങുകൾ കൂട്ടമായി ചത്തൊടുങ്ങുന്നെന്ന വാർത്ത ആദ്യമായി ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത് വിഖ്യാത പക്ഷിനിരീക്ഷകൻ സലീം അലി ആയിരുന്നു. 1957-ൽ ഈ വനമേഖലയിൽ നടത്തിയ  പക്ഷിനിരീക്ഷണത്തിനിടെയാണ് അസാധാരണ സംഭവം അദ്ദേഹത്തിന്റെ  ശ്രദ്ധയിൽപ്പെട്ടത്. കറുത്ത മുഖമുള്ള ലംഗൂർ കുരങ്ങുകളും ചുവന്ന മുഖമുള്ള ബോണെറ്റ് കുരങ്ങുകളുമായിരുന്നു ചത്തുവീണവയിൽ ഏറെയും. ഏറെ താമസിയാതെ ക്യാസനൂർ വനമേഖലയോട് ചേർന്ന സോറാബ്, സാഗർ തുടങ്ങിയ താലൂക്കുകളിലുള്ള ജനങ്ങളിൽ ഒരു അജ്ഞാതരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതായും മരണം സംഭവിക്കാവുന്നതുമായുള്ള വാർത്തകളും വന്നുതുടങ്ങി. വിറയലോടുകൂടിയ ശക്തമായ പനി, ശരീര തളർച്ച, കഠിനമായ പേശിവേദന, മോണയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം ഇവയെല്ലാമായിരുന്നു  ലക്ഷണം.

തുടർന്ന് നടന്ന അന്വേഷണമാണ് കുരങ്ങുകളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന കുരങ്ങുപനിയെന്ന ജന്തുജന്യ വൈറസ് രോഗത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. അതുവരെ കുരങ്ങുപനി ലോകത്തിന് അപരിചിതമായിരുന്നു. ക്യാസനൂർ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയതിനാൽ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. രോഗകാരിയായ വൈറസുകൾ അറിയപ്പെടുന്നത് കെഎഫ്ഡി വൈറസുകൾ എന്നും. യെല്ലോഫീവർ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, സിക്കാ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ ഉൾപ്പെടുന്ന ഫ്ലാവി വൈറിഡെ എന്ന കുടുംബത്തിലെ അംഗങ്ങൾതന്നെയാണ് കെഎഫ്ഡി വൈറസുകളും.

രോഗവാഹകരും രോഗബാധിതരുമായ കുരങ്ങുകളുടെ ശരീരത്തിൽ വ്യാപകമായി കാണുന്ന ചെള്ളുകളാണ് വൈറസുകളെ മനുഷ്യരിലേക്കെത്തിക്കുന്നത്. വൈറസുകളുടെ വാഹകരായ ഈ ചെള്ളുകളുടെ   കടിയേൽക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചേരും. ചെള്ളുകളുടെ ജീവിതചക്രത്തിൽ ശൈശവദശയിലെ നിംഫുകളുടെ കടിയേൽക്കുന്നതു വഴിയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഈര്/പൂത എന്നെല്ലാമാണ് നിംഫുകൾ പ്രാദേശികമായി വിളിക്കപ്പെടുന്നത്. ഹീമാഫൈസാലിസ് സിപ്നിജെറ എന്നാണ് ഈ ചെള്ളുകളുടെ ശാസ്ത്രനാമം. എന്നാൽ, ഇതു കൂടാതെ ഹീമാഫൈസാലിസ്  കുടുംബത്തിലെ പത്തോളം തരം ചെള്ളുകളിലും രോഗകാരിയായ കെഎഫ്ഡി വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ മുതൽ മെയ് അവസാനം വരെ നീളുന്ന വേനൽ പട്ടുണ്ണി നിംഫുകൾക്ക് പെരുകി സജീവമാകാൻ ഏറ്റവും അനുകൂലമായ സമയമാണ്. അതുകൊണ്ടാണ് ഈ മാസങ്ങളിൽ രോഗവ്യാപനം ഏറുന്നത്.

കർണാടകയ്ക്കു പുറത്ത് ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചത് 2006-ൽ മഹാരാഷ്ട്രയിലായിരുന്നു. കേരളത്തിൽ കുരങ്ങുപനിയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത് 2013 ഏപ്രിൽ 20-ന് വയനാട്ടിലായിരുന്നു. തുടർന്ന് 2014ലും രോഗം കണ്ടെത്തി. കുരങ്ങുപനി അതിന്റെ സർവരൗദ്രഭാവത്തോടുംകൂടി വയനാട്ടിൽ എത്തിയത് 2015ലായിരുന്നു. ആ വർഷം ഏകദേശം 130 ആളുകൾക്ക് രോഗം ബാധിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രതിരോധകുത്തിവയ്പ്, ബോധവൽക്കരണം തുടങ്ങിയ രോഗനിയന്ത്രണപ്രവർത്തനങ്ങൾ വഴി കുരങ്ങുപനിയുടെ വലിയതോതിലുള്ള വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്.
 
(സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top