06 December Monday

മുടികൊഴിച്ചിലും ആരോഗ്യപ്രശ്‌നങ്ങളും

ഡോ. ശാലിനി വി ആർUpdated: Friday Oct 9, 2020


എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. നാം  മനസ്സിലാക്കേണ്ട ഒരു കാര്യം 100 മുടിവരെ ദിവസവും കൊഴിയാം. അത് സാധാരണമാണ്. എന്നാൽ, സാധാരണയിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ  ശ്രദ്ധിക്കണം.

സ്ത്രീകൾക്ക് സാധാരണ നീളമുള്ള മുടിയായതിനാൽ പെട്ടെന്ന് മുടികൊഴിച്ചിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ, പുരുഷന്മാർക്ക് മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാണ് മുടികൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്. എല്ലാ മുടികൊഴിച്ചിലും കഷണ്ടി അഥവാ common baldness ൽ എത്തുന്നില്ലെന്നതാണ്.

രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണ  കാണപ്പെടുന്നത്. തലയുടെ ചില ഭാഗത്തെ മുടിമാത്രം കൊഴിയുന്ന patterned alopecia യും  എല്ലാ ഭാഗത്തുനിന്നും ഒരുപോലെ മുടികൊഴിയുന്ന differe alopecia യും.

ഏറ്റവും സാധാരണയായി കാണപ്പെടുന്നതാണ്‌  patterned alopecia  Androgenic Alopecia അഥവാ common baldness. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത്  അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടിയുണ്ടെങ്കിൽ നമുക്ക് അതുണ്ടാകാനുള്ള സാധ്യത അധികമാണ്. ഇതിന് വളരെയധികം ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾമുതൽ തെറാപ്പിയുംവരെ. 


 

രണ്ടാമത്തെ ഇനം  മുടിവളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്തുനിന്നും ഒരുപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ്‌.  3-4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന്റെ പിറകിൽ.

അതായത് 3-4 മാസംമുമ്പ് വന്ന ഒരു പനി മതി ഇപ്പോൾ ശക്തമായ മുടികൊഴിച്ചിൽ ഉണ്ടാകാൻ. സാധാരണ കാണുന്ന വൈറൽ പനി മുതൽ ഡെങ്കു, ചിക്കൻ പോക്‌സ്, തൈറോയ്ഡ് വരെ ഇപ്പോൾ മുടികൊഴിച്ചിലുണ്ടാക്കാം.

മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന സമ്മർദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, പട്ടിണികിടക്കുക, ആഹാര രീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ആഹാര രീതി, അപകടം, ശസ്‌ത്രക്രിയ തുടങ്ങി ഒട്ടനവധി കാരണങ്ങളായേക്കാം. അസുഖങ്ങൾകൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾകൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ഹോർമോൺ വ്യതിയാനങ്ങൾകൊണ്ടും പ്രധാനമായും തൈറോയ്ഡ് - ഒസിപി കഴിച്ച് നിർത്തുന്നവരിലും പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.


 

പരിഹാരങ്ങൾ
തൈറോയ്ഡ്, ഹോർമോൺ വ്യതിയാനങ്ങൾ, പിസിഒഡി എന്നിവ കണ്ടുപിടിക്കുകയും അവയ്ക്ക് വേണ്ട ചികിത്സ തേടുകയും ചെയ്യുക.

പോഷക ഘടകങ്ങളുടെ  കുറവ്  പരിഹരിക്കണം. നോൺ വെജിറ്റേറിയൻ ഭക്ഷണശീലം പിന്തുടരുന്നവർക്ക് വളരെ എളുപ്പത്തിൽ മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽനിന്ന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭ്യമാണ്. എന്നാൽ, വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർ അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ (നട്ട്‌സ്, പാൽ ഉൽപ്പന്നങ്ങൾ, സീഡ്‌സ്, ഗ്രീൻ പീസ്, മറ്റ് ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ) എല്ലാം നല്ല രീതിയിൽ ഉൾപ്പെടുത്തണം.

കൃത്യമായ ജീവിതരീതിയും വ്യായാമവും   മാനസിക, ശാരീരിക സമ്മർദങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. സ്ട്രസ് ജീവിതത്തിനെ സാരമായി ബാധിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ അതിന് ആവശ്യമായ ചികിത്സ തേടാം. യോഗ, ബ്രീതിങ് എക്‌സസൈസ്, ഏറോബിക് തുടങ്ങിയ ഫിസിക്കൽ എക്‌സസൈസുകൾ സ്ട്രസ് കുറയ്ക്കാൻ സഹായിക്കും.

നമുക്കുള്ളത് മറ്റ് രോഗാവസ്ഥ കൊണ്ടുള്ള മുടികൊഴിച്ചിൽ അല്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തുകയും വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top