07 July Tuesday
മനുഷ്യഭ്രൂണത്തില്‍ വീണ്ടും ജീന്‍ എഡിറ്റിങ്. വന്‍ സാധ്യതകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന പരീക്ഷണം നടത്തിയത് പോര്‍ട്ട്ലാന്‍ഡിലെ ഓറിഗണ്‍ ഹെല്‍ത്ത്‌ സയന്‍സ് സര്‍വകലാശാലയില്‍

മനുഷ്യഭ്രൂണത്തില്‍ വീണ്ടും ജനിതക എഡിറ്റിങ്‌

സീമ ശ്രീലയംUpdated: Thursday Aug 10, 2017

മനുഷ്യഭ്രൂണത്തില്‍ വീണ്ടും ജീന്‍ എഡിറ്റിങ്. അതും പിഴവുകള്‍ക്ക് സാധ്യതയില്ലാതെ. വന്‍ സാധ്യതകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന പരീക്ഷണം നടത്തിയത്  പോര്‍ട്ട്ലാന്‍ഡിലെ ഓറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഷൂഖ്റത് മിതാലിപോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ക്രിസ്പര്‍/cas 9 (CRISPR/cas-9) എന്ന നൂതന ജീന്‍ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് മനുഷ്യഭ്രൂണങ്ങളുടെ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഭ്രൂണത്തില്‍  ജനിതക എഡിറ്റിങ് നടത്തുന്ന ഗവേഷണങ്ങളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുകയും,ചൈനയിലും മറ്റും നടന്ന അത്തരം പരീക്ഷണങ്ങളെ വിമര്‍ശിക്കുകയും ചെയ്ത അമേരിക്കയില്‍നിന്നുള്ള ഈ ഗവേഷണ വാര്‍ത്തയെ ആകാംക്ഷയോടെയും അത്ഭുതത്തോടെയുമാണ് ശാസ്ത്രലോകം കാണുന്നത്.
 ബീറ്റതലാസ്സീമിയപോലുള്ള  നിരവധി പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമാവുന്ന ജീനുകളില്‍ ഭ്രൂണാവസ്ഥയില്‍തന്നെ കൃത്യമായി എഡിറ്റിങ് നടത്തി അവയിലെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്  ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇഞകടജഞ/രമ9 എന്ന നൂതന ജീന്‍ എഡിറ്റിങ് സങ്കേതം ഒരു തന്മാത്രാ കത്രികപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രമ 9 എന്ന എന്‍സൈം ആണ് നിശ്ചിതഭാഗത്ത് ഡിഎന്‍എയെ മുറിക്കുന്നത്. ഈ എന്‍സൈമിനെ ഡിഎന്‍എയില്‍ നിശ്ചിതസ്ഥാനത്ത് എത്തിക്കാന്‍ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ഒരു ഗൈഡ് ആര്‍എന്‍എയും ഇതിലുപയോഗിക്കുന്നു.

എന്താണ് ക്രിസ്പര്‍?

സ്റ്റേഡ് റെഗുലേര്‍ലി ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പാലിന്‍ഡ്രോമിക് റിപ്പീറ്റ്സ് എന്നാണ് ക്രിസ്പറിന്റെ പൂര്‍ണരൂപം. ജനിതക എഡിറ്റിങ് നടത്തിയ ഈ ഭ്രൂണങ്ങളെ ഏതാനും ദിവസം മാത്രമേ പരീക്ഷണശാലയില്‍ വളരാന്‍ അനുവദിച്ചുള്ളൂ. ഇവയെ ഗര്‍ഭ‘പാത്രത്തില്‍ നിക്ഷേപിച്ചു വളര്‍ത്താന്‍ ഒരുദ്ദേശ്യവുമില്ലെന്ന് ഗവേഷകര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നുണ്ട്.   എങ്കിലും ജനിതകമാറ്റം വരുത്തിയ മനുഷ്യശിശുക്കളിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി പല ശാസ്ത്രജ്ഞരും ഇതിനെ കാണുന്നുണ്ട്. ഭ്രൂണ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയ ജേം ലൈന്‍ എന്‍ജിനിയറിങ് എന്നാണ് അറിയപ്പെടുന്നത്. ഭ്രൂണകോശങ്ങളില്‍വരുത്തുന്ന ജനിതകമാറ്റങ്ങള്‍ അടുത്ത തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുമെന്നതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ എന്നും വിവാദങ്ങള്‍ക്കു നടുവിലാണ്. ജേം ലൈന്‍ എന്‍ജിനിയറിങ്ങിനെ ഡിസൈനര്‍ ശിശുക്കളുടെ ഒരു ‘ധീര നൂതന ലോകം സൃഷ്ടിക്കാനുള്ള ഉപാധിയാക്കി മാറ്റിയേക്കാമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

സാധ്യതകള്‍, വിവാദങ്ങള്‍ 

അഭിലഷണീയമായ ഏതു ഗുണവുമുള്ള ശിശുക്കളെ ഭ്രൂണാവസ്ഥയിലുള്ള ജനിതക എഡിറ്റിങ്ങിലൂടെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ യൂജനിക്സ് പുതിയ രൂപത്തില്‍ കൊടികുത്തിവാഴുമെന്ന ആശങ്ക ശാസ്ത്രജ്ഞര്‍ക്കിടയില്‍ത്തന്നെയുണ്ട്. പല ആവശ്യങ്ങള്‍ക്കായി  അനുയോജ്യമായ ഗുണങ്ങളുള്ള മനുഷ്യരെ ഡിസൈന്‍ചെയ്യുന്ന കാലം വന്നാല്‍ അത് എല്ലാം തികഞ്ഞവരും ഒന്നിനും കൊള്ളാത്തവരും തമ്മിലുള്ള വിടവിനു കാരണാവും. ആള്‍ഡസ് ഹക്സ്ലിയുടെ ബ്രേവ് ന്യൂ വേള്‍ഡ്’എന്ന സയന്‍സ് ഫിക്ഷന്‍ യാഥാര്‍ഥ്യമായേക്കാം.  അത് ലോകക്രമത്തെയും പ്രകൃതിനിയമങ്ങളെയും തകിടംമറിക്കുമെന്നും ഇതിനെ ശക്തമായി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ചില മതങ്ങളും ഈ രംഗത്തെ പരീക്ഷണങ്ങളോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങളുടെ നൈതികതയും ധാര്‍മികതയുമൊക്കെ ലോകമെങ്ങും ചൂടുള്ള ചര്‍ച്ചാവിഷയമാണിപ്പോള്‍. വിവാദങ്ങള്‍ പുകയുമ്പോഴും ഡിസൈനര്‍ ശിശുക്കളെ സൃഷ്ടിക്കുക എന്നതല്ല, മറിച്ച് ഗുരുതരമായ ജനിതക രോഗങ്ങള്‍ ജീന്‍ എഡിറ്റിങ്ങിലൂടെ ഭ്രൂണാവസ്ഥയില്‍ത്തന്നെ പരിഹരിക്കുക, ഭാവിയില്‍ ഉണ്ടായേക്കാവുന്ന തകരാറുകള്‍ മുന്‍കൂട്ടിക്കണ്ട് തടയുക എന്നിവയൊക്കെയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ രംഗത്തെ ഗവേഷകര്‍ പറയുന്നത്. 

പരീക്ഷണത്തിലെ വഴിത്തിരിവ്

മനുഷ്യഭ്രൂണത്തില്‍ ക്രിസ്പര്‍ സങ്കേതം ഉപയോഗിച്ചുള്ള ആദ്യ എഡിറ്റിങ് നടന്നത് 2015ലാണ്. ചൈനയിലെ  സണ്‍ യാറ്റ്സെന്‍ യൂണിവേഴ്സിറ്റിയില്‍ ജനിതകശാസ്ത്ര ഗവേഷകനായ  ജുന്‍ഷ്യു ഹുവാങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകളില്‍നിന്നും ലഭിച്ച, ഗുരുതരമായ ജനിതക തകരാറുകളുള്ള ഭ്രൂണങ്ങളിലായിരുന്നു പരീക്ഷണം. യുഎസില്‍ നടന്ന പുതിയ പരീക്ഷണത്തില്‍ മിതാലിപ്പോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍  ജനിതക ഉല്‍പരിവര്‍ത്തനമുള്ള ഒരു പുരുഷന്റെ ബീജകോശങ്ങള്‍ പരീക്ഷണശാലയില്‍ ഐവിഎഫ് മാര്‍ഗത്തിലൂടെ അണ്ഡകോശങ്ങളുമായി സംയോജിപ്പിച്ച് ഭ്രൂണങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.  ഈ വര്‍ഷം മാര്‍ച്ചില്‍  ചൈനയില്‍ ഗ്വാങ്ഷൂ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പരീക്ഷണത്തിലും ഐവിഎഫ് മാര്‍ഗത്തിലൂടെ സൃഷ്ടിച്ചെടുത്ത, പൂര്‍ണവളര്‍ച്ചയെത്താന്‍ സാധ്യതയുണ്ടായിരുന്ന  ഭ്രൂണങ്ങളിലാണ് ജീന്‍ എഡിറ്റിങ് നടത്തിയത്.

ഭ്രൂണത്തില്‍ ക്രിസ്പര്‍ ഉപയോഗിച്ചുള്ള എഡിറ്റിങ്ങില്‍ ഗുരുതര പിഴവുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു മുമ്പ് ചൈനീസ് ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. ഭ്രൂണത്തിലെ എല്ലാ കോശങ്ങളിലും അഭിലഷണീയമായ ഡിഎന്‍എ മാറ്റങ്ങള്‍ സാധ്യമല്ലെന്നും ചില കോശങ്ങളില്‍ മാത്രം ഫലപ്രദമാവുന്ന ഈ സങ്കേതം ജേം ലൈന്‍ എന്‍ജിനിയറിങ്ങില്‍ അത്ര സുരക്ഷിതമല്ല എന്നുമായിരുന്നു  അവരുടെ നിഗമനം. ഈ അവസ്ഥയെ മൊസൈസിസം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ധാരണയാണ് ഇപ്പോള്‍ ഓറിഗോണ്‍ ഗവേഷകര്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. മൊസൈസിസം, ഓഫ് ടാര്‍ഗെറ്റ് ഇഫക്ട് എന്നിവയൊക്കെ അതിജീവിക്കാം എന്ന് അവര്‍ തെളിയിച്ചു. അണ്ഡകോശം ബീജകോശവുമായി സങ്കലനം നടത്തുന്ന സമയത്തു തന്നെ അണ്ഡകോശത്തിലേക്ക് ക്രിസ്പര്‍ ഇന്‍ജക്ട് ചെയ്താണ്  ഇത് സാധ്യമാക്കിയത്. ഗവേഷകസംഘത്തലവനായ മിതാലിപോവ് ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും ഗവേഷകസംഘത്തിലെ മറ്റു ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് എഡിറ്റ്ചെയ്യപ്പെട്ട മനുഷ്യഭ്രൂണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും എഡിറ്റിങ്ങിന്റെ കൃത്യതയുടെ കാര്യത്തിലും റെക്കോഡിട്ട ഗവേഷണമാണിത്.  മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ടെക്നോളജി റിവ്യൂ മാഗസിന്‍ ആണ് വന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ ഗവേഷണ വിവരങ്ങള്‍ ആദ്യമായിപ്രസിദ്ധീകരിച്ചത്.  seemasreelayam@gmail.com

പ്രധാന വാർത്തകൾ
 Top