07 December Wednesday

മഴക്കാലമെത്തി; രോഗങ്ങളെ കരുതിയിരിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

കേരളത്തിൽ വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നീ കാലാവസ്ഥ മാറുന്നതനുസരിച്ച്‌ രോഗസാന്ദ്രതയിൽ ചില ഏറ്റക്കുറച്ചിലുകളുണ്ടാകും. മഴക്കാലത്ത്‌ കടുത്ത ചൂടിൽനിന്ന്‌ തണുപ്പിലേക്ക്‌ കാലാവസ്ഥ മാറുന്നു. വെള്ളം കെട്ടിനിൽക്കുന്നതുെകാണ്ട്‌ കൊതുകുകൾ പെരുകാനുള്ള സാഹചര്യവും ഉണ്ടാകുന്നു. ജലം മലിനമാകാനുള്ള സാധ്യതയും ഏറെയാണ്‌.

മഴക്കാലരോഗങ്ങൾ ഏതൊക്കെ?
1. വായുജന്യരോഗങ്ങൾ
ഉദാ: ഫ്‌ളു, വൈറൽപനി
2. ജലജന്യരോഗങ്ങൾ
വയറിളക്കരോഗങ്ങൾ, വയറുകടി, ടൈഫോയിഡ്‌, ഹെപ്പറ്റൈറ്റിസ്‌ എ
3. കൊതുകുജന്യരോഗങ്ങൾ
ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി
4. ജന്തുജന്യരോഗങ്ങൾ
എലിപ്പനി.

വായുജന്യ രോഗങ്ങളുടെ രോഗലക്ഷണങ്ങൾ എന്തൊക്കെ?
പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ്‌ ഫ്‌ളുവിന്റെ ലക്ഷണങ്ങൾ. ‘ഇൻഫ്‌ളുവൻസ’ എന്ന വിഭാഗത്തിൽപെട്ട വൈറസുകളാണ്‌ ഇതിന്‌ കാരണം. പനി, സന്ധിവേദന, പേശിവേദന എന്നിവയാണ്‌ വൈറൽപനിയുടെ രോഗലക്ഷണങ്ങൾ.

ജലജന്യരോഗങ്ങളുടെ ലക്ഷണങ്ങൾ ?

ദിവസം മൂന്നു തവണയിൽ കൂടുതൽ അല്ലെങ്കിൽ സാധാരണയിൽ നിന്നു വ്യത്യസ്‌തമായി അയഞ്ഞ്‌ വെള്ളംപോലെ മലം പോകുന്നതിനെയാണ്‌ വയറിളക്കം എന്നു പറയുന്നത്‌. വയറിളക്കമാണ്‌ വയറിളക്ക രോഗങ്ങളുടെ പ്രത്യേക ലക്ഷണം. ഒപ്പം വയറുവേദന, മലത്തോെടാപ്പം രക്തം പോകുക എന്നിവ വയറുകടിയുടെ രോഗലക്ഷണങ്ങളാകാം.

ചെറിയ പനി,ഛർദി, ക്ഷീണം, വിശപ്പില്ലായ്‌മ, കണ്ണിനും മൂത്രത്തിനും ഉണ്ടാകുന്ന മഞ്ഞനിറം എന്നിവ ഹെപ്പറ്റൈറ്റിസ്‌ എ യുടെ ലക്ഷണങ്ങളാണ്‌.
പനി, വയറിളക്കം, വയറുവേദന എന്നിവ ടൈഫോയിഡിന്റെ ലക്ഷണങ്ങളാകാം.

കൊതുകുജന്യരോഗങ്ങളുടെ ലക്ഷണങ്ങൾ ?
പനി, തിണർപ്പ്‌(Rashes),  ശക്തമായ ശരീരവേദന,സന്ധിവേദന, കണ്ണുകൾക്ക്‌ പിറകിൽ വേദന അനുഭവപ്പെടുക എന്നിവയാണ്‌ ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ.
പനിയും സന്ധിവേദനയുമാണ്‌ ചിക്കൻഗുനിയയുെട ലക്ഷണങ്ങൾ. ശക്തമായ പനിയും കുളിരും, ശരീരം വിറയ്‌ക്കുക, വയറുവേദന എന്നിവ മലമ്പനിയുടെ ലക്ഷണങ്ങളാണ്‌.

എലിപ്പനിയുടെ ലക്ഷണങ്ങൾ ?
ലെപ്‌റ്റോസ്‌പൈറ എന്ന വിഭാഗത്തിൽപെട്ട രോഗാണുക്കളാണ്‌ എലിപ്പനിയുടെ കാരണം. ഇവ എലി, കന്നുകാലികൾ, കുതിരകൾ എന്നിവയുടെ വൃക്കകളിൽ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവയുടെ മൂത്രത്തിൽകൂടി ഇവ പുറത്തേക്ക്‌വരുന്നു. ഇവ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ധാരാളമായി കാണപ്പെടുന്നു. വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ മനുഷ്യരിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. ഇവയിൽ എലികളാണ്‌ പ്രധാനമായി എലിപ്പനി പകരാനുള്ള കാരണമായി കണ്ടുവരുന്നത്‌.

പനി, ശരീരവേദന, കണ്ണുകൾക്ക്‌ ഉണ്ടാകുന്ന ചുവപ്പുനിറം, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരിക, കാലുകളിലെ പേശികൾക്ക്‌ ഉണ്ടാകുന്ന വേദന, മൂത്രം പോകുന്ന അളവിലെ കുറവ്‌ എന്നിവ എലിപ്പനിയുടെ രോഗലക്ഷണങ്ങളാണ്‌.

മഴക്കാല രോഗങ്ങളുടെ ചികിത്സ ?
 മഴക്കാലരോഗങ്ങൾ കൂടുതലായും വൈറസ്‌ രോഗങ്ങളായതിനാൽ ലക്ഷണാടിസ്ഥാന ചികിത്സയാണ്‌ പ്രധാനമായും നൽകിവരുന്നത്‌. എന്നാൽ മലമ്പനി, എലിപ്പനി തുടങ്ങിയ വൈറസിതര രോഗങ്ങൾക്ക്‌  ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌.

മഴക്കാലരോഗങ്ങളിൽ ഏറിയപങ്കും വൈറസ്‌ മൂലമാണെന്നതുകൊണ്ടും വൈറസിനെതിരെ ഫലപ്രദമായ ചികിത്സയുടെ അഭാവത്താലും രോഗപ്രതിരോധമാണ്‌ അഭികാമ്യം.

വായുജന്യരോഗങ്ങളുടെ രോഗപ്രതിരോധം ?
തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തുവ്വാല ഉപയോഗിക്കുക.അെല്ലങ്കിൽ കൈമുട്ട്‌ ഉപയോഗിച്ച്‌ മറയ്‌ക്കുക. കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുക.
രോഗലക്ഷണങ്ങൾ ഉള്ളവർ കഴിവതും വീട്ടിൽതന്നെ ഇരിക്കാൻ ശ്രമിക്കുക. ഇതുവഴി സമൂഹത്തിൽ രോഗവ്യാപനം തടയാനാകും. അനാവശ്യമായ ആശുപത്രിസന്ദർശനം കുറയ്‌ക്കുക.

ജലജന്യരോഗങ്ങളുടെ പ്രതിരോധം ?
ആഹാരത്തിന്‌ മുമ്പും മലമൂത്രവിസർജനത്തിന്‌ ശേഷവും കൈകൾ സോപ്പിട്ടു കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങൾ അടച്ചുവെയ്്‌ക്കുകയും ചൂടോടെ കഴിക്കുകയും ചെയ്യുക. കിണറുകൾ ഇടയ്‌ക്കിടയ്്‌ക്ക്‌ ബ്ലീച്ചിംഗ്‌ പ‌‌‌ൗഡർ ഉപയോഗിച്ച്‌ ശുദ്ധീകരിക്കുക. കഴിവതും വീട്ടിലെ ഭക്ഷണംതന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഈച്ച പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. മലമൂത്രവിസർജനത്തിന്‌ കക്കൂസുകൾ മാത്രം ഉപയോഗിക്കുക.

കൊതുകുജന്യരോഗങ്ങളുടെ പ്രതിരോധം ?
വെള്ളം കെട്ടിനിൽക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. ആഴ്‌ചയിൽ ഒരിക്കൽ കെട്ടിനിൽക്കുന്ന വെള്ളം കമഴ്‌ത്തികളയുക. ചിരട്ട,    തൊണ്ട്‌, പ്ലാസ്‌റ്റിക്ക്‌, ടയർ, മറ്റുചപ്പുചവറുകൾ എന്നിവ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക. കൂത്താടികൾ കൊതുകുകളായി മാറുന്നത്‌ ഇങ്ങനെ ഒഴിവാക്കാം.വീടിന്റെ പരിസരത്തേക്കിറങ്ങുമ്പോൾ കൊതുകുകടിയേൽക്കാതിരിക്കാൻ ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്‌ത്രങ്ങൾ ഉപയോഗിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. കഴിവതും രാത്രിയിൽ കൊതുകുവല ഉപയോഗിക്കുക. ഡെങ്കിപ്പനിയുള്ള രോഗികൾ പകൽസമയത്തും കൊതുകുവല ഉപയോഗിക്കുക.

എലിപ്പനിയുടെ രോഗപ്രതിരോധം ?
മാലിന്യം ശരിയായി നിർമാർജനം ചെയ്യുകയും മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കുന്നതും എലി വരാനുള്ള സാഹചര്യം കുറയ്‌ക്കും. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ ഗ്ല‌ൗസ്‌, ഷൂസ്‌ എന്നീ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. രോഗവാഹകരായ മൃഗങ്ങളെ കുളിപ്പിക്കുേമ്പാഴും വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ഒരുകാരണവശാലും മുറിവുകൾ മലിനജലവുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. രോഗവാഹകരായ മൃഗങ്ങളുടെ താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  മൃഗങ്ങൾക്ക്‌ കാലാകാലങ്ങളായി നൽകേണ്ട കുത്തിവയ്‌പുകൾ കൃത്യമായി നൽകുക.
കനാലും  ഓടയും  വൃത്തിയാക്കുന്നവരും  റോഡ്‌ ശുചീകരിക്കുന്നവരും വെള്ളത്തിൽ ഇറങ്ങി പണി ചെയ്യുന്നവരും ആഴ്‌ചയിലൊരിക്കൽ ജോലിക്കിറങ്ങുന്നതിനു മുമ്പ്‌ ഡോക്സിസൈക്കിളിൻ(Doxycycline) പ്രതിരോധഗുളിക കഴിക്കുക. ഇത്‌ അടുത്തുള്ള സർക്കാർ ആശുപത്രികളിലും ആരോഗ്യപ്രവർത്തകരുടെ പക്കലും ലഭ്യമാണ്‌.

മഴക്കാലത്തെ ഭക്ഷണരീതി എങ്ങനെ ?
കഴിവതും ലളിതമായ ഭക്ഷണവും ചൂടുള്ള ആഹാരവും തിളപ്പിച്ചാറ്റിയ വെള്ളവും ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുവാനും   പഴവർഗങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. മാംസാഹാരം കഴിവതും ഒഴിവാക്കുക. 
പനി ഒരു രോഗമല്ലെന്നും രോഗലക്ഷണം മാത്രമാണെന്നും മനസ്സിലാക്കാം. സ്വയംചികിത്സക്ക്‌ മുതിരാതെ, രോഗലക്ഷണങ്ങൾ ഉള്ളവർ കഴിവതുംവേഗം ഡോക്ടറെ കാണണം.

മഴക്കാലരോഗങ്ങളെ ഭയക്കേണ്ടതുണ്ടോ ?
രോഗങ്ങളെകുറിച്ചുള്ള ശരിയായ അറിവും കരുതലും പ്രതിരോധവുമാണ്‌ നമുക്ക്‌ വേണ്ടത്‌. അല്ലാതെ ഭയമല്ല. അതുകൊണ്ടുതന്നെ ഈ മുൻകരുതലുകൾ എടുത്ത്‌ മഴക്കാലം ആസ്വദിക്കുക.

ഡോ. ആർ അജിത്ത്‌ 
അസി.പ്രൊഫസർ. കമ്യൂണിറ്റി മെഡിസിൻ വിഭാഗം, മെഡി. കോളേജ്‌, കോട്ടയം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top