07 December Wednesday

മഴക്കാലത്ത്‌ വേണം പനിക്കെതിരെ മുൻകരുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കഴിഞ്ഞ കുറേ വർഷമായി കേരളത്തിൽ മഴക്കാലത്ത്‌ കൊതുകുജന്യ പനികളുടെയും ജലജന്യരോഗങ്ങളും കാണാറുണ്ട്‌. എന്നാൽ .  പനിയും ജലജന്യരോഗങ്ങളും സ്ഥിരമായി പ്രതിരോധിക്കാൻ  ആരോഗ്യ സംവിധാനങ്ങൾകക്കൊപ്പം നമുക്കോരോരുത്തർക്കും പലതും ചെയ്യാനാകുമെന്നും അതിനു നല്ല ഫലമുണ്ടാകുന്നുണ്ടെന്നും  അനുഭവങ്ങൾ തെളിയിക്കുന്നു.

മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ മഴ മാറുന്നതോടെ ഉണങ്ങിത്തുടങ്ങും. വെള്ളം വറ്റിയാലും ഈ മണ്ണിൽ ഈഡിസ് കൊതുകുകളുടെ മുട്ടകൾ നശിക്കാതെ കിടക്കും. ചെറിയ മഴ പൊടിഞ്ഞാൽമതി. ഇവ വീണ്ടും പെരുകും. ഡെങ്കിപ്പനി   പടരാൻ ഇതാണു കാരണം. 

മഴ മാറിയാലും കെട്ടിനിൽക്കുന്ന വെള്ളമുണ്ടാകും. ഈ അഴുക്കുവെള്ളം ഒഴുക്കില്ലാത്തിടത്തും പൊട്ടക്കിണറ്റിലും ഒഴുക്കില്ലാത്ത കാനകളിലും കെട്ടിക്കിടന്ന് പഴകി കറുത്തനിറമുള്ള വെള്ളമാകും. അതിലാണ് അനോഫലിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. മന്ത് (ഫൈലേറിയ) പരത്തുന്ന കൊതുകുകൾ ഈ വെള്ളത്തിലാണ് പെരുകുന്നത്.

നല്ല മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ടോയ്ലറ്റ് മാലിന്യങ്ങൾ വെള്ളത്തിൽ കലരുന്നതും ജലജന്യരോഗങ്ങൾക്കിടയാക്കും.  പൊട്ടക്കിണർപോലുള്ള സ്രോതസ്സുകളിലും ഈ മാലിന്യം കലരുന്നു. കോളറ, ടൈഫോയ്ഡ്, വയറിളക്കം  ഇവയാണ് മഴക്കാലത്ത് പടരുന്ന ജലജന്യരോഗങ്ങൾ.

വലിച്ചെറിഞ്ഞ ഭക്ഷ്യാവശിഷ്ടങ്ങൾ എലി പെരുകാനിടയാക്കുമെന്ന് അറിയാമല്ലോ. വെള്ളക്കെട്ടുകൂടിയാകുമ്പോൾ എലിമാളങ്ങളിൽ വെള്ളംകയറി എലികളും അവയ്ക്കൊപ്പമുള്ള രോഗാണുക്കളും വെള്ളത്തിലൂടെ കാലിലെ മുറിവുകളിലും മറ്റും കലർന്ന് എലിപ്പനി (ലെപ്റ്റോ സ്പൈറോസിസ്) വ്യാപിക്കാനിടയാക്കുന്നു.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

1. മഴക്കാലത്ത്‌ തണുത്ത സാധനങ്ങൾ പുറത്തുനിന്നു കഴിയാതിരിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നു എന്നു കരുതുന്ന സ്ഥലങ്ങളിൽ ഐസ് നേരിട്ടിടുന്ന പാനീയങ്ങൾ പുറത്തുനിന്നു കഴിയുന്നതും ഒഴിവാക്കുക.

2. വെള്ളം തിളപ്പിച്ചേ ഉപയോഗിക്കാവൂ. ശുദ്ധജല പൈപ്പ്ലൈനിൽപ്പോലും തകരാറുമൂലം വെള്ളം ശുദ്ധമല്ലാതായി മാറുന്ന സ്ഥിതിക്ക് തിളപ്പിച്ച ജലം മാത്രം ഉപയോഗിക്കുക.

3. ഭക്ഷണത്തിൽ മാലിന്യം കലരുന്നതു തടയുക. ഭക്ഷണം പൊതുസ്ഥലത്ത് വിൽക്കുമ്പോൾ പൊതിഞ്ഞുസൂക്ഷിക്കാൻ തയ്യാറാവുക. തുറന്നുവച്ച ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിക്കുക. ആശുപത്രികളുടെ മുൻവശത്തുപോലും കാനകൾക്കരികിൽ ഭക്ഷണം തുറന്നുവച്ചിരിക്കുന്നത് പതിവാണ്. അത് പകർച്ചവ്യാധികൾക്ക് ഇടയാക്കും.

4. പനിയും ജലദോഷവും തോന്നുമ്പോൾതന്നെ ചൂടു പാനീയങ്ങൾ മാത്രം ശീലമാക്കുക. കഞ്ഞിയിൽ െചറുനാരങ്ങാനീരും ഉപ്പും ചേർത്ത്‌ കഴിക്കുന്നതും നല്ല  പ്രതിരോധം നൽകും.

5. പഴങ്ങൾ കഴിക്കുന്നതും  രോഗപ്രഎതിരോധത്തിനും  നല്ലതാണ്‌. നെല്ലിക്കയും പപ്പായയും ഏറെ ഗുണം ചെയ്യും.

6. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ ഉപയോഗിച്ച് മുഖം പൊത്തുക. പനി ഉള്ളപ്പോൾ മാത്രമല്ല, പനിയാണെങ്കിലും ജലദോഷമാണെങ്കിലും രോഗമൊന്നുമില്ലെങ്കിലും ഇതു ശീലമാക്കുക.

7 സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ ശീലമാക്കുക. കക്കൂസിൽ പോയശേഷവും കൈകഴുകൽ സോപ്പ് ഉപയോഗിച്ചാക്കുക. ആദ്യം കുടുംബത്തിൽ, പിന്നെ അങ്കണവാടിയിൽ/നേഴ്സറിയിൽ തുടങ്ങി സ്കൂളുകളിലും ഇതു ശീലമാക്കുക.  പനിക്കാലത്ത്‌ യാത്ര കഴിഞ്ഞെത്തിയാൽ കൈയും കാലും മുഖവുമെല്ലാം കഴുകുന്നതു  ശീലമാക്കുക.

8. കൊതുകിനെതിരെ ജാഗ്രത വേണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കൊതുകുനശീകരണ മാർഗങ്ങൾ അവലംബിക്കുമെങ്കിലും ഓരോ വീട്ടിലും കൊതുകുനശീകരണ പ്രവർത്തനങ്ങൾ വീട്ടുകാർതന്നെ സ്വീകരിക്കാവുന്നതാണ്. കൊതുകിനെതിരെ പുകയ്ക്കുക. വീട്ടിൽ നെറ്റ് അടിക്കാൻ കഴിയാത്തവർ കിടക്കുന്ന സമയത്തെങ്കിലും വല ഉപയോഗിക്കുക. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ക്രീം പുരട്ടുക.

9 എലിപ്പനിക്കെതിരെ കർഷകർ, ക്ലീനിങ് തൊഴിലാളികൾ, മണ്ണിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികൾ എന്നിവർ മുൻകരുതലുകൾ എടുക്കുക. കാലിൽ രോഗാണുക്കൾ കയറാതിരിക്കാൻ പരമ്പരാഗത മാർഗങ്ങളും ഉപയോഗിക്കാം. വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത് കാലിൽ പുരട്ടുന്നത് കാലിലെ മുറിവിൽ രോഗാണുക്കൾ കയറാതിരിക്കാൻ സഹായിക്കും. 

10. മഴക്കാലത്ത്‌ പനികൾ പലതരമുണ്ടല്ലോ. ഏതു പനിയായാലും തുടക്കത്തിൽ ചികിത്സിക്കുക. ആശങ്കയുടെ കാര്യമില്ല; ജാഗ്രത മതി.
 

നിപാ വൈറസ്‌ പനിക്കെതിരെയും ജാഗ്രത
നിപാ വൈറസ്‌ പനി പുതുതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതു കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ  മുൻകരുതൽ ആവശ്യമാണ്‌.
സാധാരണ കണ്ടുവരുന്നതല്ലാത്ത പ്രത്യേക വൈറസാണ്‌ വില്ലൻ.  പ്രാഥമിക ഘട്ടത്തിൽ വവ്വാലിൽ നിന്ന്‌ മനുഷ്യനിലേക്കും  അടുത്തഘട്ടത്തിൽ മനുഷ്യനിൽനിന്ന്‌ മനുഷ്യനിലേക്കും ഈ പനി പടരുന്നതായാണ്‌  ഇതുവരെയുള്ള നിഗമനം.

വൈറസ്‌   ശരീരത്തിൽ കടന്നാൽ അഞ്ചുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം വരാം. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയശേഷമാണ്‌ രോഗിയിൽ നിന്ന്‌ മറ്റൊരാളിലേക്ക്‌ ഇതു പകരാൻ സാധ്യതയുള്ളത്‌. അതിനുമുന്പ്‌ പകരുന്നതായി കാണുന്നില്ല. തലച്ചോറിനെയും ഹൃദയത്തെയുമാണ്‌ ഈ പനി കാര്യമായി ബാധിക്കുന്നത്‌.   മൂന്നുമുതൽ 14 ദിവസംവരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ബോധക്ഷയം എന്നിവയാണ്‌ ലക്ഷണങ്ങൾ. ഛർദിയും വയറുവേദനയും ചിലരിൽ കാണാം. 

ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയാൽ സ്വയം ചികിത്സ ഒഴിവാക്കുക .  അതിവേഗം രോഗം മൂർഛിക്കുന്ന പനിയാണെന്നറിയാമല്ലോ.  തുടക്കത്തിൽതന്നെ വിദഗ്‌ധ ചികിത്സ തേടുക. സംസ്ഥാനത്ത്‌ സർക്കാർ ആശുപത്രികളിൽ സമീപിച്ചാൽ സംശയകരമായ പനിക്ക്‌ തുടർ പരിശോധനക്കുള്ള സംവിധാനമുണ്ട്‌. 

രോഗബാധിത  പ്രാേദശങ്ങളിൽ അത്യാവശ്യമിെല്ലങ്കിൽ യാത്ര ഒഴിവാക്കാം.  ആശുപത്രികളിലോ രോഗബാധിത  സ്ഥലങ്ങളിലോ പോയാൽ കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകുക. രോഗികളുമായോ കൂടുതൽ പൊതുജനങ്ങളുമായോ ഇടപെടേണ്ടി വരുന്നവർ  ഹാൻഡ്‌ സാനിറ്ററൈസർ/ ആൾക്കഹോളിക്‌ ഹാൻഡ്‌ റബ്‌  എന്നിവ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കുക.  . സോപ്പ്‌ ഉപയോഗിച്ച്‌ കൈകാലുകൾ കഴുകുക.

(സംസ്ഥാനത്ത്‌ എച്ച്‌1 എൻ1  നോഡൽ ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top