മങ്കി പോക്‌സ് പുതിയ ഒരു രോഗമല്ല, എന്നിട്ടും എന്തു കൊണ്ടായിരിക്കാം ലോകം മുഴുവൻ ഇതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുന്നതും, ലോകാരോഗ്യ സംഘടന ഈ രോഗത്തെ 'ആഗോള പൊതുജനാരോഗ്യ- അത്യാഹിതം' എന്ന വിഭാഗത്തിൽ ഇപ്പോൾ ഉൾപ്പെടുത്തിയതും?
ഏതാനും ആഫ്രിക്കൻ രാജ്യങ്ങളിൽ, ചുരുക്കം എണ്ണം കേസുകൾ മാത്രമായി, അര നൂറ്റാണ്ടോളം ഒതുങ്ങി നിന്നിരുന്ന, ശ്രദ്ധിക്കപ്പെടാത്ത ഒരു ജന്തു ജന്യ വൈറസ് രോഗമായിരുന്നു മങ്കി പോക്‌സ്. എന്നാൽ അഭൂതപൂർവമായ വേഗതയിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കഴിഞ്ഞ ഏതാനും മാസങ്ങളിൽ, രോഗം പടർന്നതോടെയാണ്, ഇതിലേക്ക് അന്താരാഷ്‌ട്ര ശ്രദ്ധ തിരിഞ്ഞത്.
കുരങ്ങുകളിൽ ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത് കൊണ്ടാണ്, ഈ രോഗത്തിന് ഇങ്ങനെ ഒരു പേര് വന്നത്. ചെറിയ സസ്‌തനികളിലും, കരണ്ട് തിന്നുന്ന, 'റോഡന്റസ്' വിഭാഗത്തിൽ പെട്ട (എലി, അണ്ണാൻ) ജന്തുക്കളുമാണ് ഇതിന്റെ മറ്റ് പ്രധാന ഉറവിടങ്ങൾ എന്ന് കരുതപ്പെടുന്നു.
1970ൽ കോംഗോയിൽ, ഒരു കുട്ടിയിൽ, ആദ്യ മനുഷ്യ മങ്കി പോക്‌സ് കണ്ടെത്തിയിരുന്നെങ്കിലും, കഴിഞ്ഞ അഞ്ചു- പത്തു വര്ഷങ്ങളിൽ ആണ്, മങ്കി പോക്‌സ് കേസുകളുടെ എണ്ണം മനുഷ്യരുടെ ഇടയിൽ പതുക്കെ കൂടി വരുന്നതായി കണ്ടത്. മണിക്കൂറുകൾ കൊണ്ട് ലോകത്തെ ഏത് രാജ്യത്തും എത്താവുന്ന അന്താരാഷ്‌ട്ര യാത്രാ സൗകര്യങ്ങളുടെ ലഭ്യത, വളർത്തു മൃഗങ്ങളുടെ ഇറക്കുമതി, തുടങ്ങിയവയൊക്കെയായിരിക്കാം ഈ കാലഘത്തിൽ രോഗ വ്യാപനം കൂടാനുള്ള ചില കാരണങ്ങൾ. എന്നാൽ, വസൂരിയുടെ വാക്‌സിൻ, പണ്ട് സ്വീകരിച്ചവരുടെ ശതമാനം, ജനസംഖ്യയിൽ ഇന്ന് ഗണ്യമായി കുറഞ്ഞത് ഇതിന് ആക്കം കൂട്ടിയിരിക്കാം. ഏകദേശം നാൽപതോളം വർഷങ്ങളായി, ലോകത്ത് വസൂരിയുടെ വാക്‌സിൻ നൽകുന്നത് പൂർണമായും നിലച്ചിട്ട്. നാല്പതു വയസ്സിന് താഴെയുള്ള, ഇന്നത്തെ യുവജനതയ്‌ക്ക് ഈ വാക്‌സിൻ ലഭിച്ചിട്ടില്ല. അതായത് അറുപത് ശതമാനത്തോളം വരുന്ന ലോകജനതയ്‌ക്ക്, 85 ശതമാനം വരെ , മങ്കി പോക്‌സിനു കൂടി ക്രോസ് സംരക്ഷണം നൽകുന്ന ഈ വസൂരി വാക്‌സിൻ ലഭിച്ചിട്ടില്ല. ഇത്തരത്തിൽ ഹെർഡ് ഇമ്മ്യുണിറ്റി, അല്ലെങ്കിൽ സഞ്ചിത പ്രതിരോധം സമൂഹത്തിൽ കുറഞ്ഞത് ഈ രോഗത്തിന്റെ വ്യാപനത്തിന് സഹായകമായിട്ടുണ്ടാവാം.
ഈ വർഷം ജനുവരി മുതൽ തന്നെ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്ത വ്യക്തികളിൽ , ഒന്നിലേറെ പേർ ഉൾപ്പെടുന്ന ഔട്‌ബ്രെക്കുകളായി തന്നെ, യൂറോപ്പിലും അമേരിക്കൻ ഐക്യ നാടുകളിലും മങ്കി പോക്‌സ് റിപ്പോർട് ചെയ്‌തു തുടങ്ങിയിരുന്നു. ഈ ഔട്‌ബ്രെക്കുകൾ പ്രധാനമായും പുരുഷസ്വവർഗ്ഗാനുരാഗികൾ ആണ് കണ്ടെത്തിയത് എന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട് ചെയ്യുന്നത്. എന്നാൽ ഈ വിഭാഗത്തിൽ പെട്ടവരിൽ മാത്രമല്ല രോഗം ഉണ്ടായിട്ടുള്ളത്. അത്തരത്തിലുള്ള ഒരു പ്രചരണം, ഇൻഡ്യ പോലുള്ള ഒരു രാജ്യത്ത്, ഒരു പക്ഷെ, ഈ രോഗത്തെ കുറിച്ച് വലിയ 'സ്റ്റിഗമ' ഉണ്ടാക്കാനിടയുണ്ട്. സ്വർഗ്ഗാനുരാഗികൾ അല്ലാത്തവരിലും, മങ്കി പോക്‌സ് ലക്ഷങ്ങൾ ഉണ്ടായവരുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിൽ എന്ന പോലെ, മിഡിൽ ഈസ്റ്റിലും, ഈയിടെ ഇൻഡ്യയിലും മങ്കി പോക്‌സ് കേസുകൾ റിപ്പോർട് ചെയ്‌തു കഴിഞ്ഞിരിക്കുന്നു.
രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?
ശരീരത്തിൽ ചിക്കൻ പോക്‌സിനു സമാനമായ രീതിയിൽ, തൊലിപ്പുറത്ത് പാടുകളും, കുമിളകളും പൊന്തുന്നതാണ് പ്രധാന ലക്ഷണം. എന്നാൽ ചിക്കൻപോക്‌സിൻ അല്പം വ്യത്യസ്‌തമായി, പ്രധാനമായും മുഖത്തും, കൈകാലുകകളിലുമാണ് കുമിളകൾ കൂടുതലായും കാണുന്നത്. ഉള്ളം കയ്യിലും, കാല്പാദത്തിലും, സ്വകാര്യ ഭാഗങ്ങളിലും കുമിളകൾ ഉണ്ടാവാം. നെഞ്ചിലും ഉടലിലും കുമിളകൾ ഉണ്ടാവാമെങ്കിലും, താരതമ്യേന എണ്ണത്തിൽ കുറവായിരിക്കാം. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന്റെ, രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് തന്നെ പനിയോ, കഴലവീക്കമൊ, കടുത്ത ക്ഷീണമോ, ശരീര വേദനയോ, തലവേദനയോ സാധാരണയായി ഉണ്ടാവും. ഈ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ, അതായത് തൊലിപ്പുറത്തു പാടുകളോ കുമിളകളോ പ്രത്യക്ഷപ്പെടുന്നതിന്, രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് തന്നെ രോഗം മറ്റൊരാൾക്ക് പകരാം.
രോഗം പകരുന്നത്‌എങ്ങനെ?
മങ്കി പോക്‌സ് പ്രധാനമായും, രോഗം ബാധിച്ചവരുമായി ദീർഘ സമയം അടുത്ത് ഇടപഴകുന്നവർക്കാൻ പകരുന്നത്. മുഖാമുഖം ദീർഘ സമയം അടുത്തിടപഴകുമ്പോൾ, വലിയ ശ്വസന കണികകൾ വഴി രോഗം മറ്റൊരാൾക്ക് പകരാം. ശരീരത്തിൽ പൊന്തുന്ന കുമിളകളിൽ അടങ്ങിയിട്ടുള്ള വസ്‌തുവുമായോ, മറ്റു ശരീര സ്രവങളുമായോ, വേറൊരു വ്യക്തിയ്‌ക്ക് ശാരീരികമായി സമ്പർക്കം വന്നാൽ, രോഗം പകരാൻ ഇടയുണ്ട്. ദീർഘസമയത്തേക്കുള്ള ആലിംഗനം, ചുംബനം , ലൈംഗിക ബന്ധം തുടങ്ങിയ അടുത്ത ശാരീരിക അടുപ്പം വഴിയും രോഗം പകരാം. രോഗി ഉപയോഗിച്ച പുതപ്പ്, വിരി തുടങ്ങിവയിൽ നിന്നും രോഗം പകർന്നേക്കാം. സമ്പർക്കം വന്ന്, ഒന്നു മുതൽ രണ്ടാഴ്ച്ചയിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അപൂർവം ചിലരിൽ മൂന്നു ആഴ്ച്ച വരെ ഇൻകുബേഷൻ കാലയളവ് നീണ്ടു നിന്നേക്കാം.
രോഗം വഹിക്കുന്ന, ചെറു സസ്‌തനികൾ, കരണ്ടുതീനികൾ, കുരങ്ങുകൾ തുടങ്ങിവയിൽ നിന്നും , മനുഷ്യർക്ക് രോഗം വരാം. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേയുള്ള രാജ്യങ്ങളിൽ ഇപ്പോൾ കണ്ടെത്തുന്ന മങ്കി പോക്‌സ് കേസുകൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നു കിട്ടിയവയാണ്.
മങ്കി പോക്‌സ് തടയുന്നതിനായി രണ്ടു തരം വാക്‌സിനുകൾ ലോകത്ത് ലഭ്യമാണ്. ഇതിൽ ഒന്ന് (JYNNEOS), രോഗിയുമായി സമ്പർക്കത്തിൽ വന്നവർക്ക് പ്രതിരോധത്തിനായി അമേരിക്കയിൽ നൽകി വരുന്നുണ്ട്. ഇത് നൽകുന്ന സംരക്ഷണം നിലവിലുള്ള ഔട്‌ബ്രെക്കിൽ എത്രയുണ്ടെന്നതിന്റെ കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. പ്രസ്‌തുത വാക്‌സിൻ കൂടുതൽ ഉദ്‌പാദിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
മങ്കി പോക്‌സിനു മാത്രമായി ഒരു പ്രത്യേക ആന്റിവൈറൽ മരുന്ന് ഇപ്പോൾ ലഭ്യമല്ലെങ്കിലും, ലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് പ്രധാനമായും നൽകുന്നത്. ലഭ്യമായ ചില ആന്റിവൈറൽ മരുന്നുകൾ രോഗികളിൽ കൊടുക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഫലപ്രാപ്‌തിയുടെ തോത് വരും പഠനങ്ങളിൽ തെളിയിക്കപ്പെടേണ്ടതുണ്. സാധാരണയായി രോഗികളിൽ രണ്ടു മുതൽ നാല് ആഴ്ച്ചകൾ കൊണ്ട്, ശരീരത്തിലെ കുമിളകൾ കരിഞ്ഞു പോവുകയും, രോഗപകർച്ച നിൽക്കുകയും ചെയ്യും. വളരെ അപൂർവമായി, കുട്ടികളിലോ, ഗർഭിണികളിലോ, മറ്റ് കാരണങ്ങൾ കൊണ്ട് പ്രതിരോധ ശക്തി ഗണ്യമായികുറഞ്ഞവരിലോ രോഗം ഗുരുതരമായേക്കാം.
സ്വയം നിയന്ത്രണവിധേയമാകുന്നതും,മരണ നിരക്ക് താരതമ്യേന കുറഞ്ഞതും, ദീര്ഘസമയം അടുത്തിടപഴകുമ്പോൾ മാത്രം പ്രധാനമായും പകരുകയും ചെയ്യുന്ന ഈ വൈറസ് ബാധയെ, നിപയെയോ, മറ്റു മാരകരോഗങ്ങളെയോ പോലെ ഭയക്കേണ്ടതില്ല. എന്നാൽ, മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി, ഈ വൈറസ്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിൽ കാണുന്ന വേഗതയും, മുൻകാലങ്ങളിൽ ഈ രോഗത്തെപ്പറ്റി കേട്ട്കേൾവി പോലുമില്ലാതിരുന്ന ഭൂഖണ്ഡങ്ങളിലേക്ക് ഇത് പെട്ടെന്ന് പരക്കുന്നതും ജാഗ്രതയോടെ തന്നെയാണ് ലോകം കാണുന്നത്. മുൻകാലങ്ങളിൽ അവഗണിച്ചിരുന്ന രോഗങ്ങൾ ശക്തി പ്രാപിക്കുന്നതും, പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതും, രോഗ പകർച്ചയിൽ വന്നു ചേർന്നിട്ടുണ്ടാവനിടയുള്ള നൂതന മാറ്റങ്ങളും, പൊതുജനാരോഗ്യ രംഗം സസൂക്ഷ്‌മം നിരീക്ഷിക്കുക തന്നെ വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..