23 September Saturday

ഡെങ്കിപനി തടയാന്‍ പാഷന്‍ ഫ്രൂട്ടും പപ്പായയും പോരാ ; ആദ്യം ആശുപത്രിയിലെത്തിക്കൂ..

വെബ് ഡെസ്‌ക്‌Updated: Wednesday Jun 14, 2017

 ഡോ. ഷിംന അസീസ്

ഡോ. ഷിംന അസീസ്

കനത്തമഴയില്‍  ഈഡിസ് കൊതുകുപരത്തുന്ന ഡെങ്കിപനിക്ക് പാഷന്‍ഫ്രൂട്ടിന്റെ കായയും പപ്പായ നീരും കിവിപഴവുമെല്ലാം നല്ലതാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും എത്രയും വേഗം ആശുപത്രിയിലെത്തിച്ചുള്ള ചികില്‍സ മാത്രമേ രോഗിയെ രക്ഷിക്കൂ എന്നും ഡോ. ഷിംന അസീസ് . രോഗചികില്‍സക്കുള്ള ഒരു ബഹുവിശേഷവും ഈ പറയുന്ന ഒറ്റമൂലികള്‍ക്കില്ല. ഡെങ്കിപനി ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടന്നതിനനുസരിച്ച് പനിക്കുള്ള ഒറ്റമൂലികളും പെരുകുകയാണ്. പാഷന്‍ഫ്രൂട്ടിന്റെ കായ തേടി നാട്ടുകാര്‍ പരക്കം പായുകയാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ അടുത്തും ഫാഷന്‍ഫ്രൂട്ട് മുതല്‍ കിവിയും മാതളയല്ലിയും വരെ ഒറ്റമൂലികളായി ഇരിപ്പുണ്ട്. എന്നാല്‍ പനി ബാധിതരുടെ രക്തത്തിലെ കൌണ്‍ഡ് കൂട്ടാനുള്ള ഒരു സിദ്ധിയും ഇവയ്ക്കില്ല. പനിപിടിച്ച് അവശനിലയിലായി ഭക്ഷണമേ വേണ്ടെന്ന് പറയുന്ന  രോഗികള്‍ എന്തെങ്കിലും കഴിക്കട്ടെ എന്നുകരുതിയാണ് ഡോക്ടര്‍മാര്‍ ഇതൊന്നും വിലക്കാത്തതെന്നും ഡോ. ഷിംന പറയുന്നു. ഡെങ്കിപനിയെ കുറിച്ചും പരിചരണത്തെ കുറിച്ചും തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിംന വിശദമാക്കിയിട്ടുള്ളത്.

പോസ്റ്റ് ചുവടെ

പാതിരാത്രിയോടടുത്ത സമയം. വിനുവേട്ടന്റെ വീട്ടിലെ പട്ടി കുരയോട്‌ കുര. മുറ്റത്ത്‌ അഞ്ചാറ്‌ ആളുകൾ. വിനുവേട്ടൻ എന്റെ ചങ്ക്‌ ബ്രോ ആണ്‌. ഉലക്കയെടുക്കണോ വെട്ടുകത്തിയെടുക്കണോ എന്ന ആശങ്കയോടെ വീട്ടിലെ സ്‌ത്രീകളെയൊക്കെ ഒരു മുറിയിലാക്കി പുറത്തൂന്ന്‌ വാതിലടച്ച്‌ ആൾ പതുക്കെ മുൻവാതിൽ തുറന്നു. അഞ്ചാറ്‌ നിഴലുകൾ, പാർക്ക്‌ലൈറ്റ്‌ കത്തുന്ന ജീപ്പ്‌.

കുറേ പേർ മുറ്റത്തെ അരണ്ട വെളിച്ചത്തിൽ മേലോട്ട്‌ വിരൽ ചൂണ്ടി. വിനുവേട്ടൻ പിന്നേം ഞെട്ടി. മേലോട്ടു നോക്കിയപ്പോൾ പ്ലാവിൻമേലേക്ക്‌ അതിക്രമിച്ചു കയറി പടർന്നു പിടിച്ച പാഷൻ ഫ്രൂട്ട്‌ വള്ളിയിലേക്കാണ്‌. അയലോക്കത്തെവിടെയൊ ഡെങ്കിപ്പനി രോഗികളുണ്ട്‌. അവർക്കുള്ള ഒറ്റമൂലിയാണ്‌. കൗണ്ട്‌ കൂടാൻ ബഹുവിശേഷമത്രേ. വിനുവേട്ടൻ ഒരു നിശ്വാസമയച്ചു. വേണ്ടവരോട്‌ വന്ന്‌ പറിച്ചോണ്ട്‌ പൊയ്‌ക്കോളാൻ പറഞ്ഞു. അന്ന്‌ രാത്രി മഴത്തണുപ്പുമേറ്റ്‌ മൂപ്പര്‌ കുടുംബത്ത്‌ കിടന്നുറങ്ങി.

മറുവശം പറഞ്ഞാൽ, ഇവിടെ ആശുപത്രിയിൽ മൂന്ന്‌ വാർഡ്‌ നിറച്ചും പേവാർഡ്‌ മുഴുവനും ഒരു ഡെങ്കി സമൂഹത്തെ ഉൾക്കൊള്ളാൻ കഴിയാതെ ശ്വാസം മുട്ടുന്നു. ഫ്ലൂയിഡ്‌ കണക്‌ട്‌ ചെയ്‌തും ഡിസ്‌കണക്‌ട്‌ ചെയ്‌തും വലയുന്ന നേഴ്‌സുമാർ. ഛർദ്ദി, പനി, വയറുവേദന, കുത്തിപ്പറിക്കുന്ന കണ്ണ്‌വേദന, തലവേദന തുടങ്ങി പരാതിപ്രവാഹം. പാഷൻ ഫ്രൂട്ട്‌, പപ്പായനീര്‌, മാതളയല്ലികൾ തുടങ്ങി കിവിപ്പഴം വരെ 'കൗണ്ട്‌ കൂട്ടാദികൾ' ആയി ബെഡ്‌സൈഡിലുണ്ട്‌. ഇതിനൊന്നും കൗണ്ട്‌ കൂട്ടാൻ സാധിക്കുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട പഠനങ്ങളുടെ യാതൊരു സഹായവുമില്ല. ''കഴിക്കാൻ വേണ്ടായേ'' എന്ന്‌ പറഞ്ഞ്‌ ഡെങ്കിയുടെ ഭക്ഷ്യവിരക്‌തി കൊണ്ട്‌ സഹി കെട്ടവർ അതെങ്കിലും കഴിച്ചോട്ടേന്ന്‌ വെച്ച്‌ അതങ്ങ്‌ ഇഗ്നോർ ചെയ്ത്‌ മിണ്ടാതിരിക്കും.

രണ്ട്‌ വിധം ഈഡിസ്‌ പുള്ളിച്ചിക്കൊതുകുകൾ സസൂക്ഷ്‌മം കുത്തി വെക്കുന്ന ഡെങ്കി വൈറസ്‌ ചില്ലറ കഷ്‌ടപ്പാടൊന്നുമല്ല രോഗികൾക്കുണ്ടാക്കുന്നത്‌. ആദ്യമായി വരുന്ന ഡെങ്കിപ്പനിയിൽ അപകടകരമാം വിധം കൗണ്ട്‌ കുറയുകയോ രക്‌തസ്രാവലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യും വരെ സാധാരണ ഗതിയിൽ ഭയക്കേണ്ട ഒന്നുമില്ല.

'Breakbone fever' എന്ന്‌ ഓമനപ്പേരുള്ള ഈ പനി വേദനകളുടെ വിളനിലമാണ്‌. കൂടെ ഛർദ്ദി, വയറ്‌ വേദന, കണ്ണ്‌ വേദന, ദുസ്സഹനീയമായ തലവേദന, കടുത്ത ക്ഷീണം എന്നിവ ഉണ്ടാവാം. വേദനസംഹാരികൾ ഉപയോഗിച്ചാൽ ഡെങ്കിപ്പനി രോഗികൾക്ക്‌ ആന്തരിക രക്‌തസ്രാവത്തിന്‌ സാധ്യതയുള്ളതിനാൽ പാരസെറ്റമോൾ മാത്രമാണ്‌ രക്ഷ. അത്‌ കൊണ്ട്‌ തന്നെ വലിയ സഹനമാണ്‌ ഈ രോഗം ആവശ്യപ്പെടുക. രക്‌തക്കുഴലുകളിൽ നിന്ന്‌ കടുത്ത രീതിയിൽ ജലാംശം നഷ്‌ടപ്പെടുന്നത്‌ ഇതിന്റെയൊരു സങ്കീർണതയായി കാണപ്പെടുന്നു. കടുത്ത രീതിയിൽ രക്‌തസ്രാവവും ഉണ്ടാകാം (ശരീരത്തിൽ കാണുന്ന ചുവന്ന പുള്ളികൾ മുതൽ തുറന്ന രക്‌തസ്രാവം വരെ). ഇത്‌ കൊണ്ട്‌ കൂടിയാണ്‌ തുടർച്ചയായി ഫ്ലൂയിഡുകൾ നൽകുന്നതും.

അസുഖം വന്നു കഴിഞ്ഞാൽ ലക്ഷണങ്ങളെ ചികിത്‌സിക്കാം. ഒരു ലക്ഷത്തിന്‌ കീഴെ പ്ലേറ്റ്‌ലറ്റ്‌ കൗണ്ട്‌ പോകുമ്പോൾ (Normal count- 1,50,000- 4,50,000cells/dl of blood)അല്‌പം ശ്രദ്ധയും 10,000-20,000 റേഞ്ചിലേക്ക്‌ പോകുമ്പോൾ പ്ലേറ്റ്‌ലറ്റ്‌ ട്രാൻസ്‌ഫ്യൂഷനെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യും. ഇതിൽ താഴെ കൗണ്ട്‌ പോകുമ്പോൾ പോലും പല കാര്യങ്ങൾ പരിഗണിച്ചാണ്‌ പ്ലേറ്റ്‌ലറ്റുകളെ രക്‌തത്തിലേക്ക്‌ കയറ്റുന്നത്‌. ഏത്‌ നിമിഷവും സങ്കീർണതകളെ പ്രതീക്ഷിക്കണമെന്നതാണ്‌ ഡെങ്കിയെ അൽപമെങ്കിലും ഭീകരമാക്കുന്നത്‌. അപ്പോൾ ലഭിക്കേണ്ട ശ്രദ്ധ അശ്രദ്ധയായാൽ കാര്യം കൈവിട്ടു പോയേക്കാം. കൃത്യമായ വൈദ്യസഹായം തേടാൻ ഉപേക്ഷ വിചാരിക്കരുത്‌.

രണ്ടാമത്‌ വരുന്ന ഡെങ്കിപ്പനിയെ ഭയക്കണം. Dengue Shock Syndrome, Dengue Hemorrhagic Fever എന്നീ അവസ്‌ഥകൾ രോഗാവസ്‌ഥയെ അതിതീവ്രമാക്കാം. ആദ്യമായി ഉണ്ടാകുന്ന ഡെങ്കിയേക്കാൾ മരണസാധ്യതയും കൂടുതലാണിതിന്‌.

വന്നാൽ ചികിത്‌സിക്കുകയേ മാർഗമുള്ളൂ. വരാതിരിക്കാൻ അതിസൂക്ഷ്‌മ കൊതുകുനശീകരണം ഉറപ്പ്‌ വരുത്തണം. ഒരു സ്‌പൂൺ വെള്ളം കിട്ടിയാലും മുട്ടയിട്ട്‌ കൊച്ചുങ്ങളെ വിരിയിക്കുന്ന കൊതുകമ്മയുടെ സിൻസിയറിറ്റി നമുക്ക്‌ കോടാലിയാണ്‌. കൃത്യമായി ആഴ്‌ചയിലൊരിക്കൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. ശുദ്ധജലമാണ്‌ ഇവരുടെ വിളനിലം. റബ്ബർ എസ്‌റ്റേറ്റിലെ ചിരട്ട, ഫ്രിഡ്‌ജിന്റെ താഴെയുള്ള വെള്ളം, ചെടിച്ചട്ടിയുടെ കീഴെയുള്ള ജലം, ടെറസിന്റെ മീതെ കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങി സകലതും ഒഴിവാക്കുക.

ഗുഡ്‌നൈറ്റൊക്കെ ഇപ്പോ കൊതുകിന്‌ കഞ്ചാവ്‌ പോലെയാണെന്ന്‌ തോന്നുന്നു, കിറുങ്ങി ചുമരിൻമേൽ തോണ്ടിയിരിക്കുന്നത്‌ കാണാം. വല്ല്യൊരു മൈൻഡില്ല. എന്നാലും ഉപയോഗിക്കാം. കൊതുകുവല, ജനലിൻമേൽ അടിക്കുന്ന കമ്പിവല, പുകയിടൽ (വീടിന്‌ തീയിടരുത്‌, ഡെങ്കി വരണേൽ ബോഡിയിൽ മിനിമം ജീവൻ വേണം) തുടങ്ങി എന്ത് ചെയ്‌തിട്ടാണേലും കൊതുകിനോട്‌ പോയി പണി നോക്കാൻ പറയുക.

വിട്ടുമാറാത്ത പനിയും ശരീരവേദനയും അവഗണിക്കാതെ കൃത്യമായ ചികിത്സ തേടുക. നന്നായി വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക. മഴക്കാലമാണ്‌, എല്ലാ രോഗങ്ങളെയും സൂക്ഷിക്കുക. ആരോഗ്യം വലിയ ധനമാണ്‌, അതിന്‌ വില കൽപ്പിക്കുക.

പറഞ്ഞ്‌ വന്നത്‌ വിനുവേട്ടന്റെ കാര്യം...പുള്ളിയുടെ വീട്ടിലെ പട്ടിക്കിപ്പോൾ കുരച്ച്‌ കുരച്ച്‌ തൊണ്ടവേദനയാണ്‌. പ്ലാവിലെ പാഷൻ ഫ്രൂട്ടും ചക്കയുമെല്ലാം നാട്ടാര്‌ കൊണ്ടുപോയി. പുള്ളി പേടിച്ചിട്ട്‌ കൊതുകുവല വാങ്ങാൻ പോയേക്കുവാ...


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top