ഡെങ്കിപനിക്ക് പപ്പായ നീര്‍ ഔഷധമാണോ?....ഉത്തരം തേടുന്ന ഒരു സാങ്കല്‍പിക സംവാദം
'ഡോക്‌ടര്‍, മകനു പപ്പായ ഇലയുടെ നീരു കൊടുക്കട്ടെ പ്ലേറ്റലറ്റ് കൗണ്ട് കൂട്ടാന്‍ ?.....പപ്പായ നീരില്‍ നിന്നുണ്ടാക്കിയ മരുന്നുകളുമുണ്ടെന്ന് കേട്ടൂ ? അതു കൊടുത്താലോ ?
ഒരു ഡെങ്കിപനിക്കാരന്റെ അച്ഛന്റെ ചോദ്യമാണ്..
'വേണ്ടാ , അതില്‍ വലിയ കാര്യമില്ല' ഞാന്‍ നിരുത്സാഹപ്പെടുത്തി.
'അതെന്താ ... ഗുണം കിട്ടുമെന്ന് എല്ലാവരും പറയുന്നുണ്ടെല്ലോ?', അച്ഛന്‍ വിടാനുള്ള ഭാവമില്ല.
'രോഗിക്ക് ഗുണം കിട്ടുമെന്ന് ഉറപ്പിക്കാവുന്ന പഠന റിപ്പോര്‍ട്ടുകളൊന്നുമില്ല. മാത്രമല്ല പ്ലേറ്റ്‌ലറ്റ് കുറവല്ല ഡെങ്കി പനിക്കാരില്‍ ഉണ്ടാവുന്ന പ്രധാന പ്രശ്നം. രക്ത സമ്മര്‍ദ്ദം കുറഞ്ഞുള്ള ഷോക്കും പ്ലാസ്മ ലീക്കുമാണു പ്രധാന കുഴപ്പകാര്‍. അതിനു പപ്പായ നീരു കൊണ്ട് കാര്യമൊന്നുമില്ല.' ഞാന്‍ വിശദീകരിച്ചു.
'എന്നാലും ദോഷമൊന്നുമില്ലലോ?''മൂപ്പിലാനു അതു കൊടുത്തെ തീരു എന്ന് തോന്നുന്നു.
'ഇപ്പോള്‍ തന്നെ അവനു ചര്‍ദ്ദിലല്ലെ ? ആ നീരു കൂടുതല്‍ ചര്‍ദ്ദിയുണ്ടാക്കി ശരീരത്തിലെ ജലാംശം കുറച്ചു ഷോക്കിലേക്ക് നയിച്ചാലോ ?
"ശരി ഡോക്ടര്‍ , എന്നാല്‍ ഞാന്‍ കൊടുക്കുന്നില്ല. പ്ലേറ്റലറ്റ് ഇനിയും കുറഞ്ഞാല്‍ അതു ബ്ലഡ് ബാങ്കില്‍ നിന്ന് വാങ്ങി കേറ്റേണ്ടി വരുമോ?'
'പുതിയ പഠനങ്ങള്‍ കാണിക്കുന്നത് പ്ലേറ്റലറ്റ് മാത്രം വേര്‍ത്തിരിച്ചെടുത്ത് കേറ്റിയത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല എന്നാണു. ബ്ലീഡിംഗ് ധാരാളം ഉണ്ടെങ്കില്‍ നമുക്ക് ബ്ലഡ് (മുഴുവനായും) കൊടുക്കാം.'
'അപ്പോള്‍ പിന്നെ എന്തിനാണു ഇടക്കിടക്ക് പ്ലേറ്റ്‌ലറ്റ് കൗണ്ട് നോക്കുന്നത്?'
'നല്ല സംശയം. പെട്ടെന്നുള്ള പ്ലേറ്റലറ്റിന്റെ കുറവ് രോഗത്തിന്റെ ഗുരുതരാവസ്ഥയെ കാണിക്കുന്നു. ഹിമറ്റോക്രിറ്റും ലിവറിന്റെ പ്രവര്‍ത്തനത്തിനെ മനസിലാക്കാനുള്ള എസ് ജി യോ റ്റി എസ് ജി പി റ്റി പരിശോധനകളും ഇതേ ആവശ്യത്തിനു വേണ്ടി ഇടക്കിടക്ക് ചെയ്യേണ്ടി വരും.'
'ഡെങ്കി പനിക്ക് അലോപ്പതിയില്‍ മരുന്നൊന്നുമില്ല എന്നാണല്ലോ പറയുന്നതു ?'
'ശാസ്ത്രത്തിന്റെ ഇന്നത്തെ അറിവു പ്രകാരം ഡെങ്കി വൈറസിനെ വധിക്കാന്‍ ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് ലഭ്യമല്ല. എന്നാല്‍ ചികില്‍സ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപെടാതെ, ഷോക്കും പ്ലാസ്മ ലീകും , ബ്ലീഡിങ്ങും വരാതെ ഏതാനും (5--14) ദിവസം രോഗിയെ സംരക്ഷിച്ചാല്‍, വൈറസിനെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി തന്നെ വകവരുത്തും. പൂര്‍ണ്ണ രോഗശമനം ലഭിക്കുകയും ചെയ്യും' .
'അവനു കുഴപ്പമൊന്നുമുണ്ടാവില്ലലോ അല്ലെ?'
'ഇല്ല. നമ്മള്‍ പിന്തുടരുന്ന ശാസ്ത്രീയ ചികില്‍സ കൊണ്ട് രണ്ട് ദിവസത്തില്‍ മെച്ചെപെടാനാണു സാധ്യത', ഞാന്‍ ആശ്വസിപ്പിച്ചു.
(ഇന്റേണല്‍ മെഡിസിനില്‍ കസല്‍റ്റന്റാണു ലേഖകന്‍)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..