07 June Wednesday

കോവിഡും ന്യൂറോ പ്രശ്‌നങ്ങളും

ഡോ. എം ജെ സുശാന്ത്‌Updated: Thursday Jan 14, 2021


കോവിഡ്‌ 19 നെ പറ്റി ലോകമെമ്പാടും പഠന ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്‌.  ലഭ്യമായ വിവരങ്ങൾ വച്ച് ഇത്‌ ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ മറ്റ്‌ അവയവങ്ങളെയും ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 തലച്ചോറിനെയും നാഡീഞരമ്പുകളെയും ഏതൊക്കെ തരത്തിലാണ്‌ ബാധിക്കുന്നതെന്ന്‌ പരിശോധിക്കാം.

ഈ വൈറസ് നേർവ്‌സ്‌ സിസ്റ്റത്തിൽ ആഘാതം ഏൽപ്പിക്കുന്നത് പല തരത്തിലാണ്‌. ശ്വാസകോശത്തെ ബാധിക്കുന്നത് കാരണം രക്തത്തിലെ  ഓക്‌സിജന്റെ  അളവ് കുറയാം. ഇത്‌  തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. രണ്ടാമതായി ഈ വൈറസ് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത പലമടങ്ങ്‌ വർധിപ്പിക്കുന്നു . ഇത്തരത്തിലുണ്ടാകുന്ന കട്ടപിടിക്കൽ തലച്ചോറിനുള്ളിലെ രക്തധമനികളിലും ഉണ്ടാകാം. അത് സ്ട്രോക്കിന്‌ കാരണമാകാം. കോവിഡ്‌ 19 തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയെ ഈ വൈറസ് അമിതമായി ഉത്തേജിപ്പിക്കുന്നു. അത് മൂലം ഉണ്ടാകുന്ന ആന്റിബോഡീസ് സ്വന്തം ഞരമ്പുകളെ തന്നെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്‌ കൈകാലുകളുടെ തളർച്ചയ്ക്കോ തലച്ചോറിന്റെ പ്രവർത്തനത്തെയോ  ബാധിക്കാം.

ന്യൂറോ പ്രശ്‌നങ്ങൾ
കോവിഡ്‌ 19 നാഡീവ്യവസ്ഥയ്‌ക്ക്‌  ഉണ്ടാക്കുന്ന കുഴപ്പങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്നത് സ്വാദോ ഗന്ധമോ തിരിച്ചറിയുന്നതിനുള്ള കുറവാണ്‌. ഇത് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളിൽപ്പെടുന്നു. ഭൂരിപക്ഷം പേരിലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇതു മാറും.

രണ്ടാമതായി രോഗം  തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതു മൂലമുള്ള ഇൻസെഫലോപ്പതി (encephalopathy‌).   സ്വബോധത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെയാണ് ഇൻസെഫലോപ്പതി എന്ന് പറയുന്നത്. ചിലപ്പോൾ ഓർമ കുറഞ്ഞ്‌ മയക്കത്തിലോ അല്ലെങ്കിൽ പരിസരബോധം നഷ്ടമായി ബഹളം ഉണ്ടാകുന്ന അവസ്ഥയോ ഉണ്ടാകാം. പുരുഷന്മാർ, പ്രായാധിക്യമുള്ളവർ, തീവ്രത കൂടിയ കോവിഡുളള്ളവർ, നേരത്തെ സ്‌ട്രോക്ക് അല്ലെങ്കിൽ മറ്റു ന്യൂറോളജിക്കൽ അസുഖം ഉള്ളവർ, ഹൃദയം വൃക്ക സംബന്ധമായ അസുഖം ഉള്ളവർ, പുകവലിക്കാർ എന്നിവരിലൊക്കെ  ഇൻസെഫലോപ്പതി വരാനുള്ള സാധ്യത കൂടുതൽ ആണ്.  രോഗം  ഭേദമാകുന്നവരിലും  ചെറിയ ഓർമക്കുറവോ, സംസാരത്തിലെ ബുദ്ധിമുട്ടുകളോ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്‌.  കാലക്രമേണ ഇത് മാറുകയും ചെയ്യും.


സ്‌ട്രോക്ക് സാധ്യത
കോവിഡ്‌ രോഗികളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത 1 -6 ശതമാനം വരെ ആണ്. ഇതിൽ കൂടുതലും രക്തയോട്ടക്കുറവ്‌ മൂലമുള്ള സ്‌ട്രോക്ക് ആണ്. കൂടാതെ തലച്ചോറിനുള്ളിലെ രക്തസ്രാവവും (haemorrhagic stroke), സെറിബ്രൽ വെൻസ് ത്രോംബോസിസ് (cerebral vein thrombosis) എന്നിവയും കാണുന്നു. കോവിഡ്‌  ലക്ഷണങ്ങൾ തുടങ്ങുന്ന  1 –-3 ആഴ്ചകൾ കഴിയുമ്പോഴാണ് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതൽ. സാധാരണ സ്‌ട്രോക്കുകളെ അപേക്ഷിച്ച്‌ ഈ സ്ട്രോക്കിന്റെ തീവ്രത കൂടുതൽ ആയിരിക്കും.  തലച്ചോറിലെ പ്രധാന രക്തധമനികളിൽ രക്തം കട്ടപിടിക്കാനുള്ള  സാധ്യത  വളരെ കൂടുതൽ ആണ്. കോവിഡ് ഭീതി മൂലം ആശുപത്രിയിൽ  പോകാതെ സ്ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതും അപകടകരമാണ്‌.

ബലക്കുറവ്‌
കോവിഡ് വൈറസ് ശരീരത്തിന്റെ  പ്രതിരോധ സംവിധാനത്തെ  അമിതമായി ഉത്തേജിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ആന്റിബോഡീസ് ചിലപ്പോൾ ഞരമ്പുകളെ ബാധിക്കും. ഇതിനെ guillianbarre syndrome എന്ന് വിളിക്കുന്നു. രോഗലക്ഷണങ്ങൾ  തുടങ്ങി  രണ്ട്‌  ആഴ്ച കഴിയുമ്പോഴാണ് ഇത് കാണുന്നത്. കാൽപ്പാദങ്ങളിൽനിന്ന് തുടങ്ങുന്ന ബലക്കുറവ് ക്രമേണ  കൈകളെയും ബാധിക്കുന്നു. കൃത്യമായ ചികിത്സ കിട്ടാതിരുന്നാൽ ഇത് ശ്വസനത്തിന്‌ സഹായിക്കുന്ന പേശികളെയും ബാധിക്കാം. ഇത്തരം ബലക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ  വിദഗ്ധ ചികിത്സ തേടണം.  ഇത് പൂർണമായി ഭേദമാക്കാനാവും.

നീർക്കെട്ടും  വേദനയും

കോവിഡ് വൈറസ്ബാധയുടെ അനന്തരഫലമായി ഉണ്ടാകുന്ന മറ്റൊന്നാണ്‌  പേശികളിൽ ഉണ്ടാകുന്ന നീർക്കെട്ടും അമിത വേദനയും.   മതിയായ വിശ്രമവും മരുന്നുകളും കൊണ്ട് ഇതും ഭേദമാക്കാൻ കഴിയും. തലവേദന, തലകറക്കം, നടക്കുമ്പോൾ ഉള്ള ബാലൻസ് ഇല്ലായ്മ ഒക്കെ കോവിഡിന്റെ ഭാഗമായി സംഭവിക്കാം. ഇതിൽ ഭൂരിപക്ഷവും വളരെ നിസ്സാരമായ പ്രശ്‌നങ്ങൾ ആണ്. 4,- 6 ആഴ്ചകൾക്കുള്ളിൽ തന്നെ ഇതൊക്കെ പൂർണമായും ഭേദമാകും.

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത്‌ അത് വരാതെ നോക്കുക തന്നെയാണ്. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കോവിഡിനെ പ്രതിരോധിക്കാനാവും. നേരത്തെ തന്നെ ന്യൂറോ  അസുഖങ്ങൾ ഉള്ളവർ, പ്രായമായവർ, ഹൃദയം, -വൃക്ക സംബന്ധമായ അസുഖം ഉള്ളവരൊക്കെ കൂടുതൽ ശ്രദ്ധിക്കണം.രോഗലക്ഷണങ്ങൾ അവഗണിക്കരുത്‌.  ടെലിമെഡിസിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യണം.  ജാഗ്രതയും കരുതലും കൊണ്ട് കോവിഡിനെയും നമുക്ക് കീഴടക്കാം.

(തിരുവനന്തപുരം പട്ടം എസ്‌യുടി ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ്‌ ന്യൂറോളജിസ്‌റ്റാണ്‌ ലേഖകൻ‐
susanth2005@gmail.com)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top