29 May Monday

കോവിഡുകാല ജാഗ്രത ഭക്ഷണത്തിലും

ശുഭശ്രീ പ്രശാന്ത്‌Updated: Sunday May 23, 2021


കോവിഡിന്റെ രണ്ടാം വരവിൽ  ജാഗ്രതയ്‌ക്കൊപ്പം  ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കന്ന കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. പോഷകഗുണമുള്ള ഭക്ഷണം  രോഗപ്രതിരോധശേഷിക്ക്‌ അനിവാര്യം. വൈറ്റമിൻ എ, ഡി, ബി, സി, ഇ സെലീനിയം, സിങ്ക്, മഗ്നീഷ്യം എന്നീ  പോഷകഘടകങ്ങൾ  അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. കൂടാതെ  കൊഴുപ്പടങ്ങിയവയും പ്രോബിയോട്ടിക്, പ്രീബൈക്കോടിക് പിന്നെ നമ്മുടെ പോട്ടീനും ക്രമമായും കൃത്യമായും  ഉപയോഗിക്കണമെന്ന് മാത്രം.  

അൽപ്പം ശ്രദ്ധിക്കാം
മുഴുധാന്യങ്ങളിലെ തവിടിൽ സിങ്ക്, ബി വിറ്റാമിനുകൾ, സെലിനിയും കോപ്പർ  തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  നിത്യോപയോഗ യോഗ്യമായ ഇവയെ നമ്മുക്ക്  കൂട്ടായി കൂടെചേർക്കാം. മാംസ്യത്തിന്റെ  കലവറയായ പയറുപരിപ്പുവർഗങ്ങൾ, മൽസ്യ മാംസാദികൾ നമ്മുടെ നിത്യ ഭക്ഷണത്തിന്റെ  ഭാഗമാക്കുക. കൊഴുപ്പ്‌ അധികമടങ്ങിയ മാംസാഹാരം ഒഴിവാക്കാം. എച്ച്‌ഡിഎൽ  കൊളസ്‌ട്രോളിന്റെ വർധനയ്‌ക്കൊപ്പം ജീവകം ഇ, സെലീനിയം, മഗ്നീഷ്യം തുടങ്ങിയവയും  പ്രദാനം ചെയ്യുന്ന നട്സ്  ദിവസേന ഒരുപിടി ഉപയോഗിക്കാം. ജീവകം സി , ആന്റിഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും നിത്യേന  ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ   ഇലക്കറികൾ, പച്ചക്കറികൾ  തുടങ്ങിയവ  നമ്മുടെ  ഭക്ഷ്യസംസ്കാരമാക്കണം. തൈര്, തേൻ, ഓട്സ്, വാഴപ്പഴം, പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്സ്സിന്റെ സാന്നിധ്യം നമുക്ക് പ്രയോജനപ്പെടുത്താം.  ബീൻസ്,  തണ്ണിമത്തൻ, മത്തങ്ങാക്കുരു തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.
കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ തക്കാളി, ഓറഞ്ച് എന്നിവയിൽ വിറ്റാമിൻ സി ലഭിക്കും.
ബദാം, സൂര്യകാന്തി വിത്തുകൾ,  മധുരക്കിഴങ്, ഇലക്കറികൾ എന്നിവ  ജീവകം ഇയുടെ പ്രധാന സ്രോതസ്സുകളാണ്.

അടുക്കളയിൽ ശ്രദ്ധിക്കാം
ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, കറുവപ്പട്ട, കരുംജീരകം, കുരുമുളക് തുടങ്ങി നിത്യവും ഉപയോഗിക്കുന്ന മസാലക്കൂട്ടുകൾ  പ്രതിരോധശേഷി  വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, അവയുടെ സാധാരണ അളവിൽ കൂടുതലായുള്ള ഉപഭോഗമരുത്.

രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ജീവജലം
മൃതസഞ്ജീവനിയായി കാണാവുന്ന   ജലത്തിന്റെ ഉപയോഗം വർധിപ്പിക്കുക, ഇതു  രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ നിർജലീകരണത്തിൽനിന്ന്‌ സംരക്ഷിക്കാനും ഒപ്പം ശരീരത്തിൽ നിന്ന്‌ വിഷവസ്തുക്കളെ പുറന്തള്ളാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

ഉറക്കവും വ്യായാമവും
പകൽ നേരത്തെ ഉണർന്ന്‌ രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക.  ഉച്ചയുറക്കം ഒഴിവാക്കുക. എട്ടു മണിക്കൂർ രാത്രിയുറക്കം ശീലമാക്കുക.

വീടിനുള്ളിൽനിന്ന്‌ ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുന്നത് ഉത്തമം. ദീർഘശ്വസനം, നാഡീശുദ്ധിപ്രാണായാമം തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉൾപ്പെടുത്താം.

മാംസ്യം, നാര്,  ജീവങ്ങൾ തുടങ്ങിയ  പോഷകങ്ങൾ  ദൈനംദിനം ഭക്ഷണത്തിൽ കൊണ്ടുവരിക. 

ശ്രദ്ധിക്കുക:  ഒരു പ്രത്യക  ഭക്ഷണത്തിനോ മറ്റു പ്രത്യേക വസ്തുക്കൾക്കോ  കൊറോണ വൈറസിനെ  ഇല്ലാതാക്കാൻ  കഴിയില്ല.  നമുക്ക് മുകരുതലുകൾ എടുക്കാം, ആരോഗ്യപ്രവർത്തകരുടെയും   സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കാം.

(ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top