കോവിഡ് ബാധിച്ചവരില്‍ വൃക്ക രോഗങ്ങള്‍ വരുമോ ?
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ കൊറോണ വൈറസ് ബാധിച്ചവരിലെ പാര്‍ശ്വഫലങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ശരീരത്തിന്റെ പ്രധാന അവയവങ്ങളെയും പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുമെന്ന് ലോക ആരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി. ലോകം ഭയന്ന കാര്യങ്ങള്‍ സത്യമാകുന്നു എന്ന് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ തെളിയിക്കുന്നു.
കോവിഡിനു ശേഷം പൂര്‍ണ ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ പോലും കിഡ്‌നി രോഗങ്ങള്‍ കാണുന്നു. കോവിഡ് ഗുരുതരമായി പ്രശ്‌നമുണ്ടാക്കിയ പ്രധാന അവയവവുമാണ് വൃക്കകള്‍. കോവിഡാനന്തരം ചെറിയ രീതിയില്‍ വൃക്കരോഗമുള്ളവര്‍ പോലും ഡയാലിസിസിലേക്കും കിഡ്‌നി മാറ്റത്തിലേക്കും വളരെവേഗം പോകുന്നതായി കണ്ടുവരുന്നു. പ്രമേഹം, എസ്എല്‍ഇ അഥവാ ലൂപസ്, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗമുള്ളവരിലാണ് കോവിഡ് ബാധിച്ച് വൃക്കകള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോയത്.
എന്തുകൊണ്ട് വൃക്ക?
നമ്മുടെ ശരീരത്തിലെ പ്രത്യേക ഫില്‍ട്ടറുകള്‍ പോലെയാണ് വൃക്കകള്‍. രക്ത ശുദ്ധീകരണം എന്ന പ്രധാന ജോലിയാണ് വൃക്കകള്‍ ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍, അധിക ജലം, വിഷാംശങ്ങള്‍ എന്നിവയൊക്കെ ശേഖരിച്ച് പുറന്തള്ളുന്നത് കിഡ്‌നിയാണ്. കോവിഡ് 19 വൈറസിന് രക്തത്തില്‍ ചെറിയ തടസ്സം ഉണ്ടാക്കാന്‍ സാധിക്കും. ഇത് മൂലം വൃക്കകളിലെ ചെറിയ ധമനികള്‍ അടഞ്ഞു കിടക്കുകയും കിഡ്‌നി പ്രവര്‍ത്തനം താറുമാറാകുകയും ചെയ്യും.
അക്യൂട്ട് കിഡ്‌നി ഇഞ്ച്വറി
സാധാരണ പോലെയുള്ള കിഡ്‌നി പ്രവര്‍ത്തനം പെട്ടെന്ന് നിന്നു പോകുന്ന അവസ്ഥയാണ് എകെഐ (അക്യൂട്ട് കിഡ്‌നി ഇഞ്ച്വറി ), ചെറിയ രീതിയിലുള്ള പ്രവര്‍ത്തന തകരാറ് മുതല്‍ പൂര്‍ണ്ണമായ കിഡ്‌നി തകരാര്‍ വരെ ഈ രോഗാവസ്ഥ കൊണ്ടുവരാം. കടുത്ത കോവിഡ് അണുബാധയില്‍ നിന്ന് വ്യക്തി സുഖം പ്രാപിക്കുമ്പോള്‍, അവരുടെ വൃക്കകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
ക്രോണിക് കിഡ്‌നി ഡിസീസ്
ക്രോണിക് കിഡ്‌നി രോഗമുള്ളവരില്‍ ചെറിയ രീതിയിലുള്ള കൊറോണ വൈറസിന്റെ ആക്രമണം പോലും വൃക്കരോഗത്തിന്റെ കാഠിന്യം കൂട്ടും. കോവിഡ് കാലത്ത്, ഗുരുതരമല്ലാത്ത പല കിഡ്‌നി രോഗികളും ഡയാലിസിസിലേക്ക് വളരെ വേഗം മാറുകയുണ്ടായി. സ്‌റ്റേബിള്‍ കിഡ്‌നി ഫങ്ഷന്‍ ഉള്ള പലരിലും കടുത്ത കോവിഡിന് ശേഷം ഡയാലിസിസ് ആവശ്യമായി വന്നു. ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ രോഗികളില്‍ കോവിഡ് വന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള കോവിഡ് വലിയ പ്രശ്‌നം ഉണ്ടാക്കില്ല. എന്നാല്‍ കടുത്ത കോവിഡ് മൂലം വൃക്കരോഗികളില്‍ മരണം വരെ സംഭവിക്കാം.
വാക്‌സിനേഷന്‍ പ്രധാനം
ഒന്നും രണ്ടും കോവിഡ് തരംഗത്തില്‍ ലോകത്ത് വൃക്കത്തകരാറുള്ള പലര്‍ക്കും മരണം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നാംഘട്ട കോവിഡ് തരംഗം എത്തിയപ്പോഴേയ്ക്കും ലോകത്ത് വാക്‌സിനേഷന്‍ പ്രാബല്യത്തിലായി. വാക്‌സിനേഷന്‍ എടുത്തവരില്‍ മികച്ച പ്രതിരോധം വന്നതിനാല്‍ മരണനിരക്ക് നന്നായി കുറഞ്ഞു. അതിനാല്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. വാക്‌സിനേഷന്‍ എടുത്തവരില്‍ കോവിഡ് വന്നാല്‍ തന്നെയും അതിന്റെ തീവ്രത കുറവായതിനാല്‍ വൃക്കകളെ ബാധിക്കില്ല. കോവിഡ് രോഗം വന്നവരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഹാര്‍ട്ട് അറ്റാക്ക്, സ്‌ടോക്ക്, അത് മൂലം കിഡ്‌നി തകരാര്‍, വാസ്‌കുലര്‍ ത്രോംബോസിസ് എന്നിവയുണ്ടാക്കാം. ആവശ്യമായ വൈദ്യസഹായവും മുന്‍കരുതലും എടുത്തിരിക്കണം.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
1 അമിതക്ഷീണം, ഉന്മേഷക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക.
2 ഉറക്കക്കുറവ്, രാത്രിയിലെ തുടരെത്തുടരെയുള്ള മൂത്രം പോക്ക്.
3 വരണ്ടതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ ചര്‍മം.
4 തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രത്തില്‍ രക്തം കാണുക.
5 മൂത്രം പതയുക.
6 കണ്ണുകള്‍ക്ക് ചുറ്റും നീരുവന്ന് വീര്‍ത്തതായി കാണുക.
7 കണങ്കാല്‍, പാദങ്ങള്‍ എന്നിവയിലെ നീര്.
8 വിശപ്പില്ലായ്മ. പേശി വലിയല്‍.
പരിശോധനകള്‍
കൃത്യമായ പരിശോധനകളും മരുന്നുകളും മുഖേന കോവിഡാനന്തര കിഡ്‌നി പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയും. പ്രായമായവരും കിഡ്‌നി രോഗമുള്ളവരും കോവിഡ് വന്ന ശേഷം കൂടുതല്‍ ശ്രദ്ധിക്കണം.ലോകത്ത് ഭൂരിഭാഗം ജനങ്ങള്‍ക്കും തങ്ങള്‍ക്ക് ഗുരുതരമായ കിഡ്‌നിരോഗമുണ്ടെന്ന് തിരിച്ചറിയുന്നില്ല. അറിയുമ്പോഴേയ്ക്കും ഡയാലിസിസ് അല്ലെങ്കില്‍ കിഡ്‌നിമാറ്റം എന്ന അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കിഡ്‌നിരോഗ പാരമ്പര്യം ഉള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കിഡ്‌നി രോഗ പരിശോധനകള്‍ നടത്തണം.
നിയന്ത്രിക്കാം
വൃക്കരോഗം കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ അത് നേരത്തെ കണ്ടെത്തി ചികില്‍സിക്കേണ്ടത് വളരെ പ്രധാനമാണ്. വ്യായാമം ചെയ്യാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണം കഴിക്കുക, കൊവിഡ് ബാധിതരാകുക തുടങ്ങിയ കാരണങ്ങളാല്‍ കിഡ്‌നി പ്രശ്‌നങ്ങളാല്‍ രോഗികളാകുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടിട്ടും തിരിച്ചറിയാതെ അവഗണിക്കുന്നവരിലാണ് കിഡ്‌നി രോഗം ഗുരുതരമാകുന്നതും പലപ്പോഴും ചികിത്സകള്‍ ഫലിക്കാതെ വരുന്നതും.
ഡോ. എബി എബ്രഹാം എംഡി ഡിഎം
ഡയറക്ടര്‍ നെഫ്രോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസ്
ലേക്ഷോര്‍ ഹോസ്പിറ്റല്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..