01 April Saturday

വേനലാണ്‌ , ചെങ്കണ്ണിനെ സൂക്ഷിക്കണം

ഡോ. അഞ്‌ജു ഹരീഷ്‌Updated: Thursday Feb 4, 2021


വേനൽക്കാലം തുടങ്ങുന്നതോടെ അലർജിയെയും നേത്രരോഗങ്ങളെയും സൂക്ഷിക്കണം.  സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് ( conjunctivitis) അഥവാ പിങ്ക് ഐ. കണ്ണിന്റെയും കൺപോളകളുടെയും മുൻ ഉപരിതലത്തിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ഇത്‌. ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് പ്രധാന കാരണം. ഇതുമൂലം conjunctiva എന്ന കോശഭിത്തിയിൽ താൽക്കാലികമായി രക്തപ്രവാഹം ഉണ്ടാകുകയും കണ്ണ് ചുവന്ന് കാണപ്പെടുകയും ചെയ്യുന്നു. അലർജി, - പൊടി എന്നിവയുമായി സമ്പർക്കം വരുമ്പോൾ കണ്ണിന് ചൊറിച്ചിൽ, നീറ്റൽ, ചുവപ്പ് എന്നീ ലക്ഷണങ്ങളോടെ അലർജിക് കൺജൻക്ടിവൈറ്റിസ് ഉണ്ടാകാം.

ലക്ഷണങ്ങൾ
കണ്ണിന് ചുവപ്പുനിറം, കണ്ണുനീരൊലിപ്പ്, കൺപോളയ്ക്ക് വീക്കം, അസ്വസ്ഥത, പീളകെട്ടൽ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. 90 ശതമാനം ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണ്. ഇത് വളരെ പെട്ടെന്ന് പടരാം. കാഴ്ചയെ സാരമായി ബാധിക്കാറില്ലെങ്കിലും ചിലപ്പോൾ ഇത് കൃഷ്ണമണിയെ ബാധിച്ച് keratoconjunctivitis എന്ന രോഗാവസ്ഥയുണ്ടാക്കാറുണ്ട്. ഇതുമൂലം കൃഷ്ണമണിയിൽ കലകൾ വീഴുകയും വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യാം. തക്ക സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാഴ്ചയെയും ബാധിക്കാം.

ചികിത്സ
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്‌ധന്റെ നിർദേശപ്രകാരം ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിൽമെന്റും കൃത്യമായ കാലയളവിൽ ഉപയോഗിക്കണം. വൈറൽ അണുബാധയ്ക്ക് പ്രധാനമായും സപ്പോർട്ടീവ് ട്രീറ്റ്‌മെന്റ് അതായത് decongestants, artificial tears എന്നിവയാണ് ഉപയോഗിക്കുക. അലർജി conjunctivtis ഉള്ളവർക്ക് തീവ്രത കുറയ്ക്കാൻ topical steroids വേണ്ടിവന്നേക്കാം. ഡോക്ടറുടെ കൃത്യമായ വിലയിരുത്തലും ചികിത്സയും തേടുന്നത് സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും.

പ്രതിരോധം
വളരെ പെട്ടെന്ന് പടരുന്ന  സാംക്രമിക രോഗമാണ് ചെങ്കണ്ണ്. ഏറ്റവും പ്രധാനം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ്.
രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ, ടവൽ, സോപ്പ്, തലയിണ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്. കൈകൊണ്ട് കണ്ണിൽ തൊടരുത്.

കൈകൾ  കഴുകുക
നേത്രസൗന്ദര്യ വസ്തുക്കളോ വ്യക്തിഗത നേത്രസംരക്ഷണ ഇനങ്ങളോ പങ്കിടരുത്. അണുബാധയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. സ്വിമ്മിങ് പൂൾ, തിയറ്റർ എന്നിവിടങ്ങൾ അണുബാധ പടരാൻ കാരണമാകും കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്ന ആളുകൾ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ അത്‌  ധരിക്കുന്നത് നിർത്തണം. 12 മുതൽ 24 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ മെച്ചപ്പെടാൻ തുടങ്ങിയില്ലെങ്കിൽ കോണ്ടാക്ട് ലെൻസ് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ ഗുരുതര നേത്ര അണുബാധ ഇല്ലെന്ന് ഉറപ്പാക്കാൻ നേത്രരോഗ വിദഗ്‌ധനെ കാണുക

കോവിഡ്-–-9ഉം കൺജൻക്ടിവൈറ്റിസും
ഇപ്പോഴുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ കോവിഡ്-–-19 ഉള്ള 1-3 ശതമാനംപേർക്ക്‌  ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കാണാമെന്ന് സൂചനയുണ്ട്. നിങ്ങൾക്ക് ചെങ്കണ്ണ് ഉണ്ടെങ്കിൽ കോവിഡ്-–-19 ഉണ്ടെന്ന് ഇതിനർഥമില്ല. എന്നാൽ, ഇതോടൊപ്പം പനി, ചുമ, ശ്വാസതടസ്സം   ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്. ചെങ്കണ്ണ് വളരെ പെട്ടെന്ന് പടരുന്ന സാംക്രമിക രോഗമാണ്. എന്നാൽ, കൃത്യമായി വ്യക്തിശുചിത്വം പാലിക്കുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്താൽ ഇത് പടരുന്നതിൽനിന്ന് നമുക്ക് രക്ഷനേടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top