27 March Monday

ഗർഭാശയ അർബുദം അറിയാം, പ്രതിരോധിക്കാം

ഡോ. അരുൺ വാര്യർUpdated: Sunday Feb 5, 2023

ഇന്ത്യയിൽ പൊതുവിൽ  ഗർഭാശയ അർബുദ രോഗികളുടെ എണ്ണം കൂടുതലാണ്‌.  ഗർഭാശയ അർബുദ പരിശോധന,  എച്ച്പിവി വാക്സിനേഷന്റെ  പ്രാധാന്യം എന്നിവയെ പറ്റി അവബോധകുറവ്‌,  ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ലഭ്യതക്കുറവ്‌ എന്നിവയാണ്‌ ഇതിന്‌ കാരണം.  യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്റെ  താഴ് ഭാഗമായ സെർവിക്സി (cervix)നെ ബാധിക്കുന്ന ഒരുതരം അർബുദമാണ് ഗർഭാശയ അർബുദം (Cervical cancer). സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ചമൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോമ വൈറസ് (Human papilloma virus) മൂലമാണ് ഉണ്ടാകുന്നത്. എച്ച്പിവി അണുബാധ സെർവിക്സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിനുശേഷം അവ അർബുദമായി മാറുകയും ചെയ്യുന്നു. അത് ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കും. ഏത് പ്രായത്തിലുള്ളവർക്കും  അപകടസാധ്യതയുണ്ടെങ്കിലും കൂടുതലായും മുപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കണ്ടെത്തിയിട്ടുള്ളത്.  

 ലക്ഷണങ്ങളും കാരണങ്ങളും
|
ആർത്തവകാലത്തോ,  ആർത്തവവിരാമത്തിനുശേഷമോ, ലൈംഗിക ബന്ധത്തിനുശേഷമോ  അസാധാരണമായ യോനി രക്തസ്രാവം -അനുഭവപ്പെടുക,  വജൈനൽ ഡിസ്ചാർജ് വർധിക്കുക, പെൽവിക്കിലെ വേദന തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. എച്ച്പിവി അണുബാധ, പുകവലി, ദുർബലമായ പ്രതിരോധശേഷി, ഗർഭനിരോധന മാർഗങ്ങളുടെ ദീർഘകാല ഉപയോഗം തുടങ്ങിയവയാണ്‌ രോഗകാരണങ്ങൾ.

വാക്‌സിനും ചികിത്സയും

മിക്കതിലും  സെർവിക്കൽ അർബുദം അതിന്റെ പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാറില്ല.  പാപ്പ് ടെസ്റ്റ് (Pap test) പോലെയുള്ള  പരിശോധനകളിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്താറുള്ളത്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും  രോഗം  ഭേദമാക്കാനുള്ള സാധ്യതകൾ കൂട്ടുന്നു. വാക്സിൻ നൽകുന്നതിലൂടെ ഗർഭാശയ അർബുദം തടയാനാകും. 26 വയസ്സ് വരെയുള്ളവരിലാണ് ഈ വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുക. ചികിത്സ അർബുദത്തിന്റെ ഘട്ടങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി,  ഇമ്യൂണോ തെറാപ്പി തുടങ്ങി വിവിധ ചികിത്സാരീതികൾ ഇതിനായുണ്ട്.

പാപ്പ് ടെസ്റ്റ് പോലെയുള്ള പതിവ് ഗർഭാശയ അർബുദ പരിശോധനകൾ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും. ചികിത്സ ആദ്യഘട്ടത്തിൽത്തന്നെ തുടങ്ങാനും ഇതുവഴിയാകും. ട്യൂമറിന്റെ പ്രാരംഭ ഘട്ടത്തിൽ, ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും. കൂടുതൽ വികസിച്ച മുഴകൾ കീമോ തെറാപ്പിയും റേഡിയേഷനും ഉപയോഗിച്ച് ചികിത്സിക്കണം. റേഡിയേഷൻ സാധാരണ അഞ്ച് മുതൽ  ആറ് ആഴ്ച വരെ നീണ്ടുനിൽക്കും. സ്റ്റേജ് 4 അർബുദം ബാധിച്ച്, മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച രോഗികൾക്ക് അവരുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കീമോ തെറാപ്പി നൽകും. എച്ച്പിവിക്കെതിരെ വാക്സിനേഷൻ എടുക്കുന്നതിലൂടെയും  പതിവായി പാപ് ടെസ്റ്റുകൾ നടത്തുന്നതിലൂടെയും ഗർഭാശയ അർബുദം തടയാനാകും. നേരത്തെ  കണ്ടെത്തി കൃത്യമായി ചികിത്സ നേടിയാൽ രോഗത്തെ മറികടക്കാം.  ഈ രോഗത്തെപ്പറ്റിയുള്ള ബോധവൽക്കരണവും അനിവാര്യമാണ്‌.
 
(കൊച്ചി ആസ്റ്റർ മെഡ്സിറ്റി
മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top