06 June Tuesday

'ഹിജാമ രക്തം ഊറ്റുന്ന അജ്ഞത' - ഇന്‍ഫോ ക്ളിനിക്കിന്റെ ലേഖനം പൂട്ടിച്ചു: ലേഖനം സ്വന്തം പേജില്‍ പോസ്റ്റ്‌ ചെയ്ത് ഡോക്ടര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2017

കൊച്ചി>ഹിജാമ എന്ന രക്തമൂറ്റല്‍ ചികിത്സയെപ്പറ്റി  ഫേസ്ബുക്കില്‍ ഇന്‍ഫോ ക്ളിനിക്ക് പ്രസീദ്ധീകരിച്ച ലേഖനം മാസ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു.  ഇതിനെതിരെ സ്വന്തം ഫേസ്ബുക്കില്‍ ലേഖനം പോസ്റ്റ് ചെയ്താണ് ഇന്‍ഫോ ക്ളിനിക് ഡോക്ടര്‍മാരും അശാസ്ത്രീയ ചികില്‍സകളെ എതിര്‍ക്കുന്നവരും മറുപടി നല്‍കിയത്.

ചികില്‍സാ രംഗത്തെ  അശാസ്ത്രീയതകളെ തുറന്നുകാട്ടുന്നതിനും ബോധവത്കരണത്തിനുമായി ഒരുകൂട്ടം ഡോക്ടര്‍മാര്‍ നടത്തുന്ന ശ്രമാണ് ഇന്‍ഫോ ക്ളിനിക്ക് ഫേസ് ബുക്ക് പേജ്.  ഏഴുമാസം മുമ്പ് ആരംഭിച്ച ഇന്‍ഫോ ക്ളിനിക്ക് ഇതിനകം 94 ലേഖനങ്ങളാണ് പ്രസീദ്ധീകരിച്ചത്് ഇതില്‍ 93നും  സംഭവിക്കാത്തതാണ് 94മത് പോസ്റ്റായ ഹിജാമക്കുണ്ടായതെന്ന് അതെഴുതിയവര്‍ പറയുന്നു.

ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. കിരണ്‍ നാരായണന്‍, ഡോ. ജമാല്‍, ഡോ. ജിനേഷ് പി.എസ് എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയത് .

അശാസ്ത്രീയ പ്രചരണങ്ങള്‍ സമൂഹത്തില്‍ പെരുകുകയും അത് സമൂഹത്തിന്റെ ആരോഗ്യത്തിനു ഭീഷണി ആവുകയും ചെയ്യുമ്പൊഴാണ് അതിനെതിരെ പ്രതികരിക്കുന്നതെന്നും എത്ര കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും എത്ര ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ഇന്‍ഫോ ക്ളിനിക് അത് തുടരുകതന്നെ ചെയ്യുമെന്നും അവര്‍ പറയുന്നു.

ഫേസ് ബുക്കില്‍ നിന്ന് നീക്കിയ ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ:

 

ഹിജാമ - രക്തം ഊറ്റുന്ന അജ്ഞത:

സ്‌കൂളില്‍ വെച്ച്‌ സയന്‍സ്‌ പുസ്‌തകം ബയോളജിയും കെമിസ്‌ട്രിയും ഫിസിക്‌സുമായി തല്ലിപ്പിരിയുന്നതിന്‌ മുന്‍പ്‌ തന്നെ ഹൃദയത്തിന്‌ നാല്‌ അറകളുണ്ടെന്നും വലത്‌ ഭാഗത്ത്‌ അശുദ്ധരക്‌തവും ഇടത്‌ ഭാഗത്ത്‌ ശുദ്ധരക്‌തവുമെന്ന്‌ പഠിച്ചെന്ന്‌ തോന്നുന്നു. ഓക്‌സിജനില്ലാത്ത രക്‌തത്തിലേക്ക്‌ ശ്വാസകോശം കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ കളഞ്ഞ്‌ ഓക്‌സിജന്‍ കലര്‍ത്തുന്നത്‌ ഏതാണ്ട്‌ സോഡയടിക്കുന്നത്‌ പോലൊരു പരിപാടിയായിട്ടാണ്‌ കുഞ്ഞുമനസ്സ്‌ അന്ന്‌ സങ്കല്‍പിച്ചത്‌.

കാലം ഇരുണ്ടും വെളുത്തും മെഡിക്കല്‍ കോളേജിലെ തടിയന്‍ പുസ്‌തകങ്ങളിലേക്ക്‌ തള്ളിയിട്ടപ്പോള്‍ മനസ്സിലായി ഹൃദയവും ശ്വാസകോശവും വൃക്കയും കൂടി ജനനം തൊട്ട്‌ മരണം വരെ ഒരു നിമിഷം നിര്‍ത്താതെ പണിയെടുത്താണ്‌ ശരീരത്തില്‍ നിന്നും പുറന്തള്ളേണ്ട വസ്തുക്കള്‍ പുറന്തള്ളുന്നതെന്ന്. എത്രയോ ഘടകങ്ങള്‍ ചേര്‍ന്നാല്‍ മാത്രം കാര്യക്ഷമമായി നടക്കുന്ന ഈ പ്രക്രിയയിലേക്ക്‌ ചില പോക്കറ്റ്‌ റോഡുകള്‍ ചെയ്യുന്ന ഫലം മാത്രമാണ്‌ ചെറിയ സിരകളും ധമനികളും രണ്ട്‌ പേര്‍ ചേര്‍ന്ന്‌ കൈകോര്‍ക്കുന്ന കാപില്ലറികളും ചെയ്യുന്നതെന്ന്‌ ശരീരശാസ്‌ത്രം വഴി പഠിച്ചു.

ഇപ്പോള്‍ കേള്‍ക്കുന്നു 'ഹിജാമ' എന്ന മായാചികിത്‌സ വഴി പുറത്ത്‌ മുറിവുണ്ടാക്കി 'കെട്ടിക്കിടക്കുന്ന അശുദ്ധരക്‌തം' ഒഴുക്കിക്കളഞ്ഞാല്‍ ഒരുപാട്‌ രോഗങ്ങള്‍ അകലുമെന്ന്‌. പൊളിച്ച്....

ഇതെങ്ങനെ സാധ്യമാകുമെന്ന്‌ ഇത്‌ ചെയ്യുന്നവരോട്‌ ചോദിച്ചിട്ട്‌ പോലും വ്യക്‌തമായൊരു മറുപടി നേടാന്‍ സാധിച്ചിട്ടില്ല. ഗവേഷണമോ പഠനമോ ഉണ്ടോ? ഏത്‌ തരം രക്‌തക്കുഴലില്‍ നിന്നാണു ബ്ലീഡിങ്ങ്? അവിടെ രക്തം എങ്ങനെയാണു കെട്ടിനില്‍ക്കുന്നത്? നോ റിപ്ലൈ...

ആര്‍ട്ടറിയിലെ/വെയിനിലെ രക്‌തം തിരിച്ചറിയാന്‍ പോലും അതിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ്‌ പരിശോധിച്ചാല്‍ സാധിക്കുമെന്നിരിക്കേ, തൃപ്‌തികരമായൊരു വിശദീകരണത്തിന്റെ അഭാവം വിശദീകരണമില്ലാതെ വിശ്വാസം മാത്രം അടിസ്‌ഥാനമാക്കിയ കാലഹരണപ്പെട്ട രീതി മാത്രമാണിത്‌ എന്നുള്ളതിന്റെ ആദ്യ തെളിവാണ്.

ഇനിയൊരു വാദത്തിന്‌ സിരയിലുള്ള ഓക്‌സിജന്‍ അളവ്‌ കുറഞ്ഞ രക്‌തം 'അശുദ്ധരക്‌തം' എന്ന്‌ കരുതാം. യഥാര്‍ഥത്തില്‍ ഇതൊരു അബദ്ധപ്രയോഗമാണ്. ഓക്സിജനേറ്റഡ് - ഡീ ഓക്സിജനേറ്റഡ് രക്തമാണുള്ളത്. ശരീരത്തില്‍ നിന്ന് ഗെറ്റ് ഔട്ട് അടിക്കേണ്ട "അശുദ്ധമായ" രക്തം ശരീരത്തില്‍ ഇല്ല.

അപ്പോള്‍ 'ടി - ശുദ്ധരക്തം ' ധമനി വഴിയും മറ്റേത് സിര വഴിയുമാണ്‌ ഒഴുകുന്നത്‌. ഏറ്റവും കട്ടിയുള്ള തൊലിയുള്ള മുതുകില്‍ ആര്‍ട്ടറിയോ വെയിനോ തൊട്ട്‌ കണ്ടു പിടിക്കുക പോലും അസാധ്യം. അവിടെ വലിയ രക്തക്കുഴലുകളും ഇല്ല. പിന്നെ എങ്ങനെയാണ്‌ ഈ മുറിവുകള്‍ അവര്‍ അവകാശപ്പെടുന്ന കൃത്യമായ രീതിയില്‍ സാധ്യമാകുക !

ഇനി അങ്ങനെ മുറിച്ച്‌ കുറച്ച്‌ deoxygenated blood ഒഴുകിപ്പോയെന്ന് വച്ചോ.. തന്നെ രക്‌തനഷ്‌ടത്തിനപ്പുറം എന്താകും സംഭവിക്കുക? എവിടെയാണ്‌, എന്താണ്‌ ശരീരത്തില്‍ കെട്ടിക്കിടക്കുന്നത്‌? ഹൃദയവും ശ്വാസകോശവുമൊഴിച്ച്‌ എവിടെ മുറിച്ചാലും വരുന്നത്‌ ഒരേ രക്തമാണ്‌. രക്‌തം എവിടെയെങ്കിലും കെട്ടിക്കിടന്നാല്‍ അത്‌ സാരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുക. അതാണ്‌ വെരിക്കോസ്‌ വെയിനില്‍ സംഭവിക്കുന്നത്‌ (stasis). എന്നാല്‍ ഈ രോഗാവസ്‌ഥയില്‍ പോലും സ്‌ഥിരമായി കെട്ടിക്കിടക്കുന്നില്ല. മറിച്ച്‌, രക്‌തം തിരിച്ച്‌ ഹൃദയത്തിലേക്കൊഴുകാനുള്ള താമസം സംഭവിക്കുന്നുവെന്ന്‌ മാത്രം.

അമിതമായുള്ള ഫ്ലൂയിഡ്‌ ഒഴുക്കി കളയുന്നു എന്ന്‌ പറയുന്നു ചില ഹിജാമക്കാര്‍. ഏകദേശം അഞ്ചര ലിറ്റര്‍ രക്‌തമാണ്‌ മനുഷ്യശരീരത്തിലുള്ളത്‌. അതിനേക്കാള്‍ പരിധി വിട്ട ജലാംശം ശരീരത്തില്‍ ഉണ്ടായാല്‍ (fluid overload) അത്‌ ശരീരത്തില്‍ നീര്‍ക്കെട്ടായി തന്നെ കാണും. ഇതിന്‌ വിവിധ കാരണങ്ങളുണ്ട്‌. എവിടെയെങ്കിലും നാല്‌ മുറിവുണ്ടാക്കിയാല്‍ ഈ നീര്‌ ചുമ്മാ അങ്ങ് ഒഴുക്കി കളയാന്‍ സാധിക്കുകയുമില്ല. പല കംപാര്‍ട്ട്‌മെന്റുകളിലായി പരന്നുകിടക്കുന്ന മനുഷ്യശരീരത്തിലെ ജലം ഒരിക്കലും ഇതു പോലെ എളുപ്പം കൈയിലൊതുങ്ങില്ല.

ശരീരത്തില്‍ ജലാംശം വളരെ കൂടിയ അവസ്‌ഥയില്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്‌ വന്ന്‌ രോഗി മരിക്കാന്‍ പോലും സാധ്യതയുണ്ട്‌ (pulmonary edema). ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്‌. പുറത്ത്‌ മുറിവുണ്ടാക്കാന്‍ പോയിട്ട്‌ ആവശ്യത്തിന്‌ ശ്വാസമെടുക്കാന്‍ പോലും സാധിക്കാതെയാണ്‌ രോഗി ആശുപത്രിയിലെത്തുക. പറഞ്ഞുവന്നത് ചുമ്മാ ഫ്ലൂയിഡ്‌ ശരീരത്തില്‍ നിലനില്‍ക്കില്ല, അത്‌ പുറത്ത്‌ വിടാനാണ്‌ വൃക്ക മുതല്‍ തൊലി വരെയുള്ള ശരീരാവയവങ്ങള്‍. അഥവാ നിലനിന്നാല്‍ അതൊരു അത്യാഹിതാവസ്‌ഥയാണ്‌. അതായത്‌, ശരീരം നോര്‍മല്‍ ആണെങ്കിലും അബ്‌നോര്‍മല്‍ ആണെങ്കിലും ഈ 'രക്‌തമൊഴുക്കല്‍' കൊണ്ട്‌ പ്രത്യേകിച്ച്‌ ഫലസിദ്ധിയൊന്നുമില്ല.

ഇനി ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കുന്നു എന്ന വാദം. ശരീരത്തിലെ വിഷാംശം, അത്‌ ഇനി ജീവികളില്‍ നിന്നോ രാസവസ്‌തുക്കളില്‍ നിന്നോ വന്നതാവട്ടെ, ശുദ്ധീകരിക്കാന്‍ കരളും വൃക്കയുമുണ്ട്‌. അവയ്‌ക്കാണ്‌ പ്രധാനമായും ആ ധര്‍മ്മം. അവര്‍ അരിച്ചെടുക്കുന്ന രക്‌തം ശരീരത്തിലൂടെ അങ്ങോളമിങ്ങോളം ഒഴുകുന്നു. ഒരേ രക്‌തം പല വഴിക്ക്‌. എല്ലായിടത്തും ഒരേ ഘടകങ്ങളാണ്‌ ഈ രക്‌തത്തിന്‌. വിഷാംശം ഒരു ഭാഗത്ത്‌ മാത്രമായി കേന്ദ്രീകരിച്ചല്ല ഉള്ളത്‌. സാധാരണ ഗതിയില്‍, വലതുകൈയില്‍ കുത്തിയാലും ഇടത്‌ കൈയില്‍ കുത്തിയാലും കാലില്‍ കുത്തിയാലും ബ്ലഡ്‌ ടെസ്‌റ്റ്‌ റിസല്‍റ്റുകള്‍ക്ക്‌ ഒരു മാറ്റവുമുണ്ടാകില്ല. ഇത്‌ തന്നെയാണ്‌ കാരണം. പിന്നെങ്ങനെ മുറിവിലൂടെ മാത്രം കൃത്യമായി വിഷാംശം പുറത്തെത്തും?

ശരീരത്തിലെ പല രോഗാവസ്‌ഥകള്‍ക്കും ഈ രക്‌തച്ചൊരിച്ചില്‍ ഒരുത്തമ പരിഹാരമെന്ന പ്രചാരണവുമുണ്ട്‌. മറ്റു രോഗങ്ങളെ ചികിത്‌സിക്കുന്നത്‌ മാറ്റി വെക്കാം. ഈ ഒരു പ്രക്രിയക്ക്‌ എന്തെങ്കിലും വിശ്വാസ്യത അവകാശപ്പെടാന്‍ ഉണ്ടെങ്കില്‍, രക്‌തശുദ്ധീകരണത്തിന്‌ ഉപയോഗിക്കുന്ന ഡയാലിസിസിന്‌ പകരം ഈ ലളിതമായ പ്രക്രിയ മതിയാകുമായിരുന്നല്ലോ !

മറ്റേതൊരു കാര്യവും പോലെ മതപരമായി മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നത്‌ കൊണ്ട്‌ യാതൊരു മറുചോദ്യവുമില്ലാതെ ഈ അശാസ്‌ത്രീയരീതി ഇവിടെ പടര്‍ന്നു പിടിക്കുന്നു. ഏതൊരു ചോദ്യവും 'മതവികാരം വ്രണപ്പെടുത്തല്‍' ആകുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങളില്ലാതെ നില നില്‍പ്പ്‌ സാധ്യമാകുകയും ചെയ്യുന്നു. ഫലസിദ്ധി ഇല്ലെന്നതിനുമപ്പുറം പല സങ്കീര്‍ണതകള്‍ക്കും ഹിജാമ കാരണമാകാം.

ഏതൊരു അശാസ്ത്രീയതയുടെയും പിന്‍ബലം അനുഭവ സാക്ഷ്യങ്ങളാണ്. ഒളിമ്പിക്സില്‍ മെഡലുകള്‍ വാരിക്കൂട്ടിയ മൈക്കല്‍ ഫെല്‍പ്പ്‌സും കേരളത്തിലെ ഒരു ജനപ്രതിനിധിയും ഇത്തരം അനുഭവങ്ങളുമായി നമ്മുടെ മുന്നിലുണ്ട്. ഓര്‍ക്കുക, കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ ചെയ്തു എന്ന് പറയുന്ന അനുഭവ സാക്ഷ്യങ്ങള്‍ വിശ്വസിച്ച് ഗുരുതരമായ അസുഖങ്ങള്‍ ഉള്ള രോഗികള്‍ ഹിജാമഃ എന്നുവിളിക്കുന്ന കപ്പിംഗിന് വിധേയനാവാന്‍ ചെന്നാല്‍ നിരുത്സാഹപ്പെടുത്തുകയാണ് ഹിജാമ പ്രചാരകര്‍ ചെയ്യുന്നത്. അതായത്, അസുഖം ഒന്നുമില്ലാത്തവര്‍ക്ക് കുറച്ചു കുത്തുകൊള്ളാം, അത്ര തന്നെ.

അല്ലെങ്കില്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് മാനസികമായി കിട്ടുന്ന ഒരു സുഖം അല്ലെങ്കില്‍ പ്ലാസിബോ ഇഫെക്റ്റ് എന്ന് പറയാവുന്ന പ്രതിഭാസം മാത്രമാണ് ഇതിന്റെ പ്രഭാവം. കപ്പിംഗ് എന്ന സംഭവം 1500 ബി.സി കാലഘട്ടത്തില്‍ ഒക്കെ തൊട്ടേ ഉണ്ടായിരുന്ന പ്രാകൃത സമ്പ്രദായം ആയിരുന്നു, അതില്‍ ശാസ്ത്രീയമായ ഗുണം ഒന്നും ഇല്ലാഞ്ഞതിനാല്‍ ശാസ്ത്രം തള്ളി കളഞ്ഞതാണ്.

*ഗൗരവമുള്ള രോഗങ്ങള്‍ക്ക്‌ പോലും ചികിത്‌സയെന്നവകാശപ്പെടുന്ന ഈ കപടവൈദ്യം (ഹൃദ്രോഗം, കാഴ്‌ചക്കുറവ്‌, തലവേദന, മസ്‌തിഷ്‌കരോഗങ്ങള്‍), ശരിയായ ചികിത്‌സ തേടുന്നതില്‍ നിന്നും രോഗിയെ തടയാം/വൈകിക്കാം.

*രക്‌തം കട്ടപിടിക്കാത്ത ഹീമോഫീലിയ പോലുള്ള രോഗങ്ങള്‍, രക്‌തം കട്ട പിടിക്കാതിരിക്കാന്‍ മരുന്ന്‌ കഴിക്കുന്ന ഹൃദ്രോഗികള്‍, പക്ഷാഘാത ബാധിതര്‍ തുടങ്ങിയവര്‍ക്ക്‌ സാരമായ രക്‌തസ്രാവമുണ്ടാകാം.

*മുറിവുണ്ടാക്കുന്ന സ്‌ഥലം കൃത്യമായി വൃത്തിയാക്കാത്തതും, ശരീരത്തിലുണ്ടാക്കുന്ന തുറന്ന മുറിവുകളും അണുബാധയുണ്ടാക്കാം. പ്രമേഹരോഗികളെ ഇത്‌ സാരമായി ബാധിക്കാം.

*വിളര്‍ച്ചക്കുള്ള സാധ്യത അധികരിപ്പിക്കുന്നു. കൂടാതെ കൃത്യമായി ശരീരശാസ്‌ത്രമറിയാത്തവര്‍ ചെയ്യുന്ന പ്രക്രിയകള്‍ക്ക്‌ അപകടസാധ്യതയേറെയാണ്‌.

വാല്‍ക്കഷണം: രക്തം കളഞ്ഞേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവര്‍ ദയവായി രക്തം ദാനം ചെയ്യുക. മിനിമം നാലാള്‍ക്കാരുടെ ജീവനെങ്കിലും രക്ഷപെടും.

ഹിജാമ ചികിത്സയുടെ പ്രചാരകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന, പി സി ജോര്‍ജ് എം എല്‍ എ ഹിജാമ ചികിത്സയ്ക്ക് വിധേയനാകുന്ന വീഡിയോ ഇവിടെ :

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top