25 September Monday

അനസ്തീസിയ: മയക്കിക്കിടത്തലിനപ്പുറം

ഡോ.പല്ലവി ഗോപിനാഥന്‍Updated: Wednesday Oct 18, 2017

1853 ല്‍ വിക്ടോറിയ രാജ്ഞിയ്ക്ക് എട്ടാമത്തെ പ്രസവത്തില്‍ വേദന കുറയ്ക്കാന്‍ നല്‍കിയത് ക്ലോറോഫോമായിരുന്നു. ലിയോപോള്‍ഡ് രാജകുമാരന്റെ പിറവി അങ്ങനെ വേദനരഹിതമായി. രാജ്ഞി പിന്നീട് ക്ലോറോഫോമിനെ 'സുഖവും ശാന്തതയും അളവറ്റ സന്തോഷവും'' തരുന്ന ഒന്നായി വാഴ്‌ത്തി. വേദനരഹിത ശസ്ത്രക്രിയയ്ക്ക് പ്രചാരം കൂട്ടാന്‍ രാജ്ഞിയുടെ വാക്കുകള്‍ തുണയായി.

ക്ലിനിക്കൽ അനസ്തീസിയയിൽ നിന്ന് ക്ലൊറോഫോമും ഈതറും ഒക്കെ മാഞ്ഞുപോയിട്ട് കാലമൊരുപാടായി. അനസ്‌തീസിയ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരു രോഗിയുടെ ,ശസ്ത്രക്രിയ സമയത്തും അതിനു മുമ്പും ശേഷവും ഉള്ള സമഗ്രമായ ആരോഗ്യ പരിപാലനം ലക്ഷ്യമിടുന്ന ചികിത്സാ വിഭാഗമാണ്. ലോക അനസ്തീസിയ ദിനം ഒക്ടോബര്‍ 16 നു കടന്നുപോയി.

അനസ്‌തീസിയെപ്പറ്റി ഡോ.പല്ലവി ഗോപിനാഥന്‍ എഴുതുന്നു 

ഴുത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ചെയ്യേണ്ട രോഗിക്ക് വില്യം തോമസ് ഗ്രീൻ മോർട്ടൺ ഈതർ ബാഷ്പം ഉപയോഗിച്ച് വിജയകരമായി അനസ്തീസിയ നൽകി കാണിച്ചിട്ട് നൂറ്റിയെഴുപത്തൊന്ന് വർഷങ്ങൾ.

രസതന്ത്രത്തിന്റെ വളർച്ചയോടൊപ്പം വളരുകയും, സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം കൂടുതൽ സൂക്ഷ്മമാകുകയും ചെയ്തു അനസ്തേഷ്യോളജി എന്ന ആധുനിക വൈദ്യശാസ്ത്ര ശാഖ.മയക്കം, ബോധം കെടുത്തൽ എന്നൊക്കെയുള്ള പൊതുബോധത്തിനപ്പുറം അനസ്തീസിയ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരു രോഗിയുടെ ,ശസ്ത്രക്രിയ സമയത്തും അതിനു മുമ്പും ശേഷവും ഉള്ള സമഗ്രമായ ആരോഗ്യ പരിപാലനം ലക്ഷ്യമിടുന്ന ചികിത്സാ വിഭാഗമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കൊപ്പം ചികിത്സാരീതി എന്ന നിലയിൽ ശസ്ത്രക്രിയകൾ അനിവാര്യമായ സമയത്താണ് വേദനരഹിത ശസ്ത്രക്രിയ എന്ന ആശയവും ഉണ്ടാകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് ചേർന്ന മരുന്നുകളും മറ്റും വേദന നിവാരണത്തിനായി ഉപയോഗിച്ചു വന്നിരുന്നു. ജോസഫ് പ്രീസ്റ്റ്ലി നൈട്രസ് ഓക്സൈഡ് എന്ന വാതകം കണ്ടുപിടിക്കുകയും ശിഷ്യനായ ഹംഫ്രി ഡേവി അതിനു വേദന കുറയ്ക്കാൻ കഴിയും എന്ന് കണ്ടെത്തുകയും ചെയ്തു. കൂടുതൽ പ്രചാരത്തിൽ വന്നത് ഈതർ ഉപയോഗിച്ചുള്ള അനസ്തീസിയ ആയിരുന്നു.

ആധുനിക അനസ്തീസിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ജോൺ സ്നോ വിക്ടോറിയ രാജ്ഞിയ്ക്ക് പ്രസവ വേദന കുറയ്ക്കാൻ ക്ലോറോഫോം നൽകുകയും രാജ്ഞിയുടെ അനുഭവസാക്ഷ്യം ക്ലോറോഫോം വ്യാപകമായി ഉപയോഗത്തിൽ വരാൻ സഹായിക്കുകയും ചെയ്തു.
ആ കാലഘട്ടത്തിൽ നിന്ന് ഫാർമക്കോളജി ഒരുപാട് വളർന്നു. അനസ്തീസിയക്ക് ഉപയോഗിക്കുന്ന മരുന്നുകളും. ക്ലോറോഫോം മണപ്പിക്കുവോ ഡോക്ടറേ എന്ന് ഇപ്പോഴും പല രോഗികളും ചോദിക്കാറുണ്ട്. ക്ലിനിക്കൽ അനസ്തീസിയയിൽ നിന്ന് ക്ലൊറോഫോം ഒക്കെ മാഞ്ഞുപോയിട്ട് കാലമൊരുപാടായി.

'മൊത്തം മയക്കൽ' എന്ന ജനറൽ അനസ്തേഷ്യയിൽ സംഭവിക്കുന്നത് രോഗിക്ക് ചില മരുന്നുകൾ നൽകി ഉറക്കുന്നു, ഈ മരുന്ന് ശ്വാസത്തിലൂടെ നൽകാം (inhalational) ഇഞ്ചക്ഷനിലൂടെ നൽകാം. ഉറക്കം മാത്രമല്ല അനസ്തീസിയ. പേശികളെ തത്കാലം പ്രവർത്തിക്കാതെയാക്കുന്ന മരുന്നുകളും വേദന സംഹാരികളും നൽകും. അപ്പോൾ സ്വാഭാവികമായും ശ്വസിക്കാനും സഹായം നൽകും. അതിനു ശ്വാസനാളത്തിലേക്ക് ട്യൂബ് ഇട്ട് ശ്വാസം നൽകേണ്ടി വരാം. ഈ മരുന്നുകളൊക്കെ നൽകിയ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ,ശ്വസനം ഇവയൊക്കെ കൃത്യമായി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ശസ്ത്രക്രിയ നടക്കുമ്പോൾ രോഗിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും ശ്രദ്ധിക്കുകയും ആവശ്യമായ അളവിൽ മറ്റു മരുന്നുകളും അനസ്തീസിയയുടെ തുടർച്ചയും നൽകുകയും വേണം. കൂടാതെ ശസ്ത്രക്രിയ സമയത്തെ രക്തനഷ്ടം തിട്ടപ്പെടുത്തുകയും ആവശ്യമായ പക്ഷം രക്തവും രക്തഘടകങ്ങളും നൽകുകയും ശരീരത്തിലെ ലവണാംശം അടക്കമുള്ള ഘടകങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അവ ശരിയാംവിധം ക്രമീകരിക്കുകയും അനസ്തീസിയ നൽകുന്ന ഡോക്ടറുടെ ജോലിയാണ്. ചുരുക്കത്തിൽ, ഉറക്കിയാൽ പോരാ ഉറങ്ങുന്ന രോഗിക്ക് ഒരു നിമിഷം പോലും കണ്ണെടുക്കാതെ കാവലിരിക്കുകയും വേണം.

അനസ്തീസിയയിൽ ഉള്ള രോഗിയുടെ നിരന്തരമായ നിരീക്ഷണത്തിലാണ് സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് ഒരുപാട് നമ്മെ സഹായിക്കുന്നത്. പല സങ്കീർണതകളും ചെറിയ വ്യതിയാനങ്ങളും ഒക്കെ ഏറ്റവുമാദ്യം കണ്ടുപിടിക്കാൻ സഹായിക്കുന്നത് വഴി ഈ സാങ്കേതിക വിദ്യകൾ രക്ഷിക്കുന്ന ജീവനുകളുടെ എണ്ണം ചെറുതല്ല.

ഈതര്‍ അനസ്തീസിയ നല്‍കി ഒരു ശസ്ത്രക്രിയ. 1847 ലെ ഒരു ചിത്രം

ഈതര്‍ അനസ്തീസിയ നല്‍കി ഒരു ശസ്ത്രക്രിയ. 1847 ലെ ഒരു ചിത്രം

'തരിപ്പിക്കൽ' എന്ന റീജിയണൽ അനസ്തീസിയ യിൽ ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗം വേദനയില്ലാതെ ഇരിക്കുവാൻ നാഡികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ചെയ്യുക. ഈ 'ബ്ലോക്കാക്കൽ' പല തലങ്ങളിൽ ചെയ്യാം. ഒരു പ്രത്യേക നാഡിയെ മാത്രം മരവിപ്പിക്കാം, ഒരു കൂട്ടം നാഡികൾ മരവിപ്പിക്കാം, ത്വക്കിനു താഴെ മരവിപ്പിക്കുന്ന മരുന്ന് കുത്തിവച്ചു ഒരു ചെറിയഭാഗം മാത്രം മരവിപ്പിക്കാം.

പിന്നെ central neuraxial block എന്ന് അനസ്തീഷ്യ ഡോക്ടറും 'തണ്ടെല്ലു കുത്തി തരിപ്പിക്കൽ' എന്ന് നാട്ടുകാരും വിളിക്കുന്ന മറ്റൊരുതരം റീജിയണൽ അനസ്തീസിയ. തണ്ടെല്ലിൽ കുത്തുകയല്ല, സുഷുമ്ന നാഡിയിൽ നിന്ന് പുറത്തു വരുന്ന നാഡികളെ ഒരു കൂട്ടത്തെ ഒന്നിച്ചു, അവയുടെ ആവരണത്തിനു ചുറ്റും മരുന്ന് വച്ച് തരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഓരോ രോഗിയുടെയും രോഗാവസ്ഥയും, ശസ്ത്രക്രിയയുടെ സ്വഭാവവും, രോഗിക്ക് ഉള്ള മറ്റ് അസുഖങ്ങളും, ശാരീരികമായ പ്രത്യേകതകളും ഒക്കെ ഇതിൽ ഏതു തരം അനസ്തീസിയ വേണം എന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

അനസ്തീസിയ യുടെ സങ്കീർണതകളും ഈ പറഞ്ഞ കാര്യങ്ങളെ ഒക്കെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അനസ്തീസിയ ശരീരത്തിൽ ഉണ്ടാക്കിയേക്കാവുന്ന വ്യതിയാനങ്ങളെക്കുറിച്ച് രോഗിയെ മനസിലാക്കുകയും അനസ്തീസിയക്ക് വിധേയനാകാൻ ഒരുക്കമാണ് എന്ന സമ്മതപത്രം വാങ്ങുകയും വേണം.

ശസ്ത്രക്രിയക്ക് ശേഷവും രോഗിയുടെ മേൽനോട്ടം, വേദന നിവാരണം , ഐ സി യു വിൽ വച്ചുള്ള പരിചരണം എന്നിവയിലും അനസ്തീഷ്യോളജിസ്റ്റിനു പങ്കുണ്ട്.

വേദന രഹിത പ്രസവം, പെയിൻ ക്ലിനിക്ക് തുടങ്ങി എവിടെയെല്ലാം വേദന നിവാരണത്തിനു പ്രസക്തിയുണ്ടോ, അവിടെയെല്ലാം അനസ്തീസിയയുടെ സേവനവുമുണ്ട്.

അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിയുടെ മോട്ടോ 'eternal vigilance' എന്നാണ്. അതെ, നിതാന്ത ജാഗ്രതയോടെ, ഓരോ ശസ്ത്രക്രിയയും വേദനയില്ലാതെ..

(അനസ്തീസിയ ഡോക്ടറും മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനുമാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top