17 July Wednesday

യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനം എങ്ങനെയാണ് ചെറിയ വിഷയമാകുന്നത് സുധാകരാ..? ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

ഡോ. ഷിജൂഖാൻ

ഡോ. ഷിജൂഖാൻ

പീഡനം എന്നത് ഒരു സ്‌ത്രീയുടെ ശരീരത്തിനും മനസ്സിനും ഏൽക്കുന്ന വലിയ ആഘാതമാണെന്ന് താങ്കൾ മനസ്സിലാക്കണം. അതുകൊണ്ടാണ് ആക്രമിക്കപ്പെട്ട ആളുടെ പേര് നമ്മൾ ഒരിടത്തും രേഖപ്പെടുത്താത്തത്. പൊതുരംഗത്ത് നിൽക്കുന്ന സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കാൻ യൂത്ത് കോൺഗ്രസ് ക്യാമ്പ് തന്നെ വേദിയാക്കിയത് ക്രൂരമാണ്. ഏറ്റവും  നിന്ദ്യവുമായ പ്രവൃത്തിയാകുമ്പോൾ തന്നെ, അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ഭുതവും അസ്വാഭാവികതയുമുണ്ടാവില്ല അല്ലേ ?- ഡോ. ഷിജൂഖാൻ എഴുതുന്നുതിരുവനന്തപുരം സ്വദേശിയായ യുവതിയെ പാലക്കാട് നടന്ന  യൂത്ത്‌ കോൺഗ്രസ്‌  ക്യാമ്പിൽ വച്ച് പീഡിപ്പിച്ച സംഭവം ഒരു ചെറിയ വിഷയം മാത്രമാണ് എന്നാണ് കെ. സുധാകരന്റെ പ്രതികരണം. കെ. സുധാകരൻ എന്ന വ്യക്തിയിൽ നിന്ന് ഇതും ഇതിനപ്പുറവും നിന്ദ്യമായ പ്രതികരണം പ്രതീക്ഷിക്കാം. പക്ഷേ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എന്ന പദവിയിലിരുന്നാണ് ആ ക്രൂരമായ ജല്പനങ്ങൾ എന്ന് ഓർമിക്കണം. സൂര്യനെല്ലി സംഭവത്തിലെ ഇരയായ പെൺകുട്ടിയെ താങ്കൾ സംബോധന ചെയ്‌ത വിധമുള്ള അറപ്പുളവാക്കുന്ന പദപ്രയോഗങ്ങൾ, കേരളീയ പൊതു സമൂഹത്തിൽ മറ്റാരും ചെയ്‌തിട്ടില്ലല്ലോ. താങ്കളുടെയും താങ്കളുടെ  പ്രസ്ഥാനത്തിലെ ഇതര നേതാക്കളുടെയും ഇത്തരം അസംഖ്യം പ്രയോഗങ്ങളെ സൗകര്യപൂർവം മറന്നും മറച്ചുമാണ് നിങ്ങൾക്ക് മാധ്യമങ്ങൾ പരിവേഷങ്ങൾ ചാർത്തിത്തരുന്നത്.

എങ്കിലും താങ്കൾ മനസിലാക്കേണ്ടത്, ഏൽക്കേണ്ടി വന്ന ശാരീരികപീഡനത്തേപ്പോലെ വേദനിപ്പിക്കുന്നതാവും, പൊതുസമൂഹത്തിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്നുള്ള ജുഗുപ്‌സാവഹമായ നിസാരവല്‌ക്കരണം ഇരയിൽ സൃഷ്‌ടിക്കുന്ന വേദനയും. പീഡനം എന്നത് ഒരു സ്‌ത്രീയുടെ ശരീരത്തിനും മനസ്സിനും ഏൽക്കുന്ന വലിയ ആഘാതമാണെന്ന് താങ്കൾ മനസ്സിലാക്കണം. അതുകൊണ്ടാണ് ആക്രമിക്കപ്പെട്ട ആളുടെ പേര് നമ്മൾ ഒരിടത്തും രേഖപ്പെടുത്താത്തത്. പൊതുരംഗത്ത് നിൽക്കുന്ന സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കാൻ യൂത്ത് കോൺഗ്രസ് ക്യാമ്പ് തന്നെ വേദിയാക്കിയത് ക്രൂരമാണ്. ഏറ്റവും  നിന്ദ്യവുമായ പ്രവൃത്തിയാകുമ്പോൾ തന്നെ, അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളംഅത്ഭുതവും അസ്വാഭാവികതയുമുണ്ടാവില്ല അല്ലേ ? കാരണം സഹപ്രവർത്തകയായ നൈനാ സാഹ്നിയെ തന്തൂരി അടുപ്പിൽ ചുട്ടെരിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ കഥ  മുതൽ ഇങ്ങ് നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ രാധയുടെ കഥ വരെയാണ് സഹപ്രവർത്തകരായ സ്‌ത്രീകളോട് പെരുമാറുന്നതിൽ കോൺഗ്രസിന്റെ മാനദണ്‌ഡം.

പാലക്കാട് പീഡനത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക്‌ എച്ച്‌ നായരെ യൂത്ത് കോൺഗ്രസ് സംരക്ഷിക്കുന്നത് കുറ്റകരമാണ്. ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ, വി ടി ബൽറാം, റോജി എം ജോൺ എന്നിവരുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ആളാണ്. ചില യൂത്ത് കോൺഗ്രസ് നേതാക്കളുടെ, പിന്തുണയോടെയാണ് ഇത്തരം ആളുകൾ തഴച്ചുവളരുന്നത് എന്ന് ഏവർക്കുമറിയാം. പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ മദ്യപിച്ചെത്തി യുവതിയെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ, സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ പ്രത്യേക താൽപ്പര്യമെടുത്താണ്‌ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ആക്രമിക്കപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയും പരാതി ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും  ക്രിമിനലുകളെ സംരക്ഷിക്കുകയുമാണ്.  സ്‌ത്രീകളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണിത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ക്ലാസ്സെടുക്കാൻ പോയ  ക്യാമ്പിൽ ഇത്തരമൊരു അതിക്രമം ഉണ്ടായിട്ടും അദ്ദേഹം അറിഞ്ഞ ഭാവം നടിക്കാതെ സ്വതേയുള്ള കാപട്യം കാട്ടുന്നു. മാധ്യമ പ്രവർത്തകരിൽ ആർജ്ജവമുള്ള ആരെങ്കിലും ചോദിച്ചാൽ, ഒരു പക്ഷേ അദ്ദേഹം സമീപകാലത്ത് ചെയ്‌തുവരും പോലെ ആക്രോശത്തിനും അക്രമത്തിനും മുതിർന്നേക്കാം. കെ സുധാകരൻ, കുറ്റകൃത്യങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നതും കുറ്റകൃത്യങ്ങളെ നിസാരവത്കരിക്കുന്നതും കുറ്റവാളിയ്‌ക്ക് നൽകുന്ന ലൈസൻസ് ആണ് എന്ന് താങ്കൾക്കറിയാത്തതല്ല. അസംഖ്യമായ അക്രമങ്ങളിൽ കിടന്ന് പുളയ്‌ക്കുന്നതാണ് സെമി കേഡറിസം എന്ന അബദ്ധധാരണ മനസിൽ പേറുന്നത് കൊണ്ടാണിത്. "രണ്ടും കൽപിച്ചിറങ്ങിയ എന്റെ കുട്ടി" കളുടെ  ചെയ്‌തിയായി കണ്ട് ഇത്തരം കുറ്റകൃത്യങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ രീതി സർവസീമകളും ലംഘിക്കുകയാണ്. ഇത് അധികകാലം കേരളീയ സമൂഹം വകവെച്ചു തരില്ലെന്ന് ഓർക്കുക.

ഡോ. ഷിജൂഖാൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top