19 September Thursday

'ഫെമിനിച്ചി'; മലയാളിയുടെ ആൺബോധം എന്തോ വലിയൊരു തെറി എന്ന നിലയിൽ ഉപയോഗിച്ചിരുന്ന വാക്ക് എത്ര മനോഹരമായാണ് പ്രതിരോധത്തിന്റെ ഭാഷയായത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 2, 2019

ഉയരെ സിനിമ റിലീസായതോടെ പതിവുപോലെ നടി പാര്‍വ്വതിക്കെതിരെ ഫാന്‍സുകാര്‍ ആക്രമണം തുടരുകയാണ്. സിനിമാ മേഖലയില്‍ സ്വന്തം അഭിപ്രായം പറയുന്ന വനിതകള്‍ ഒറ്റപ്പെട്ട് പോകുന്ന രീതിയില്‍നിന്ന് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട് പാര്‍വ്വതി അടക്കമുള്ള വനിതകളുടെ ഇടപെടൽകൊണ്ട്. പാര്‍വ്വതി മേനോന്‍ പാര്‍വ്വതി തിരുവോത്ത് ആയതും, സൈബര്‍ ആക്രമണങ്ങള്‍ വകവക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനല്‍ക്കുകയും ചെയ്യുന്ന നടിയെക്കുറിച്ചുമാണ് വിഷ്ണു വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.

യൂട്യൂബില്‍ ഡീഗ്രയ്ഡിംഗ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വെര്‍ബല്‍ അബ്യൂസിന്റെ ഘോഷയാത്ര തന്നെ ഇക്കൂട്ടര്‍ കാഴ്ചവെച്ചത് നമ്മള്‍ കണ്ടതാണ്. ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ പാര്‍വ്വതിയോളം സൈബര്‍ ഇടത്ത് അക്രമം നേരിടേണ്ടി വന്ന ഒരു സിനിമാ നടി ഉണ്ടോയെന്ന് തന്നെ സംശയമാണ്. വിഷ്ണുവിന്റെ കുറിപ്പ് വായിക്കാം.

പാർവ്വതി മുൻപൊരിക്കൽ ഇങ്ങനെ പറയുകണ്ടായി പേരിനൊപ്പം മേനോന്‍ എന്ന് എഴുതരുതെന്നും, തൻ്റെ പേരില്‍ ഒരു ഏച്ചുക്കൂട്ടല്‍ നടത്തിയത് ഇഷ്ടമായില്ല എന്ന് തുറന്നു പറഞ്ഞ തനിക്ക് ജാതിവാലിന്റെ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട സമയത്താണ് പാർവതിയെ കൂടുതൽ ശ്രദ്ധിക്കുന്നത്.

പിന്നീട് മഹേഷ് നാരായണന്റെ ടേക്ക് ഓഫിന്റെ ടൈറ്റില്‍ കാര്‍ഡിൽ പാര്‍വ്വതി പുതിയ പേര് അനൗണ്‍സ് ചെയ്യാനും മറന്നില്ല. പാര്‍വതി തിരുവോത്ത് എന്ന് സ്വയം വെളിപ്പെടുത്തി, പാര്‍വ്വതി തന്റെ നിലപാട് കുറച്ചു കൂടി കൂടുതല്‍ ശക്തമായ രീതിയിൽ പറഞ്ഞു വെക്കുകയും ചെയ്തു.

പക്ഷെ എന്തുകൊണ്ട് പാർവ്വതി എന്ന ചോദ്യത്തിന് മറുപടികൾ പിന്നെയും നിരവധിയാണ്, തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിയോട് ഓട് മലരേ കണ്ടം വഴി (OMKV) എന്ന് സോഷ്യല്‍ മീഡിയയിലൂടെ പാർവതി നൽകിയ മറുപടി മലയാളിക്ക് അടുത്ത കാലത്തൊന്നും മറക്കാൻ കഴിയില്ല.

കാരണം പാർവ്വതി മറുപടി നൽകിയത് ജൂഡ് ആൻ്റണിക്കാണെങ്കിലും അത് കൃത്യമായി ചെന്നു തറച്ചത് ഇതേ സമൂഹത്തിൽ/കുടുംബത്തിൽ/ എല്ലാ ഇടത്തും പെണ്ണിനെ സർക്കസ് കൂടാരത്തിലെ കുരങ്ങിനോട് സാദൃശ്യപ്പെടുത്തി ജീവിക്കുന്ന, അതുവഴി ലഭിക്കുന്ന പ്രിവിലേജിൽ കഴിഞ്ഞു കൂടുന്ന മുഴുവൻ പാട്രിയാർക്കി ബൊധത്തിനും മേലാണ്, അതാണ് ഈ സമൂഹത്തിലെ സകല പാട്രിയാർക്കി മലരുകളും ആ നാളുകളിൽ ഉറഞ്ഞു തുള്ളുന്നത് കണ്ടത്.

ഫെമിനിച്ചി, അഴിഞ്ഞാട്ടക്കാരി, തൻ്റേടി, കൂത്തച്ചി, വെടി തുടങ്ങി സ്വന്തം ശബ്ദം/നിലപാട് ഉയർത്താൻ ശേഷിയുള്ള ഒരു പെണ്ണിനെ ഒതുക്കാനായി ഉപയോഗിച്ച് വരുന്ന എല്ലാ അടവുകളും പയറ്റി നോക്കി മേൽപ്പറഞ്ഞ കൂട്ടർ.

യൂട്യൂബിൽ ഡീഗ്രയ്ഡിംഗ് മുതൽ സമൂഹ മാധ്യമങ്ങളിൽ വെർബൽ അബ്യൂസിൻ്റെ ഘോഷയാത്ര തന്നെ ഇക്കൂട്ടർ കാഴ്ചവെച്ചത് നമ്മൾ കണ്ടതാണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ പാർവ്വതിയോളം സൈബർ ഇടത്ത് അക്രമം നേരിടേണ്ടി വന്ന ഒരു സിനിമാ നടി ഉണ്ടോയെന്ന് തന്നെ സംശയമാണ്.

ഒടുവിൽ എന്താണ് സംഭവിച്ചത് !

ഓരോതവണയും തനിക്ക് നേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളെയും മറികടന്ന് അവർ പൂർവ്വാധികം ശക്തമായ രീതിയിൽ തിരിച്ചു വന്നു എന്നല്ല ഇതേ സമൂഹത്തിൽ അവർ ശക്തയായി നിലനിന്നു എന്ന് തന്നെ പറയണം.

കഴിഞ്ഞ ദിവസം ഒരു ഇൻ്റർവ്യൂവിൽ (THE CUE) പാർവ്വതി സ്വയം വിശേഷിപ്പിക്കാൻ ആവർത്തിച്ചു പറഞ്ഞത് ' ഫെമിനിച്ചി ' എന്ന പദമാണ്, മലയാളിയുടെ ആൺബോധം എന്തോ വലിയൊരു തെറി എന്ന നിലയിൽ നിരന്തരം അവർക്കെതിരെ ഉപയോഗിച്ച് വന്നിരുന്ന അതേ വാക്ക് അവർ എത്ര മനോഹരമായാണ് പ്രതിരോധത്തിൻ്റെ ഭാഷയായി ഉപയോഗിക്കുന്നത്.

അതേ ഇൻ്റർവ്യൂവിൽ ശ്രദ്ധേയമായ ചില കാര്യങ്ങൾ പാർവതി പറയുന്നുണ്ട്, സിനിമാ മേഖലയിൽ കല്യാണം കഴിയുന്നത് വരെ എന്ന നിലയിൽ നടിമാരുടെ കലാ ജീവിതം പരിഗണിച്ച് വരുന്ന പ്രവണതയെ കുറിച്ച്, നാൽപത് വയസ്സ് കഴിഞ്ഞും നമുക്ക് കഴിവുണ്ടല്ലോ, നാൽപത് വയസ്സിലും ആളുകൾക്ക് ജീവിതം സംഭവിക്കുന്നുണ്ടല്ലോ, അപ്പോൾ അങ്ങനെ ഉള്ള കഥകൾ കൂടി പറയാൻ നമുക്ക് കഴിയണം എന്ന്. അതിന് ഏറ്റവും അനുയോജ്യമായ ഇൻഡസ്ട്രി മലയാളം ആണെന്ന് തന്നെ.

സ്ത്രീപക്ഷ സിനിമ പുരുഷ പക്ഷ സിനിമ എന്ന വിവേചനങ്ങൾക്കപ്പുറം സിനിമയെ Equalise ചെയ്തു കാണാൻ നമുക്ക് കഴിയണമെന്നും. സിനിമയെ ഹീറോയിൻ സിനിമ എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാക്കാൻ കഴിയുന്നില്ല, കാരണം ഹീറോ ഓറിയന്റഡ് എന്ന് ആരുതന്നെ പറയുന്നില്ല, അതുകൊണ്ട് അത്തരം രീതികൾ മാറണം അതിലേക്ക് നമ്മൾ എത്തണം.

ഇതെല്ലാം തൻ്റെ വെറും ആഗ്രഹങ്ങളായി മാത്രമല്ല പാർവ്വതി പറഞ്ഞു വെക്കുന്നത് അതേസമയം നാളകളിൽ കൃത്യമായി മാറേണ്ടേ അല്ലെങ്കിൽ മാറ്റിയെഴുതേണ്ട പ്രവണതകൾ ആയി തന്നെയാണ് അവർ പറഞ്ഞു വെക്കുന്നത്.

ഇപ്പോഴും പാർവ്വതിയുടെ ഫെയ്സ്ബുക്കിൽ പോയി മറക്കാതെ ഓരോ പോസ്റ്റിലും തെറിവിളിക്കുന്ന ആളുകൾ ധാരാളമാണ്.

ശബരിമല വിഷയത്തിൽ തൻ്റേതായ നിലപാടുകൾ തുറന്നു പറഞ്ഞ, ജനാധിപത്യം അപകടാവസ്ഥയിലാണെന്ന കാര്യം താൻ മനസിലാക്കുന്നു, അതുകൊണ്ടാണ് തിരക്ക് മാറ്റിവെച്ച് വോട്ട് ചെയ്യുന്നത് എന്ന് പറയുന്ന.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, തന്നിലും, താൻ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരയുള്ള, ഉറച്ച നിശ്ചയദാർഢ്യം ഉള്ള ഒരു സ്ത്രീയെ ആണ് അവരുടെ ഫെയ്സ്ബുക്കിൽ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകർക്കാം എന്ന് ചിന്തിച്ച് ഒരു വിഭാഗം ഇപ്പോഴും മെനക്കെടുന്നത്. ഇതൊക്കെ വെറുതെയാണ് അവരെ അതൊന്നും തെല്ലും ബാധിക്കുന്ന വിഷയമല്ല.

കഴിഞ്ഞ ദിവസം WCC യുടെ രണ്ടാം വാർഷികത്തിൽ ശ്യാം പുഷ്‌കരൻ ഇങ്ങനെ പറയുകയുണ്ടായി.

'ഞങ്ങൾ ആണുങ്ങളുടെ തന്ത്രം, പാട്രിയാർക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുക, സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുക, അങ്ങനെ ആകുമ്പോൾ നമുക്ക് അവരെ നിയന്ത്രിക്കാൻ എളുപ്പമാണ്, മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേർവഴി കാണിക്കാം എന്ന് '.

ഇതിന് വിപരീതമായി മാറുന്ന ആളുകളെ എങ്ങനെ നേരിടാം എന്നാണ് പാർവ്വതിയുടെ കമൻ്റ് ബോക്സിൽ പലരും കാണിച്ചു തരുന്നത്.

ഇത് പാർവതിയുടെ കാര്യത്തിൽ മാത്രമല്ല നമ്മൾ ഇടപെടുന്ന മേഖലയിൽ ഏതൊരു സ്ത്രീയോടും അധികാരവും, ധിക്കാരവും, നിയന്ത്രണങ്ങളും, സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കലിൻ്റെയും രീതിയിൽ വല്യേട്ടൻ ചമയുന്ന എല്ലാ ആളുകളും മനസിലാക്കേണ്ട കാര്യമാണ്.

ശ്യാം പുഷ്കരൻ്റെ ഭാഷയിൽ പറഞ്ഞാൽ, സൗഹൃദം തേങ്ങയാണ് ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം.

വേറൊന്നുമില്ല നന്ദി...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top