04 March Thursday

'ആഭ്യന്തരവകുപ്പില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?'

പ്രതീഷ് പ്രകാശ് Updated: Wednesday May 30, 2018

പ്രതീഷ്‌ പ്രകാശ്‌

പ്രതീഷ്‌ പ്രകാശ്‌

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ശരിയ്ക്കും അത്ര മോശപ്പെട്ടതാണോ... പ്രതീഷ് പ്രകാശ് എഴുതുന്നു.

ഫെയ്സ്‌ബുക്കില്‍ പട്ടിയുടെയും പൂച്ചയുടെയും പടം അപ്‌ലോഡ് ചെയ്താല്‍ പോലും അടിക്കുറിപ്പായി 'ആഭ്യന്തരവകുപ്പ് പരാജയം. പിണറായി വിജയന്‍ രാജി വെയ്ക്കുക' എന്ന് കൂടി എഴുതിയിടുന്ന കാലമാണ്. ഇതൊക്കെ കാണുന്നവരേക്കും ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനപാലനത്തിന് കേന്ദ്രാംഗീകാരം ലഭിച്ച സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് അത്ര മോശപ്പെട്ടതാകുവാന്‍ വഴിയില്ല എന്നതായിരുന്നു എന്റെ ധാരണ. പൊതുവില്‍ സെന്‍സിബിളായി സംസാരിക്കുന്നവരൊക്കെ ഒരേ ശബ്ദത്തില്‍, ഒരേ താളത്തില്‍ അത്ര സെന്‍സിബിളായി സംസാരിക്കാത്ത കോണ്‍ഗ്രസ് അനോണികളെയും സംഘപരിവാര്‍ ഐറ്റി സെല്ലുകാരെയും പോലെ ഇത് പറയുന്നത് കണ്ടപ്പോള്‍ എനിക്കുമൊരു ശങ്ക. ഇനിയിപ്പോ...

അനേകം പേര്‍ ഒരേ കാര്യം പറയുമ്പോള്‍, അത് സത്യമാണെന്ന് വിശ്വസിക്കുന്നതാണ് എളുപ്പപ്പണി. യൂ സീ, ഭൂമി ഒരിക്കല്‍ പരന്നതായിരുന്നുവല്ലോ. എന്നാല്‍, പില്‍ക്കാലത്ത് ശാസ്ത്രമൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ നമ്മുടെ അത്തരം വിശ്വാസങ്ങളെ വസ്തുനിഷ്ഠമാക്കുന്നത് വസ്തുതകളുടെ പിന്‍ബലത്തിലൂടെയാണ് എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ വസ്തുനിഷ്ഠമായി തന്നെ നമുക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ഈ വിശ്വാസങ്ങളെ വിലയിരുത്തി നോക്കാം.

സോ, ലെറ്റ് അസ് അസ്യൂം ദാറ്റ് ദ വിശ്വാസം 'ആഭ്യന്തര വകുപ്പ് ഈസ് ഏ പരാജയം' ഈസ് ട്രൂ.

ഇനി, ഈ വിശ്വാസം ശരിയാണ് എന്ന് തെളിയിക്കണമെങ്കില്‍, നേരത്തേ പറഞ്ഞത് പോലെ, വസ്തുനിഷ്ഠമായ തെളിവുകള്‍ വേണം. ഭാഗ്യവശാല്‍ നമ്മുടെ പരാജിതരായ കേരള പൊലീസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച ഡേറ്റയുണ്ട്. നല്ല ഒന്നാന്തരമായി വിഷ്വലൈസും ചെയ്തിട്ടുണ്ട്. എന്ത് മണ്ടന്മാരാണ് അല്ലേ? സ്വന്തം പരാജയമൊക്കെ ഇങ്ങനെ തുറന്ന പുസ്തകമാക്കി വെച്ചിരിക്കുന്ന സുതാര്യവിഡ്ഢികള്‍. അതൊക്കെ അങ്ങ് ഡിജിറ്റല്‍ ഇന്ത്യയിലെ തിളങ്ങുന്ന താരകങ്ങളായ ഗുജറാത്തിന്റെയും[2] ഉത്തര്‍പ്രദേശിന്റെയും[3] മധ്യപ്രദേശിന്റെയുമൊക്കെ[4] സുന്ദരവെബ്‌സൈറ്റുകള്‍. കയറി നോക്കണം. മിസ്സാക്കരുത്. സാധിക്കുമെങ്കില്‍ താഴെകൊടുത്തിരിക്കുന്ന ഡേറ്റയും ഈ സൈറ്റുകളില്‍ നിന്ന് എടുത്തു തരണം.

മറ്റൊരു അസംപ്ഷനും കൂടെ. ജനമൈത്രീ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം, ചൈല്‍ഡ് ഫ്രെന്‍ഡ്‌ലി പൊലീസ് സ്റ്റേഷനുകളുടെ എണ്ണം, വനിതാ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം - ഇവയൊക്കെ ഈ ആഭ്യന്തരമന്ത്രിയുടെ കാലത്ത് വര്‍ദ്ധിച്ചത് പൊതുജനങ്ങള്‍ക്കും ഈ റ്റാര്‍ഗെറ്റ് ഗ്രൂപ്പുകള്‍ക്കുമുള്ള അക്സെസിബിലിറ്റി വര്‍ദ്ധിപ്പിച്ചുവെങ്കിലും, ലെറ്റ് അസ് അസ്യൂം ദാറ്റ് ദ അക്സെസിബിലിറ്റി റിമെയ്‌ന്‍ഡ് ദ സെയിം ഫോര്‍ ദ പാസ്റ്റ് റ്റെന്‍ ഇയേഴ്സ്.

അപ്പോ ഇനി വൈകിപ്പിക്കുന്നില്ല. നേരെ തന്നെ ഡേറ്റാ വിശകലനത്തിലേക്ക് പോകുന്നു.

ആകെയുള്ള ക്രൈമുകള്‍

ഇന്ത്യന്‍ പീനല്‍ കോഡിന് കീഴിലുള്ള കേസുകള്‍, സ്പെഷ്യല്‍ & ലോക്കല്‍ കേസുകള്‍ എന്നീ രണ്ട് ഘടകങ്ങളാണ് ഇതിന് കീഴെയുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഡേറ്റ ഇതില്‍ കൊടുത്തിട്ടുണ്ട്. സുരേഷ് കുഞ്ഞുപിള്ള തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ 2016 വരെ ഒരു വലിയ കയറ്റമാണ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഏകദേശം 7.1 ലക്ഷം കേസുകളാണ് ആ വര്‍ഷം രെജിസ്റ്റെര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. തൊട്ട് മുന്നത്തെ വര്‍ഷത്തെ (2015) അപേക്ഷിച്ചുള്ള മാറ്റം +8.3% ആണ്. രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക ആയിരുന്നു ഈ സമയത്ത് എന്നത് കൂടെ സൂചിപ്പിക്കുന്നു. അതിന് തൊട്ടുമുന്നെയുള്ള വര്‍ഷവും (2014) കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. മാറ്റം +7.1%.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു യു.ഡി.എഫിന്റെ കാലത്തെ ആദ്യ ആഭ്യന്തരമന്ത്രി. അദ്ദേഹം ആഭ്യന്തരമന്ത്രിയായി ചാര്‍ജെടുത്ത വര്‍ഷം (2011) രെജിസ്റ്റെര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് മുന്‍വര്‍ഷത്തെ (2010) അപേക്ഷിച്ച് +12.0% ആണ്. തൊട്ടടുത്ത വര്‍ഷം (2012), ഈ മാറ്റം +22.1% ആണ്. ചുമ്മാതെയാണോ തിരുവഞ്ചൂരിനെയെടുത്ത് ദൂരെക്കളഞ്ഞത്?

ഇനി നമുക്ക് നമ്മുടെ വിശ്വാസത്തിലേക്ക് വരാം. സിപിഐ(എം) പൊളിറ്റ് ബ്യൂറോ മെമ്പറായ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത് 2016ലാണ്. അതായത് സംസ്ഥാനത്ത് രെജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അതിന്റെ പരമകോടിയിലെത്തിയ വര്‍ഷം. തൊട്ടടുത്ത് വര്‍ഷം, അതായത് 2017ല്‍, രെജിസ്റ്റെര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിലാദ്യമായി കുറയുകയാണ് ഉണ്ടായത്. -7.8% ആണ് മാറ്റം. നടപ്പുവര്‍ഷത്തെ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ ഡേറ്റ (153031) മാത്രമേ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ളൂ. ഇത് ഒരു വര്‍ഷത്തേക്ക് എക്സ്റ്റ്രാപൊളേറ്റ് ചെയ്യുകയാണെങ്കില്‍ വര്‍ഷാവസാനം 6.1 ലക്ഷം കുറ്റകൃത്യങ്ങള്‍ രെജിസ്റ്റെര്‍ ചെയ്യപ്പെടും. അതായത്, 2017നെ അപേക്ഷിച്ച് ഉണ്ടായാക്കാവുന്ന മാറ്റം എന്ന് പറയുന്നത് -6.3% ആണ്. ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയാണ്.

ഒരു സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ് 'പരാജയം' എന്ന് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍, മൈ ഡിയര്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ആ പരാജിതന്റെ കൂടെ നില്‍ക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

സ്പെസിഫിക്‍ ക്രൈമുകള്‍

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകമുള്‍പ്പടെയുള്ള സംഭവങ്ങള്‍ നടന്ന 2016ല്‍ വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21.0% ആണ് വര്‍ദ്ധിച്ചത്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയതിന് ശേഷം വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 5.6% കുറയുകയുണ്ടായി. നടപ്പുവര്‍ഷത്തെ (2018) അപൂര്‍ണമായ കണക്കുകള്‍ എക്സ്റ്റ്രാപൊളേറ്റ് ചെയ്താല്‍, ഈ വര്‍ഷാവസാനം വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 10.0%ന്റെ കുറവാണ് ഉണ്ടാകുവാന്‍ പോകുന്നത്.

അതായത്, പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത് തുടങ്ങിയതിന് ശേഷം വനിതകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നുവെന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഐ റിപ്പീറ്റ്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ് പരാജയമെങ്കില്‍, പ്രിയ സുഹൃത്തേ, ഞാന്‍ പിണറായി വിജയന്‍ എന്ന പരാജിതനായ ആഭ്യന്തരമന്ത്രിയുടെ കൂടെയാണ് നിലകൊള്ളുന്നത്.

റ്റു ബീ ഫെയര്‍

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2012ല്‍ പോക്സോ (POCSO) നിലവില്‍ വന്നതിന് ശേഷം വര്‍ഷം തോറും 22.1% എന്ന നിലയ്ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയ 2016ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.8%ന്റെ വര്‍ദ്ധനവാണ് ഉണ്ടായിരുന്നതെങ്കില്‍, 2017ലും സമാനമായ വളര്‍ച്ചാ നിരക്കാണ് (20.7%) ഉണ്ടായിട്ടുള്ളത്. എന്നാലതേ സമയം, 2018 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ എക്സ്റ്റ്രാപൊളേറ്റ് ചെയ്യുകയാണെങ്കില്‍ ഈ വര്‍ഷാവസാനമുണ്ടാകുന്ന വളര്‍ച്ചാ നിരക്ക് കേവലം 5.9% മാത്രമാണ്.

പിണറായി വിജയനെന്ന ആഭ്യന്തരമന്ത്രിയെ എന്തെങ്കിലും കാര്യത്തില്‍ നമുക്ക് കുറ്റം പറയാമെങ്കില്‍, അത് ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെടാത്ത കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലൂടെ മാത്രമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുകയും സൈദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു പീഡോഫൈല്‍ സംസ്കാരം ഉയര്‍ന്നുവരുന്ന സ്ഥിതിക്ക് ഈ ആറ് ശതമാനം വളര്‍ച്ചാ നിരക്ക് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് എന്ന് അടിവരയിട്ട് പറയണം.

തിരികെ വിശ്വാസത്തിലേക്ക്

വസ്തുതകളുടെ പിന്‍ബലമില്ലെങ്കിലും നമുക്ക് ഇഷ്ടമുള്ളത് വിശ്വസിക്കുവാനുള്ള അവകാശം നമുക്ക് നല്‍കിയിട്ടുള്ളത് ഇന്ത്യന്‍ ഭരണഘടനയാണ്. എന്നാല്‍, നമ്മളില്‍ ചിലര്‍ വസ്തുതകളുടെ പിന്‍ബലമുണ്ടെങ്കിലേ ഒരു കാര്യം വിശ്വസിക്കൂ എന്ന് ശാഠ്യമുള്ളവരാണ്. അത്തരക്കാര്‍, എക്സെപ്ഷനുകളില്‍ അല്ല പൊതുസ്വഭാവങ്ങളെയാണ് ശരിയെന്ന് വിശ്വസിക്കുന്നത്. എക്സെപ്ഷനുകളെ അംഗീകരിക്കരുതെന്നല്ല. അതിനെ ഒരു പൊതുവിശ്വാസപ്രമാണമാക്കരുത് എന്നാണ്.

ഒരു ചെറിയ കാര്യം കൂടി

വസ്തുതകളേക്കാള്‍ ഉപരി, അവയ്ക്ക് കടകവിരുദ്ധമായ വൈകാരികപ്രചരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തുന്ന പ്രചാരണങ്ങളെയാണ് പോസ്റ്റ് ട്രൂത്ത് എന്ന് വിളിക്കുന്നത്. വ്യക്തിപരമായി പോസ്റ്റ് ഫാക്റ്റ് അല്ലെങ്കില്‍ വസ്തുതോത്തരം എന്ന് ഇവയെ വിളിക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ട്രൂത്ത് എന്നതിനേക്കാള്‍ ഒബ്ജെക്റ്റീവായ ഒന്നാണ് ഫാക്റ്റ് എന്നതുകൊണ്ടാണത്. വസ്തുതകള്‍ ഷൂസിടുമ്പോഴേക്കും നുണ മൂന്ന് തവണ ലോകം ചുറ്റിയിട്ടുണ്ടാകുമെന്നാണ് പഴമൊഴി. ഇന്റെര്‍നെറ്റ് കാലത്തെ പുതുമൊഴി പ്രകാരം അപ്പോഴേക്കും നുണ വസ്തുതകളുടെ ഷൂസ് തന്നെ അടിച്ചുമാറ്റിയിട്ടുണ്ടാകും എന്നതാണ്.

സോ, മൈ ഡിയര്‍ കോമ്രേഡ്സ്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പറയുന്ന ഓരോ അഭിപ്രായവും വിലപ്പെട്ടതാകുന്നത് അത് പൊതു അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്നു എന്നത് കൊണ്ടാണ്. അത് പ്രയോജനപ്പെടുത്തേണ്ടത് സമൂഹത്തിന്റെ വിശാലതാല്പര്യങ്ങള്‍ക്ക് അത് പ്രയോജനപ്പെടും എന്ന ഉത്തമബോധ്യമുള്ളപ്പോഴാണ്. വലതുപക്ഷശക്തികളുടെ പ്രൊപ്പഗന്‍ഡകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരഭിപ്രായവും അത്തരത്തില്‍ സമൂഹത്തിന് പ്രയോജനപ്പെടും എന്ന് നമുക്ക് വ്യക്തമാണ്. വിമോചനസമരകാലം മുതല്‍ക്കേ വലതുപക്ഷം നുണകളിലൂടെ അവരുടെ സാമ്രാജ്യം കെട്ടിപ്പടുക്കുവാനാണ് ശ്രമിച്ചിട്ടുള്ളതെന്നിരിക്കെ, ഇപ്പോഴും വികാരാധീനരായി അത്തരം നുണകളുടെ പിറകേപ്പോയി അത് ശരിയെന്ന് സ്ഥാപിക്കേണ്ടുന്ന എന്ത് പ്രത്യേകമായ അവസ്ഥയാണ് നിലവില്‍ കേരളത്തിലുള്ളത്?

വിവേകം വികാരങ്ങള്‍ക്ക് വഴിപ്പെടരുത്. കൃത്യമായ രാഷ്ട്രീയബോധമുള്ളവരാണ് നാം ഓരോരുത്തരും. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് കരുക്കളായി അടരാടി ആത്മഹത്യ ചെയ്യുവാന്‍ വിധിക്കപ്പെട്ട ജന്മങ്ങളല്ല സഖാക്കളേ നമ്മുടേത്. അത്തരം അജണ്ടകള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടി, ജയിച്ച്, ജീവിക്കുവാനുള്ളതാണ്. ലാല്‍ സലാം.

*അവലംബങ്ങള്‍*

[1] http://www.keralapolice.org/…/crime…/total-crimes-registered
[2] http://www.police.gujarat.gov.in/dgp/default.aspx
[3] https://uppolice.gov.in/
[4] http://www.mppolice.gov.in/en


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top