08 June Thursday

വെസ്റ്റ്‌ നൈൽ വൈറസ്‌: ആശങ്ക വേണ്ട; ഡോ. ബി ഇക്‌ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയിൽ വെസ്റ്റ് നൈൽ വൈറസ് രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനെ തുടർന്ന്‌ പ്രചരിക്കുന്ന അതിശയോക്തി കലർന്ന വാർത്തകൾ അപ്പാടെ വിശ്വസിക്കേണ്ടതില്ലെന്ന്‌ പൊതുജനാരോഗ്യ പ്രവർത്തകനും പ്രശസ്‌ത ന്യൂറോ സർജനുമായ ഡോ. ബി ഇക്‌ബാൽ. നിപ്പയ്‌ക്ക് ശേഷം മറ്റൊരു അപൂർവ്വ രോഗം കേരളത്തിലെത്തി എന്ന മട്ടിലുള്ള പ്രചരണം വിശ്വസിച്ച് അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. വെസ്റ്റ്‌ നൈൽ വൈറസ്‌ രോഗവും കേരളത്തിൽ കണ്ടു വരുന്ന മറ്റ്‌ പകർച്ചവ്യാധികളും നിയന്ത്രിക്കാൻ കൊതുക്‌ നിർമാർജനം ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ബി ഇക്‌ബാലിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:


കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയിൽ വെസ്റ്റ് നൈൽ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. നീപക്ക് ശേഷം മറ്റൊരു അപൂർവ്വ രോഗം കേരളത്തിലെത്തി എന്ന മട്ടിലുള്ള അതിശയോക്തി കലർന്ന വാർത്തകൾ വിശ്വസിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ല. 2011‐12 കാലത്ത് ആലപ്പുഴയിൽ ജപ്പാൻ ജ്വരത്തോടൊപ്പം (Japanese Encephalitis) വെസ്റ്റ് നൈൽ രോഗവും ഏതാനും പേരെ ബാധിച്ചിരുന്നു. തമിഴ് നാട്ടിൽ 1970‐80 കാലത്ത് ഈ രോഗം വ്യാപിച്ചിരുന്നു.

മറ്റ് പല വൈറസ് രോഗങ്ങളെയും പോലെ സ്വയം നിയന്ത്രിത വൈറസ് രോഗമാണ് വെസ്റ്റ് നൈൽ വൈറസ് പനിയും. പനി, തലവേദന, ചർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ (Encephalitis) മാത്രമേ മാരകമാവുകയുള്ളൂ. എന്നാൽ ഒരു ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. വെസ്റ്റ് നൈൽ പനി മൂലമുള്ള മരണം വളരെ അപൂർവ്വമാണ്.

യുഗാണ്ടായിലെ വെസ്റ്റ് നൈൽ ജില്ലയിൽ ആദ്യമായി (1937) കണ്ടെത്തിയത് കൊണ്ടാണ് വൈറസ് രോഗത്തിന് ഈ പേരു വന്നത്. പിന്നീട് വെസ്റ്റ് നൈൽ പനി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് അമേരിക്ക തുടങ്ങി മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. വെസ്റ്റ് നൈൽ രോഗകാരണമായ വൈറസുകൾ പക്ഷികളിലാണ് കാണപ്പെടുന്നത്. സിക്ക, ഡങ്കി, മഞ്ഞപ്പനി തുടങ്ങി രോഗങ്ങൾക്ക് കാരണമായ പ്ലാവി വൈറസ് വിഭാഗത്തിൽ പെട്ടവയാണ് വെസ്റ്റ് നൈൽ വൈറസുകൾ. പക്ഷികളിലാണ് ഇത്തരം വൈറസുകൾ പ്രധാനമായും കാണപ്പെടുന്നത്. പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലെത്തുകയാണ് ചെയ്യുന്നത്. ചില രാജ്യങ്ങളിൽ മനുഷ്യരെ കൂടാതെ കുതിരകളിലേക്കും രോഗം പടർന്നിട്ടുണ്ട്.

ഡങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകളും, ജപ്പാനിസ് ജ്വരം, ഫൈലേറിയാസ് എന്നീ രോഗങ്ങൾ പരത്തുന്ന ക്യൂലക്സ് കൊതുകളും വഴിയാണ് വെസ്റ്റ് നൈൽ വൈറസുകൾ മനുഷ്യരിൽ എത്തുന്നത്. മനുഷ്യരിൽ നിന്നും നേരിട്ട് രോഗം മറ്റ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ രക്തം, അവയവദാനം എന്നിവയിലൂടെയും അമ്മയുടെ മുലപ്പാലിലൂടെ കുട്ടികളിലേക്കും, ഗർഭിണിയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്കും അപൂർവ്വമായി രോഗം വ്യാപിക്കാം. വെസ്റ്റ് നൈൽ വൈറസിനുള്ള പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല. കൊതുക്‌ നശീകരണവും കൊതുക് കടി ഒഴിവാക്കലുമാണ് പ്രതിരോധ മാർഗ്ഗങ്ങൾ.

കേരളത്തിൽ കണ്ടു വരുന്ന നിരവധി പകർച്ച വ്യാധികൾ മനുഷ്യരിലെത്തുന്നത് കൊതുകുകൾ വഴിയാണ്. കൊതുകു നിർമ്മാർജ്ജനം ശക്തിപ്പെടുത്തികൊണ്ട് മാത്രമേ പകർച്ചവ്യാധികളെ നമുക്ക് നിയന്ത്രിക്കാനാവൂ. ആരോഗ്യ വകുപ്പിന്റെ കീഴിൽ സംസ്ഥാന ജില്ലാ തലങ്ങളിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റുകളുടെയും ചേർത്തലയിലും കോഴിക്കോടുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പഞ്ചായത്തുകൾ വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതും അതു പോലെ പ്രധാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top