13 October Sunday

പ്രകൃതി ദുരന്തം: വിപുലമായ ഒബ്‌സർവേഷൻ നെറ്റ്‌ വർക്കിന്‌ അടിയന്തര പ്രാധാന്യം നൽകണം- നതാഷ ജെറി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
'കാലാവസ്ഥ മാറ്റം എന്നത് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ യാഥാർത്ഥ്യമാണ്, അത് ഭാവിയിൽ നടക്കാൻ പോകുന്ന ഒന്നല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാവൂ. മാറുന്ന കാലാവസ്ഥയിൽ അതിജീവനം എങ്ങനെ സാധ്യമാകുമെന്നതാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളിൽ നിന്ന് നമ്മളെ സുരക്ഷിതമായി നിലനിർത്താൻ ഗവേഷണങ്ങൾക്കേ കഴിയുകയുള്ളൂ. കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി ഉന്നത നിലവാരം പുലർത്തുന്ന ഗവേഷണങ്ങൾ ഇപ്പോൾ തുലോം കുറവാണ്. നമ്മുടെ നാട്ടിൽ അറിവും കഴിവുമുള്ള ഗവേഷകർ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് ഗവേഷണം നടത്താൻ ആവശ്യമായ പണം ഇല്ലാത്തതുകൊണ്ടാണ് ഈ സ്ഥിതി. ഗവൺമെൻറ് അടിയന്തര പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണിത്' -നതാഷ ജെറി എഴുതുന്നു
 
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില ചിന്തകൾ
1. പഠനം/ഗവേഷണം: കേരളം വളരെ വൾനറബിൾ ആയ പ്രദേശമാണ്. ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ ദുരന്തമുഖത്ത് നിന്ന് കരകയറിക്കഴിയുമ്പോൾ നമ്മൾ വളരെ അത്യാവശ്യമായി ചെയ്യേണ്ട കാര്യം ഗവേഷണങ്ങൾ ഫണ്ട് ചെയ്യുക എന്നതാണ്. ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം, ഈ ഗുരുതര സാഹചര്യത്തിൽ ഗവേഷണമാണോ മുഖ്യം എന്ന് തോന്നിയേക്കാം. പക്ഷെ ഗവേഷണം തന്നെയാണ് നമ്മളിപ്പോൾ പണം മുടക്കേണ്ട മേഖല. സുരക്ഷിത ഭാവിക്കായി നമ്മൾ ഇന്ന് നടത്തുന്ന ഒരു സേഫ്റ്റി ഡിപ്പോസിറ്റ് ആയി വേണം റിസർച്ച് ഫണ്ടിങ്ങുകളെ കാണാൻ. കാരണം ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളിൽ നിന്ന് നമ്മളെ സുരക്ഷിതമായി നിലനിർത്താൻ ഗവേഷണങ്ങൾക്കേ കഴിയുകയുള്ളൂ. കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി ഉന്നത നിലവാരം പുലർത്തുന്ന ഗവേഷണങ്ങൾ ഇപ്പോൾ തുലോം കുറവാണ്. നമ്മുടെ നാട്ടിൽ അറിവും കഴിവുമുള്ള ഗവേഷകർ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് ഗവേഷണം നടത്താൻ ആവശ്യമായ പണം ഇല്ലാത്തതുകൊണ്ടാണ് ഈ സ്ഥിതി. ഗവൺമെൻറ് അടിയന്തര പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണിത്.
വയനാട് ദുരന്തത്തെക്കുറിച്ച് പലതരം ഹൈപോതീസിസുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. പലതരത്തിലുള്ള പരസ്പര വിരുദ്ധമായ ഒരു 20 ഹൈപ്പോതിസിസുകൾ എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്. ഇവയിൽ പലതും ശരിയാണോ തെറ്റാണോ എന്ന് പോലും വാലിഡേറ്റ് ചെയ്യാൻ വഴിയൊന്നും ഇല്ലാത്ത അവസ്ഥയാണ്. കാരണം കേരളത്തിൻറെ കാലാവസ്ഥ/പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറവാണ് എന്നതാണ് യാഥാർത്ഥ്യം. നമുക്ക് പഠിക്കാൻ ആവശ്യമായ ഡേറ്റ ദുർലഭം ആണെന്നുള്ളതും വലിയൊരു പ്രശ്നമാണ്. ഒറ്റനോട്ടത്തിൽ തന്നെ ഇത് ശരിയല്ലല്ലോ എന്ന് തോന്നുന്ന പല ഹൈപ്പോതിസിസുകൾക്കും വലിയ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാൽ അവ ശരിയല്ല എന്ന് തെളിയിക്കാൻ ആവശ്യമായ ഡാറ്റ ഇല്ലാത്തിടത്തോളം ഇത്തരം മിസിൻഫോമേഷൻ തടയാനും നമുക്ക് ആവുകയില്ല. ശരിയായ കാരണങ്ങൾ കണ്ടെത്താൻ ഉതകുന്ന ഗവേഷണമാണ് അടിയന്തരമായി നടക്കേണ്ടത്. അതിനാവശ്യമായ മനുഷ്യ വിഭവശേഷിയുടെ കാര്യത്തിൽ നാം പിന്നിലല്ല എന്നുള്ളതാണ് ആശ്വാസകരമായ കാര്യം.
2. Observations/data: തുടരെത്തുടരെ നടക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമുക്ക് വിപുലമായ ഒരു ഒബ്സർവേഷൻ നെറ്റ്‌വർക്ക് വളരെ അത്യാവശ്യമാണ്. നമ്മുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒരു മേഖലയാണിത്. കഴിഞ്ഞദിവസം പാർലമെൻറിൽ ശ്രീ A A റഹീം ആവശ്യപ്പെട്ടതുപോലെ നമുക്ക് സംസ്ഥാനം മുഴുവൻ കവർ ചെയ്യാൻ ഉതകുന്ന ഒരു റഡാർ നെറ്റ്‌വർക്ക് വളരെ അത്യാവശ്യമാണ്. ഇത് കേന്ദ്ര കാലാവസ്ഥ ഏജൻസി ചെയ്തുതരും എന്ന് പ്രതീക്ഷിച്ചിരിക്കാതെ നമുക്ക് എന്ത് ചെയ്യാനാവും എന്നുള്ളതിനെ പറ്റി ഗൗരവതരമായ ആലോചനകൾ നടക്കേണ്ട സമയമാണിത്. നമ്മുടെ സംസ്ഥാനത്തിന് ഇത് വല്ലാത്ത സാമ്പത്തിക ഭാരം ഉണ്ടാക്കും എന്നു തോന്നുന്നില്ല. ആധുനികമായ മീറ്റിയോറോളജിക്കൽ, ഹൈഡ്രോളജിക്കൽ, ജിയോളജിക്കൽ ഒബ്സർവേഷൻ നെറ്റ്‌വർക്കുകൾ സംസ്ഥാനം മുഴുവൻ കവർ ചെയ്യുന്ന രീതിയിൽ ഉണ്ടാക്കുകയും ഇവയെ ബേസ് ചെയ്തിട്ടുള്ള ഏർലീ വാണിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയും വേണം.
ഇത്തരം ഒരു നെറ്റ്വർക്കിന് ഫോർകാസ്റ്റിങ്ങിൽ മാത്രമല്ല നൗകാസ്റ്റിംഗിലും വലിയ മെച്ചമുണ്ടാക്കാൻ സാധിക്കും. നൗകാസ്റ്റ് അടിയന്തര ഇവാക്വേഷനിൽ വളരെയധികം നിർണായകമാണ്. ഇത് തീർച്ചയായും ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടോ നടപ്പിലാക്കാൻ ആവുന്ന ഒരു കാര്യമല്ല. ദീർഘവീക്ഷണവും നിതാന്ത പരിശ്രമവും ആവശ്യമായ ഒന്നാണിത്. ഇത്തരം ഒരു നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനോടൊപ്പം തന്നെ അതിൻറെ എഫിഷ്യന്റ് ആയ നടത്തിപ്പിനാവശ്യമായ ഗവേണൻസ് ഇൻഫ്രാസ്ട്രക്ച്ചർ സമാന്തരമായി നമ്മൾ ഉണ്ടാക്കേണ്ടി വരും. ഇപ്പോഴുള്ള വിവിധ സ്ഥാപനങ്ങളുടെയോ ആവശ്യമാണെങ്കിൽ പുതിയവയുടെയോ ഒരു നെറ്റ്‌വർക്ക് ഇതിനായി ആവശ്യമാണ്. ഏറ്റവും പ്രധാനം ഇത്തരം വാണിങ്ങുകൾ സാധാരണ ജനങ്ങളിലേക്ക് എത്തുന്ന last mile connectivity ആണ്. ഇത് സർക്കാരിൻറെ വളരെ സൂക്ഷ്മമായ ശ്രദ്ധ പതിയേണ്ട ഒരു മേഖലയും കൂടിയാണ്. നമ്മൾ കാശു മുടക്കി ഇത്തരം സംവിധാനങ്ങൾ ഒക്കെ ഒരുക്കിയാലും അവ നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തുന്നില്ല എങ്കിൽ അത് ഗുരുതരമായ പരാജയമാണ്.ഇത്തരം ഒരു ഒബ്സർവേഷൻ നെറ്റ്‌വർക്ക് കേരളത്തിലെ ഗവേഷണത്തെ വളരെയധികം മുന്നോട്ടു ചലിപ്പിക്കാൻ സഹായകരമാവുകയും ചെയ്യും. ഇതൊരു അധിക ലാഭമാണ്.

 

3. കാലാവസ്ഥ മാറ്റം: കാലാവസ്ഥ മാറ്റം എന്നത് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ യാഥാർത്ഥ്യമാണ്, അത് ഭാവിയിൽ നടക്കാൻ പോകുന്ന ഒന്നല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാവൂ. മാറുന്ന കാലാവസ്ഥയിൽ അതിജീവനം എങ്ങനെ സാധ്യമാകുമെന്നതാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെപ്പറ്റി സർക്കാർ തലത്തിലും പൊതുസമൂഹത്തിലും scientifically driven ആയ ചർച്ചകൾ നടക്കേണ്ടത് അനിവാര്യമാണ്. ഒരു ദുരന്തം നടക്കുമ്പോൾ ഇത്തരം ചർച്ചകൾ നടക്കുകയും അതിനു ശേഷം അതിനെപ്പറ്റി മറക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഇപ്പോഴുള്ളത്. അത് മാറേണ്ടതുണ്ടെന്ന് വ്യക്തമാണല്ലോ.
ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ പദ്ധതികളെ പറ്റി നമ്മൾ ഗൗരവമായി പഠിക്കുകയും ചർച്ച ചെയ്യുകയും ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും വേണം. ഇതിൽ എല്ലാ മേഖലയിലും ഉള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രത്യേകിച്ച് പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതുമായ നീതിപൂർവ്വമായ ക്ലൈമറ്റ് ചേഞ്ച് ആക്ഷൻ പ്ലാൻ ആണ് നമുക്ക് വേണ്ടത്. ഗവൺമെന്റിന്റെയും ഗവേഷണ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസിന്റെയും പൊതുജനങ്ങളുടെയും എല്ലാം പങ്കാളിത്തത്തോടുകൂടി മാത്രമേ നമുക്ക് ഈ ലക്ഷ്യം കൈവരിക്കാൻ ആവുകയുള്ളൂ. ഇത്തരം ചർച്ചകൾക്ക് തുടക്കമിടുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.
 4. Actionable plans: ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ അതിന് പരിഹാരമെന്നോണം പല നിർദ്ദേശങ്ങളും ഉയർന്നു വരാറുണ്ട്. ഇക്കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഒരു പരിഹാരമാർഗ്ഗം ഏറ്റവും കുറഞ്ഞ പ്രത്യാഘാതങ്ങളോടെ നടപ്പിലാക്കാൻ പറ്റുന്ന ഒന്നായിരിക്കണം എന്നതാണ്. തീരെ നടപ്പിലാക്കാൻ പറ്റാത്ത കാല്പനികമായ പരിഹാരമാർഗ്ഗങ്ങളും നടപ്പിലാക്കിയാൽ സാമൂഹികമായും സാമ്പത്തികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന പരിഹാരമാർഗങ്ങളും പ്രായോഗികമല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് കാലാവസ്ഥ മാറ്റം പോലെയുള്ള സങ്കീർണ്ണപ്രശ്നങ്ങൾ പരിഹരിക്കാൻ അതികഠിനമാകുന്നത്. ഉദാഹരണത്തിന് മീതെൻ എമിഷൻ കുറയ്ക്കാനായി നെൽവയലുകൾ എല്ലാം നികത്തണം എന്നൊരു പരിഹാരമാർഗ്ഗം നിർദ്ദേശിച്ചാൽ അത് നടപ്പിലാക്കാൻ ആകുമോ? ഇല്ലെന്ന് നമുക്കെല്ലാം പെട്ടെന്ന് മനസ്സിലാകും അല്ലേ. അതുപോലെ വലിയ ജനവിഭാഗങ്ങളുടെ ജീവനോപാധികൾക്കും മറ്റും തടയിടുന്ന രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുക അപ്രായോഗികമാണ്. കേരളം നേരിടുന്ന കാലാവസ്ഥ മാറ്റവുമായി മറ്റും ബന്ധപ്പെട്ട പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോൾ നമ്മൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ് നടപ്പിലാക്കാൻ പറ്റുന്ന, പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും പദ്ധതികളും ആണ് നമുക്ക് വേണ്ടത് എന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം ചർച്ചകൾ scientifically driven ആയിരിക്കണമെന്നു പറയുന്നത്. അതോടൊപ്പം പറയാനുള്ള മറ്റൊരു കാര്യം, സർക്കാർ ഇക്കാര്യങ്ങളിൽ വിദഗ്ധോപദേശം തേടുമ്പോൾ അതാത് വിഷയങ്ങളിലെ വിദഗ്ധരായ ശാസ്ത്രജ്ഞരോടും ഗവേഷകരോടും ആയിരിക്കണം അഭിപ്രായം തേടേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. ഭൗമശാസ്ത്രം വളരെ വിശാലമായ ഒരു ശാസ്ത്ര ശാഖയാണ്. പല പല അവാന്തര വിഭാഗങ്ങളായി പിരിഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രശാഖയും കൂടിയാണിത്. ഇക്കാര്യം കണക്കിലെടുക്കാതെ കാലാവസ്ഥയെ പറ്റി പഠിക്കാൻ ഒരു ബയോളജിസ്റ്റിനെ ഏൽപ്പിക്കുകയോ ജിയോളജിയെ പറ്റി പഠിക്കാൻ അന്തരീക്ഷ ശാസ്ത്രജ്ഞരെ ഏൽപ്പിക്കുകയോ ചെയ്യുന്നത് വളരെ ബാലിശമാണ്. ഇത്തരം അബദ്ധജടിലമായ തീരുമാനങ്ങൾ എടുക്കാതിരിക്കാനെങ്കിലും സർക്കാരുകൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മാഡ്രിഡ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോയും കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ മുൻ ക്ലൈമറ്റോളജിസ്റ്റുമാണ് ലേഖിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top