29 September Thursday

ഈ സിപിഎമ്മുകാരെ മാത്രം ആരും കൊല്ലാത്തതെന്തേ ?...വിശാഖ് ശങ്കര്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

വിശാഖ് ശങ്കറുടെ എഫ് ബി പോസ്റ്റ്‌

'കഴിഞ്ഞ ഒരു ദശാബദക്കാലമായി വാര്‍ത്ത അറിയാന്‍ ഏതാണ്ട് പുര്‍ണ്ണമായും ടി വി ചാനലുകളേയും സൈബര്‍ മാദ്ധ്യമങ്ങളെയും ആശ്രയിക്കുന്ന ഒരു പ്രവാസിയാണ് ഞാന്‍.മറ്റ് വഴികള്‍ ഇല്ല എന്നതുകൊണ്ട് തന്നെ. ഈ കാലഘട്ടത്തിനിടയില്‍ സി പി എം നടത്തിയ നിരവധി അരുംകൊലകളെ കുറിച്ച് ഞാന്‍ അറിഞ്ഞു. ടി പിയുടെ കൊലപാതകം പോതുസമുഹത്തില്‍ ഉണ്ടാക്കിയ ആഘാതം എന്ത് എന്ന് മനസിലാക്കി.പക്ഷെ പിന്നെയും സി പി എം ആളുകളെ കൊന്നുകൊണ്ടേയിരുന്നു. കണ്ണൂര്‍ ഒരു കൊലക്കളമാക്കി മാറ്റി. സ്വാഭാവികമായും ഞാന്‍ ചിന്തിച്ചുപോയി, ഇവന്മാരെ മാത്രം ആരും കൊല്ലാത്തതെന്താ?

ഇതിനിടയില്‍ ഫെയ്സ്ബുക്കില്‍ സജീവമായി. സാമാന്യം വൈവിദ്ധ്യമാര്‍ന്ന ഒരു കൂട്ടം എഫ് ബി സുഹൃത്തുക്കള്‍ ഉണ്ടായി. വാര്‍ത്തകളുടെ വിശകലനത്തിനായി ഫെയ്സ് ബുക്ക് പോസ്റ്റുകളും നോക്കാന്‍ തുടങ്ങി. ചാറ്റ് വഴിയൊക്കെ ഉണ്ടായ ചില സുഹൃത്തുക്കളെ നാട്ടില്‍ വച്ച് നേരില്‍ കാണാനും ഇടയായി. അവരുടെ കുട്ടത്തില്‍ സി പി എം കാരും കണ്ണുരുകാരും ഉണ്ടായിരുന്നു. അവരുടെ പോസ്റ്റുകളും നേര്‍ വര്‍ത്തമാനവും വഴിയാണ് മനസിലായത് ഈ കാലത്തിനിടയില്‍ നിരവധി സി പി എം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന്. വെറും തള്ളാണോ എന്നറിയാന്‍ ചില പേരുകള്‍ സേര്‍ച്ച്‌ ചെയ്ത് നോക്കി. സംഗതി സത്യമാണ്. പക്ഷെ അറിഞ്ഞില്ല. അല്ലടാ, ഏതെങ്കിലും സി പി എം കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങള്‍ വ്യാപകമായി അന്തി ചര്‍ച്ച നടത്തിയത് നിന്‍റെ ഓര്‍മ്മയിലുണ്ടോ?'

ഒരു ചങ്ങാതി ചോദിച്ചതാണ്. നിരവധി സി പി എം കാര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തത് അറിയാം. പക്ഷേ ഒരു അന്തി ചര്‍ച്ച? എന്റെ ഓര്‍മ്മയില്‍ ഇല്ല.കണ്ണുരിനെ കൊലക്കളമാക്കുന്നതാര് എന്നൊക്കെ തലക്കെട്ടിട്ട ചില ചാനല്‍ ചര്‍ച്ചകളില്‍ സി പി എം പ്രതിനിധികള്‍ എണ്ണിപറയും. പിന്നെ ചില സി പി എം അനുഭാവികള്‍ തങ്ങളുടെ പോസ്റ്റില്‍ എഴുതും. അത്രതന്നെ.എന്നാല്‍ മറുവശത്ത്‌ എകപക്ഷിയമായി എതിര്‍ സ്വരങ്ങളെ കൊന്ന് തള്ളി മദിച്ച് നടക്കുന്ന ഒരു കൊലയാളി കുട്ടമാണ് സി പി എം എന്ന ധാരണ പരക്കുകയും ചെയ്യുന്നു.

കൊന്ന സി പി എം പ്രവര്‍ത്തകരുടെ പേര് പറയുമ്പോള്‍ അവതാരക/കന്‍ അതൊക്കെ ശരി, പക്ഷെ അധികാരത്തിലിരിക്കുന്ന നിങ്ങളല്ലേ ഇത് നിര്‍ത്താനായി മുന്‍ കൈ എടുക്കേണ്ടത് എന്ന് ചോദിക്കും. അധികാരം ഇല്ലാത്ത കാലത്ത് കൊല്ലപ്പെട്ടവരോടു നിങ്ങള്‍ നീതി കാണിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ, ശക്തമായ രാഷ്ട്രിയ പാര്‍ട്ടി നിങ്ങളാണ്. ഞങ്ങള്‍ ദുര്‍ബലര്‍ക്കൊപ്പമാണെന്ന് പറയും. എന്നാല്‍ ഏറ്റവും ശക്തമായ പാര്‍ട്ടിയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുക എന്ന വിരോധാഭാസം എങ്ങനെ? അതിന് മറുപടിയില്ല.കേരളത്തില്‍ നടക്കുന്ന എല്ലാ രാഷ്ട്രിയ സംഘട്ടനങ്ങളുടെയും ഒരറ്റത്ത് സി പി എം ആണെന്ന് പറയും. ഈ വാചകത്തെ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും സി പി എമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്നും വ്യാഖ്യാനിച്ച് കൂടെ എന്ന് ചോദിച്ചാല്‍ മിണ്ടില്ല. കാരണം ഇതിന് മറുപടി പറയണമെങ്കില്‍ ഇവയെ ഒന്നൊന്നായി എടുത്ത് സ്പെസിഫിക്കായി വിശകലനം ചെയ്യണം. കണ്ണുര്‍ കൊലപാതകങ്ങളുടെ തുടര്‍ച്ചയ്ക്ക് പിന്നില്‍ ഒരു ചരിത്രമുണ്ട് എന്നതൊക്കെ അപ്പോള്‍ പുറത്ത് വരും. അതൊന്നും ചാനല്‍ റുമില്‍ ഇരുന്ന് അഹിംസാവാദം മുഴക്കുന്ന കോണ്ഗ്രസ്സ്, ബി ജെ പി പ്രതിനിധികള്‍ക്ക് പഥ്യമാവില്ല. കൃത്യമായ അജണ്ടയോടെ ചര്‍ച്ചകള്‍ നയിക്കുന്ന വലത് മാദ്ധ്യമങ്ങള്‍ക്ക് അതില്‍ താല്‍പര്യവും ഉണ്ടാവില്ല.

കൊലപാതകം ആര് ചെയ്താലും അത് അപലപനിയമാണെന്ന് പറയും. ഒപ്പം സി പി എം ചെയ്ത ഒരു അരും കൊലയെകുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ ഇടയില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് പറയുന്നത് ആ നീച കൃത്യത്തെ ന്യായീകരിക്കല്‍ ആണെന്നും പറയും. എന്നാല്‍ ആ പക്ഷത്തുള്ളവര്‍ കൊല്ലപ്പെട്ടപ്പോള്‍, ക്രുരമായി ആക്രമിക്കപ്പെട്ട് ആസന്ന നിലയില്‍ കിടക്കുമ്പോള്‍ 'അക്രമം ആര് ചെയ്താലും അപലപനിയമാണെന്ന് ആര്‍ക്കും തോന്നാത്തതും ആരും പറയാത്തതും എന്ത്? എന്തേ ചര്‍ച്ചകള്‍ ഉണ്ടാവുന്നില്ല? ആ നിശബ്ദത പ്രസ്തുത കൃത്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നില്ലേ?

ഓരോ കൊലപാതകവും, അംഗഭംഗവും, മുറിവും വേദനാജനകമാണ്; അവയിലുടെ തുടരുന്ന രാഷ്ട്രിയം പ്രാകൃതവും. എന്നാല്‍ അവയെ സിലക്ടിവായി തിരഞ്ഞെടുത്ത് ഉപയോഗിച്ച് സമ്മതി നിര്‍മ്മിക്കുന്ന ആ പ്രക്രിയയുണ്ടല്ലോ, അത് ഇതിനെക്കാളൊക്കെ നീചമാണ്. അതിലുടെ നിങ്ങള്‍ ഒരുക്കി കൊടുത്ത തണലില്‍ ഇരുന്നുകൊണ്ടാണ് ആസുത്രിതമായ കലാപങ്ങളും, കൂട്ടക്കൊലകളും വഴി ഇന്ത്യ ഭരിക്കുന്ന ഒരു കക്ഷിയുടെ പ്രതിനിധികള്‍ അഹിംസാ വാദം ഉന്നയിക്കുന്നത്.

തിരഞ്ഞെടുത്ത മൌനവും, വികാരം കൊള്ളലും വഴി നിങ്ങള്‍ ഒന്നും പരിഹരിക്കുന്നില്ല, എല്ലാം വില്‍ക്കുകയാണ്. വില്കുക മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top