03 June Saturday

'കര്‍ഷകരോട് ലാല്‍സലാം പറയാന്‍ മൂന്നു ട്രെയിന്‍ മാറിക്കയറി ദയാ ഭായ് എത്തി'... വിജു കൃഷ്ണന്‍ എഴുതുന്നു.

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

കര്‍ഷക സമരഭൂമിയില്‍ കിസാന്‍സഭ നേതാക്കളായ വിജു കൃഷ്ണനും പി കൃഷ്ണപ്രസാദിനുമൊപ്പം ദയാഭായ്

ന്യൂഡല്‍ഹി> കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി മാത്രം മധ്യപ്രദേശിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു ഡല്‍ഹിയിലത്തിയ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദയാ ഭായിയെ പറ്റി അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ എഴുതുന്നു.

ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്:

ഡിസംബർ 11നു പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായിയുടെ ഫോൺ കോൾ കിട്ടിയപ്പോൾ ഞാൻ ശരിക്കും അതിശയിച്ച.ഞാനവരെ ഒരിക്കൽ മാത്രമേകണ്ടിട്ടുള്ളൂ; അതും ഒരു ട്രെയിൻ യാത്രയില്‍.പിന്നീട് പത്രങ്ങളിൽ അവരെപ്പറ്റി ഏറെ വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല.

ആരില്‍നിന്നോ എൻറെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഡൽഹിയിൽ നടക്കുന്ന സംയുക്ത കർഷകസമരത്തിൽ ആവേശം ഉള്‍ക്കൊണ്ടായിരുന്നു ആ വിളി. അവർ ഡൽഹിയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍ ഗ്രാമത്തില്‍ നിന്ന് ഡൽഹി വരെ യാത്രചെയ്ത് അവരെത്തി. അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞാൽ ''ഉജ്ജ്വലമായ പ്രതിരോധം  സൃഷ്ടിക്കുന്ന കർഷകരോട് ഒരു ലാൽസലാം പറയാനാണ് ഞാൻ വന്നത്'. 'മൂന്ന് ട്രെയിൻ മാറി കയറി ആണ് അവർ ഡൽഹിയിലെത്തിയത്.

രാവിലെ നേരെ അഖിലേന്ത്യാ കിസാൻ സഭയുടെ ഓഫീസിലത്തി.  അവരെക്കാൾ പതിറ്റാണ്ടുകൾ ചെറുപ്പം ഉള്ള ഒരാളെ പോലും ക്ഷീണിപ്പിക്കുന്ന ആ നീണ്ട കഠിനയാത്ര കഴിഞ്ഞു വന്നതായിട്ടും അവർ തികച്ചും ഉത്സാഹത്തിലായിരുന്നു എത്രയും വേഗം സമരസ്ഥലത്തെത്തണം എന്നായിരുന്നു ആവശ്യം. കിസാൻ സഭ ഭാരവാഹികളുമായി അൽപ്പനേരത്തെ ആശയവിനിമയത്തിന് ശേഷം  അവർ സിന്‍ഘു അതിർത്തിയിലേക്ക് പുറപ്പെട്ടു

യാത്രയ്ക്കിടയില്‍  ജീവിതത്തിലെ പല സംഭവങ്ങളും അവർ വിവരിച്ചു എൻഡോസൾഫാൻ ഇരകൾക്കൊപ്പം നടത്തിയ പ്രവർത്തനം, മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവര്‍ത്തിക്കുമ്പോൾ നേരിട്ട ആക്രമണങ്ങൾ,അഭിനയിച്ച രണ്ടു സിനിമകൾ, വരാനിരിക്കുന്ന ജീവചരിത്ര സിനിമ അങ്ങനെ പലതും.

ഒട്ടേറെ സമരങ്ങളുടെ ധീര നായികയായ 80 വയസ്സുകാരി കോവിഡ് മുക്ത ആയിട്ട് അധികനാളായിട്ടില്ല. സമര സ്ഥലത്തെത്തിയതോടെ ജലത്തിൽ മത്സ്യം എന്നതുപോലെ അവര്‍ ആള്‍കൂട്ടത്തിൽ അലിഞ്ഞു.രണ്ടുദിവസം സമരക്കാരോടൊപ്പം കഴിഞ്ഞിട്ടേ അവർ മടങ്ങൂ. ജനക്കൂട്ടത്തെ കണ്ടതോടെ അവരില്‍ കണ്ട ഊര്‍ജ്ജസ്വലതയും കണ്ണില്‍ പ്രകടമായ തിളക്കവും ഈ സമരത്തോട്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു എത്താനിടയുള്ള അനേകംപേരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നതായിരുന്നു.

പ്രിയപ്പെട്ട ഒരു ലക്ഷ്യത്തിനുവേണ്ടി ഇതുപോലെ ഉറച്ചുനിന്നു പോരാടുകയും  ഏറെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ഇതുപോലുള്ള വ്യക്തികളുടെ ജീവിതത്തിൽ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്.

കിസാന്‍ സഭ ആസ്ഥാനത്ത് വിജു കൃഷ്ണനൊപ്പം ദയാ ഭായ്

കിസാന്‍ സഭ ആസ്ഥാനത്ത് വിജു കൃഷ്ണനൊപ്പം ദയാ ഭായ്

 
 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top