18 November Monday

നജീബ്, ദാനാ മാജി, വെമുല, മോഡി കലണ്ടറിന് പകരം ഇന്ത്യന്‍ ദുരവസ്ഥ വെളിവാക്കുന്ന കലണ്ടറുമായി വേലുനായ്‌ക്കര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 2, 2017

കോഴിക്കോട് >   പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വര്‍ണ്ണചിത്രങ്ങള്‍  നിറഞ്ഞുനില്‍ക്കുന്ന 2017 ലെ കലണ്ടറിന് പകരമായി 2016ലെ പ്രധാനപെട്ട സംഭവങ്ങളും ശ്രദ്ധയാകര്‍ഷിച്ച വിഷയങ്ങളും ആര്‍എസ്എസ് സംഘപരിവാര്‍ അക്രമങ്ങളും, നോട്ട് പിന്‍വലിക്കല്‍ മൂലമുള്ള ദുരിതചിത്രവും ഉള്‍പെടുത്തി പുറത്തിറക്കിയ കലണ്ടര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡിസംബറില്‍ പുറത്തിറക്കിയ മോഡി കലണ്ടറിന് ബദലായി വേലുനായ്ക്കര്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ബദല്‍ കലണ്ടര്‍ പുറത്തിറക്കിയത്.  മോഡിയുടെ സ്പോര്‍ണ്‍സേഡ് കലണ്ടറിന് പകരമായി ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കലണ്ടറാണ് വേലുനായ്ക്കര്‍ വി പുറത്തിറക്കിയത്.

'പുതുവര്‍ഷം ഒക്കെയല്ലേ..മോദിജി നമുക്കായി അദ്ദേഹത്തിന്റെ വിവിധ പോസുകളിലെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഒരു കലണ്ടര്‍ തന്ന സ്ഥിതിക്ക് തിരിച്ചു അദ്ദേഹത്തിനും ഒരു കലണ്ടര്‍  സമര്‍പ്പിക്കാം എന്ന് വച്ചു ..മനസ്സില്‍ വന്ന എല്ലാ ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ പറ്റിയില്ല..മാസങ്ങള്‍ ആകെ 12 അല്ലെ ഉള്ളു..ക്ഷമിക്കണേ മോദിജി' എന്ന കുറിപ്പോടെയാണ് കലണ്ടര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലക്കിന്റേയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന കുടുംബത്തിന്റേയും ചിത്രമാണ് കലണ്ടറിന്റെ ജനുവരിയിലെ ഫോട്ടോയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ സന്ദര്‍ശനത്തിനായി എത്തിയ മോഡി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കാന്‍ ചുവന്ന പരവതാനായിലൂടെ നടക്കുമ്പോള്‍ ദേശീയഗാനം ആരംഭിക്കുകയും അത് വകവെയ്ക്കാതെ  മുന്നോട്ടു നടക്കുന്ന മോഡിയെ ഉദ്യോഗസ്ഥര്‍ പിടിച്ച് നിര്‍ത്തുന്ന പഴയ  ചിത്രമാണ് ഫിബ്രവരിയിലെ  ഫോട്ടോ.പശുവിനെ കടത്തിയെന്നാരോപിച്ച് ജാര്‍ഘണ്ഡില്‍ സംഘപരിവാറുകാര്‍ തൂക്കിക്കൊന്ന രണ്ടുപേരുടെ ചിത്രമാണ് മാര്‍ച്ചിലെ കവര്‍ചിത്രമായി നല്‍കിയിരിക്കുന്നത്.  ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഉനയില്‍ ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും കലറണ്ടിന്റെ മറ്റൊരു ഫോട്ടോയാണ്. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും മോഡിക്ക് ലഭിച്ചെന്ന് അവകാശപെടുന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രമാണ് മേയ് മാസത്തേതായി നല്‍കിയിരിക്കുന്നത്. മോഡിയുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുന്നത്. എന്നാല്‍ ഇതും വ്യാജമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഹൈരാബാദ് സര്‍വകലാശാലയില്‍ ദളിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത  രോഹിത് വെമുലയുടെ ഫോട്ടോക്ക് മുന്നിലിരിക്കുന്ന മാതാവ് രാധിക വെമുലയുടേയും ചിത്രവും. പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ജൈനമത നേതാവ് തരുണ്‍ സാഗറിന്റെ ചിത്രവും കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഒഡീഷയിലെ കളഹന്ദിയില്‍ മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന്  കിലോമീറ്ററുകള്‍ താണ്ടുന്ന ദാന മാജിയുടെ കരളലിയിപ്പിക്കുന്ന ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഭോപ്പാല്‍ ജയിലില്‍ നിന്നും തടവ് ചാടിയെന്ന പേരില്‍ പൊലീസുകാര്‍ വെടിവെച്ചുകൊന്ന സിമി തടവുകാരുടെ ചിത്രമാണ് അടുത്ത പേജിലുള്ളത്.

ഗോയങ്ക പുരസ്കാര വേദിയില്‍  മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വേദിയിലുത്തി എന്താണ് നല്ല മാധ്യമപ്രവര്‍ത്തനം എന്ന് മറുപടി നല്‍കിയ  രാജ്കമല്‍ ഝായുടെ ചിത്രവും കലണ്ടറില്‍ ഉണ്ട്.  എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന് വേണ്ടി ഇന്ത്യാ ഗേറ്റിന് മുന്നില്‍
പ്രതിഷേധിച്ച അമ്മയെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.


500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം നോട്ടുകള്‍ മാറിയെടുക്കാനായി   ഗുര്‍ഗോണിലെ  ബാങ്കിന് മുന്നില്‍ ക്യൂവിന് മുന്നില്‍  സ്ഥാനം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന വൃദ്ധന്റെ ചിത്രമാണ് അവസാനത്തേത്. നോട്ട് നിരോധനത്തില്‍ മോഡി പറയുന്നതുപോലെ കരയുന്നത് സമ്പന്നരല്ലെന്നും മറിച്ച് പട്ടിണിപ്പാവങ്ങളാണെന്നും പറഞ്ഞായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് ഈ ഫോട്ടോ പുറത്തുവിട്ടത്. 12 പുറങ്ങളിലായി മോഡിയുടെ ചിത്രവും കേന്ദ്രസര്‍ക്കാരിന്റെ  പദ്ധതികളുടെ സന്ദേശവും അടങ്ങുന്ന സര്‍ക്കാര്‍ കലണ്ടറിനെ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതാനുഭവങ്ങള്‍ കൊണ്ട് വിമര്‍ശിക്കുകയാണ് വേലുനായ്ക്കര്‍ കലണ്ടറിലൂടെ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top