11 June Sunday

മാപ്പിളപ്പാട്ടിനെ ജീവിതാന്ത്യംവരെ പ്രാണസഖിയാക്കിയ കാമുകശ്രേഷ്ഠാ അങ്ങേക്കു സലാം; വി എം കുട്ടിക്ക്‌ വിടചൊല്ലി കെ ടി ജലീലിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ജീവിതത്തിലൊരിക്കലെങ്കിലും വി എം കുട്ടി പാടിയ വരികൾ മൂളാത്ത മാപ്പിളപ്പാട്ടിനെ പ്രണയിച്ചവർ ഉണ്ടാവില്ല. ഒരുപക്ഷേ ഒരു കലാശാഖയുടെ പ്രയാണവീഥിയിൽ വി എം കുട്ടിയെപ്പോലെ ഇത്രദൂരവും ഇത്രകാലവും നിത്യവസന്തമായി പരിലസിച്ചു നിന്നവർ നന്നേ കുറവെന്നു പറയാം. മാപ്പിളപ്പാട്ടിനെ കുറിച്ച് പഠിക്കുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും ഒരു സർവ്വ വിജ്ഞാനകോശം തന്നെയായിരുന്നു വി മുഹമ്മദ്‌കുട്ടിയെന്ന വി എം കുട്ടി. കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ആറുപതിറ്റാണ്ടിലധികം മാപ്പിളപ്പാട്ടിനെ തൻ്റെ നാവിൻ തുമ്പിലും ശബ്‌ദമാധുരിയിലും പൊലിപ്പിച്ച് നിർത്തി ആസ്വാദകരുടെ മനം കവർന്ന വി എം കുട്ടി യാത്രയായിരിക്കുന്നു. നിരവധി പുരുഷായുസ്സ്കൊണ്ട് ഒരു കലാരൂപത്തിന് നൽകാൻ കഴിയുന്ന വളർച്ചയുടെ പാരമ്യതയിൽ
മാപ്പിളപ്പാട്ടിനെ എത്തിച്ചുവെന്ന നിറമനസ്സോടെയാണ് വി എം കുട്ടിയുടെ വിടവാങ്ങൽ. കാലം തന്നിൽ ഏൽപ്പിച്ച ദൗത്യം നിർവഹിച്ച കൃതാർത്ഥതയിൽ ജീവിതയാത്രക്ക് വിരാമമിടാൻ സാധിച്ചവർ അപൂർവ്വമാകും. അത്തരം അപൂർവ്വരിൽ ഒരാളാകാൻ വി എം കുട്ടിക്ക് സാധിച്ചു എന്നുള്ളതാണ് തൻ്റെ സമകാലികരിൽ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്.

മലബാറിലെ മാപ്പിളമാരുടെ പച്ചയായ ജീവിതം മാലോകർക്ക് പറഞ്ഞുകൊടുക്കാൻ ഉയിർകൊണ്ട ഒരു സാംസ്കാരിക ശാഖയായിരുന്നല്ലോ മാപ്പിളപ്പാട്ട്. അതിന് ഓജസ്സും തേജസ്സും നൽകി പൊതുധാരയിൽ ജീവസ്സുറ്റതാക്കിയതിൽ വി എം കുട്ടി വഹിച്ച പങ്ക് ചരിത്രം അടയാളപ്പെടുത്തിയതാണ്. മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദറും വെട്ടിത്തെളിയിച്ച മാപ്പിള കവ്യസരണിയിലൂടെ സഞ്ചരിച്ച വി എം കുട്ടി, ആർക്കും അത്ര എളുപ്പത്തിൽ എത്തിപ്പിടിക്കാൻ കഴിയാത്ത സിംഹാസനത്തിലാണ് പതിറ്റാണ്ടുകൾ  വിരാജിച്ചത്. രചനയും ആലാപനവും ഒരുപോലെ നടത്താൻ സാധിച്ച മാപ്പിളപ്പാട്ടിൻ്റെ ഉസ്‌താദ് എന്ന പട്ടം വി എം കുട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

അറിഞ്ഞവരും അറിയപ്പെടാത്തവരുമായ ഒരുപാട് മാപ്പിള കവികൾ കുത്തിക്കുറിച്ച വരികൾക്ക് ജീവൻ നൽകിയ വി.എം കുട്ടി വിളയിൽ ഫസീല ജോഡി മാപ്പിളപ്പാട്ടിൻ്റെ സുവർണ്ണ കാലത്തെയാണ് പ്രതിനിധീകരിച്ചത്. കേരളത്തിലെ ഏതാണ്ട് എല്ലാ ഗ്രാമങ്ങൾക്കും അദ്ദേഹത്തിൻ്റെ സ്വരമാധുരിയിൽ ലയിച്ചുചേരാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാകും. മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ വി എം കുട്ടിയുടെ പാട്ടിൻ്റെ ഈണവും താളവും അകമ്പടി സേവിച്ചിട്ടുണ്ടാകുമെന്നുറപ്പ്.

ജീവിതത്തിലൊരിക്കലെങ്കിലും വി എം കുട്ടി പാടിയ വരികൾ മൂളാത്ത മാപ്പിളപ്പാട്ടിനെ പ്രണയിച്ചവർ ഉണ്ടാവില്ല. ഒരുപക്ഷേ ഒരു കലാശാഖയുടെ പ്രയാണവീഥിയിൽ വി എം കുട്ടിയെപ്പോലെ ഇത്രദൂരവും ഇത്രകാലവും നിത്യവസന്തമായി പരിലസിച്ചു നിന്നവർ നന്നേ കുറവെന്നു പറയാം. മാപ്പിളപ്പാട്ടിനെ കുറിച്ച് പഠിക്കുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും ഒരു സർവ്വ വിജ്ഞാനകോശം തന്നെയായിരുന്നു വി മുഹമ്മദ്‌കുട്ടിയെന്ന വി എം കുട്ടി. മാപ്പിളകലകളെ സംബന്ധിച്ച് നടത്തപ്പെട്ട നിരവധി ഗവേഷണ പ്രബന്ധങ്ങളിൽ വി എം കുട്ടിയുടെ ഉദ്ധണികൾ നിർലോഭം കാണാനാകും. എണ്ണിയാലൊടുങ്ങാത്ത അംഗീകാരപ്പതക്കങ്ങൾ വി.എം കുട്ടിയെ തേടിയെത്തിയിട്ടുണ്ട്. നാട്ടിലും മറുനാട്ടിലും അദ്ദേഹത്തിൻ്റെ പ്രസിദ്ധി സുവിദിതമാണ്.

പരശ്ശതം മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരും അരങ്ങ് വാണ് പോയെങ്കിലും തൻ്റെ ആലാപന സപര്യക്ക് തുടക്കം കുറിച്ച അന്ന് മുതൽ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ താനിരുന്ന സിംഹാസനത്തിൽ നിന്ന് വി എം കുട്ടിക്ക് ഇറങ്ങിയിരിക്കേണ്ടി വന്നിട്ടില്ല. മലബാറിൻ്റെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ നിറമാർന്ന ജീവിതവും ഇത്രമേൽ ഒരു സാഹിത്യശാഖയിൽ അദ്ദേഹത്തെപ്പോലെ പാടിപ്പതിപ്പിച്ച മറ്റൊരു കലാകാരൻ ഉണ്ടാവില്ല. വി എം കുട്ടി എന്ന മലയാളത്തിൻ്റെ മഹാമാപ്പിളപ്പാട്ട് ഗായകനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് മലയാള സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചത്. അന്ന് ആ സർവ്വകലാശാലയുടെ പ്രോചാൻസലർ ആകാൻ സാധിച്ചുവെന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ഒരു നൂറ്റാണ്ടിൻ്റെ നെറുകിലെത്താൻ ഏതാനും വർഷങ്ങളുടെ കയ്യെത്തും ദൂരത്തുവെച്ചാണ് വി എം കുട്ടി എന്ന മാപ്പിളപ്പാട്ടിൻ്റെ രാജകുമാരൻ വിടചൊല്ലിയത്. മാപ്പിളപ്പാട്ടിനെ ജീവിതാന്ത്യംവരെ പ്രാണസഖിയാക്കിയ കാമുകശ്രേഷ്ഠാ അങ്ങേക്കു സലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top