01 October Sunday

‘അതിവേഗ റെയിൽ യുഡിഎഫ്‌ ഉപേക്ഷിച്ചിരുന്നില്ല; തോറ്റപ്പോൾ ബ്രോഷർ കത്തിച്ചു’... വെളിപ്പെടുത്തലുമായി മീഡിയാ കോ-ഓർഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2022

കൊച്ചി> 'അതിവേഗം ബഹുദൂരം' എന്ന പ്രഖ്യാപനവുമായി യുഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിരുന്നു എന്ന യുഡിഎഫ്‌ നേതാക്കളുടെ അവകാശവാദം പച്ചക്കള്ളമാണെന്ന്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ പദ്ധതിയുടെ മീഡിയാ കോ-ഓർഡിനേറ്റർ ആയിരുന്ന എൻ ഇ മേഘനാഥ്‌ പറഞ്ഞു. 2016 ൽ തെരഞ്ഞെടുപ്പ്‌ ജയിച്ചാൽ ആദ്യ പരിഗണന ബുള്ളറ്റ് ട്രയിൻ ആയിരിക്കുമെന്ന്  പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ  ബ്രോഷർ തയ്യാറാക്കി സൂക്ഷിച്ചു. യുഡിഎഫ്‌ തോറ്റതോടെ  അവ കത്തിച്ചു കളയുകയായിരുന്നുവെന്ന്‌ ഇൻഫർമേഷൻ ആന്റ്‌ പബ്ലിക്ക്‌ റിലേഷൻസ്‌ അഡീഷണൽ ഡയറക്ടറായി വിരമിച്ച എൻ ഇ മേഘനാഥ്‌ വെളിപ്പെടുത്തുന്നു.

മേഘനാഥിൻെറ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കുറിപ്പിൻെറ പൂർണ്ണരൂപം:

അതിവേഗം ബഹുദൂരം .... ചാണ്ടി സേറിൻ്റെ UDF സർക്കാർ വാർഷികത്തിനായി ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പരസ്യവാചകമാണിത്.

സർക്കാർ അധികാരമേറ്റശേഷം ഉമ്മൻ ചാണ്ടി സാറും കുഞ്ഞാലിക്കുട്ടി സായിബും ദില്ലിയിൽ ചെന്ന് പ്രധാനമന്ത്രിയിൽ നിന്ന് വാങ്ങിച്ചെടുത്ത ആദ്യ ഉറപ്പ് " തിരുവനന്തപുരം -കണ്ണൂർ അതിവേഗ ബുള്ളറ്റ് ട്രെയിൻ " ആരംഭിക്കാനായിരുന്നു. ഇതിൻ്റെ DPR തയ്യാറാക്കാൻ മെട്രോമാൻകുട്ടി
ഇ-ശ്രീധരൻ നേതൃത്വം നൽകുന്ന DMRC യെ ചുമതലപ്പെടുത്തി.തിരുവനന്തപുരം വഴുതക്കാട്ടെ കാർമൽ ടവേഴ്സ് രണ്ടാം നിലയിൽ " ഹൈ സ്പീഡ് റെയിൽ കോറിഡോർ " ആഫീസ് തുടങ്ങുകയും ടി.ബാലകൃഷ്ണൻ  IAS ( R ബാലകൃഷ്ണപിള്ളയുടെ ഇളയ മകളുടെ ഭർത്താവ്) മാനേജിംഗ് ഡയറക്റ്ററായി നിയമിക്കുകയും ചെയ്തു. ഇതേ ആഫീസിൻ്റെ ഒരു ഭാഗം DMRC ക്കായി മാറ്റിവച്ചു. കൊച്ചി മെട്രോയുടെ ചുമതല ഉണ്ടായിരുന്നതിനാൽ , ശ്രീധരൻ മാമയ്ക്ക് കൊച്ചിയിൽ ആഫീസൊരുക്കി.
 
ഫീസിബിലിറ്റി സ്റ്റഡിയിൽ പദ്ധതി പ്രായോഗികമാണെന്ന റിപ്പോർട്ട് കിട്ടി. 1.25 ലക്ഷം കോടി മതിപ്പു ചെലവു വരുന്ന പദ്ധതിക്കായി ജൈക്ക , ഫ്രഞ്ച് സർക്കാർ എന്നിവരുമായി പ്രാരംഭ ചർച്ചയും നടത്തി. ഏതാണ്ടെല്ലാം രണ്ടു മാസത്തിലും പദ്ധതി അവലോകനം നടത്തി. സർവ്വേ പൂർത്തിയാക്കി . അതിരുകല്ലുകളിട്ടു. അപ്പോഴാണ് കാസറഗോഡ്കാർ പരാതിയുമായി വന്നത്. നിർദ്ദിഷ്ട റെയിൽ കണ്ണൂരിലവസാനിപ്പിക്കുന്നതിൽ പ്രതിഷേധമുയർന്നപ്പോൾ , മംഗലാപുരം വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. അന്തിമ റിപ്പോർട് തയ്യാറാക്കാനുള്ള നടപടി തുടങ്ങിയതോടെ  കോട്ടയം , മലപ്പുറം ജില്ലകളിൽ നിന്ന് ചില എതിർപ്പുകളുയർന്നു. കോട്ടയത്ത് ഈരാറ്റുപേട്ടയിലെ ഒരു പള്ളിയുടെ അടിയിൽ കൂടിയായിരുന്നു റൂട്ട്. ട്രെയിൻ പോകുമ്പോഴുള്ള കുലുക്കത്തിൽ പള്ളി പൊളിഞ്ഞു വീഴുമെന്ന ആശങ്കയുമായി അച്ചന്മാർ രംഗത്തിറങ്ങി. മലപ്പുറത്ത് സോളിഡാരിറ്റി ( ജമാ അത്തെ ഇസ്ലാമി ) ക്കായിരുന്നു എതിർപ്പ്. സമുദായ ശക്തികൾ കടുപ്പിച്ചതോടെ ,റൂട്ട് മാറ്റുന്നതിനെ കുറിച്ച് ആലോചനയായി. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ " സർക്കാരിൻ്റെ പ്രസ്റ്റീജ് പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ,ആശങ്ക മാറ്റാൻ പ്രചാരണം സംഘടിപ്പിക്കണമെന്നും " നിർദ്ദേശിക്കപ്പെട്ടു.
 
ഇതിനായി ഒരു ലഘുലേഖ തയ്യാറാക്കി അച്ചടിച്ച് ഹൈസ്പീഡ് റെയിൽ ആഫീസിലെത്തിച്ചു. ഏതാണ്ട് ആറുമാസം അത് വിതരണം ചെയ്തില്ല. തിരഞ്ഞെടുപ്പായി. സർക്കാർ തിരിച്ചെത്തിയാൽ  ആദ്യ പരിഗണന ബുള്ളറ്റ് ട്രയിൻ ആയിരിക്കുമെന്ന്  പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ  ബ്രോഷർ സൂക്ഷിച്ചു. UDF തോറ്റതോടെ  അവ കത്തിച്ചു കളഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മീഡിയാ കോ-ഓർഡിനേറ്റർ  എന്ന നിലയിൽ ഇത്രയും കാര്യം നേരിട്ട് അറിയാവുന്നതാണ്.
 
പദ്ധതി ഉപേക്ഷിച്ചിരുന്നു എന്ന UDF നേതാക്കളുടെ അവകാശവാദം പച്ചക്കള്ളമാണ്.
മറിച്ച് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ  പ്രഥമ പരിഗണനയിലുള്ള പദ്ധതിയായാണ് ബുള്ളറ്റ് ട്രെയിൻ വിഭാവനം ചെയ്തത്. പദ്ധതി തുടങ്ങാനും ആഫീസിൻ്റെ പ്രവർത്തനത്തിനുമൊക്കെ  സർക്കാർ ഉത്തരവുണ്ട്. പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കിൽ സ്വാഭാവികമായി ഒരുത്തരവുണ്ടാകണമല്ലോ. അങ്ങനെ ഒന്നിറങ്ങിയിട്ടേയില്ല.
 
പറഞ്ഞു വന്നതിത്രയേയുള്ളൂ. കെ-റെയിൽ  വിരുദ്ധ കുറ്റിപിഴൽ സമരാഭാസം വെറും രാഷ്ട്രീയ പ്രേരിതമാണ്‌. ഈ പദ്ധതിയെങ്ങാനും  യാഥാർത്ഥ്യമായാൽ UDF ൻ്റെ കച്ചവടം പൂട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top